പുളിക്കല്‍ സനില്‍ രാഘവന്‍

March 25, 2021, 1:09 pm

ജീവിതത്തിന്‍റെ മൂല്യവുമായി എല്‍ഡിഎഫ് പ്രകടന പത്രിക

Janayugom Online

തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ( വോട്ടർമാർക്ക് ) മുമ്പിൽ അവതരിപ്പിക്കുന്ന പ്രകടനപത്രികകൾ നടപ്പാക്കാനുള്ളതാണെന്നു 2016ൽ കേരളത്തിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ കാണിച്ചു കൊടുത്തു. 600 കാര്യങ്ങളിൽ 570 നടപ്പാക്കി സർക്കാർ ജനങ്ങളോടുള്ള പ്രതിബന്ധത എന്താണെന്നു വിളിച്ചറിയിച്ചിരിക്കുന്നു. എന്നാൽ മറ്റുള്ളവർ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുവാൻ കഴിയില്ലെന്ന കോൺഗ്രസ്, ബിജെപി നേതാക്കൾക്കളുടെ അഭിപ്രായങ്ങൾക്ക് മറുപടി കൂടിയാണ് ഇത്. ഇത്തവണ എൽഡിഎഫ് നവകേരള നിർമാണത്തിനായുള്ള രൂപരേഖയാണ് പ്രകടനപത്രിക. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനൊപ്പം ജനങ്ങളുടെ ക്ഷേമവും മതനിരപേക്ഷ ചട്ടക്കൂടും ഉറപ്പാക്കുകയാണ് എൽഡിഎഫ്. 50 ഇന പരിപാടിയും 900 വാഗ്ദാനവുമാണ് രണ്ടുഭാഗമായുള്ള പ്രകടനപത്രികയിൽ ഉള്ളത്. കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും വളർച്ചയ്ക്ക് പ്രാമുഖ്യം നൽകുന്ന മോഡി സർക്കാരിന്റെയും മുൻ കോൺഗ്രസ് സർക്കാരുകളുടെയും നയങ്ങളിൽനിന്ന് വ്യത്യസ്തമായി ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുന്നതാണ് എൽഡിഎഫിന്റെ പ്രകടനപത്രിക. അതോടൊപ്പം ഭരണത്തുടർച്ച ലഭിക്കുമെന്ന ആത്മവിശ്വാസവും പ്രകടനപത്രികയിൽ നിഴലിച്ചുകാണാം.

തൊഴിലില്ലായ്മ പരിഹരിക്കാൻ അഞ്ചുവർഷത്തിനുള്ളിൽ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. നൈപുണി പരിശീലനം, വ്യവസായ പുനഃസംഘടന, കാർഷിക നവീകരണം തുടങ്ങിയവയിലൂടെയാകും ഈ ലക്ഷ്യം നേടുകയെന്നതാണ്. മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണി പരിശീലനം നൽകും. ഇവരുടെ വിശദാംശം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. വീട്ടിനകത്തോ അടുത്തോ ഇരുന്ന് തൊഴിലെടുക്കാൻ സന്നദ്ധരായ ഉദ്യോഗാർഥികളെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിക്കും. അവർക്കുവേണ്ടി അന്തർദേശീയ തൊഴിൽ കമ്പനികളോട് സംവദിക്കും. ഇവരുടെ സാമൂഹ്യസുരക്ഷാ ബാധ്യത സർക്കാർ ഏറ്റെടുക്കും. ഇതിനായി കെ- ഡിസ്കിനെ മികവുറ്റ സ്ഥാപനമാക്കി മാറ്റും. കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും. 100 ദിന പരിപാടിയിലെന്നപോലെ വിവിധ വികസന ഏജൻസികൾ, ധനസ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലൂടെ പ്രവർത്തനൾ ഏകോപിപ്പിക്കും. വായ്പയുടെ അടിസ്ഥാനത്തിലുള്ള സ്വയംതൊഴിൽ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഓരോ വർഷവും 1000 ൽ അഞ്ചുപേർക്ക് വീതം തൊഴിലവസരം സൃഷ്ടിക്കും. തൊഴിലുറപ്പു ക്ഷേമനിധി നടപ്പാക്കും. നഗരമേഖലകളിൽ വർക്ക്ഷോപ്പുകളിലും മറ്റു തൊഴിൽ സ്ഥാപനങ്ങളിലും ഇന്റേൺസായി യുവജനങ്ങളെ എടുക്കുന്നത് അയ്യൻകാളി തൊഴിലുറപ്പിന്റെ ഭാഗമാക്കും. പുതുതായി കമ്പനികളിൽ നിയമിക്കുന്ന യുവജനങ്ങൾക്ക് 2000 രൂപ ഫ്രെഷേഴ്സ് അലവൻസ് നൽകും. അഞ്ചു വർഷംകൊണ്ട് സ്റ്റാർട്ടപ്പുകൾ 300 ൽനിന്ന് 3900 ആയി ഉയർത്തി. 35000 പേർക്ക് തൊഴിൽ നൽകുന്നു. അഞ്ചു വർഷംകൊണ്ട് 15000 സ്റ്റാർട്ടപ്കൂടി ആരംഭിക്കും. ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. ഇതിനായി ഇന്നവേഷൻ ചലഞ്ചു പോലുള്ള സംവിധാനങ്ങൾക്ക് രൂപം നൽകും. ഉദാരമായ ധനസഹായ പിന്തുണ നൽകും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കാൻ വിശദമായ മാസ്റ്റർപ്ലാൻ. ജീവനക്കാരുടെ സേവന- വേതന അവകാശങ്ങൾ ഉറപ്പാക്കി കെഎസ്ആർടിസി പുനരുദ്ധരിക്കും. ടെക്സ്റ്റൈയിൽ മില്ലുകൾക്കുവേണ്ടി റോ മെറ്റീരിയൽ കൺസോർഷ്യം ആരംഭിക്കും. പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കും. മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പാക്കി സ്വകാര്യ നിക്ഷേപം ആകർഷിക്കും. 10, 000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും. ഐടി, ബയോടെക്നോളജി, ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾക്ക് മുൻഗണന. കെൽട്രോണിനെ പുനരുദ്ധരിക്കും. ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്ക് പൂർത്തീകരിക്കും. ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളിൽ ഒന്നാക്കും. റബർ പാർക്ക്, കോഫി പാർക്ക്, റൈസ് പാർക്ക്, സ്പൈസസ് പാർക്ക്, ഫുഡ് പാർക്ക്, ജില്ലാ ആഗ്രോ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും. നാളികേര സംഭരണത്തിനും സംസ്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും. ടൂറിസത്തിനുള്ള അടങ്കൽ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികൾ പൂർത്തീകരിക്കും. സ്പൈസസ് റൂട്ട് ആവിഷ്കരിക്കും. 

2025ൽ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽനിന്ന് മൂന്ന് ലക്ഷമായി ഉയർത്തി 6 ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പ്രത്യേക പദ്ധതി. ഡിജിറ്റൽ തൊഴിൽ പദ്ധതി, സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങൾ, വിപണന ശൃംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് രൂപം നൽകും. സർക്കാർ പങ്കാളിത്തത്തോടെ പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും. സമാശ്വാസ നടപടികൾ ശക്തിപ്പെടുത്തും. പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്കീമും കൂടുതൽ ആകർഷകമാക്കും. ലോക കേരളസഭ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും. വനാതിർത്തിക്കു ചുറ്റും ബഫർ സോൺ നിജപ്പെടുത്തുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കും. മനുഷ്യ- വന്യമൃഗ സംഘർഷം ഒഴിവാക്കാൻ അടിയന്തര നടപടി. വനം അതിർത്തികൾ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. 7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസർകോട് പാക്കേജിനുള്ള തുക വർധിപ്പിക്കും. ഇതിനായി പ്രത്യേക മേൽനോട്ട സമിതി. മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹാരത്തിന് പ്രത്യേക പരിഗണന. ഉറവിട മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യ സംസ്കരണവും പ്രാദേശിക സ്വീവേജ് സംസ്കരണവും. അനിവാര്യമായ ഇടങ്ങളിൽ വൻകിട മാലിന്യ നിർമാർജന പ്ലാന്റ്. മുഴുവൻ കക്കൂസ് മാലിന്യവും സംസ്കരിക്കാൻ പ്രാദേശിക സെപ്റ്റേജുകൾ. വൻകിട പദ്ധതികൾ ഉൾപ്പെടെ പശ്ചാത്തല സൗകര്യപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ട്രാൻസ്ഗ്രിഡ്, കെ ‑ഫോൺ, ജലപാത, തീരദേശ — മലയോര ഹൈവേകൾ, വ്യവസായ പാർക്കുകൾ, ആശുപത്രി, ‑കോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങി കിഫ്-ബി പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കും. കൊച്ചി–- പാലക്കാട് വ്യവസായ ഇടനാഴി, കൊച്ചി–-മംഗലാപുരം വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റൽ സിറ്റി റീജ്യൺ ഡെവലപ്മെന്റ് പദ്ധതി, പുതിയ തെക്ക്-–-വടക്ക് സിൽവർ ലൈൻ റെയിൽവേ പദ്ധതി എന്നീ നാലു ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഗണ്യമായി പൂർത്തീകരിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമാകും കേരളം. 