Monday
24 Jun 2019

പാവപ്പെട്ടവരുടെയും അധകൃതരുടെയും നാവ്

By: Web Desk | Sunday 14 April 2019 10:43 PM IST


പി ടി പുന്നൂസ്

യു വിക്രമന്‍

1945 ല്‍ കൊച്ചി രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന വമ്പിച്ച റാലിയില്‍ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി ടി പുന്നൂസ് പ്രസംഗിച്ചത് വലിയ സംഭവമായി. മെയ് 6ന് ലേബര്‍ കോര്‍ണറില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് യോഗത്തില്‍ പി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി ടി പുന്നൂസിന്റെ പ്രസംഗം ഇപ്രകാരമാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘തിരുവിതാംകൂറിലെ തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍ കൊച്ചിക്കാര്‍ പഠിക്കണം. സ്റ്റേറ്റ് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും തമ്മില്‍ യോജിച്ചതുകൊണ്ടാണ് സ്റ്റേറ്റ് കോണ്‍ഗ്രസിന് വമ്പിച്ച വിജയമുണ്ടായത്. എന്നാല്‍ നിയമസഭക്കകത്തുള്ള മറ്റ് കക്ഷികളുമായി ഇണങ്ങാത്ത കാരണം സ്റ്റേറ്റ് കോണ്‍ഗ്രസ് കക്ഷിയില്‍ തന്നെ ഭിന്നിപ്പും അസുഖ സംഭവങ്ങളും ഉണ്ടായിരിക്കുന്നു. തെരഞ്ഞെടുപ്പുകാലത്തെ പാര്‍ട്ടിയെ സര്‍ക്കാരില്‍ ആരെല്ലാമാണ് നില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അനേ്വഷിക്കുകയുണ്ടായി. കമ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകുന്നതില്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പക്ഷേ അന്ന് പാര്‍ട്ടി ആരേയും നിര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ തിരുവിതാംകൂര്‍ നിയമസഭയിലില്ലാത്തത്. എന്ന് പുന്നൂസ് വിശദീകരിക്കുകയും അതിന്റെ അനന്തര അപകടത്തെപറ്റി ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ പ്രസ്താവിച്ചുവെന്ന് പറയുകയും ചെയ്തു.

കോണ്‍ഗ്രസ് കക്ഷിയില്‍ നിങ്ങളാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ ഭിന്നിപ്പ് വരില്ലായിരുന്നു. ഉദ്യോഗസ്ഥ മേധാവിത്വം തലകുനിക്കത്തക്ക ശക്തി ജനപക്ഷത്തിനുണ്ടാക്കാമായിരുന്നു.
കൊച്ചിയിലെ സ്ഥിതിയും ഇതുതന്നെയാണ്. പ്രജാമണ്ഡലത്തിന് അച്യുതമേനോനും ഗോപാലകൃഷ്ണ മേനോനും ശക്തിയു അന്തസും വളര്‍ത്തുകയില്ലെങ്കില്‍ ഈ കൊച്ചി രാജ്യത്ത് പിന്നെ ആരാണത് ചെയ്യുക എന്ന് പിന്നീട് എടുത്തുചോദിച്ചപ്പോള്‍ ഹിയര്‍ വിളികളും കരഘോഷങ്ങളുമുണ്ടായി. പ്രജാമണ്ഡലത്തെ എതിര്‍ക്കാനല്ല, പ്രജാമണ്ഡലം കൊച്ചിയിലെ മുഴുവന്‍ ജനങ്ങളുടെയും ആക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ആശിക്കുന്നത്. അതിനുവേണ്ടി കമ്യൂണിസ്റ്റുകാരുമായി യോജിക്കേണ്ട ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് പാര്‍ട്ടി രണ്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. അവരെക്കൂടി പ്രജാമണ്ഡലം സ്ഥാനാര്‍ഥികളായി അംഗീകരിക്കണം.

‘(ദേശാഭിമാനി 1945 മെയ് 20) രാഷ്ട്രീയ പ്രചാരവേലയെ സംബന്ധിച്ചിടത്തോളം കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല മുന്‍പന്തിയിലായിരുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും പൊതുയോഗങ്ങള്‍, നിരവധി വാര്‍ഡുയോഗങ്ങള്‍ എന്നിവ നടത്തിയിരുന്നു. ഏതാണ്ട് 12,000 ലഘുലേഖകള്‍ അച്ചടിച്ചു വിറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 6000 രൂപ പിരിക്കണമെന്ന് തീരുമാനിച്ച് പ്രവര്‍ത്തിക്കുകയും അയ്യായിരത്തിലധികം രൂപ പിരിച്ചെടുക്കാനും കഴിഞ്ഞു. പാവപ്പെട്ടവരുടെയും അധഃകൃതരുടെയും നാവായി മാറാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു.

Related News