23 April 2024, Tuesday

സാർവദേശീയ മത്സ്യ തൊഴിലാളി ദിനം

ടി ജെ ആഞ്ചലോസ്
November 21, 2021 6:42 am

നവംബർ 21 സാർവദേശീയ മത്സ്യത്തൊഴിലാളി ദിനമാണ് ഈ വിഭാഗം തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളുടെയും പൊതുസമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കുന്നതിനും പരിഹാരം തേടുന്നതിനും വേണ്ടിയുള്ള ദിനാചരണം. ”കടലും കടൽ തീരവും വിൽക്കരുത്” എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളും ഈ ദിനാചരണത്തിൽ അണിചേരുന്നു. ഇന്ത്യയുടെ കടൽത്തീരം 8,118 കിലോമീറ്ററാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഉണ്ടാകുന്ന പ്രകൃതി ക്ഷോഭത്തിന്റെ പ്രധാന ഇരകളും തീരദേശവാസികളാണ്. ന്യൂനമർദ്ദവും ചുഴലിക്കാറ്റും കടലാക്രമണവും പതിവായിരിക്കുന്നു. രാജ്യത്തിന്റെ അതിർത്തി സംരക്ഷണത്തിന് തുല്യ പ്രാധാന്യം നല്കി തീരത്തെ സംരക്ഷിക്കേണ്ടതുണ്ട്. തൊഴിലെടുക്കാന്‍ പറ്റാത്ത ദിനങ്ങളിലെ പട്ടിണി മാറ്റുവാൻ തൊഴിൽനഷ്ട വേതനം നിയമംമൂലം നടപ്പിലാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ല.

കാർഷിക മേഖലയുടെ കോർപറേറ്റുവൽക്കരണത്തിനെതിരെ ഇന്ത്യയിലെ കർഷകർ നടത്തിയ സമരത്തിന്റെ ഒരുഘട്ടം വിജയിച്ചിരിക്കുന്നു. അടുത്ത പാർലമെന്റ് സമ്മേളനം ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കണം. കാർഷികമേഖലയ്ക്ക് പിന്നാലെ കടലും കടൽത്തീരവും കോർപറേറ്റുകൾക്ക് അടിയറവയ്ക്കുന്നതിനെ ലക്ഷ്യമാക്കിയുള്ള മറൈൻ ഫിഷറീസ് നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അറിയുന്നു. 2009 മുതൽ കേന്ദ്രസർക്കാർ പരിഗണിക്കുന്ന ആഴക്കടൽ മത്സ്യബന്ധന നിയമം തന്നെയാണ് 2021 ല്‍ അവതരിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരുകളുമായും മത്സ്യത്തൊഴിലാളി സംഘടകളുമായും ചർച്ച ചെയ്യാതെ തങ്ങളുടെ വരുതിക്ക് നിൽക്കുന്ന സന്നദ്ധ സംഘടനകളുമായി (എൻജിഒകൾ) മാത്രം ചർച്ച നടത്തുന്ന രീതിയാണ് നിലനിൽക്കുന്നത്. കേന്ദ്ര നിയമം പാസായാൽ കേരളത്തിലെ ബഹുഭൂരിപക്ഷം യാനങ്ങൾക്കും 12 നോട്ടിക്കൽ മൈലിനപ്പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. നിയമ ലംഘനത്തിന്റെ പേരിൽ മത്സ്യതൊഴിലാളികൾക്ക് വൻതുക പിഴയും ക്രിമിനൽ നടപടിയും വ്യവസ്ഥ ചെയ്യുന്ന നിയമം മത്സ്യമേഖലയെ കോർപറേറ്റ്‌വല്ക്കരിക്കുന്നതിനുള്ളതാണ്. സംസ്ഥാന സർക്കാരുകളും മത്സ്യത്തൊഴിലാളി സംഘടനകളും നല്കിയ നിർദ്ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.

