Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
ദേവിക

വാതില്‍പ്പഴുതിലൂടെ

July 19, 2021, 6:06 am

പാമ്പുകള്‍ക്ക് മാളമായി ന്യായാസനമുണ്ട്

Janayugom Online

ലിയകായിക്കര എന്ന ഒരു മുതലാളിയുണ്ടായിരുന്നു. മഹാരസികന്‍. കോടതികള്‍ക്കും പ്രിയന്‍. തന്റെ ചെറുപ്പക്കാരനായ വക്കീല്‍ വാദിക്കുന്നതിനിടെ മജിസ്ട്രേട്ട് ഒന്നിടപെട്ടാല്‍ കായിക്കര മുതലാളി ചാടിവീഴും. ‘അലമ്പാണ്ടിരി മജിസ്ട്രേട്ടേ. ആ കൊച്ച് പറയാനുള്ളതു പറയട്ടെ.!’ ഒരിക്കല്‍ തന്റെ വളപ്പില്‍ കയറിയ പട്ടിയെ മുതലാളി തല്ലി. അതു കേസായി. തല്ലുകൊണ്ട പട്ടിക്ക് അനുകൂലമായിരുന്നു മജിസ്ട്രേട്ടിന്റെ പരാമര്‍ശങ്ങള്‍. ഇതു കേട്ട കായിക്കര പറഞ്ഞു, മജിസ്ട്രേട്ടേ എന്നെ പട്ടിയാക്കാന്‍ ഒരു വിധി പറയുമോ! ജനിക്കുന്നെങ്കില്‍ പട്ടിയും പാമ്പുമായി ജനിക്കണം എന്ന ആത്മഗതത്തോടെയാണ് മുതലാളി കോടതി വിട്ടത്. ഇതൊക്കെ പണ്ടുകാലത്തെ കഥ. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇതിനെയെല്ലാം മറികടക്കുന്ന നാഴികക്കല്ലായ വിധി പ്രഖ്യാപിച്ചിരിക്കുന്നു. തെരുവുപട്ടികള്‍ക്കും അന്തസുണ്ടെന്ന്, അവയ്ക്കു ജീവിക്കാന്‍ അവകാശമുണ്ടെന്നും, തെരുവുനായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണംനല്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ന്യായാസനം ഉത്തരവിട്ടു. കോടതിവിധി കേട്ട ‍ഡല്‍ഹിയിലെ തെരുവുകുട്ടികള്‍ കാലടി ഗോപിയുടെ ‘ഏഴു രാത്രികള്‍’ നാടകത്തിലേയും സിനിമയിലേയും പാഷാണം വര്‍ക്കിയെപ്പോലെ പ്രാര്‍ത്ഥിക്കുന്നു; കര്‍ത്താവേ ഞങ്ങളെയും പട്ടികളാക്കണേ!

