December 6, 2022 Tuesday

മലയാള നാടകഗാനത്തിലെ സ്ത്രീശബ്ദം ‑കെപിഎസി സുലോചന

പുളിക്കല്‍ സനില്‍രാഘവന്‍
April 17, 2021 10:52 am

മലയാള നാടകത്തെ ജനകീയമാക്കി ചുവപ്പിച്ച നാലക്ഷരമായ കെപിഎസി എന്ന മാനുഷിക വികാരത്തെയും ആ പ്രസ്ഥാനത്തിലൂടെ നാടകത്തെ സാധാരണക്കാരനിൽ എത്തിക്കുവാനും നാടക ഗാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. നാടാകെ പാടി കെപിഎസിയെ വളർത്തിയ ഗായികയാണു കെപിഎസി സുലോചന. വിപ്ലവഗാനങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സുലോചന എന്ന കെപിഎസി സുലേചന നമ്മെ വിട്ടു പിരിഞ്ഞിട്ട് പതിനാറ് വർഷം കഴിയുന്നു. എന്നിട്ടും ഇന്നും മലയാളയുടെ ചുണ്ടിലൂടെ സുലോചന പാടിയ ഓരോ പാട്ടുകളും തത്തിക്കളിക്കുന്നു. നാടകഗാനത്തിലെ സ്ത്രീശബ്ദം എന്നാൽ മലയാളിക്കു സുലോചനയാണ്. വിപ്ലവഗാനങ്ങൾ എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ സ്വാഭാവികമായി കടന്നുവരുന്ന രണ്ടു ശബ്ദത്തിലൊന്നാണു സുലോചന. മറ്റൊന്ന് കെ. എസ്. ജോർജ്. മലയാളത്തിലെ വിപ്ലവ കവികളായ ഒഎൻവിയും വയലാറും എഴുതി ദേവരാജൻമാഷ് ഈണമിട്ട നാടകഗാനങ്ങളും, ആ സുവർണകാലവും ഏതു മലയാളിയുടെയും അഭിമാനവും ഗൃഹാതുരതയുമാണ്.

അമ്പിളിയമ്മാവാ, ചെപ്പു കിലുക്കണ ചങ്ങാതീ, എന്തമ്മേ കൊച്ചുതുമ്പീ (മുടിയനായ പുത്രൻ), തലയ്ക്കുമീതേ ശൂന്യാകാശം (അശ്വമേധം), വെള്ളാരം കുന്നിലെ (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), വള്ളിക്കുടിലിന്നുള്ളിലിരിക്കും (സർവേക്കല്ല്), മാൻകിടാവേ മാൻകിടാവേ (വിശറിക്കു കാറ്റുവേണ്ട)… അങ്ങനെ എത്രയെത്ര നാടൻ ശീലുകളുമായി മലയാളക്കരയുടെമുക്കിലും, മൂലയിലും കേൾക്കുവാൻ കഴിഞ്ഞത്. അഞ്ചു പതിറ്റാണ്ട് ദൈർഘ്യമുള്ള കലാജീവിതത്തിന് ഉടമയായിരുന്നു സുലോചന. 

മാവേലിക്കര കോട്ടയ്ക്കകം തെരുവിൽ കുളത്തിൽ കിഴക്കതിൽകോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി, 1938 ഏപ്രിൽ 10‑ന് ജനിച്ചു. ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചു. സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. 1951‑ൽ എന്റെ മകനാണ് ശരി എന്ന നാടകത്തിലൂടെയാണ് കെപിഎസിയിൽ തുടക്കമിട്ടത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി തൽ മന്വന്തരം വരെയുള്ള 10 നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964‑ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് കെ. പി. എ. സി വിട്ടു. തുടർന്ന് വിവിധ സമിതികളുടെ നാടകങ്ങളിൽ പാടുകയും അവയിലെ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് ‘സംസ്ക്കാര’ എന്നപേരിൽ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സുലോചനയെ കെപിഎസിയിലേക്ക് കൊണ്ടുവന്ന കഥ നാടകസംഘത്തിന്റെ സ്ഥാപകനായ ജനാർദന കുറുപ്പ് മുൻപ് വിവരിച്ചത് ഇങ്ങനെ: ‘പാടിയഭിനയിക്കാൻ ഒരു നടിയെത്തേടി നടത്തിയ അന്വേഷണമാണ് സുലോചനയിൽ ചെന്നെത്തിയത്. തിരുവനന്തപുരം വിജെടി ഹാളിൽ പതിവായി പാടാനെത്തുന്ന ഒരു പെൺകുട്ടിയുണ്ട്. പുളിമൂട് ജംക്ഷനിലാണ് അവർ താമസിച്ചിരുന്നത്. നമുക്കൊന്നുപോയി നോക്കാമെന്ന് സഹപ്രവർത്തകരായ രാജഗോപാലും അഡ്വ. കെ. എസ്. രാജാമണിയുമാണ് എന്നോടു പറഞ്ഞത്. ഞങ്ങൾ മൂവരും കൂടി വീട്ടിലെത്തുമ്പോൾ അവിടെ സുലോചനമാത്രം ‘ ലോലഗാത്രിയായ ഒരു സുന്ദരി.… ’ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പാടാൻ വരണം. പാടി അഭിനയിക്കണം എന്നാവശ്യപ്പെട്ടപ്പോൾ അച്ഛൻ വന്നിട്ടു പറയാമെന്നായിരുന്നു സുലോചനയുടെ മറുപടി. കയ്യിലിരുന്ന പത്തുരൂപ ഞാൻ സുലോചനയ്ക്ക് അഡ്വാൻസായി നൽകി. രാജഗോപാലിനത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കൂടുതൽ ആർഭാടത്തോടെ ഇരുപത്തഞ്ചു രൂപ നൽകി. പക്ഷേ സുലോചനയതു വാങ്ങാൻ മടിച്ചു. അന്ന് വൈകിട്ടു തന്നെ സുലോചന അച്ഛനുമൊത്ത് ഞങ്ങളെ കാണാനെത്തി. അങ്ങനെയാണു സുലോചന കെപിഎസിയിൽ എത്തിയത്. ’ കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കെപിഎസിയിലേക്കു വിടാൻ കോൺഗ്രസുകാരനായ അച്ഛൻ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാൽ സഹോദരൻ കൃഷ്ണൻകുട്ടിയുടെ പ്രോത്സാഹനമാണു സുലോചനയ്ക്കു വഴിത്തിരിവായത്. 

