നവോത്ഥാനശത്രുക്കള്‍ ഉയിര്‍ക്കുന്നൊ?

Web Desk
Posted on October 07, 2018, 8:35 am

സി രാധാകൃഷ്‌ണൻ 

ഉറച്ച ബ്രഹ്മചര്യവും യോഗസിദ്ധിയുമുള്ളതിനാലാണ് ശ്രീഅയ്യപ്പന്‍ ആരാധ്യനാകുന്നത് എന്നിരിക്കെ, ഏതു മായാമോഹിനിയെ കണ്ടാലും എന്തു കുഴപ്പം? അല്ല, അദ്ദേഹത്തിന്റെ ബ്രഹ്മചര്യം തുമ്മിയാല്‍ പോകുന്ന മൂക്കു മാത്രമെങ്കില്‍ അതെപ്പറ്റി ആരെന്തിന് വെറുതെ വേവലാതിപ്പെടണം! പക്ഷേ, ഒന്നുണ്ട് — സ്വാമിയുടെ വ്രതശുദ്ധി അന്യൂനമെങ്കിലും, അഥവാ വന്നേക്കാവുന്ന ഉര്‍വ്വശിമാര്‍ കണ്ണില്‍ പെട്ടാല്‍ പുരുഷഭക്തരുടെ മനസിളകിപ്പോകാമെന്ന പേടി അസ്ഥാനത്തല്ല! ഹൈവേയിലെ പരസ്യങ്ങളിലെ മോഹിനികള്‍പോലും വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്നുവല്ലൊ! ഏതെങ്കിലും ഒരു പെണ്‍താരത്തിന്റെ നിഴല്‍ എങ്ങാനും കണ്ടാല്‍ ക്രമസമാധാനപാലനത്തിന് ഒരു വണ്ടി പൊലീസ് വേണ്ടിവരികയും ചെയ്യുന്നു!
എത്രയൊ ദേവന്‍മാരും ദേവിമാരും അവരിലുള്ള വിശ്വാസങ്ങളും അതു സംബന്ധിച്ച ആചാരങ്ങളും ആയിരത്താണ്ടുകളായി നിലനിന്നിട്ടും ഇല്ലാതാകാത്ത ജാതിമതാദിഭേദചിന്തകള്‍ക്ക് അതീതമായി നിലയുറപ്പിച്ചത് ശ്രീ അയ്യപ്പനെന്ന ഒരേയൊരു ദൈവമാണ്. ഇതൊരു മഹത്തായ വിശ്വാസവും ദര്‍ശനവുമാണ്. ഈ സങ്കല്‍പ്പത്തിലേക്ക് ഒരാള്‍ പ്രതീകാത്മകമായി ഒരു മാലയിട്ട് പ്രവേശിക്കുന്നതോടെ ശീലിക്കാനുള്ളത് ഏകത്വഭാവനയും മനോനിയന്ത്രണവുമാണ്. ഇത് കാലംകൊണ്ടെങ്ങനെയാണ് ആര്‍ത്തവശുദ്ധിബോധവും വെറും ആചാരക്‌ളിഷ്ടതയും ആയതെന്ന് ആലോചിക്കേണ്ടതില്ലെ? ഉപനിഷദ്ദര്‍ശനത്തെ ദുഷിപ്പിച്ച ചാതുര്‍വര്‍ണ്ണ്യവും പുരുഷാധിപത്യ വാസനയും ഇതിനെയും പിടിച്ചു വിഴുങ്ങിക്കളയുന്നൊ? ഋതുവാര്‍ന്ന പെണ്ണിനുമിരപ്പനും പതിതനും ദാഹകനുംപോലും ഈശ്വരാരാധനക്കുള്ള തുല്യാവകാശം ഉറക്കെ പ്രഖ്യാപിച്ച രാമാനുജനെഴുത്തച്ഛനെ നാടുകടത്തി സംതൃപ്തരായവര്‍ കേരളീയ നവോത്ഥാനത്തിനു തടയിടാന്‍ ശ്രമിച്ചതിന്റെ തനിയാവര്‍ത്തനം തന്നെയല്ലെ ഇത്? ഒരു സംശയവും വേണ്ട, ധര്‍മ്മം എവിടെയോ അവിടെയേ ജയമുള്ളു! ശാന്തം, പാപം! ഈശ്വരന്റെ പിതൃസ്ഥാനീയരും ശ്വശുരരുമൊക്കെയായി ഭാവിക്കുന്നവരുടെ വാഴ്ച ഇനിയുമെത്ര കാലം?
