Web Desk

March 14, 2020, 11:05 pm

വളളികുന്നം പാർട്ടി ഘടകം

Janayugom Online

സ്വാതന്ത്ര്യലബ്ധിക്കുശേഷം തിരുവിതാംകൂറിൽ ജനകീയ മന്ത്രിസഭ വന്നു. പട്ടം താണുപിളള പ്രധാനമന്ത്രിയായി. പിന്നീട് തിരു-കൊച്ചി ഗവൺമെന്റിലാണ് മുഖ്യമന്ത്രിസ്ഥാനം വരുന്നത്, നാട്ടിലെ സാധാരണ കോൺഗ്രസുകാരുടെ അഭിപ്രായങ്ങൾക്ക് വിലയില്ലാതാകുകയും സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുവരെ കോൺഗ്രസിനെ എതിർത്തിരുന്നവർ അധികാര രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തു. ഈ മാറ്റം സൃഷ്ടിച്ച അസ്വസ്ഥതയിലായിരുന്നു മറ്റു പലയിടത്തുമെന്നതുപോലെ വള്ളികുന്നത്തെയും ആത്മാർത്ഥതയുള്ള പഴയ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ. വിദ്യാർത്ഥി നേതാക്കളും സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരുമായ കാമ്പിശ്ശേരി കരുണാകരന്റെയും തോപ്പിൽ ഭാസിയുടെയുമൊക്കെ കോൺഗ്രസുമായുള്ള ബന്ധം മോശമായ സ്ഥിതിയിലായിരുന്നു. ഈ അന്തരീക്ഷം മനസിലാക്കി, കോൺഗ്രസിനോട് ഇടഞ്ഞുനില്ക്കുന്ന പ്രവർത്തകരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം മദ്ധ്യതിരുവിതാംകൂറിൽ വ്യാപിക്കുവാനുള്ള പരിശ്രമങ്ങളിലായിരുന്നു പുതുപ്പള്ളി രാഘവൻ പിള്ള.

ഒഎൻവിക്കൊപ്പം

തോപ്പിൽ ഭാസിയെ രാഷ്ടീയമായി പരിവർത്തനം ചെയ്യാൻ വേണ്ടി പുതുപ്പള്ളി രാഘവൻ നടത്തിയിരുന്ന ശ്രമങ്ങളും അതിൽനിന്ന് ഭാസി വഴുതിമാറിയതും ക്രമേണ പുതുപ്പള്ളി പിടിമുറുക്കിയതുമൊക്കെ ഒളിവിലെ ഓർമ്മകളുടെ ആദ്യഭാഗത്ത് ഭാസി രസകരമായി വിവരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദിനത്തോടനുബന്ധിച്ചു നടന്ന വിദ്യാർത്ഥിസമരത്തെത്തുടർന്ന് പുറത്താക്കപ്പെട്ടിരുന്ന ഞാൻ 1947 ഓഗസ്ത് 15ന് സ്കൂളിൽ അനുവാദമില്ലാതെ കടന്നുകയറി ദേശീയപതാകയുയർത്തുകയും യോഗം ചേരുകയും ചെയ്തതിന്റെ ആവേശത്തിൽ നടക്കുന്ന കാലമാണത്. നേരത്തെ പുതുപ്പള്ളിയുടെ സ്മരണയിൽ പറഞ്ഞിരുന്നതു പോലെ ഗാന്ധിത്തൊപ്പിയും ഖദർ വേഷവുമൊക്കെയായി നടന്ന എന്നെയും തന്റെ തനതുശൈലിയിലുള്ള ഇടപെടലുകളിലൂടെയാണ് പുതുപ്പള്ളി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത്.

ബഷീറിനൊപ്പം

കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കാമ്പിശ്ശേരി അക്കാലത്ത് കൊല്ലത്തും കായംകുളത്തുമായി പത്രപ്രവർത്തനവും മറ്റുമായി കഴിയുകയാണ്. തോപ്പിൽ ഭാസിയെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പുതന്നെ, കർഷക തൊഴിലാളികളും ചെറുകിട കർഷകരും അടങ്ങിയ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം വള്ളികുന്നത്ത് പുതുപ്പളളി സംഘടിപ്പിച്ചിരുന്നു. അത് ആദ്യമായി ഞങ്ങൾ കണ്ടുമുട്ടിയ ദിവസം രാത്രിയിലായിരുന്നു. പുതുശ്ശേരിൽ നിന്ന് അത്താഴമൂണും കഴിഞ്ഞ് അത്യാവശ്യമായി ഒരാളെ കാണാനുണ്ട് എന്നുപറഞ്ഞ് രാത്രിയിൽ പുറത്തുപോയ പുതുപ്പള്ളി രാഘവൻ, ആ രാത്രി വള്ളികുന്നത്തെ ആദ്യത്തെ പാർട്ടിഘടകം സംഘടിപ്പിച്ചു.

തകഴിക്കൊപ്പം

അക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ നാലു താലൂക്കുകൾ ചേർന്നുള്ള കോൺഗ്രസിന്റെ കായംകുളം ഡി സി യിലെ പ്രധാന നേതാക്കൾ തോപ്പിൽ ഭാസ്കരപിള്ള, കാമ്പിശ്ശേരി കരുണാകരൻ, കേശവൻ പോറ്റിസാർ, പന്തളം പി ആർ മാധവൻപിള്ള, പുന്നയ്ക്കാകുളങ്ങര മാധവനുണ്ണിത്താൻ, ടി എ മൈതീൻകുഞ്ഞ്, കെ കെ ചെല്ലപ്പൻപിള്ള തുടങ്ങിയവരാണ്. പുതുപ്പള്ളി സാവകാശം തന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അവരുമായി പങ്കുവച്ചു. സാർവ്വദേശീയ, ദേശ, പ്രാദേശിക രാഷ്ട്രീയത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ 1948 ഒക്ടോബർ 14ന് വെളുപ്പിന് പുതുപ്പള്ളി രാഘവന്റെ കാർമ്മികത്വത്തിൽ വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം നിലവിൽ വന്നു.

പി ഭാസ്കരനൊപ്പം

കെ എൻ ഗോപാലനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മദ്ധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത്തെ ഘടകമായിരുന്നു. ആദ്യത്തേത് ശങ്കരനാരായണൻ തമ്പിയുടെ നേതൃത്വത്തിൽ എണ്ണയ്ക്കാട്ട് നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു. പിന്നീട് മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ സംഭവപരമ്പരകളുടെ ഊർജ്ജകേന്ദ്രമായി വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറി.(വള്ളിക്കുന്നം കേന്ദ്രമായി രൂപീകരിച്ച പാർട്ടി ഘടകം മദ്ധ്യതിരുവിതാംകൂറിലെ രണ്ടാമത്തേതായിരുന്നു. 1951–53 കാലത്ത് പുതുശേരി വള്ളികുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പ്രസ്തുത ഘടകം രൂപീകരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ആത്മകഥയിൽ വിവരിക്കുന്നുണ്ട്)