സംഗതികള്‍ അവിടെയും തീരുന്നില്ല. ഇത്തവണ ഊഴം നമ്മുടെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടേതാണ്. മദ്യവില്പന കേന്ദ്രങ്ങള്‍ പൂരപ്പറമ്പാവുന്നത് ഈ കോവിഡ് കാലത്ത് ആപല്‍ക്കരമെന്ന് കോടതി വിലയിരുത്തി. അതു ശരി. പിന്നെ കോടതി പറഞ്ഞത് മദ്യപര്‍ക്കും അന്തസുണ്ടെന്നായിരുന്നു. മദ്യപാനികള്‍ ആള്‍ക്കൂട്ടമാകുമ്പോള്‍ അലമ്പൊന്നുമുണ്ടാകില്ലെങ്കിലും മണിക്കൂറുകളോളം ക്യൂവില്‍ നില്ക്കുന്ന മദ്യപാനിയുടെ അന്തസല്ലേ ജനത്തിനു മുന്നില്‍ ഇടിഞ്ഞു വീഴുന്നത്. ക്യൂവില്‍ നിന്ന് ഒരു പൈന്റ് വാങ്ങി തൊട്ടടുത്ത ഇടവഴിയില്‍ നിന്ന് വെള്ളം പോലും തൊടാതെ വീണ്ടും ക്യൂവില്‍ വന്നു ഒരു ക്വാര്‍ട്ടര്‍ കൂടി വാങ്ങാന്‍ പൂസായി നില്ക്കുന്ന കള്ളുകുടിയന്റെ അന്തസ് സംരക്ഷിക്കാന്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പണ്ടാണെങ്കില്‍ മദ്യപര്‍ക്ക് അതിശക്തമായ ഒരു സംഘടനയുണ്ടായിരുന്നു. പ്രശസ്ത നടനും ഫോട്ടോഗ്രാഫറും ചിത്രകാരനുമൊക്കെയായിരുന്ന അന്തരിച്ച എൻ എല്‍ ബാലകൃഷ്ണനായിരുന്നു അന്നു സംഘടനയുടെ തലപ്പത്ത്. ബാലകൃഷ്ണന്‍ സംഘടനയിലെ അംഗങ്ങളോട് പറയുമായിരുന്നു; കുടിച്ചു പാമ്പാവുന്ന നമ്മള്‍ നമ്മളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒരിക്കലും കോടതികളെ സമീപിക്കരുതെന്ന്. മദ്യപാനികള്‍ കുടിച്ച് കോണ്‍തിരിഞ്ഞ് ഒരു പ്രകടനം നടത്തിയാല്‍ തീരുന്ന പ്രശ്നങ്ങളെ നമുക്കുള്ളു. പ്രകടനം പ്രഖ്യാപിച്ചാല്‍ മതി. കള്ളുകുടിയന്മാര്‍ അടിച്ചു കിന്റായാല്‍ ജാഥ പുറപ്പെടാന്‍ കാലുറയ്ക്കാതെ അവിടെത്തന്നെ തളം കെട്ടിക്കിടന്നോളുമെന്നുമാണ് ബാലകൃഷ്ണന്‍ പറഞ്ഞത്. ഈ കലാപരിപാടി കണ്ടാല്‍ മതി സര്‍ക്കാര്‍-സ്വകാര്യ അബ്കാരികള്‍ നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനെന്ന്. മദ്യപര്‍ക്ക് ഗാന്ധിയന്‍ സമരം നടത്താന്‍ അറിയാമെന്നുള്ളപ്പോള്‍ പാമ്പുകള്‍ക്കു മാളമായി കോടതികള്‍ രക്ഷയ്ക്കെത്തേണ്ടെന്ന് അന്നു ബാലകൃഷ്ണന്‍ പറഞ്ഞിട്ടും മദ്യപരുടെ അന്തസും സംരക്ഷിക്കപ്പെടണമെന്നു കോടതി ഉത്തരവിടുമ്പോള്‍ അതു ചോദ്യം ചെയ്യാന്‍ ഇന്ന് പാവം ബാലകൃഷ്ണനില്ല. മദ്യപര്‍ സംഘടനയില്ലാതെ അനാഥരായപ്പോള്‍ അവരുടെ അന്തസുയര്‍ത്തിക്കാട്ടാന്‍ ന്യായാസനമെങ്കിലും വേണ്ടേ. ഇതൊക്കെയാണെങ്കിലും ഒരു സംശയം. ഭരണഘടനയനുസരിച്ചാണല്ലോ പ്രഭാതചര്യകള്‍ മുതല്‍ ഉറങ്ങുംവരെയുള്ള സര്‍വകാര്യങ്ങളും നാം നടത്തുന്നത്. ആ ഭരണഘടനയില്‍ എവിടെയാണ് കള്ളുകുടിയന്മാരുടെ അന്തസിനെക്കുറിച്ചുള്ള നിര്‍വചനമുള്ളത്!

ജാനകി അമ്മാള്‍ ആരാണെന്ന് നാം മലയാളികള്‍ക്ക് എത്ര പേര്‍ക്കറിയാം. നമുക്കറിയാവുന്നത് നാദബ്രഹ്മമായ എസ് ജാനകിയെമാത്രം. പക്ഷേ ഇന്ത്യയിലെ ‘മധുരവിപ്ലവത്തിന്റെ മാതാവ്’ ആയ ജാനകി അമ്മാളെ പ്രബുദ്ധമലയാളിക്കു പോലുമറിയില്ല. അവര്‍ ഏത് നാട്ടുകാരിയാണെന്നും നമുക്കറിയില്ല. ഇന്ത്യയുടെ സാമ്പത്തികഗതി മാറ്റി മറിച്ച രണ്ട് വിപ്ലവങ്ങളുടെ പിതാക്കള്‍ മലയാളികളായുള്ളതു നമുക്കറിയാം. ഹരിതവിപ്ലവത്തിന്റെ പിതാവായ ‘മങ്കൊമ്പില്‍ സ്വാമി’ എന്ന ഡോ. എം എസ് സ്വാമിനാഥന്‍. തനി കുട്ടനാട്ടുകാരന്‍. ധവളവിപ്ലവത്തിന്റെ പിതാവാകട്ടെ ഡോ. വര്‍ഗീസ് കുര്യന്‍ എന്ന കോഴിക്കോട്ടുകാരന്‍. രണ്ടുപേരെയും പത്മവിഭൂഷണ്‍‍ നല്കി രാജ്യം ആദരിച്ചു. പഞ്ചസാരമില്ലുകളാണ് മഹാരാഷ്ട്രയിലേയും യുപിയിലേയുമടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നത്. കരിമ്പിന്റെ കരുത്തുറ്റ രാഷ്ട്രീയമാണ് ശരദ് പവാറിന്റേതെന്ന വാചകം നമുക്ക് നാവേല്‍ പാട്ടുപോലെ. എന്നാല്‍ പഞ്ചസാരയുടെ കാര്യത്തില്‍ ഇന്ത്യ എഴുപതുകള്‍ വരെ ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്. ഗുണമേന്മയും നീരും കുറഞ്ഞ കരിമ്പിനങ്ങളാണ് ഇന്ത്യയില്‍ കൃഷി ചെയ്തിരുന്നത്. തലശേരിയില്‍ എടവിലേത്ത് കക്കാട്ട് തറവാട്ടില്‍ ജനിച്ച ജാനകി അമ്മാള്‍ യുഎസില്‍ നിന്നും ഡോക്ടറേറ്റ് നേടിയശേഷം കരിമ്പുഗവേഷണ രംഗത്താണ് ശ്രദ്ധയൂന്നിയത്. സങ്കരയിനം കരിമ്പുവര്‍ഗങ്ങളുടെ ഒരു ശ്രേണിതന്നെ ഉടലെടുത്തു. പഞ്ചസാര ഉല്പാദനത്തില്‍ വൈകാതെ സ്വയംപര്യാപ്തമായി. ഇന്ന് പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഈ മധുരവിപ്ലവത്തിന്റെ മാതാവിനെയാണ് മലയാളക്കരപോലും മറന്നത്. സൈലന്റ്‌വാലി ജലവൈദ്യുത പദ്ധതിക്കെതിരേ സുഗതകുമാരിക്കും മേധാപട്‌കര്‍ക്കുമൊപ്പം മുന്‍നിരയില്‍ നിന്നു പൊരുതാന്‍ ജാനകി അമ്മാളുമുണ്ടായിരുന്നു. മലയാളികളുടെ അഭിമാനരോമാഞ്ചമായ ഈ മഹതിയെ രാജ്യം ആദരിച്ചത് വെറുമൊരു പത്മശ്രീ നല്കി. പല പത്മശ്രീമാര്‍ക്കും പിന്നീട് ബഹുമതിയുടെ പദവി ഉയര്‍ത്തിക്കിട്ടി പത്മവിഭൂഷണ്‍ വരെയായെങ്കിലും ഈ മധുരവിപ്ലവത്തിന്റെ മാതാവിന് വെറുമൊരു പത്മശ്രീ. മൂക്കറകുഞ്ഞന്മാര്‍ക്കുപോലും പത്മശ്രീ ലഭിക്കുന്ന ഇക്കാലത്ത് ജാനകി അമ്മാളും പത്മശ്രീ! അടുത്ത വര്‍ഷമാണ് ഈ മധുരമാതാവിന്റെ നൂറ്റി ഇരുപതാം ജയന്തി. ആര്‍ക്കെല്ലാം സ്മാരകങ്ങള്‍ക്കായി നാം വാരിക്കോരി നല്കന്നു. ഒരു ധന്യജന്മത്തിന്റെ ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ഓര്‍മ്മയ്ക്കായി ജാനകി അമ്മാളുടെ സ്മാരകമായി നമുക്ക് ഒരു ഗവേഷണശാല ആയിക്കൂടേ.

കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം കോവിഡ് നിയന്ത്രണവിധേയമാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമുയര്‍ന്നു വരുന്നു. കാരണം രാഷ്ട്രീയം തന്നെ. മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായ ബിജെപിക്ക് ഭരണപക്ഷം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു നല്ല വാക്കുപറയാനില്ല. ലോകത്തിനു തന്നെ കോവിഡ് പ്രതിരോധത്തില്‍ മാതൃകയായ കേരളത്തില്‍ രണ്ടാം തരംഗം തീവ്രമായപ്പോള്‍ കൈക്കൊണ്ട നടപടികള്‍ പൊളിക്കുകയാണ് യുഡിഎഫ്-ബിജെപി പ്രതിപക്ഷ അച്ചുതണ്ടിന്റെ അജണ്ട. അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങളില്‍പോലും ലോക്ഡൗണ്‍ പാടില്ലെന്ന് പ്രതിപക്ഷം. അതിനുവേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തെരുവുസമരങ്ങള്‍. ജീവന്‍ പണയംവച്ചും ജീവാര്‍പ്പണം നടത്തിയും മുന്നണിപ്പോരാളികളാവുന്ന ആരോഗ്യപ്രവര്‍ത്തകരെപ്പോലും മരണത്തിന് എറിഞ്ഞുകൊടുക്കണമെന്നമട്ടില്‍ പ്രതിപക്ഷം. ഇതിനിടെ ചില സൈദ്ധാന്തിക മേനികണ്ടപ്പന്മാരും അവതരിച്ചിരിക്കുന്നു. കോവിഡിനെതിരായ യുദ്ധത്തെ തീവ്രമുതലാളിത്തത്തിനെതിരായ ഒരു സൈദ്ധാന്തിക യുദ്ധമായി മാറ്റണമെന്നാണ് ഒരു ദിവ്യന്റെ അരുളപ്പാട്. മുതലാളിത്തമാണ് കോവിഡിനു പിന്നിലെന്ന പ്രചാരണയുദ്ധം സംഘടിപ്പിക്കണമെന്ന് മറ്റൊരു പ്രത്യയശാസ്ത്ര വിശാരദന്‍. ഇക്കാര്യങ്ങള്‍ കോവിഡ് രോഗികളെയും പറഞ്ഞു മനസിലാക്കണമെന്നു മറ്റൊരു സൈദ്ധാന്തികപുംഗവന്‍. പച്ചത്തെറിവിളിച്ചാല്‍ കൊറോണ നാണിച്ചു നാടുവിടുമെന്നു പറയാത്തതു ഭാഗ്യം. ഇത്തരം പ്രതിപക്ഷങ്ങളും പ്രത്യയശാസ്ത്ര കുശ്മാണ്ഡങ്ങളും കൈകോര്‍ക്കുമ്പോള്‍ മഹാമാരി മാറുംവിരിച്ചല്ലേ വരിക!

You may like this video also