Monday
18 Feb 2019

ദേവി തൃപ്പൂത്തായി, മാലപ്പെണ്ണിന് മാസക്കുളി ദിവ്യമലയാളവും നിന്ദ്യമലയാളവും!

By: Web Desk | Sunday 18 November 2018 10:41 PM IST

devika

രു ഭാഷ പ്രചുരപ്രചാരം സിദ്ധിക്കുകയും അത് ശ്രേഷ്ഠമാവുകയും ചെയ്യുന്നത് ആ ഭാഷയുടെ ശബ്ദതാരാവലിയുടെയാകെ പ്രയോഗക്ഷമതയിലൂടെയാണ്. പക്ഷേ അപദാനസമൃദ്ധമായ നമ്മുടെ മലയാളഭാഷയില്‍ ദിവ്യമലയാളവും നിന്ദ്യമലയാളവുമെന്ന വേര്‍തിരിവുണ്ടെന്ന് ഈയിടെ ദേവികയ്ക്കു മനസിലായത് ആര്‍ത്തവസമൃദ്ധമായ ശബരിമലയിലെ സ്ത്രീപ്രവേശന ചര്‍ച്ചകള്‍ക്കിടയിലാണ്. ദൈവത്തിന് ഒരു ദിവ്യമലയാളം, കീഴാളര്‍ക്ക് ഒരു നിന്ദ്യമലയാളം എന്നിങ്ങനെയാണ് ഈ വിവാദങ്ങള്‍ക്കിടയില്‍ മലയാള ഭാഷ പല കൈവഴികളിലായി പ്രവഹിക്കുന്നത്.
ദേവിക്ക് ആര്‍ത്തവമുണ്ടായാല്‍ തൃപ്പൂത്തെന്നേ പറയാവൂ. രാജ്ഞി പെറ്റാല്‍ തിരുവയറൊഴിഞ്ഞെന്നേ പറയാവൂ എന്ന പോലെ! അതു നമ്പൂതിരിക്കുട്ടിയാണെങ്കില്‍ രജസ്വലയായി എന്നാകണം. കീഴാളപ്പെണ്ണായ മാലയ്ക്ക് ആര്‍ത്തവമുണ്ടായാല്‍ അതു മാസക്കുളി. ഓരോ പ്രദേശത്തെയും ഭാഷാ പ്രയോഗമനുസരിച്ച് അതു തീണ്ടാരി, പുറത്താകല്‍, മാസമിരിപ്പ് എന്നിങ്ങനെ നീളുന്നു. എങ്കിലും വെള്ളാപ്പള്ളിയുടെ ഭാഷയില്‍ നമ്പൂതിരി മുതല്‍ നായാടിവരെയുള്ള സമൂഹങ്ങള്‍ക്ക് ആര്‍ത്തവാചാരങ്ങള്‍ പണ്ട് ഒരേരീതിയിലായിരുന്നു. ആര്‍ത്തവകാലനിഷ്ഠകള്‍ അന്നു കര്‍ക്കശമായിരുന്നു. ആര്‍ത്തവമായ യുവതി പ്രത്യേക മുറിയില്‍ കഴിയണം, പകലുറക്കം പാടില്ല, നാമജപം അരുതേ അരുത്, കുങ്കുമകളഭാദികള്‍ അണിയുന്നതു നിഷിദ്ധം, തലമുടി ചീകരുത്, നഖം വെട്ടരുത്, പൂ ചൂടരുത്, താനിരിക്കുന്ന മുറിയില്‍ നിന്ന് ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം പോലും പുറത്തു കേള്‍ക്കരുത്. ഇങ്ങനെ അനന്തമായി നീളുന്ന ആചാരപട്ടികയില്‍ ഇന്ന് എത്രയെണ്ണം പാലിക്കപ്പടുന്നുവെന്ന് കെ പി ശശികല ടീച്ചറോ ശോഭാ സുരേന്ദ്രനോ ഒന്നു പറഞ്ഞുതരാമോ.

