കാത്തിരിക്കാം ഒരുദിനം കൂടി

Web Desk
Posted on May 22, 2019, 8:45 am

നാളത്തെ പുലരിയിലേക്കാണ് ലോകം കണ്ണെറിയുന്നത്; ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പൂരത്തിന്റെ കൊടിയിറക്കം വീക്ഷിക്കാന്‍. ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുന്ന ജനാധിപത്യ മഹോത്സവം ഏഴ് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കിയത്. 67.11 ശതമാനം പേരാണ് തെരഞ്ഞെടുപ്പില്‍ പങ്കാളികളായത്. 2014ല്‍ 65.95 ശതമാനം പേരായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉത്സവഛായയുണ്ടായിട്ടും 1.16 ശതമാനത്തിന്റെ വര്‍ധനവ് മാത്രം.

ജനാധിപത്യ മതേതരത്വമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മാതൃക. രാഷ്ട്രീയ സംവിധാനങ്ങളുടെ സജീവമായ പ്രചാരണ പ്രക്രിയകളിലൂടെ സംസ്ഥാനത്തെ 77.78 ശതമാനം പേരാണ് ജനാധിപത്യോത്സവത്തില്‍ പങ്കാളികളായത്. 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായി വോട്ടിംഗ് മെഷീനുകളോടൊപ്പം വിവിപാറ്റും പരീക്ഷിച്ച തെരഞ്ഞെടുപ്പ് ഒട്ടേറെ ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും വഴിവച്ചിരുന്നു. ചെയ്യുന്ന വോട്ട് ആര്‍ക്കെന്ന് വോട്ടര്‍ക്ക് കാണാവുന്ന രീതിയില്‍ പ്രത്യേകം രസീത് വീഴുന്ന സമ്പ്രദായം പൊതുവെ നല്ലതാണെന്ന അഭിപ്രായങ്ങളുയര്‍ന്നെങ്കിലും കുത്തുന്നതെല്ലാം താമരയിലേക്ക് പതിയുന്ന കൃത്രിമം നടന്നുവെന്നതാണ് രാജ്യം കേട്ട അമ്പരപ്പിക്കുന്ന പരാതി. രാജ്യത്തിന്റെ പലഭാഗങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ പരാതികളുയരുകയും വിഷയം കോടതി പരിഗണിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഈ ആക്ഷേപം സര്‍വവ്യാപകമായി. നമ്മുടെ കേരളത്തിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വോട്ടെടുപ്പ് തീര്‍ന്നിട്ടും രാജ്യത്തിന്റെ പലഭാഗങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ കണ്ടെയ്‌നറുകളിലും ലോറികളിലുമായി തലങ്ങും വിലങ്ങും കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. വോട്ട് ചെയ്ത് സൂക്ഷിച്ച യന്ത്രങ്ങളുടെ സുരക്ഷയിലാണിന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് ആശങ്ക. വോട്ടിംഗിനിടെ കേടുപാടുകള്‍വന്നെന്ന പേരില്‍ പകരം എത്തിച്ചവ ഏത് വിധേനയുള്ളതാണെന്ന് ആര്‍ക്കുമറിയില്ല. പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ പോലും ഇക്കാര്യത്തില്‍ ഖിന്നരാണ്. ഇന്നലെയും വിവിധ ഭാഗങ്ങളില്‍ നിന്ന് ലോഡുകണക്കിന് മെഷീനുകള്‍ കണ്ടെത്തി. ആരാണിതിന് പിന്നില്‍? ആര്‍ക്കുവേണ്ടിയാണിത്?. ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് തന്നെ ഉത്തരമറിയുമെങ്കിലും ഉത്തരം പറയാനാളില്ലാത്ത അവസ്ഥ. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രമല്ല, രാജ്യത്തെ പരമോന്നത കോടതിപോലും ഈയൊരു കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക അറിയുന്നില്ല.

വിവിപാറ്റ് മെഷീനുകളിലെ വോട്ടിംഗ് രസീതുകള്‍ മുഴുവന്‍ എണ്ണണമെന്ന് വിവിധ സര്‍വീസ് സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനമെങ്കിലും എണ്ണിയാലേ ജനാധിപത്യത്തിന് നിലനില്‍പ്പുണ്ടാവൂ എന്ന ആശയം പ്രകടമാക്കി പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് കമ്മിഷനെയും കോടതിയെയും സമീപിച്ചു. ഇതൊന്നും ഗൗരവത്തിലെടുത്തില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന്മേല്‍ അവസാന നിലപാട് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്മിഷനാകട്ടെ വോട്ടെണ്ണലിന് സമയമെടുക്കുമെന്ന നിഗമനത്തില്‍ ഈ ആവശ്യത്തെ അംഗീകരിക്കേണ്ടതില്ലെന്നാണ് പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടക്കം മുതല്‍ മോഡി ക്യാമ്പിന് തുണയാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. നരേന്ദ്രമോഡിക്കും ബിജെപിക്കും എന്‍ഡിഎയ്ക്കും സഹായങ്ങളത്രയും ചെയ്ത കമ്മിഷന്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുകയായിരുന്നു. വലിയ അട്ടിമറി സാധ്യതയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓരോ ചലനങ്ങളും വ്യക്തമാക്കുന്നത്.

മോഡിയുടെയും അമിത്ഷായുടെയും കുതന്ത്രങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ഇന്ത്യയിലെ വമ്പന്‍ മാധ്യമങ്ങള്‍ നമോ മുദ്രാവാക്യം വിഴുങ്ങിയാണ് വിശപ്പടക്കിയിരുന്നത്. ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍പോലും അതിന്റെ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെയും മാധ്യമങ്ങളെയും വിലയ്‌ക്കെടുക്കാന്‍ മോഡീ-ഷാ കൂട്ടുകെട്ടിനായെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ബിജെപിക്ക് പ്രവര്‍ത്തകരില്ലാത്ത ഇടങ്ങളില്‍ പോലും അവര്‍ക്ക് ജയം പ്രവചിച്ച് വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വരെയുണ്ടായി. വ്യക്തതയില്ലാത്തവിധം രണ്ടുകൂട്ടര്‍ക്കും മുന്നേറ്റം പ്രവചിച്ച കേരളത്തിലെ വ്യത്യസ്തമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. ബിജെപി ഇതര മുന്നണികള്‍ വിജയം കൈവരിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനം കൃത്യമായാല്‍ അതിനര്‍ഥം കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരല്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ വിലയിരുത്തല്‍. കേരളത്തിലെ 18 മുതല്‍ 19 സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്ന ജനം ടിവിയുടെ എക്‌സിറ്റ്‌പോള്‍ പ്രവചനവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.
മൂവായിരത്തിലേറെ വോട്ടിംഗ് മെഷീനുകളാണ് തെരഞ്ഞെടുപ്പിനിടെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവ എവിടെയെല്ലാം പ്രതിഷ്ഠിക്കപ്പെട്ടുവെന്ന കാര്യത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കും ജനം ടിവിക്കും അറിവുണ്ടെന്നതാണ് ഈ പ്രവചനത്തിന്റെയും പ്രസ്താവനയുടെയും സാരം. അതത് സംസ്ഥാനങ്ങളില്‍ ഇത്തരം സംഘടനാ പ്രസിഡന്റുമാരും ചാനലുകളും ബിജെപിക്കും എന്‍ഡിഎ കക്ഷികള്‍ക്കും ഉണ്ടെന്നത് പിന്നീടുണ്ടാവുന്ന അന്വേഷണങ്ങളിലേക്ക് സഹായകരമാണ്. രാജ്യത്താകമാനം അട്ടിമറികള്‍ക്ക് വേണ്ടുന്ന യന്ത്രമാറ്റങ്ങള്‍ നടന്നിരിക്കാം എന്നതിലേക്കാണ് ഈവക സൂചനകള്‍. അട്ടിമറിയിലൂടെ ഭരണം നിലനിര്‍ത്താനുള്ള ബിജെപി നീക്കം നിയമം വഴി ചോദ്യം ചെയ്യപ്പെട്ടാലും സുരക്ഷിതരെന്ന ബോധ്യമാണ് മോഡിയെയും അമിത് ഷായെയും നയിക്കുന്നത്.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ആണോ രാജ്യത്തെ രാഷ്ട്രീയത്തെ നയിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഡല്‍ഹിയില്‍ നടത്തിയ നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞുവെന്ന് മോഡീ മീഡിയകള്‍ കുറിച്ചു. എക്‌സിറ്റ്‌പോള്‍ പ്രവചനത്തെ അടിവരയിട്ടുറപ്പിക്കുന്നതിനുള്ള മറ്റൊരു മാധ്യമ അജണ്ടയായിരുന്നു അത്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഒരേ നിലപാടുമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. വോട്ടെണ്ണലിലെ ആശങ്കകള്‍ ഒഴിവാക്കാനുള്ള ഇടപെടല്‍ നീതിന്യായ പീഠവും തെരഞ്ഞെടുപ്പ് കമ്മിഷനും നടത്തണമെന്ന് ആവശ്യപ്പെട്ടതും ഇത്രയും കക്ഷികള്‍തന്നെയാണ്. എന്നാല്‍ കേവലം വ്യക്തികേന്ദ്രീകൃതമായാണ് ഈ സംഘത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനെ മുന്‍നിര്‍ത്തിയാണ് ദേശീയമാധ്യമങ്ങള്‍ ബിജെപി ഇതര സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്നത്.

സഖ്യത്തിന്റെ ഊര്‍ജ്ജമായ ഇടതുപാര്‍ട്ടികളുടെ ഇടപെടലും നേതൃത്വവും മാധ്യമങ്ങള്‍ അവഗണിക്കുന്നുണ്ട്. ഇത് ബോധപൂര്‍വമാണെന്ന് പറയാതിരിക്കാനാവില്ല. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ദേശീയതലത്തിലുള്ള പരിപാടി നിശ്ചയിക്കുകയെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ഇടതുപാര്‍ട്ടികളാണ്. ഒന്നാം യുപിഎ സര്‍ക്കാരിനെ നിരീക്ഷിച്ച് നിലനിര്‍ത്തിയ ഇടതുപാര്‍ട്ടികളുടെ കരുത്ത് രാജ്യം കണ്ടതാണ്. പുതിയകാലഘട്ടത്തിലും ഇടതുപാര്‍ട്ടികളുടെ മേല്‍നോട്ടവും ശക്തമായ പിന്തുണയും രാജ്യം ആഗ്രഹിച്ചു. മോഡിയും രാഹുലും ഒരുപോലെ ഇടതിനെ ഭയക്കുന്നുവെന്നതിന്റെ തെളിവാണ് വയനാട്ടെ സ്ഥാനാര്‍ഥിത്വവും പ്രധാനമന്ത്രിയുടെ ശബരിമല പ്രസംഗങ്ങളും.

കാത്തിരിക്കാം, ഒരുദിനം കൂടി. വരാനിരിക്കുന്ന നല്ല നാളേയ്ക്കായി പ്രതീക്ഷാവഹമായ ഫലങ്ങളുണ്ടാവാം. ഇല്ലായിരിക്കാം. തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണത്. പുത്തന്‍ സാമ്പത്തിക നയങ്ങളും ആഗോളീകരണവും സ്വകാര്യവല്‍ക്കരണവും ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകളെ വിളിച്ചുപറഞ്ഞിട്ടും മറുചെവിയിലൂടെ കടത്തിവിട്ട ഒരുകാലം മുമ്പുണ്ടായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചാരണവേദികളിലും സമാനമായ ഭീതിയുടെയും ആശങ്കയുടെയും രാഷ്ട്രീയം പറഞ്ഞുപോയിരുന്നു. എല്ലാം അനുഭവിച്ചറിയാന്‍ കൊതിക്കുന്നവര്‍ക്ക് മംഗളങ്ങളും നന്മ നശിക്കരുതെന്ന ചിന്തയില്‍ വിരലില്‍ മഷിയടയാളം ചാര്‍ത്തിയവര്‍ക്ക് അഭിവാദനങ്ങളും നേരുന്നു.