നിയമം പാസായാൽ ചെറുവള്ളങ്ങൾക്കുൾപ്പെടെ കേന്ദ്ര ലൈസൻസ് വേണ്ടിവരും. വൻതുക ഫീസ് നല്കുവാൻ കഴിയാത്ത പരമ്പരാഗത ചെറുകിട മത്സ്യബന്ധന തൊഴിലാളികൾ ആട്ടിയോടിക്കപ്പെടും. പരിധി ലംഘനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ മേൽ വൻ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. പിഴയീടാക്കാൻ കേന്ദ്ര സർക്കാർ നിയമിക്കുന്ന പ്രത്യേക ഓഫിസർക്ക് പുറമെ കോസ്റ്റ് ഗാർഡിനും അധികാരം നല്കിയിട്ടുണ്ട്. പണമടയ്ക്കുന്ന ആർക്കും മത്സ്യബന്ധന ലൈസൻസ് നൽകുന്നത് മത്സ്യത്തൊഴിലാളികളെ ഈ രംഗത്ത് നിന്നും ആട്ടിപ്പായിക്കുവാൻ വേണ്ടി തന്നെയാണ്. മത്സ്യബന്ധന യാനങ്ങളുടെ പട്ടികയിൽ കപ്പലുകളെ ഉൾപ്പെടുത്തിയത് തന്നെ വൻകിടക്കാരെ സഹായിക്കാനാണ്. ഏതൊരു നിയമവും പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തെ ലക്ഷ്യം വയ്ക്കുന്നുവെങ്കിൽ ഇതിൽ അവയൊന്നും പരാമർശിച്ചിട്ടില്ല. ബ്ലൂ ഇക്കോണമിയെ ലക്ഷ്യംവച്ച് കടലിലെ മത്സ്യക്കൃഷി, ടൂറിസം ഇവയെല്ലാം പരാമർശിക്കുന്ന കേന്ദ്രസർക്കാർ തൊഴിലാളി ക്ഷേമത്തിനല്ല ശിക്ഷയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കോവിഡ് ലോക്ഡൗൺ നാളുകളിൽ അവതരിപ്പിച്ച ബ്ലൂ ഇക്കോണമി നയരേഖ. കടൽ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനെ ലക്ഷ്യംവച്ചുള്ളതാണ്. 2021 ഫെബ്രുവരി 17 നാണ് പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഭൗമ മന്ത്രാലയം ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധീകരിച്ചത്. ഏഴ് വർക്കിങ് ഗ്രൂപ്പുകൾ വിവിധ വിഷയങ്ങളിൽ തയാറാക്കിയ റിപ്പോർട്ടുകൾ ഏകോപിപ്പിച്ചാണ് ഇത് തയാറാക്കിയത്. ഇത്തരം രേഖകളിന്മേൽ നിർദ്ദേശങ്ങൾ സ്വീകരിക്കുവാൻ 90 ദിവസം വരെ നൽകാറുണ്ടെങ്കിലും ബ്ലൂ ഇക്കോണമി നയരേഖയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ കേവലം 10 ദിവസങ്ങൾ മാത്രമാണ് നൽകിയത്. പ്രാദേശിക ഭാഷകളിലും ഇത്തരം രേഖകൾ പ്രസിദ്ധീകരിക്കണമെന്നിരിക്കെ വളരെ സങ്കീർണമായ ഈ വിഷയത്തിന്മേലുള്ള രേഖ ഇംഗ്ലീഷിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത്. അതുവഴി മത്സ്യത്തൊഴിലാളി സംഘടനകൾ, സംസ്ഥാന സർക്കാരുകൾ, പൊതുസമൂഹം തുടങ്ങിയവർക്കെല്ലാം അഭിപ്രായം പറയുവാനുള്ള അവകാശം നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.

 


ഇതുംകൂടി വായിക്കാം;പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് യാനങ്ങൾ നൽകാൻ പദ്ധതി


 

തീരക്കടലും ആഴക്കടലും ഖനനത്തിനായും കോർപറേറ്റുകളുടെ മത്സ്യകൃഷിക്കായും പതിച്ച് നല്കുക എന്നതുതന്നെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതിന് തുടക്കം കുറിച്ചുകൊണ്ടുള്ള 4077 കോടിയുടെ പര്യവേക്ഷണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരവും നൽകിക്കഴിഞ്ഞു. മത്സ്യ ഉല്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുവാൻ തീവ്രമായ സാങ്കേതിക വിദ്യകൾ സ്വീകരിക്കുമെന്ന് രേഖയിൽ പറയുന്നുണ്ട്. കടലിൽ മത്സ്യ കൃഷി നടത്തുകയെന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം. ലാഭക്കണ്ണോടെ മത്സ്യ കൃഷിക്ക് എത്തുന്നവരുടെ ലക്ഷ്യം കയറ്റുമതി സാധ്യതയുള്ള മത്സ്യങ്ങളുടെ ഉല്പാദനമാണ്. ഇതിനുള്ള പ്രധാന തീറ്റ ചെറുമത്സ്യങ്ങളാണ്. ഇത്തരം ചെറുമത്സ്യങ്ങളാണ് സാധരണക്കാർക്ക് പ്രോട്ടീൻ നൽകുന്നത്. ചെറുമത്സ്യങ്ങൾ തീരത്തെത്താതെ കടലിൽ വൻ മത്സ്യങ്ങൾക്ക് തീറ്റയായി മാറിയാൽ അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെത്തന്നെ ബാധിക്കും. ഒരു കിലോ വൻ മത്സ്യം ഉല്പാദിപ്പിക്കുവാൻ വേണ്ടി വരുന്നത് ആറ് കിലോ ചെറിയ മത്സ്യമാണ്. ബ്ലൂ ഇക്കോണമി നയരേഖയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കടൽ ഖനനമാണ്. ശീർഷകത്തിൽ ഇത് വ്യക്തമായും പറയുന്നുണ്ട് തീരക്കടൽ മുതൽ ആഴക്കടൽ വരെയുള്ള ഖനനം. ലോകത്തിലെ വികസിത രാജ്യങ്ങൾപോലും തീരത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കി ആഴക്കടൽ ഖനനത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യയിൽ തീരക്കടൽ ഖനനവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നു.
1991 മുതൽ തീരനിയന്ത്രണ വിജ്ഞാപനം നിലവിലുള്ള നാടാണ് നമ്മുടേത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരനിയന്ത്രണ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഡോ. സ്വാമിനാഥൻ കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ കടലിലേക്കുള്ള ഭാഗം സി ആർ ഇസഡിന്റെ ഭാഗമാക്കിയത്. അതെല്ലാം തകർത്തെറിഞ്ഞാണ് പുത്തൻ നീക്കം നടത്തുന്നത്.

സൂര്യപ്രകാശം കടലിന്റെ അടിത്തട്ട് വരെയെത്തുന്ന ഈ ഭാഗത്താണ് മത്സ്യപ്രജനനവും നടക്കുന്നത്. ഈ ഭാഗത്തുള്ള ഖനനം മത്സ്യസമ്പത്തിന്റെ സർവനാശത്തിനും ഇടവരുത്തും. കരയിൽ നടത്തുന്ന ഖനനത്തിന്റെ പ്രത്യാഘാതം നേരിട്ടറിയുന്നവരാണ് നമ്മൾ. പല തീരദേശ ഗ്രാമങ്ങളും ഇല്ലാതായി. തീരക്കടലിലും, ആഴക്കടലിലും നടക്കുന്ന ഖനനംമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നാടിന്റെ നിലനില്പിനെത്തന്നെ ബാധിക്കും. കേരളതീരത്തു നടക്കുന്ന കരിമണൽ ഖനനത്തെ ഫെഡറേഷൻ എതിർക്കുന്നതും അതുകൊണ്ട് തന്നെയാണ്.
മുരാരി കമ്മറ്റിയുടെ ശുപാർശപ്രകാരം ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾക്കുള്ള അനുവാദം നിർത്തിവച്ചിരുന്നത് കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ച് തുടങ്ങി. സമുദ്ര ജലനിരപ്പ് ഉയരുന്നതുമൂലം കടലാക്രമണം രൂക്ഷമാകുകയാണ്. ഇതിനൊപ്പം തീരക്കടൽ ആഴക്കടൽ ഖനനം, കടൽ മത്സ്യകൃഷി, തീരദേശത്ത് സ്ഥാപിക്കുന്ന കപ്പൽ പൊളിക്കുന്ന കേന്ദ്രങ്ങൾ, ടൂറിസം, തുറമുഖങ്ങളുടെ ശൃംഖല, അനുബന്ധ വ്യവസായങ്ങൾ, കോസ്റ്റൽ എംപ്ലോയ്മെന്റ് സോൺ എന്ന കപട വാഗ്ദാനം ഇവയെല്ലാം പ്രാവർത്തികമായാൽ തീരദേശ ജനത ഇവിടെ നിന്നും ആട്ടിയോടിക്കപ്പെടും. പുതിയ കേന്ദ്രനിയമവും ബ്ലൂ ഇക്കോണമി നയരേഖയും അതിനെ ലക്ഷ്യമാക്കിയുള്ളതാണ്. രാജ്യത്തിന്റെ ശുദ്ധജല തടങ്ങളായ നദികളും കായലുകളും നിലനില്പിനായി കേഴുകയാണ്. കയ്യേറ്റവും മലിനീകരണവും ഇവയെ തകർത്തു. ഇവയുടെ സംരക്ഷണത്തിനുള്ള പോരാട്ടവും തുടരുകയാണ്.

(മത്സ്യ തൊഴിലാളി ഫെഡറേഷൻ എഐടിയുസി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.