കേരളത്തില്‍ തിരുവൈരാണിക്കുളത്തും ചെങ്ങന്നൂരുമുള്ള മഹാശിവക്ഷേത്രങ്ങളില്‍ ശ്രീപാര്‍വതീദേവിക്ക് ആര്‍ത്തവമുണ്ടായാല്‍ ദേവിക്ക് മാസക്കുളിയെന്നൊന്നും പറഞ്ഞുകളയരുത്. രജസ്വലപ്രയോഗവും അരുത്. ദേവി തൃപ്പൂത്തായെന്നേ പറയാവൂ. പെരുന്തച്ചന്‍ പണിതതെന്ന് ഐതിഹ്യമുള്ള ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവിക്ക് ആണ്ടിലൊരിക്കലേ ആര്‍ത്തവമുണ്ടാകാറുള്ളൂ. എന്നാല്‍ ഈ ആര്‍ത്തവത്തെ ഭക്തര്‍ ആചാരപരമായ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. ദേവിയുടെ അങ്കിയില്‍ രക്തപ്പാടുണ്ടായോ എന്നു നോക്കേണ്ടത് പൂജാരിയുടെ ആചാരപരമായ കടമയാണ്. എല്ലാ ദിവസവും നിര്‍മാല്യത്തിനെത്തിയാല്‍ പൂജാരിയുടെ പണി ദേവിയുടെ ആര്‍ത്തവ പരിശോധനയാണ്. ആര്‍ത്തവരക്തത്തുള്ളി കണ്ടെത്തിയാല്‍ ശബരിമല തന്ത്രി കുടുംബമായ താഴമണ്‍ തന്ത്രിമാരെ അറിയിക്കണം. തന്ത്രി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീ (സ്ത്രീയെന്നു പറയുന്നത് ആചാരലംഘനമെങ്കില്‍ തന്ത്രിണി എന്നായിക്കോട്ടെ.) എത്തി ദേവീവിഗ്രഹത്തെ ദേഹമാസകലം ആചാരപരമായി പരിശോധിക്കുന്നു. എന്നിട്ട് ദേവി തൃപ്പൂത്തായി എന്നൊരു പ്രഖ്യാപനവും. പിന്നെ ദേവിക്ക് മറ്റൊരു മുറിയിലേക്ക് ട്രാന്‍സ്ഫര്‍ ഉത്തരവ്. നാല് ദിവസം ആ മുറിയില്‍ ദേവിയുടെ ആര്‍ത്തവാചരണം. നാലാം ദിവസം പമ്പാ നദിയില്‍ വിഗ്രഹത്തെ കുളിപ്പിക്കുന്ന തൃപ്പൂത്താറാട്ട്. ദേവി തൃപ്പൂത്തായിരിക്കുമ്പോഴും ആ മുറിക്കു മുന്നില്‍ യുവതികള്‍ പ്രദക്ഷിണം വച്ച് വണങ്ങി ദേവിയുടെ ആര്‍ത്തവം ആഘോഷിക്കും. ഇവരില്‍ രജസ്വലകള്‍ ഉണ്ടോ എന്ന് ആരും അന്വേഷിക്കാറുമില്ല. കല്‍ പ്രതിമയ്ക്ക് ആര്‍ത്തവമുണ്ടാകുമോ എന്ന് യുക്തിഭദ്രമായി ആരും ചോദിക്കാറുമില്ല. ആണും പെണ്ണും തൃപ്പൂത്താറാട്ടിന് പമ്പയില്‍ നീരാടി അര്‍മാദിക്കും. തൃപ്പൂത്താറാട്ട് മഹോത്സവത്തിന് നടവരവിന്റെയും ആറാട്ടായിരിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് കേണല്‍ മണ്‍റോ സായിപ്പ് ഈ അനാചാരം വിലക്കിയെങ്കിലും സായിപ്പിന്റെ ഭാര്യയ്ക്ക് വയറുവേദന വന്നെന്ന കാരണത്താല്‍ തൃപ്പൂത്ത് ഉത്സവം പുനഃസ്ഥാപിക്കുകയായിരുന്നുവെന്ന് ഐതിഹ്യത്തിന്റെ ആവരണമുള്ള ആചാരചരിത്രം.

