ആലങ്കോട് ലീലാകൃഷ്ണൻ

December 24, 2020, 2:32 am

സ്നേഹത്തിന്റെയും സമരത്തിന്റെയും കാവ്യയുഗം

Janayugom Online

സുഗതകുമാരി ടീച്ചറും യാത്രപറയാതെ പോയി. പറഞ്ഞറിയിക്കാനാവാത്ത വേദന നെഞ്ചില്‍ കനംകെട്ടി നില്‍ക്കുന്നു.

‘ബീഹാര്‍’ എന്ന കവിതയില്‍ സുഗതട്ടീച്ചറെഴുതി: “നല്ല മക്കളെപ്പെറ്റ വയറേ തണുക്കുള്ളു”

ഒരു ശാപം പോലെ ആ വാക്കുകള്‍ ഹൃദയത്തില്‍ വന്നു തറയ്ക്കുന്നതായി തോന്നുന്നു. കാടിനും മലയ്ക്കും പ്രകൃതിക്കും വേണ്ടി ഒരായുസു മുഴുവന്‍ ടീച്ചര്‍ എഴുതി. പ്രവര്‍ത്തിച്ചു. അജയ്യമായ നിശ്ചയദാര്‍ഢ്യത്തോടെ പോരാടി. സൈലന്റ്‌വാലിയിലെ നിത്യഹരിത വനങ്ങള്‍ സംരക്ഷിച്ചുതന്നു. ആറന്മുളയിലെ നെല്‍വയലുകള്‍ നിലനിര്‍ത്തിത്തന്നു. അഭയവും സാന്ത്വനവുമറ്റ അനേകായിരങ്ങള്‍ക്ക് നിത്യാഭയകേന്ദ്രമായി സ്വജീവിതം മാറ്റിത്തീര്‍ത്തു.

എന്നിട്ടും നമ്മളെന്തേ നല്ല മക്കളായിത്തീരാഞ്ഞത് എന്ന വിഷാദമാണ് ഇപ്പോള്‍ ബാക്കി.

സ്ത്രീ, പ്രകൃതിയാണെന്ന് ടീച്ചര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പ്രകൃതിക്കുനേരെ കയ്യേറ്റമുണ്ടാവുമ്പോള്‍ സ്ത്രീയും ഇരയാക്കപ്പെടും. ഒരൊറ്റയാള്‍ പട്ടാളമായി പ്രകൃതിക്കും സ്ത്രീക്കും സമഗ്ര മനുഷ്യനും വേണ്ടി പോരാടിയ ഒരഭയവൃക്ഷമാണ് വീണുപോയത്.

“എന്റെ വഴിയിലെ വെയിലിനും നന്ദി

എന്റെ ചുമലിലെ ചുമടിനും നന്ദി

എന്റെ വഴിയിലെ തണലിനും മര-

ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി”

ആ ക്ഷീണസ്വരം അകന്നകന്നു പോവുന്നു. അനാഥനായതുപോലെ തോന്നുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് എന്റെ ആദ്യകവിത ‘തളിര്’ മാസികയില്‍ പ്രസിദ്ധീകരിച്ചത് സുഗതകുമാരി ടീച്ചറാണ് (തുമ്പിയോട്). അന്ന് ‘തളിരി‘ന്റെ പത്രാധിപരായിരുന്നു ടീച്ചര്‍. ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലുമായിരുന്നു.

ടീച്ചറെ ഞാനാദ്യം കണ്ടത് ‘സൈലന്റ്‌വാലി’ സമരകാലത്താണ്. അന്നു ഞാന്‍ കോളജ് വിദ്യാര്‍ത്ഥിയാണ്. സൈലന്റ്‌വാലി സമരത്തിന്റെ വിജയം സമ്മാനിച്ച ആത്മവിശ്വാസത്തിലാണ് ഭാരതപ്പുഴ സംരക്ഷണ സമരത്തില്‍ പങ്കുചേരാന്‍ യൗവനാരംഭകാലത്ത് എന്നെപ്പോലുള്ളവര്‍ക്ക് പ്രേരണയായത്. ആശാന്‍ സുരേന്ദ്രനാഥും ഇ പി ഗോപാലനും ഇന്ത്യനൂര്‍ ഗോപിയുമൊക്കെ നേതൃത്വം വഹിച്ച ആ സമരത്തിലേക്ക് സുഗതകുമാരി ടീച്ചറുടെ സമരസംഘത്തില്‍ നിന്നാണ് കരുമാഞ്ചേരി മാധവനും എസ് പ്രഭാകരന്‍ നായരുമൊക്കെ വന്നത്. ഒരു പുഴയ്ക്കുവേണ്ടി നടത്തിയ ആ തോറ്റ സമരവും ഒരു പാഠമാണ്.