15000 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസിയിൽ പൂർത്തിയാക്കും. 72 റെയിൽവേ മേൽപ്പാലവും 100 മേജർ പാലവും നിർമിക്കും. ദേശീയപാത വികസനവും വയനാട് തുരങ്കപ്പാതയും പൂർത്തിയാക്കും. റോഡു നിർമാണത്തിന് 40, 000 കോടി ചെലവഴിക്കും. ആധുനികവും പരിസ്ഥിതി സൗഹാർദപരവുമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും. കേന്ദ്രാനുമതി ലഭിച്ചാൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി – മൈസൂർ, നിലമ്പൂർ നഞ്ചങ്കോട് റെയിൽ ലൈനുകൾ നിർമിക്കും. ശബരി എയർപോർട്ടിനുള്ള അനുവാദത്തിനും ശബരിറെയിൽ പൂർത്തീകരിക്കാനും കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. 

ആവശ്യമെങ്കിൽ കരിപ്പൂർ വിമാനത്താവള വികസനത്തിന് സ്ഥലം സർക്കാർ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും. തെക്കുവടക്ക് ദേശീയ ജലപാതയും കൊച്ചി വാട്ടർ മെട്രോയും പൂർത്തീകരിക്കും. ആയിരം കിലോമീറ്റർ ഫീഡർ കനാലുകൾ നവീകരിക്കും. തീരദേശ കാർഗോ ഷിപ്പിങ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ, കൊല്ലം ഹാർബറുകൾ പൂർത്തിയാകും. 2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10, 000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയും 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതിയും പൂർത്തീകരിക്കും. 3000 കോടി രൂപയുടെ ഇടുക്കി പദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽനിന്ന് 3000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രനയത്തെ ചെറുക്കും. സംസ്ഥാനത്തെ വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ സംരക്ഷിക്കും. മുഴുവൻ പട്ടികജാതി കുടുംബത്തിനും അഞ്ചു വർഷത്തിനുള്ളിൽ പാർപ്പിടം. ഭൂരഹിതർക്ക് കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതത്തിലും അംബേദ്കർ പദ്ധതി. നൈപുണി പരിശീലനവും തുടർ പ്ലെയ്സ്മെന്റും പദ്ധതി പ്രകാരം 20, 000 പേർക്ക് തൊഴിൽ. സർക്കാർ സർവീസിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ച നടപടികൾ സമയബന്ധിതമായി നടപ്പാക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യവും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകൾ സ്ഥാപിക്കും. സ്പെഷ്യൽ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. കൂടുതൽ റിസോഴ്സ് അധ്യാപകരെ നിയമിക്കും. വിവിധ ഏജൻസികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശഭരണം വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 80 ശതമാനം ഡിസബിലിറ്റി അധിക ആനുകൂല്യം ലഭ്യമാക്കും. കേരളത്തെ ബാരിയർ ഫ്രീ സംസ്ഥാനമാക്കും. ദാരിദ്ര്യനിർമാർജനം പദ്ധതി ശക്തിപ്പെടുത്തും. പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കി ഓരോ കുടുംബത്തെയും കരകയറ്റാൻ പ്രത്യേക പദ്ധതി. ഇതിന് മൈക്രോപ്ലാൻ നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷംരൂപവരെ വികസന വായ്പാസഹായം ഉറപ്പാക്കും. 

കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാൻ ശാസ്ത്രസാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കും. ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും. റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും. മറ്റുള്ളവ കാലോചിതമായി പരിഷ്കരിക്കും. പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കും. നെൽകൃഷിയുടെ വിസ്തൃതി വർധിപ്പിക്കും. തോട്ടവിളകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. പാൽ ഉൽപ്പാദനത്തിൽ കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കും. കാലിത്തീറ്റ ഉൽപ്പാദനം ഇരട്ടിയാക്കും. മൊബൈൽ വെറ്ററിനറി സേവനം വ്യാപിപ്പിക്കും. പാൽ കറവ യന്ത്രങ്ങൾക്ക് സബ്സിഡി. മുട്ട ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. കേരള ചിക്കൻ ബ്രാൻഡിന്റെ ശൃംഖല ആരംഭിക്കും. സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കയർ ഉൽപ്പാദനം 28,000 ടണ്ണിൽനിന്നും 70, 000 ടണ്ണാക്കും. കശുവണ്ടി മേഖലയിൽ 10000 പേർക്കുകൂടി തൊഴിൽ നൽകും. ന്യായവിലയ്ക്ക് തോട്ടണ്ടി ലഭ്യമാക്കും. കൈത്തറി യൂണിഫോം പദ്ധതി വിപുലപ്പെടുത്തും. ഹാൻടെക്സും ഹാൻവീവും പുനരുദ്ധരിക്കും. പനമ്പ്, ഖാദി, ചെത്ത്, മൺപാത്ര നിർമാണം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ നവീകരിക്കും. ഉൽപ്പന്ന വൈവിധ്യവൽക്കരണം നടപ്പാക്കും. വരുമാന ഉറപ്പുപദ്ധതി വിപുലീകരിച്ച് മിനിമം കൂലി ഉറപ്പാക്കും. നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ പ്രതിസന്ധി പരിഹരിക്കും. കോർപറേറ്റ് ട്രോളറുകൾക്ക് കേരളത്തിലെ ഹാർബറുകളിൽനിന്ന് പ്രവർത്തിക്കാനുള്ള അനുവാദം നിയമപരമായി നിഷേധിക്കും മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിൽ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വിൽപ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉറപ്പുവരുത്തും. മത്സ്യ വിപണന നിയമത്തിന് സമാനമായി മറ്റ് അക്വേറിയം നവീകരണത്തിനുള്ള സമഗ്രനിയമം തയ്യാറാക്കും. കേന്ദ്രം എന്തുതന്നെ തീരുമാനിച്ചാലും കോർപറേറ്റ് ട്രോളറുകൾക്ക് കേരളത്തിലെ ഹാർബറുകളിൽനിന്ന് പ്രവർത്തിക്കാനുള്ള അനുവാദം നിയമപരമായി നിഷേധിക്കുംമുഴുവൻ ഹാർബറുകളുടെയും നിർമാണം ഉടൻ പൂർത്തീകരിക്കും. എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പാർപ്പിടം. പുനർഗേഹം പദ്ധതി വിപുലപ്പെടുത്തും. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കും. കടലാക്രമണമുള്ള മുഴുവൻ തീരങ്ങളിൽ പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പാക്കും. 150 മാർക്കറ്റ് നവീകരിക്കും. വിദ്യാഭ്യാസ, ആരോഗ്യ നവീകരണവും മത്സ്യമൂല്യ വർധന വ്യവസായങ്ങളും പാക്കേജിലൂടെ നടപ്പാക്കും. മത്സ്യഗ്രാമത്തിൽ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കി ഉറപ്പുവരുത്തും. സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷ്യൽ റൂളുകൾക്ക് രൂപം നൽകി നിയമനങ്ങൾ പിഎസ്‌സിക്കു വിടും. ഒഴിവുകൾ പൂർണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തും. പിഎസ്‌സി പരീക്ഷ, മൂല്യനിർണയം, നിയമനം എന്നിവയ്ക്ക് ചലനാത്മകവും പൂർണതോതിൽ ഓട്ടോമേറ്റഡുമായ സംവിധാനം സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകൾ തയ്യാറാക്കി മൂല്യനിർണയം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തും. പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കും. 