ദേവിക്ക് ആര്‍ത്തവമുണ്ടാകുന്ന മറ്റൊരു മഹാക്ഷേത്രമുണ്ട്. അസമില്‍ ഗുവാഹത്തിക്ക് പടിഞ്ഞാറ് നീലാഞ്ചല്‍ കുന്നിന്‍ നിരകളിലെ കാമാഖ്യ മന്ദിര്‍. അതായത് കാമാക്ഷിക്ഷേത്രം, ദേവിപ്രതിഷ്ഠയെങ്കിലും യോനിപ്രതിഷ്ഠാഭാഗത്തിനാണ് പ്രാമുഖ്യം. കാമാക്ഷീദേവിയുടെ ആര്‍ത്തവത്തിനും വരേണ്യ അസമീസ് ഭാഷയിലാണ് സംജ്ഞ. ദേവിക്ക് ആര്‍ത്തവമുണ്ടായാല്‍ വിഗ്രഹത്തിലാകെ കുങ്കുമം വാരിവിതറും. ദേവിയുടെ ഗുഹ്യഭാഗത്ത് കുങ്കുമാഭിഷേകമായിരിക്കും. പക്ഷേ യോനീ-ആര്‍ത്തവപൂജയായ അംബുവാസ പൂജ നടക്കുന്ന ഉത്സവനാളുകളില്‍ കാമാഖ്യമന്ദിറില്‍ സ്ത്രീകള്‍ക്ക് ദര്‍ശനവിലക്കുണ്ട്. ചെറുപയ്യന്മാരും നൂറുകണക്കിനു വിദേശികളുമടക്കമുള്ള ആബാലവൃദ്ധം പുരുഷ സഹസ്രങ്ങള്‍ ആര്‍ത്തവകുങ്കുമം ദര്‍ശിച്ചും യോനീദര്‍ശനത്താല്‍ സായൂജ്യമടഞ്ഞും മടങ്ങുമ്പോള്‍ സ്ത്രീകള്‍ക്ക് മാത്രം അവര്‍ക്കുമാത്രം അര്‍ഹമായ ദര്‍ശനത്തിന് നിരാസം എന്ന വൈരുധ്യം.

വരേണ്യമലയാളവും കീഴാളമലയാളവും സംബന്ധിച്ച ചിന്തകള്‍ പിന്നെയും കാടുകയറുമ്പോല്‍ മുല എന്ന വാക്കുപയോഗിക്കുന്നതുപോലും നമുക്ക് ഒരു അരുതായ്ക പോലെ. ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലിക്കു നൂറ്റൊന്നു വയസായി. ആ മഹാഗ്രന്ഥത്തിലെ പത്തു ശതമാനമെങ്കിലും അശ്ലീലപദങ്ങളാണ്. പക്ഷേ അവയുടെ അര്‍ഥം കൂടി ഗ്രഹിക്കുമ്പോഴാണ് ഭാഷയില്‍ ശ്ലീലാശ്ലീലതകളുടെ മെക്‌സിക്കന്‍ ഭിത്തികളില്ലെന്നു ബോധ്യമാവുക. ആ വാക്കുകളൊക്കെ പോകട്ടെ. മുല പോലും അശ്ലീലമായാലോ! മാതൃത്വത്തിന്റെ ഉദാത്തഭാവമായ മുല എന്ന വാക്ക് മുലയൂട്ടലിലും മുലപ്പാലിലുമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രബുദ്ധ മലയാളി. മുലയില്‍ കാന്‍സര്‍ വന്നാല്‍ സ്തനാര്‍ബുദം എന്ന് സംസ്‌കൃതത്തില്‍ ഒരു താങ്ങുതാങ്ങി ഭാഷയെ വന്ദ്യമലയാളമാക്കാനാണ് നമുക്കിഷ്ടം. മുലയെന്നു പറഞ്ഞാല്‍ നിന്ദ്യമലയാളമായിപ്പോകില്ലേ. വിശ്രുത ഹോളിവുഡ് നടി ഏഞ്ചലീനാ ജോളി തന്റെ സ്തനദ്വയങ്ങള്‍ക്കു ശസ്ത്രക്രിയ നടത്തിയപ്പോള്‍ ‘ജനയുഗം’ വാരാന്തത്തില്‍ രസകരമായ ഒരു ലേഖനം വന്നതോര്‍ക്കുന്നു. ഏഞ്ചലീനയുടെ മുലദ്വയത്തിലെ ശസ്ത്രക്രിയയെ ലേഖനത്തില്‍ സ്തനശസ്ത്രക്രിയയെ ന്നാണ് വിശേഷിപ്പിച്ചിരുന്നത്. അംഗപ്രസംഗവര്‍ണനയില്‍ ‘നാരീസ്തന ഭരനാഭീദേശം’എന്ന പ്രയോഗം അതേപടി ലേഖനത്തില്‍ പകര്‍ത്താനേ ലേഖകനു ധൈര്യമുണ്ടായുള്ളു. തനി മലയാളമാക്കിയാല്‍ വരേണ്യഭാഷാ സ്‌നേഹികള്‍ ചിലമ്പും വാളും കുലുക്കിവന്നാലോ എന്ന ഭയം.

