എഫ്എഒ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

Web Desk
Posted on April 17, 2019, 8:41 am

 

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ‑കാര്‍ഷിക സംഘടന (എഫ്എഒ) ആഗോളതലത്തില്‍ ഭക്ഷ്യ ‑കാര്‍ഷിക മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധമായ ഒരു പഠന റിപ്പോര്‍ട്ട് ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നതെന്തെന്നോ? ഭക്ഷ്യവ്യവസ്ഥകളില്‍ പ്രകടമായി വരുന്ന ജൈവ വൈവിധ്യത്തിന്റെ ശാസ്ത്രീയവും, വസ്തുനിഷ്ഠവുമായ വിലയിരുത്തല്‍ നടത്തുന്ന എഫ്എഒയുടെ പ്രഥമ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നതെന്നാണ്. ഭക്ഷ്യ‑കാര്‍ഷിക മേഖലകളില്‍ അനുദിനമെന്നോണം ജൈവവൈവിധ്യം നഷ്ടമായി വരികയാണ്. തന്‍മൂലം സ്വാഭാവികമായും തുടര്‍ച്ചയായി രേഖപ്പെടുത്തി വരുന്ന ആഗോള ജനസംഖ്യാ വര്‍ധനക്കനുസൃതമായി പോഷകാംശങ്ങളടങ്ങിയ ഭക്ഷണം വേണ്ടത്ര ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് എഫ്എഒ അഭിമുഖീകരിക്കേണ്ടിയിരുന്നതെന്ന് സംഘടനയുടെ മേധാവി ജോസ് ഗ്രസിയാനോ ഡിസില്‍വ ഒരു പ്രസ്താവനയിലൂടെ ഏറ്റുപറയുകയാണ്. ‘കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും നമ്മുടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ ഭക്ഷ്യോല്‍പാദനം സാധ്യമാക്കുന്നതിനും ജൈവവൈവിധ്യം ഏതുവിധേനയും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്’ എന്ന നിഗമനത്തിലാണ് എഫ്എഒ എത്തിച്ചേരുന്നത്. ഭൂമിയേയും ഭൂമിയിലെ ജൈവവൈവിധ്യത്തെയും ഏതുവിധേനയേയും സംരക്ഷിക്കണം.
ആധുനിക കാലഘട്ടത്തില്‍ ആഗോളതലത്തില്‍ ഇത്തരമൊരു മനോഭാവവും സാഹചര്യവും നിലവില്‍ ഇല്ലെന്നതാണ് എഫ്എഒ അധികൃതരെ ആശങ്കപ്പെടുത്തുന്നത്. ‘നമ്മുടെ ഭക്ഷണക്രമവും, ഭക്ഷ്യവ്യവസ്ഥയും അടിമുടി മാറേണ്ടതായൊരു പശ്ചാത്തലമാണ് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഇപ്പോള്‍ ഗൗരവമായി നോക്കിക്കാണേണ്ടത്.’ ഇത്തരമൊരു ആശങ്ക പരമാവധി പരിഹരിക്കുക എന്നത് അനിവാര്യമായിരിക്കുന്നു എന്നാണ് എഫ്എഒ പഠനം വ്യക്തമാക്കുന്നത്.
ലോകജനത മൊത്തത്തില്‍ സ്വീകരിച്ചുവരുന്ന ഭക്ഷ്യവ്യവസ്ഥകള്‍ മാത്രമല്ല, അവരുടെ ഉല്‍പാദന രീതികളും, വ്യവസ്ഥകളും എഫ്എഒ പഠനവിധേയമാക്കുന്നുണ്ട്. ഇതെല്ലാം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ശക്തമായ സ്വാധീനത്തിനും വഴങ്ങിക്കൊടുക്കേണ്ടിവരുന്നു. കാര്‍ഷിക‑ഭക്ഷ്യവിളകളുടെ നാശത്തിനിടയാക്കുന്ന കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണങ്ങള്‍ക്കു പുറമേ കൂടെക്കൂടെ ഉണ്ടാകുന്ന വരള്‍ച്ചകളും വെള്ളപ്പൊക്കകെടുതികളും ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാക്കുന്നുണ്ടെന്ന വസ്തുത പ്രസക്തമായി കാണേണ്ടതുണ്ട്.
ലഭ്യമായ വിവരങ്ങളനുസരിച്ച് ഭക്ഷ്യാവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയുന്ന ആറായിരത്തില്‍പരം സസ്യഇനങ്ങളാണ് നമുക്കുള്ളത്. ഇതില്‍ 200 ഇനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വ്യാപകമായ തോതില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടുവരുന്നതെന്ന് കാണുന്നു. ഇതാണെങ്കിലോ, ലോകജനതക്കാകെ വേണ്ടിവരുന്ന വിളകളുടെ ഉല്‍പാദനത്തില്‍ വെറും ഒമ്പത് ഇനങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ളതായും പഠനം വെളിവാക്കുന്നു. ഭക്ഷ്യാവസ്ഥയുടെ അശാസ്ത്രീയതയാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. ജൈവവൈവിധ്യത്തിന്റെ തുടര്‍ച്ചയായ നാശത്തിലേക്ക് കളമൊരുക്കുന്ന സാഹചര്യവും മറ്റൊന്നല്ല.
ഭക്ഷ്യ‑കാര്‍ഷിക സംഘടനയുടെ പഠനം ലോകരാജ്യങ്ങളില്‍ 91 രാജ്യങ്ങളെ സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വസ്തുത ശ്രദ്ധേയമായാണ് കാണേണ്ടത്. ഇത്തരത്തിലുള്ള ബൃഹത്തായൊരു പഠനത്തിന്റെ കണ്ടെത്തലുകള്‍ സംഘടനയെ കൊണ്ടെത്തിക്കുന്ന നിഗമനം, ജൈവവൈവിധ്യം ‘അതീവ ഗുരുതരമായൊരു ഭീഷണി’ അഭിമുഖീകരിക്കുന്നു എന്നാണ്. ഇതിന് കളമൊരുക്കിയ സാഹചര്യങ്ങളുടെ കൂട്ടത്തില്‍ മനുഷ്യനിര്‍മിതമായ ഘടകങ്ങള്‍ക്കാണ് കൂടുതല്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ളത്. അന്തരീക്ഷ വായു മലിനീകരണം, ജലത്തിന്റെ ദുര്‍വിനിയോഗം, ഭൂമിയുടെ ദുര്‍വിനിയോഗം, മണ്ണിന്റെ അമിതമായ ചൂഷണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഘടകങ്ങളെ അവഗണിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്തുവരുന്ന പ്രവണത ഒരിക്കലും ന്യായീകരിക്കാനാവില്ല. പ്രകൃതിയും മണ്ണും മനുഷ്യനും പരസ്പരധാരണയോടെയും സഹകരണത്തോടെയും മുന്നേറിയാല്‍ മാത്രമേ, ജൈവവൈവിധ്യസംരക്ഷണം ശാശ്വത സ്വഭാവത്തിലുള്ള ഒന്നായി മാറ്റാന്‍ സാധ്യമാകൂ.
ലോകത്തെമ്പാടുമുള്ള 550 വിദഗ്ധന്‍മാര്‍ തയാറാക്കിയ ജൈവവൈവിധ്യ സംരക്ഷണ സംബന്ധമായ പഠന റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും 129 സര്‍ക്കാരുകള്‍ ഇതിനോടകം തന്നെ അംഗീകരിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ നമുക്കെത്തിച്ചേരാന്‍ കഴിയുന്ന നിഗമനമെന്തെന്നോ? 2050 ആകുമ്പോഴേക്ക് കൂടുതല്‍ ഭക്ഷ്യവിളകള്‍ ഉല്‍പാദനം നടത്തുന്നതിന്റെ ഭാഗമായി കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഏക്കര്‍ കണക്കിന് വനഭൂമി വിളവിറക്കുന്നതിനായി വിനിയോഗിക്കേണ്ടി വന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയിലൊണെങ്കില്‍ ഈയിടെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി 2005 ലെ വനാവകാശ നിയമത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യമായി വരുമെന്നാണ് സൂചിപ്പിക്കുന്നത്. പതിനൊന്ന് ലക്ഷത്തിലേറെ ആദിവാസി കുടുംബങ്ങളെ അവരുടെ ആവാസവ്യവസ്ഥകളില്‍ നിന്നും ഒഴിപ്പിക്കാന്‍ ഇതെത്തുടര്‍ന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകും. കേരള സംസ്ഥാനത്തും 994 ആദിവാസി കുടുംബങ്ങളെ വനാന്തരങ്ങളില്‍ നിന്നും നിര്‍ബന്ധിച്ച് കുടിയിറക്കേണ്ടി വരുമെന്നതാണ് നിലവിലുള്ള അവസ്ഥ. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് കൃഷിഭൂമി ശാസ്ത്രീയാടിസ്ഥാനത്തില്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ്-ഭവനനിര്‍മാണ, ആന്തരഘടനാ വികസനാവശ്യങ്ങള്‍ക്കും വേര്‍തിരിച്ച്, മുന്‍ഗണനാക്രമം തയാറാക്കി വിനിയോഗിക്കുന്നതില്‍ നമ്മുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി വരുത്തിയ വീഴ്ചകളെ തുടര്‍ന്നാണെന്നതില്‍ സംശയിക്കേണ്ടതില്ല. ഏതായാലും സുപ്രീംകോടതി തന്നെ ഈ വിധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
‘പ്രകൃതിയും പ്രകൃതിവിഭവങ്ങളും മനുഷ്യന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. എന്നാല്‍, അവന്റെ അത്യാഗ്രഹങ്ങള്‍ സാധിച്ചുതന്നു എന്ന് വരില്ല’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്. അതുപൊലെ തന്നെ പ്രകൃതിയേയും മനുഷ്യനേയും ബന്ധപ്പെടുത്തി മാര്‍ക്‌സ് നമുക്കു നല്‍കിയ ശ്രദ്ധേയമായ മുന്നറിയിപ്പും നാം ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ‘പ്രകൃതി നമുക്ക് നല്‍കുന്ന വിഭവങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല; മറിച്ച്, ഭാവിതലമുറകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്.’ ഗാന്ധിജിയുടെയും മാര്‍ക്‌സിന്റെയും സുചിന്തിതമായ ഈ ഉപദേശങ്ങളും മുന്നറിയിപ്പുകളും ഇനിയെങ്കിലും ആധുനിക തലമുറയില്‍പ്പെട്ടവര്‍ കണക്കിലെടുക്കേണ്ടതല്ലേ? തീര്‍ച്ചയായും അതാണ് വേണ്ടത്.