കേരളത്തിന്റെ പൊതുബോധത്തില്‍ പരിസ്ഥിതി സംരക്ഷണം ഒരു പരിഗണനാ വിഷയമേ അല്ലാതിരുന്ന കാലത്താണ് തലമുറകള്‍ക്കുവേണ്ടി കാടും മലയും പുഴയും വയലും സംരക്ഷിക്കാനുള്ള മഹാസമരങ്ങള്‍ ടീച്ചര്‍ തുടങ്ങിവച്ചത്. അക്കാലത്ത് വല്ലാതെ പരിഹസിക്കപ്പെട്ടു, ഒറ്റപ്പെടുത്തപ്പെട്ടു, അവഗണിക്കപ്പെട്ടു. എന്നിട്ടും ടീച്ചര്‍ കവിതയിലും ജീവിതത്തിലും തളരാതെ നിന്നുപോരാടി. “നാളേയ്ക്കുവേണ്ടി, അമ്മയ്ക്കുവേണ്ടി, കൊച്ചുമക്കള്‍ക്കും നൂറു കിളികള്‍ക്കും വേണ്ടി, പ്രാണ വായുവിനും മഴയ്ക്കും അഴകിനും തണലിനും തേന്‍ പഴങ്ങള്‍ക്കും വേണ്ടി നൂറുനൂറു തൈകള്‍ നിറഞ്ഞു നട്ടു. ‘കാവു തീണ്ടല്ലെ, കുളം വറ്റും” എന്നു തലമുറകളെ കയ്യുയര്‍ത്തി തടഞ്ഞു.

പ്രകൃതി സംരക്ഷണ സമരം മാത്രമല്ല, അനാഥരുടെയും ദുഃഖിതരുടെയും ഇരകളാക്കപ്പെട്ട സ്ത്രീകളുടെയും നിത്യാഭയമായ ‘അഭയ’ത്തിനുവേണ്ടിയുള്ള ജീവിത സമരവും കൂടിയായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിതം. ഒരിക്കല്‍ മദിരാശിയില്‍ ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ മലയാളി അസോസിയേഷന്റെ (എഫ്ഐഎംഎ) വാര്‍ഷികാഘോഷത്തില്‍ ഒരുമിച്ചു പങ്കെടുക്കാനിടവന്നപ്പോള്‍ ‘അഭയ’യുടെ നടത്തിപ്പിന്റെ പ്രയാസങ്ങള്‍ ടീച്ചര്‍ പങ്കുവച്ചു. തീവ്രവേദനകളാല്‍ പരീക്ഷണമായിരുന്നു ആ സ്വരം. “തളര്‍ന്നുപോവുന്നു ലീലാകൃഷ്ണാ, മനുഷ്യരുടെ ക്രൂരതകളുടെ കഥകള്‍ താങ്ങാന്‍ കഴിയുന്നില്ല. വേദനകളും പീഡനങ്ങളും സഹിക്കാനാവുന്നില്ല. എന്താണ് മനുഷ്യര്‍ ഇങ്ങനെയൊക്കെയായിപ്പോവുന്നത്?”

“കല്ലുപോല്‍ കരളായി, ക്കണീരുകാണാത്തോരായ്, തന്നില്‍ മാത്രമേ പ്രേമമേലുവോരായി സ്വാര്‍ത്ഥ ഖിന്നരാ, യലസരായ് മാറിയ ഈ സ്വന്തം മക്കളുടെ മുന്നില്‍ ‘കീറിനാറിയ ചേലത്തുമ്പിനാലകാലത്തിലാകവേ നരചൂഴും വാര്‍നെറ്റി മൂടിക്കൊണ്ടു” നില്‍ക്കുന്ന നിരാലംബയായ അമ്മയോടാണ് കവിതയില്‍‍ സുഗതകുമാരി ടീച്ചര്‍ ചോദിച്ചത്.

“എന്തുനീയര്‍ത്ഥിക്കുന്നു?

കനിയാന്‍ മറന്നൊരീ

വിണ്ടലത്തോടോ ചൂടു-

വമിക്കും ശിലയോടോ?

എന്തിലും കുലുങ്ങാത്ത

കാലമാം മഹാശക്തി

മണ്ഡലത്തോടോ — നിന്റെ ദുഃഖദേവതയോടോ?”

സുഗതകുമാരിയുടെ ഉപാസനാമൂര്‍ത്തി എന്നും ദുഃഖദേവതയായിരുന്നു. വേദനകളുടെ വേദാന്തം അവരെ നിത്യമനുഷ്യ കഥാനുഗായിയാക്കി.

പെണ്‍കുഞ്ഞ് ‑90 എന്ന കവിതയില്‍ തെരുവില്‍ പിഴച്ചുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കുന്ന മാതാവിന്റെ ദീനചിത്രമുണ്ട്:

“തിരിഞ്ഞുനോക്കാന്‍ പാടി-

ല്ലോടിപ്പോവുക, പോവുക

കരഞ്ഞുകൂടാ, വായ്‌പൊത്തി

ചെവിപൊത്തിപ്പിടിക്കുക

” ഉണങ്ങട്ടെ കണ്‍കള്‍! കണ്ണീര്‍

നിറഞ്ഞാലുള്‍വലിക്കുക

നിറഞ്ഞമാറില്‍ വിങ്ങുന്ന

പാലൊലിക്കാതെയൊപ്പുക”

സ്നേഹം കടഞ്ഞുകടഞ്ഞു പാലായ് ചുരത്തിയ അനാഥമാതൃത്വങ്ങള്‍, തെരുവില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍, ഭ്രാന്താലയത്തില്‍ പിടഞ്ഞുകിടക്കുന്ന തിരസ്കൃത ജന്മങ്ങള്‍, വലിച്ചെറിയപ്പെട്ട വൃദ്ധമാതാപിതാക്കള്‍; ഇത്തരം പരിത്യക്ത ജീവിതങ്ങളോടൊപ്പമാണ് അനാഥമായ പ്രകൃതിയെയും സുഗതകുമാരി ടീച്ചര്‍ ചേര്‍ത്തുവച്ചത്. കവിതയില്‍ അവര്‍ക്കുവേണ്ടി അവര്‍ വിലപിക്കുകയും പോരാടുകയും ചെയ്തു.

മലയാള കവിതയില്‍ കൊണ്ടാടപ്പെട്ട ആധുനികതയില്‍ നിന്നു വ്യത്യസ്തമായി, ശരിയായ കേരളീയാധുനികതയുടെ പ്രസന്ന കാല്പനികതയും മാനവികതയും നിലനിര്‍‍ത്തിയ പൂര്‍ണകാവ്യ ജീവിതമാണ് അവസാനിച്ചത്. ടീച്ചര്‍തന്നെ എഴുതിയിട്ടുള്ളതുപോലെ;

“കടലുപോല്‍ കരുണതന്‍ നിറ-

ഞ്ഞിരമ്പല്‍, കൈകളാല്‍ ധരണിയെപ്പുല്‍കല്‍

നിറമിഴികളാല്‍ തപനനെ നോക്കല്‍,

‘മതി‘യെന്നു കൂപ്പിത്തൊഴുതു പിന്‍വാങ്ങല്‍”

ഈ പിന്‍വാങ്ങലില്‍ ജന്മദീര്‍ഘമായ ഒരു പോരാട്ടത്തിന്റെ അഗ്നിവീര്യമുണ്ട്. കണ്ണീരാല്‍ വിമലീകരിക്കപ്പെട്ട ജലകാമനയുടെ സ്നേഹ വേദാന്തവുമുണ്ട്.

സുഗത ടീച്ചറുടെ പ്രഖ്യാതങ്ങളായ കൃഷ്ണകവിതകളില്‍പ്പോലും ഈ പിന്‍വാങ്ങിനില്‍ക്കലുണ്ട്. പക്ഷേ, അതൊരു പരാജിതയുടെ പിന്മാറ്റമല്ല. അഭിമാനിനിയായ അനുരാഗിണിയുടെ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമുള്ള നിലപാടാണ്.

“ജലമെടുക്കാനെന്നമട്ടില്‍ ഞാന്‍ തിരുമുന്നിലൊരുനാളുമെത്തിയിട്ടില്ല’ എന്നാണ് രാധ കൃഷ്ണനോട് പറയുന്നത്: “നിപുണയാം തോഴിവന്നെന്‍ പ്രേമദുഃഖങ്ങളവിടത്തോടോതിയിട്ടില്ല”.

“കൃഷ്ണാനീയെന്നെയറിയില്ല” എന്നാവര്‍ത്തിച്ചു പറഞ്ഞ ഈ രാധയെ അറിയാതിരിക്കാന്‍ കൃഷ്ണനാവില്ല എന്നതാണ് പ്രണയത്തില്‍പ്പോലും കാത്തുസൂക്ഷിക്കേണ്ട അഭിമാനബോധം എന്ന് സ്ത്രീകളെ ടീച്ചര്‍ ഓര്‍മ്മപ്പെടുത്തി. കൃഷ്ണന്‍ പ്രകൃതിയുടെ ഭാഗം മാത്രമാണ് രാധയ്ക്ക്. സ്ത്രീയാകട്ടെ പൂര്‍ണപ്രകൃതിയാണ്.

‘കാടാണ്, കാട്ടില്‍ കടമ്പിന്റെ കൊമ്പില്‍

കാല്‍തൂക്കിയിട്ടിരിപ്പാണ് രാധ

താഴെപ്പടിഞ്ഞിരുന്നേകാഗ്രനായതില്‍

കോലരക്കിന്‍ ചാറുചേര്‍പ്പു കണ്ണന്‍’

ഇവിടെ രാധയാണ് ഉയരത്തില്‍. കൃഷ്ണന്‍ താഴെയാണ്. രാധയുടെ കാല്‍ക്കല്‍ പടിഞ്ഞിരുന്ന് കാലില്‍ ചെമ്പഞ്ഞിച്ചാറണിയിക്കുകയാണ് കൃഷ്ണന്‍.

ഈ വിധത്തില്‍ ആധുനിക കേരളീയ ജീവിതത്തിലും കവിതയിലും സ്ത്രീയുടെ അന്തസും അഭിമാനവും അതിജീവനബലവും കാത്തുസൂക്ഷിച്ചുകൊണ്ട് പ്രകൃതിയെയും പരിസ്ഥിതിയെയും കാത്തുപരിപാലിക്കാന്‍ വാക്കുകൊണ്ടു പ്രതിജ്ഞാബദ്ധമായിപ്പുലര്‍ന്ന ഒരു പൂര്‍ണ കാവ്യയുഗം സുഗതകുമാരി ടീച്ചറോടെ അസ്തമിക്കുകയാണ്.

അവസാനിക്കാത്ത ആ മാതൃ സാന്ത്വനത്തിന്റെ സ്നേഹസ്മരണകള്‍ക്കു മുമ്പില്‍ കണ്ണീര്‍ പ്രണാമം. സുഗതകുമാരി ടീച്ചറുടെ വരികളില്‍ത്തന്നെ ഈ കുറിപ്പവസാനിപ്പിക്കാം.

“കാത്തുവെയ്ക്കുവാന്‍ ഒന്നുമില്ലാതെ

തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ

പൂക്കളില്ലാതെ പുലരിയില്ലാതെ

ആര്‍ദ്രമെതോ വിളിക്കു പിന്നിലായ്

പാട്ടുമൂളി ഞാന്‍ പോകവെ നിങ്ങള്‍

കേട്ടുനിന്നുവോ, തോഴരേ നന്ദി”