December 3, 2022 Saturday

മഹാമഹോപാധ്യായ പണ്ഡിതരത്നം പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി

ഡോ. വിജയകൃഷ്ണന്‍
May 9, 2021 6:56 pm

ആയിരക്കണക്കിന് ശിഷ്യന്മാര്‍ക്ക് ആശ്രയമായിരുന്ന മഹാപണ്ഡിതനായിരുന്നു ഈ മാസം രണ്ടിന് ദിവംഗതനായ പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി. വേദാന്തശാസ്ത്രത്തിലും വ്യാകരണ ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച് സംശയനിവൃത്തി നടത്താത്ത സംസ്കൃത ഭാഷാ പ്രേമികള്‍ വിരളമാണ്. ഏത് സമയത്തും എന്ത് സംശയത്തിനും ഉത്തരം അനര്‍ഗളമായി ആ കണ്ഠത്തില്‍ നിന്നും പുറപ്പെടുന്നതുകേട്ടാല്‍ രോമാഞ്ചം തോന്നിപ്പോകും. അദ്ദേഹത്തിന്റെ വിയോഗം സംസ്കൃതഭാഷയ്ക്ക് തന്നെ സംഭവിച്ച വലിയ ഒരു നഷ്ടമാണ്.

ജനനം

ദക്ഷിണ കര്‍ണ്ണാടക സംസ്ഥാനത്തെ കാനറാ ജില്ലയില്‍ മംഗലാപുരത്ത് പുത്തൂര്‍ താലൂക്കില്‍ കോക്കഡഗ്രാമത്തില്‍ 1929 ജനുവരി 28ന് രാമന്‍ പോറ്റിയുടെയും കാവേരി അമ്മാളിന്റെയും മകനായി ജനിച്ചു. ബാല്യത്തില്‍ തന്നെ തിരുവനന്തപുരത്തെത്തി. കോട്ടയ്ക്കകത്തെ സംസ്കൃത പാഠശാലയില്‍ നിന്നും 1942ല്‍ ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെ ശാസ്ത്രിപരീക്ഷ പാസായി. തുടര്‍ന്ന് സ്കോളര്‍ഷിപ്പോടെ വ്യാകരണം മഹോപാധ്യായ പരീക്ഷ ഒന്നാം ക്ലാസില്‍ ജയിച്ചു. പ്രെെവറ്റായി പഠിച്ച്, വേദാന്തം, എം എ മലയാളം, സാഹിത്യ വിശാരദ് ഹിന്ദി എംഎ, ബിഎഡ് എന്നീ പരീക്ഷകള്‍ പാസായി.

ഔദ്യോഗിക ജീവിതം

നെടുമങ്ങാട് ഗവണ്‍മെന്റ് ഹെെസ്കൂളില്‍ പത്ത് കൊല്ലക്കാലം അധ്യാപകനായിട്ടായിരുന്നു തുടക്കം. 1960ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്കൃത കോളജില്‍ വേദാന്തം ലക്ചററായി പ്രവേശിച്ചു. 23 വര്‍ഷത്തെ സേവനത്തിനുശേഷം 1983ല്‍ എന്‍സെെക്ലോപീഡിയയില്‍ അസിസ്റ്റന്റ് എഡിറ്ററായി. 1984ല്‍ കോളജില്‍ നിന്ന് വിരമിച്ച ശേഷം 1988 വരെ സര്‍വ വിജ്ഞാനകോശത്തില്‍ പ്രവര്‍ത്തിച്ചു.

വിവിധ മേഖലകളിലെ സേവനങ്ങള്‍

ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യാചാര്യനായിരുന്നു. ഹിന്ദി പ്രചാരസഭയിലെ സുഗമ ഹിന്ദി സ്പെഷ്യല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭാഷാ നിഘണ്ടുവിന്റെ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വേദാന്തം പ്രൊഫസര്‍, ഫാക്കല്‍റ്റി ഡീന്‍, സിന്‍ഡിക്കേറ്റംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതല്‍ 2001 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. തുടര്‍ന്ന് ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ ഓണററി പ്രൊഫസറായി. കോളജ് അധ്യാപകനായിരിക്കെ സ്കൂളുകളിലെ സംസ്കൃതം പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു.

കേന്ദ്ര സാഹിത്യ അ‌ക്കാഡമിയില്‍ സംസ്കൃതം ഉപദേശക സമിതി അംഗം, കേരള സര്‍ക്കാരിന്റെ സംസ്കൃത പാഠപുസ്തകസമിതി ചെയര്‍മാന്‍, എന്‍സിഇആര്‍ടി അംഗം വിവിധ യൂണിവേഴ്‌സിറ്റികളുടെ ബിരുദ‑ബിരുദാനന്തര പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, തിരുപ്പതി സര്‍വകലാശാലയിലെ വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുരു പവനപുരേശം, ഭോജ പ്രബന്ധം, സിദ്ധാന്ത കൗമുദി, കാവ്യാദര്‍ശം തുടങ്ങി ഇരുപതോളം സംസ്കൃത കൃതികള്‍ക്ക് വ്യാഖ്യാനമോ, തര്‍ജ്ജമയോ നിര്‍വഹിച്ചിട്ടുണ്ട്.

പുരസ്കാരങ്ങള്‍

വേദാന്തം ഗോള്‍ഡ് മെഡല്‍, ശാസ്ത്രരത്ന ഗോള്‍ഡ് മെഡല്‍, പണ്ഡിത രത്ന പുരസ്കാരം, സംസ്കൃത പാണ്ഡിതന്മാര്‍ക്കുള്ള രാഷ്ട്രപതിയുടെ സര്‍ട്ടിഫിക്കറ്റ്, എം എച്ച് ശാസ്ത്രി പുരസ്കാരം, ഒ കെ മുന്‍ഷി പുരസ്കാരം, ദേവീരത്നം പുരസ്കാരം, വേദാന്തരത്നം, ധര്‍മ്മശ്രേഷ്ഠാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2013ല്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഡി. ലിറ്റ് നല്‍കി ആദരിക്കുകയുണ്ടായി.

ENGLISH SUMMARY:Article about prof R vasude­van potti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.