തീര്‍ത്തും ശാസ്ത്രീയവും, ദീര്‍ഘവീക്ഷണത്തോടുകൂടിയുമുള്ള ഭക്ഷ്യോല്‍പാദന രീതികളും, ഭൂവിനിയോഗ മാതൃകകളും ഭക്ഷണ വ്യവസ്ഥകളും ഇല്ലാത്തതിന്റെ ഫലമായി 4000ല്‍ പരം ഭക്ഷ്യയോഗ്യമായ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രകൃതിവിഭവങ്ങള്‍ പാഴായി പോവുന്നതായിട്ടാണ് എഫ്എഒ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വ്യാപകമായ പ്രത്യാഘാതം നേരിടേണ്ടിവരുന്നത് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളും അവിടങ്ങളില്‍ പട്ടിണി കിടക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന ജനങ്ങളുമാണെന്ന തിരിച്ചറിവാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ആഗോള ഭക്ഷ്യോല്‍പാദനം കൂടുതല്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയും ഇതുവഴി വ്യക്തമാക്കപ്പെടുകയാണ്. ഇത്തരമൊരു വൈവിധ്യവല്‍ക്കരണത്തിന്റെ അഭാവത്തില്‍ കാലാവസ്ഥാ വ്യതിയാനത്തേയും രോഗാതുരതയേയും പ്രതിരോധിക്കാന്‍ തക്ക ശേഷിയുള്ള ഒട്ടേറെ ഭക്ഷ്യവസ്തുക്കളുടെ പാഴാക്കിക്കളയലിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടുള്ളതെന്നും വിദഗ്ധപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ദേശീയ ഹരിത ട്രിബ്ര്യൂണല്‍ ഇടയ്ക്കിടെ നമ്മുടെ കേന്ദ്ര‑സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്ന നിര്‍ദേശങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല. നാം ഭക്ഷ്യസുരക്ഷയെപ്പറ്റിയും പോഷകാഹാര വര്‍ധനവിനെപ്പറ്റിയും വാചാലമാവാറുണ്ടെന്നത് ശരിയാണ്. എന്നാല്‍, നമ്മുടെ ഭക്ഷേ്യാല്‍പാദനത്തിനായി പരിമിത പ്രകൃതി വിഭവങ്ങളെ തുടര്‍ച്ചയായി അധികചൂഷണത്തിന് വിധേയമാക്കുന്ന വസ്തുത മനഃപൂര്‍വമല്ലെങ്കില്‍ക്കൂടി തമസ്‌കരിക്കുകയാണ്. അതേ അവസരത്തില്‍ ജൈവവൈവിധ്യ നാശത്തെപ്പറ്റി പരിതപിക്കുകയും ആശങ്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇനിയെങ്കിലും ഈ വൈരുദ്ധ്യം തിരിച്ചറിയാന്‍ നാം തയാറാവാതെ തരമില്ല. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയതുകൊണ്ടുമാത്രം കാര്യമായില്ല, ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനം ഉയര്‍ത്താനും അവയുടെ വിതരണം കാര്യക്ഷമമാക്കാനും സത്വര നടപടികള്‍ വേണം. അവയുടെ നീതിയുക്തവും കാര്യക്ഷമവുമായ സംഭരണവും ഉറപ്പാക്കിയേ മതിയാകൂ.
മാത്രമല്ല, പോഷകാംശങ്ങള്‍ ഏറെയുള്ള നിരവധി ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനത്തില്‍ നാം വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടുമില്ലെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സികളെല്ലാം ചൂണ്ടിക്കാട്ടുന്നത്. ഫോണിയോ എന്ന പേരിലുള്ള ഒരു ചെറിയ ധാന്യത്തെപ്പറ്റി എഫ്എഒ പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ പോഷകഗുണം ഗവേഷണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, അത്യുഷ്ണത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിക്കാനുള്ള കഴിവും ഈ വിളയ്ക്ക് ഉണ്ടത്രെ. ഇന്ത്യയില്‍ ഈയിനം ധാന്യത്തെപ്പറ്റി ഇതെഴുതുന്ന വ്യക്തിക്ക് അറിയില്ല. എഫ്എഒയുടെ സര്‍ട്ടിഫിക്കറ്റ് ഇതിന് ലഭ്യമാണെന്ന നിലയില്‍ നമ്മുടെ കാര്‍ഷിക ശാസ്ത്ര ഗവേഷകരുടെയും ശ്രദ്ധ ഈ വിഷയത്തിലുണ്ടായാല്‍ നന്നായിരിക്കും, എന്നേ പറയാന്‍ കഴിയൂ.

(അവസാനിക്കുന്നില്ല)