പൈതൃക കമ്പോളങ്ങൾ നവീകരിക്കുംകെഎസ്എഫ്ഇ മ്യൂച്ചൽ ഗ്യാരണ്ടിയിൽ ചിട്ടികൾ ആരംഭിക്കുംജിഎസ്‌ടി കൂടുതൽ വ്യാപാരി സൗഹൃദമാക്കും തുടങ്ങി നിരവധി ജനപ്രിയ കാര്യങ്ങളാണ് പ്രകടനപത്രികയിലുള്ളത്. തൊഴിൽ ഉറപ്പുവരുത്തുന്നതിലാണ് പ്രകടനപത്രികയുടെ ഊന്നൽ. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഡിജിറ്റൽപ്ലാറ്റ്ഫോമിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് വാഗ്ദാനം. ഇവരുടെ സാമൂഹ്യസുരക്ഷ സർക്കാർ ഏറ്റെടുക്കുമെന്ന പ്രധാന വാഗ്ദാനവും മുന്നോട്ടുവയ്ക്കുന്നു. കാർഷിക മേഖലയിൽ അഞ്ച് ലക്ഷം പേർക്കും കാർഷികേതര മേഖലയിൽ പത്ത് ലക്ഷം പേർക്കും അനൗപചാരിക മേഖലയിൽ അഞ്ച് ലക്ഷം പേർക്കും തൊഴിൽ സൃഷ്ടിക്കും. കെ–-ഫോൺ പദ്ധതി നടപ്പാക്കിയ പിണറായി സർക്കാർ അതിന്റെ തുടർച്ചയെന്നോണമാണ് ഡിജിറ്റൽ മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന ഉറപ്പ്കൂടി നൽകുന്നത്. വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം പ്രകടനപത്രികയിലെ ഏറ്റവും നൂതനമായ ആശയമാണ്. സമ്പന്ന രാഷ്ട്രങ്ങളിൽപ്പോലും നടപ്പാക്കാത്ത ആശയമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ ആഹ്ളാദവും ആശ്വാസവും പകരുന്നതാണ് ഈ വാഗ്ദാനം. അതോടൊപ്പം നിലവിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി 2500 രൂപയായി വർധിപ്പിക്കുകയും ചെയ്യുമെന്നും എൽഡിഎഫ് പറയുന്നു. യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണ്. അത് അടുത്ത അഞ്ച് വർഷത്തിനിടയ്ക്ക് 900 രൂപ വർധിപ്പിക്കുമെന്നാണ് പുതിയപ്രഖ്യാപനം. 2016ൽ ആയിരം രൂപ വാഗ്ദാനംചെയ്ത എൽഡിഎഫ് അത് 1600 ആയി വർധിപ്പിച്ചിരുന്നു എന്നകാര്യംകൂടി ഇതോടൊപ്പം എടുത്തുപറയേണ്ടതാണ് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലയെ സംരക്ഷിക്കുമെന്നും ടെക്സ്റ്റൈൽ മേഖലയ്ക്കായി അസംസ്കൃത സാധനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു കൺസോർഷ്യം എന്ന ആശയവും പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നുണ്ട്. കേരളത്തിന്റെ മെച്ചപ്പെട്ട ആരോഗ്യമേഖലയെ ഉപയോഗപ്പെടുത്തി കേരളത്തെ ഫാർമസ്യൂട്ടിക്കൽ ഹബ്ബായും ഇലക്ട്രോണിക് ഹബ്ബായും മാറ്റുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്. ചെറുകിട വ്യവസായ സംരംഭങ്ങൾ 1.4 ലക്ഷത്തിൽനിന്ന് മൂന്ന് ലക്ഷമായി വർധിപ്പിക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനമായി വർധിപ്പിക്കും. രാജ്യതലസ്ഥാനത്ത് കർഷകസമരം നടക്കുന്ന പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ഈ വാഗ്ദാനം പ്രസക്തമാണ്. അതോടൊപ്പം റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. ലൈഫ് മിഷൻ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയ സർക്കാർ അടുത്ത അഞ്ച് വർഷവും ഈ പദ്ധതി തുടരുമെന്നും വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷംമാത്രം ഒന്നരലക്ഷം വീട് നിർമിക്കുമെന്നും അഞ്ച് വർഷത്തിനകം അഞ്ച് ലക്ഷം വീട് നിർമിച്ചുനൽകുമെന്നും എൽഡിഎഫ് പറയുന്നു. കടൽ കടലിന്റെ മക്കൾക്കായി നൽകുമെന്നും തീരദേശ വികസനത്തിനായി 5000 കോടിരൂപയുടെ പാക്കേജ് നടപ്പാക്കുമെന്നും പ്രകടനപത്രിക പറയുന്നു. 

2040 വരെ വൈദ്യുതിക്ഷാമമില്ലാത്ത കേരളം ഉറപ്പുവരുത്തുമെന്നും വാഗ്ദാനമുണ്ട്. 60, 000 കോടിരൂപയുടെ പശ്ചാത്തല വികസനം, സ്പോർട്സ് സമുച്ചയങ്ങളുടെ നിർമാണം തുടങ്ങി പല പദ്ധതികളും പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലും പ്രചാരണ പ്രവർത്തനങ്ങളിലും ഏറെ മുന്നേറിയ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക ആദ്യം പുറത്തിറക്കിയും മാതൃക കാട്ടിയിരിക്കുകയാണ്. 2016 ലെ പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ 600 വാഗ്ദാനത്തിൽ 580ഉം നടപ്പാക്കിയ ആത്മവിശ്വാസവുമായാണ് എൽഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകടനപത്രിക കപടവാഗ്ദാനമല്ലെന്നും അത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണെന്നും ബോധ്യപ്പെടുത്തുന്ന പ്രവർത്തനമാണ് കഴിഞ്ഞ അഞ്ചുവർഷവും പിണറായി സർക്കാർ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പാക്കാനുള്ള, യാഥാർഥ്യമാകാൻ പോകുന്ന പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്. കേരളത്തിലെ എല്ലാ ജില്ലയിലും ചെന്ന് വിവിധ വിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ചർച്ചയുടെയും സർവകലാശാലാ വിദ്യാർഥികളുമായി പ്രത്യേകം നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിലാണ് പ്രകടനപത്രിക തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പർശിക്കുന്ന പ്രകടനപത്രികയായി എൽഡിഎഫിന്റേത് മാറി. ഇവിടെയാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻറെ വാക്കുകൾക്ക് പ്രാധാന്യമേറുന്നത്. കടലാസിന്റെ മൂല്യമല്ല ജീവിതത്തിന്റെ മൂല്യമാണ് എൽഡിഎഫ് പ്രകടനപത്രികയ്ക്കുള്ളത്. സാധാരണക്കാരൻറെ കണ്ണീരൊപ്പാൻ എന്നും കമ്മ്യൂണിസ്ററ് കാർ കൂടെയുണ്ടെന്നുള്ളത് ഉറപ്പാണ്. ഇന്നു കേരളത്തിൽ കാണുന്നസാമുഹ്യ പുരോഗതിക്ക് നിധാനമായിട്ടുള്ളത് 1957ൽ സംസ്ഥാനത്ത് ബാലററ് യുദ്ധത്തിലൂടെ അധികാരത്തിൽ എത്തിയ ഇഎംഎസ്ൻറെ നേതൃത്വത്തിലുള്ള കമ്മ്യൂണിസറ്റ് മന്ത്രിസഭയാണ്. അന്നു കേരളത്തിൽ കമ്മ്യൂണിസറ്റ് പാർട്ടിയുടെ സെക്രട്ടറി എം എൻ ഗോവിന്ദൻനായരായിരുന്നു. പാവങ്ങളുടെ ബുദ്ധിമുട്ടും പ്രയാസവും അറിഞ്ഞ് അവരിൽ ഒരാളായി നിന്നു പ്രവർത്തിക്കൻ കഴിഞ്ഞതാണ് എം എൻ ഗോവിന്ദൻ നായർ എന്ന നേതാവിൻറെ പ്രത്യേകത.
eng­lish summary;article about LDF manifesto
you may also like this video;