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ സുമം എന്ന കഥാപാത്രത്തിലൂടെ പിന്നീടു സുലോചന പാർട്ടിക്കും ജനങ്ങൾക്കും പ്രിയങ്കരിയായി. തുടർന്നുള്ള നാടകങ്ങളിലെല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച ഇവർ കെപിഎസി സുലോചനയായി. സ്റ്റേജിൽ പാടി അഭിനയിക്കുന്ന രീതിയായിരുന്നു അന്ന്. പതിറ്റാണ്ടുകൾ കെപിഎസി നാടകങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. 12-ാം വയസിലാണ് ഗായികയെന്ന നിലയിൽ ശ്രദ്ധ നേടുന്നത്. കെ. പി. എ. സിയുടെ തുടക്കം മുതൽ അതിൽ സജീവമായി പ്രവർത്തിച്ച സുലോചനയുടെ അമ്പിളി അമ്മാവാ. . എന്ന് തുടങ്ങുന്ന ഗാനമാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്ക്ക് പ്രവേശിച്ചു. കാലം മാറുന്നു എന്ന സിനിമയിൽ കെ എസ് ജോർജിന‍്റെ കൂടെ, ‘ഈ മലർ പൊയ്കയിൽ‘ എന്ന യുഗ്മഗാനം പാടിക്കൊണ്ടാണ് സുലോചന സിനിമാഗാന രംഗത്തെത്തുന്നത്. ഇതേ ചിത്രത്തിൽ സത്യൻറെ നായികയായി വേഷമിട്ടതും സുലോചനയായിരുന്നു. രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിലും രണ്ടു ഗാനങ്ങൾ ആലപിച്ചു. സുലോചനയയെ ശ്രദ്ധേയയാക്കിയ കഥാപാത്രങ്ങളായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ‘സുമം’, മുടിയനായ പുത്രനിലെ ‘പുലയി’ എന്നിവയൊക്കെ. ‚അരപ്പവൻ, കൃഷ്ണകുചേല തുടങ്ങിയവയാണ് അവർ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. മുൻഷി പരമു പിള്ളയുടെ ‘അധ്യാപകൻ’ എന്ന നാടകത്തിൽ പ്രേംനസീറിനൊപ്പം അഭിനയിച്ചിരുന്നു. സിനിമയിൽ 14 പാട്ടും പാടിയിട്ടുണ്ട്. ഇതിൽ ‘ആ മലർപ്പൊയ്കയിൽ. .(കാലം മാറുന്നു –1955), തുമ്പപ്പൂ പെയ്യണ പൂനിലാവേ… (രണ്ടിടങ്ങഴി–1958) എന്നിവ ശ്രദ്ധേയമായി. 1975ൽ മികച്ച നടിക്കുള്ള അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫെലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥനും കലാകാരനുമായ കലേശനാണു ഭർത്താവ്. 67-ാം വയസിലാണ്. 

മലയാളി ഉള്ളടത്തോളം കാലം ഗൃഹാതുരത്വം തുളുമ്പുന്ന, എന്നും എവിടെയും പാടുകയും, കേൾക്കുകയും ചെയ്യുന്ന ആ ശബ്ഗം നിലച്ചത്. തൻറെ ശരീരം കണ്ടുമാത്രമേ സുലോചന മലയാള ക്കരിയിൽ നിന്നും വിട്ടു പോയിട്ടുള്ളു. കരിമാടിക്കുട്ടന്മാർ കലിതുള്ളും തോപ്പിലെ ഒരുകനി വീഴ്ത്തുവാനും, നല്ലൊരു നാളിലെ മാളോരെ മണ്ണിലെ തുള്ളിക്കളി കാണാൺ കാറ്റിനെ വിളിച്ചുകൊണ്ട് നമ്മോടൊപ്പം ഈ വാനമ്പാടി ഉണ്ടായിരിക്കും..
eng­lish summary;article about KPSC Sulochana
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.