ഈശാവാസ്യമിദം സര്‍വ്വം എന്നതിന്റെ തുടര്‍ച്ചയായ സമത്വബോധവും പങ്കിടല്‍ മനോഭാവവും രുദിരാനുകമ്പയും നട്ടുവളര്‍ത്താന്‍ ഉതകുന്ന പരിശീലനത്തിന്റെ ഭാഗംതന്നെ ആവണ്ടെ, പെണ്ണിനെ കണ്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നത് അമ്മയെയൊ പെങ്ങളെയൊ ആവണം എന്ന നിഷ്‌കര്‍ഷയും. വേലിയും മറയും കെട്ടി എങ്ങനെ മറയ്ക്കാന്‍ തന്‍പാതിയെ? എനിക്കില്ലാത്ത എന്തശുദ്ധിയാണ് എന്റെ മറുപാതിക്കുള്ളത്? വല്ലതുമുണ്ടെങ്കില്‍ ആ അശുദ്ധിയിലൂടെയല്ലെ എന്റെ പിറവി? മുറിഞ്ഞടര്‍ന്ന പൊക്കിള്‍ക്കൊടിയുടെ പാട് നിത്യസ്മാരകമുദ്രയായി മരണംവരെ ഉടലിലില്ലെ? എത്ര മായ്ച്ചാലും അതും മായുമൊ?
മതാതീതമായ ആത്മാനുഭവമാണ് ശബരിമല പ്രദാനം ചെയ്യുന്നത്. സമത്വബോധത്തിന്റെ വെളിച്ചത്തില്‍ കാമക്രോധങ്ങളുടെ ഇരുളകലുന്ന അനുഭൂതി. ഇതിനെ ഹൈജാക് ചെയ്ത് സാമ്പ്രദായികവും വര്‍ണാശ്രമബോധബദ്ധവും ആചാരദൂഷിതവുമാക്കാന്‍ ആരെയും അനുവദിക്കാതിരിക്കുന്നതാണ് ശരി. ഇടക്കാലത്തുണ്ടായ അഴുക്കുകള്‍ കഴുകി ശുദ്ധമായ ഉപനിഷല്‍ദ്ദര്‍ശനത്തെ പ്രായോഗികജീവിതത്തില്‍ നടപ്പിലാക്കാന്‍ ഉരുത്തിരിഞ്ഞ വഴി ഒരിക്കലും അന്യാധീനപ്പെടരുത്. കച്ചവടക്കാരുടെയും തന്ത്രമന്ത്രവാദികളുടെയും കൈകളിലെ കോപ്പായി ഇതു മാറിക്കൂടാ. ഒരുമിപ്പിക്കാനുള്ള ഉപാധി ഭിന്നിപ്പിക്കാനുള്ള സൂത്രവിദ്യയാക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല.’
ആര്‍ഷദര്‍ശനം എന്നത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സംഹിതകളുടെയും ആകെത്തുകയല്ല. രണ്ടും തീര്‍ത്തും രണ്ടാണ്. ലോകമാകെ പ്രളയത്തിലാണ്ട കാലത്ത് പൊട്ടക്കിണറുകൊണ്ട് എത്ര പ്രയോജനമുണ്ടൊ അത്രയെ ഉള്ളൂ ബ്രഹ്മസായുജ്യം ലഭിച്ചവന് വേദസര്‍വ്വസ്വവുംകൊണ്ട് എന്നാണ് ഗീതാബോധനം. സ്മൃതിയില്‍ സംശയം വരുമ്പോള്‍ ശ്രുതിയെ എപ്പോഴും പ്രമാണമാക്കാനാണ് ഗീതയിലെ ഉപദേശം.
ഇപ്പോള്‍ നടക്കുന്ന ഈ കോലാഹലത്തിന് രണ്ട് ലാക്കുകള്‍ ഉള്ളതായി മനസിലാവുന്നു. ഒന്ന്, ഈശാവാസ്യദര്‍ശനം നടപ്പിലാവുന്ന മുറക്ക് നാട്ടില്‍ സംഭവിക്കാവുന്ന നവോത്ഥാനത്തെ തകിടംമറിക്കാന്‍ ഭക്തര്‍ക്കിടയില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കുക. രണ്ട്, പരമമായ ഈശ്വരസങ്കല്‍പത്തിനും അര്‍പ്പണബോധമുള്ള ഭക്തര്‍ക്കുമിടയില്‍ തന്നിഷ്ട തന്ത്രമന്ത്രക്കാരുടെ നിര്‍ണായകമായ അധികാരകേന്ദ്രം പ്രതിഷ്ഠിക്കുക. അതിനാല്‍ ഈ കോലാഹലം എത്ര വേഗം അവസാനിക്കുന്നുവൊ അത്രയും നല്ലത്.