ഇതു പറഞ്ഞപ്പോഴാണ് മുല എന്ന മാതൃത്വകല്‍പനയുടെ രൂപകമായ ഒരു വിശ്രുത പെയിന്റിങ് മനസിലേക്ക് തിക്കിക്കയറി വന്നത്. പ്രശസ്ത സ്പാനിഷ് ചിത്രകാരനായിരുന്ന ബര്‍ത്തലോമി എസ്തപ്പാന്‍ മ്യൂറില്ലോയുടെ ആ ചിത്രത്തില്‍ സ്വന്തം പിതാവിനു മുലയൂട്ടുന്ന മകളുടെ അനുപമമായ ഭാവാവിഷ്‌കാരമാണുള്ളത്. കാരാഗൃഹത്തിനുള്ളില്‍ ഭക്ഷണവും ജലവും പോലും നിഷേധിക്കപ്പെട്ട് മരണത്തിലേക്ക് നീതിപീഠം എറിഞ്ഞുകൊടുത്ത ഒരു വൃദ്ധന്‍. പക്ഷേ മകള്‍ക്ക് പിതാവിനെ എന്നും കാണാനെത്താമെന്നും കോടതി വിധിച്ചിരുന്നു. പിതാവ് എല്ലും തോലുമായി മരണത്തോടടുക്കുന്നുവെന്ന തിരിച്ചറിവില്‍ ആ മകള്‍ പരിഭ്രാന്തയായി നാലു ചുറ്റും നോക്കി അഴികള്‍ക്കിടയിലൂടെ പിതാവിന് മുലയൂട്ടുന്നു. ഒക്കത്ത് സ്വന്തം കുഞ്ഞുമുണ്ട്. നിയമത്തെ ഭയന്നവിഹ്വലതയും പിതാവിന് മുലയൂട്ടി ജീവന്‍ രക്ഷിക്കാനുള്ള മാതൃഭാവവും കളംവരച്ച ആ ചിത്രം കാണുന്നവര്‍ക്ക് മുല എന്ന വാക്കുപോലും ഉച്ചാരണത്തിന് അന്യമാകുന്നതെങ്ങനെ. മകള്‍ മുലപ്പാലൂട്ടി ജീവന്‍ നിലനിര്‍ത്തിയ പിതാവിനെ പിന്നീട് കോടതി വിട്ടയയ്ക്കുന്നു. ആഹാരവും ജലവും പോലും നിഷേധിക്കപ്പെട്ടിട്ടും ഇത്രയും ദീര്‍ഘകാലം ജീവിച്ചിരുന്നതിനാല്‍ പിതൃത്വത്തിനു പാലൂട്ടിയ മാതൃത്വമായ മകളുടെ ആ ചിത്രത്തിനെതിരെപ്പോലും അണ്ഡകടാഹമിളക്കിയ ആചാരനിബദ്ധര്‍ അന്നുമുണ്ടായിരുന്നു. ഇവിടെയാണ് തൃപ്പൂത്ത് വന്ദ്യമലയാളവും മുലനിന്ദ്യമലയാളവുമാവുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുക.