ഭാരതീയ സങ്കല്‍പത്തെ പരിത്യജിക്കുന്നവര്‍

Web Desk
Posted on December 18, 2018, 10:43 pm

യു വിക്രമന്‍

തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ എംഐഎം നേതാവ് അസറുദ്ദീന്‍ ഉവൈസി നാടുവിടേണ്ടിവരുമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി. ഇന്ത്യ തന്റെ ‘ഫാദര്‍ലാന്റ്’ ആണെന്നാണ് ഉവൈസി തിരിച്ചടിച്ചത്. ഇന്ത്യ ഹിന്ദുക്കളുടെ നാടാണെന്നും മറ്റ് സമൂഹങ്ങളെല്ലാം ഇവിടേക്കു കടന്നുവന്നവരാണെന്നും അവര്‍ കാലയാപനത്തിന് മറ്റിടങ്ങള്‍ അന്വേഷിക്കണമെന്നുമാണ് സംഘപരിവാരം അഭിലഷിക്കുന്നത്. ഗുജറാത്തില്‍ മോഡി മുഖ്യമന്ത്രിയായ അന്നു തൊട്ട് അപര നിര്‍മാര്‍ജന പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു.
ഈ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്ന അത്യന്തം വിഷലിപ്തമായ ഒരു ലേഖനം ‘ഓര്‍ഗനൈസറി‘ല്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

”ഹിന്ദുക്കള്‍ക്ക് സ്വന്തം മാതൃഭൂമിയില്‍ നിലനില്‍പുണ്ടാവണമെങ്കില്‍ ഇന്ത്യ പരിപൂര്‍ണമായും വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും വ്യാസന്റെയും വാത്മീകിയുടെയും ബുദ്ധന്റെയും മഹാവീരന്റെയും ശങ്കരന്റെയും രാമാനുജന്റെയും രാമകൃഷ്ണന്റെയും രമണ മഹര്‍ഷിയുടെയും മാത്രമായ രാജ്യമാവുന്ന ദിനം സങ്കല്‍പിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം നടത്തുകയും വേണം.”

ജനാധിപത്യവും മതേതരത്വവും നിയാമക നിര്‍ദ്ദേശങ്ങളായി സ്വീകരിച്ച പവിത്രമായ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്താണ് ഇത്തരം വിഭാഗീയ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. സത്യത്തില്‍ അനേകം ജനവിഭാഗങ്ങളുടെ സഹസ്രാബ്ദങ്ങളായുള്ള സങ്കലനംവഴി സംജാതമായതാണ് ഇന്ത്യന്‍ ജനതയും ഇന്ത്യന്‍ സംസ്‌കാരവും എന്ന് പറയാം. ഒരു രാഷ്ട്രമെന്ന നിലയില്‍ വീക്ഷിക്കുമ്പോള്‍ ഭിന്ന പ്രകൃതിയുടെയും ഭിന്ന സംസ്‌കാരങ്ങളുടെയും വിളനിലമായിട്ടേ നമുക്ക് ഇന്ത്യയെ കാണാനൊക്കുകയുള്ളു.

പലരും പല കാലങ്ങളിലായി ഇവിടേക്ക് കടന്നുവന്നു, ഇവിടെ താമസമാക്കി, ഇവിടെ നിന്ന് പലതും സ്വീകരിച്ചു, സ്വയം ധന്യമാക്കി. അങ്ങനെ പല ഘട്ടങ്ങളിലായി ആര്യന്മാര്‍, ദ്രാവിഡന്മാര്‍, മംഗോളിയര്‍, പാര്‍സികള്‍, പാശ്ചാത്യര്‍, അറബികള്‍, മുസ്‌ലിങ്ങള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ തുടങ്ങി ഒട്ടേറെ ജനപഥങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുവന്നു. അവരില്‍ മഹാഭൂരിപക്ഷവും ഇന്ത്യയെ മാതൃരാജ്യമായി കണ്ട് ഇവിടെ താമസമാക്കി.

നൂറുകണക്കിന് രാജാക്കന്മാരുടെയും ആയിരക്കണക്കിന് നാടുവാഴികളുടെയും കീഴില്‍ കൊച്ചുകൊച്ചു രാജ്യങ്ങളായി കഴിഞ്ഞുകൂടുകയായിരുന്നു ഈ പ്രദേശത്തെ ജനങ്ങള്‍. ഈ കൊച്ചു കൊച്ചു ഭൂപ്രദേശങ്ങളെ ഏകീകരിച്ച് വിശാലമായ ഒരു രാജ്യം നമുക്ക് ലഭിക്കുന്നത് മുഗളന്മാരും ബ്രിട്ടീഷുകാരും ഭരിച്ചതുകൊണ്ടാണെന്ന് സമ്മതിക്കേണ്ടിവരും. സംഘപരിവാരം ഏറെ അനഭിമതനായി കാണുന്ന ഔറംഗസേബ് ചക്രവര്‍ത്തി ഭരിക്കുമ്പോഴാണ് പാകിസ്ഥാന്‍ തൊട്ട് വിന്ധ്യാപര്‍വതം വരെ നീണ്ടു കിടക്കുന്ന ഇന്ത്യയുണ്ടായത്. പിന്നീട് ഏകീകരണവും നിര്‍വഹിച്ചത് ബ്രിട്ടീഷുകാരായിരുന്നു. അവരുടെ പാരതന്ത്ര്യത്തില്‍ നിന്ന് മോചനം നേടി ഇന്ത്യ സ്വതന്ത്രരാഷ്ട്രമാവുമ്പോള്‍ ഇന്ന് പാകിസ്ഥാനെന്നും ബംഗ്ലാദേശെന്നും അറിയപ്പെടുന്ന ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെട്ടു.

നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സങ്കല്‍പത്തെ പരിത്യജിച്ചുകൊണ്ട് ഹൈന്ദവ ദേശീയതയും ഹിന്ദുത്വ സംസ്‌കാരവും അടിച്ചേല്‍പിക്കാനുള്ള ശ്രമം മോഡി ഭരണത്തില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകടമാണ്. ഇന്ത്യയുടെ ഉദ്ഗ്രഥനത്തിനും അഖണ്ഡതയ്ക്കും ഇത് കനത്ത ആഘാതമാണ് ഏല്‍പിക്കുന്നത്. ഓരോ സമൂഹത്തിനും തങ്ങളുടെ സംസ്‌കാരവും വ്യക്തിത്വവും സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്ന ബോധം നഷ്ടമാവുമ്പോള്‍ വിഘടന ചിന്താഗതികളും ശിഥിലീകരണ വാസനകളുമാണ് തലപൊക്കുക.
ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യ ഇന്ന് ഇത്തരം വിപത്തുകള്‍ക്ക് നടുവിലാണ് കഴിഞ്ഞുകൂടുന്നത്. പരിഷ്‌കൃത ലോകം പാടെ പരിത്യജിച്ച പിന്തിരിപ്പന്‍ ചിന്താഗതികളെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികളും ഫാസിസ്റ്റുകളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രാഹ്മണരുടെ അനിയന്ത്രിതമായ ആധിപത്യവും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമുള്ള പാമര ജനങ്ങളുടെ പ്രതിപത്തിയും ഹിംസാമയമായ യാഗാദി കര്‍മങ്ങളിലുള്ള ഭ്രമവും ഒരുകാലത്ത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തെ അധപ്പതനത്തിന്റെ ഗര്‍ത്തത്തിലേക്ക് നയിച്ചവയാണ്.

മറ്റ് സംസ്‌കാരങ്ങളോടുള്ള നിരന്തരമായ സമ്പര്‍ക്കം വഴി നവംനവങ്ങളായ ചിന്തകളും ആദര്‍ശങ്ങളും സാംസ്‌കാരിക സരണികളും സ്വീകരിച്ച് പുരോഗതിയുടെ പാതയിലൂടെ പ്രയാണം ചെയ്യാന്‍ സാധിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ജനത ഒരു പരിഷ്‌കൃത, സംസ്‌കൃത സമൂഹമായി വളര്‍ന്നത്. ഈ വസ്തുത വിസ്മരിച്ചുകൊണ്ടാണ് ഫാസിസ്റ്റുകള്‍ ഇന്ത്യയെ പ്രാകൃതയുഗത്തിലേക്ക് പിടിച്ചുവലിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും പുനഃപ്രതിഷ്ഠിക്കാനുള്ള പരിശ്രമത്തിലാണത്രേ സംഘപരിവാരം ഇന്നേര്‍പ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇതുകൊണ്ടൊന്നും ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതായി കരുതാനാവില്ല. വര്‍ഗീയത മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുമ്പോഴും ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ജനാധിപത്യത്തെയും മതേതരത്വത്തെയും ബഹുസ്വരതയെയും അംഗീകരിച്ചുകൊണ്ടുതന്നെയാണ് മുന്നേറുന്നത്. നമ്മോടൊപ്പം സ്വതന്ത്രമായ പാകിസ്ഥാനില്‍ 1956 ല്‍ ജനാധിപത്യം പട്ടാളഭരണത്തിനു വഴിമാറിയപ്പോള്‍ ഇന്ത്യ ഇക്കാലമത്രയും ജനാധിപത്യത്തില്‍ അടിയുറച്ചു നിലകൊണ്ടുവെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മഹത്വവും മേന്‍മയുമാണ് വിളിച്ചോതുന്നത്.