Janayugom Online
thoppil bhasi

‘സമരസഖാവാകും ഭാസിയെയിന്നെങ്ങനെ പോലീസുകാര്‍ പിടിച്ചു…’

Web Desk
Posted on December 09, 2018, 7:50 am

പാട്ടുപുസ്തകം… പാട്ടുപുസ്തകം…

എസ് മോഹന്‍
സാഹസികരായ വീരപുരുഷന്മാരുടെ കഥകള്‍ പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നവയാണ് വടക്കന്‍ പാട്ടുകള്‍. അവരുടെ വീരകഥകളും പാണന്മാര്‍ ഉടുക്കുകൊട്ടി പാടിനടന്നിരുന്നു. അതില്‍ പലതും അതിശയോക്തി കലര്‍ന്നവയായിരുന്നു എന്ന് നമുക്ക് തോന്നാം. പത്തറുപത് കൊല്ലം മുമ്പ് നാട്ടില്‍ അത്തരം പാട്ടുപരിപാടിയുടെ ഒരു പുതിയ രൂപമുണ്ടായിരുന്നു. അന്തിച്ചന്തകളിലും ആളു കൂടുന്നിടങ്ങളിലും ഒരു ചപ്ലാക്കട്ടയുടെ ശബ്ദം കേള്‍ക്കും. രണ്ടടി. ആളുകള്‍ ശ്രദ്ധിക്കുമ്പോള്‍ കണ്ഠശുദ്ധി വരുത്തി ഒരാള്‍ പാടുന്നുണ്ടാവും. കയ്യില്‍ ഒരു പാട്ടു പുസ്തകം കാണും. തറയില്‍ അതിന്റെ കോപ്പികള്‍ നിരത്തിവച്ചിരിക്കും. അതിനോടടുത്തു നടന്ന ഏതെങ്കിലും കൊലപാതകമോ മറ്റ് ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയോ ആകാം പാട്ടിന്റെ വിഷയം. ചങ്ങമ്പുഴയുടെ ‘രമണന്‍’ പോലെ അന്നത്തെ പ്രചാരമുള്ള ഏതെങ്കിലും പാട്ടുകളുടെ ഈണത്തിലാകും വരികള്‍ എഴുതീട്ടുണ്ടാവുക. അത് ശബ്ദം കൂട്ടിയും കുറച്ചും പാട്ടുകാരന്‍ പാടി അവതരിപ്പിക്കും. താല്‍പ്പര്യമുള്ള ജനം ചുറ്റിലും കൂടും. ചന്ത പിരിയുംമുമ്പ് ഗ്രന്ഥകര്‍ത്താവായ ഗായകന്‍ പാട്ടുപുസ്തകം വിറ്റ് തന്റെ പാട്ടിന് പോകും. പാട്ടിന് പറ്റിയ വിഷയം തെരഞ്ഞെടുക്കുന്നതും പാടി ഫലിപ്പിക്കുന്നതുമാണ് കച്ചവടത്തിന്റെ വിജയരഹസ്യം.
അത്തരം ഒരു പാട്ട് 1952 കാലത്ത് ഓണാട്ടുകര പ്രദേശത്ത് ഇറങ്ങിയിരുന്നു. ആ പാട്ടിലെ വീരനായകന്‍ തോപ്പില്‍ ഭാസിയായിരുന്നു.

മരണത്തെ മുഖാമുഖം കണ്ട് പോലീസുകാരെ വെട്ടിച്ച് പലയിടങ്ങളില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്ന ഭാസി അന്ന് ഓണാട്ടുകരക്കാരുടെ ഹീറോ തന്നെയായിരുന്നു. ഭാസിയെ ചുറ്റിപ്പറ്റി ഒട്ടേറെ വീരകഥകള്‍ അന്ന് നാട്ടില്‍ പ്രചരിച്ചിരുന്നു. അക്കഥകള്‍ പാട്ടുപുസ്തകമാക്കി പാടി നടന്നാല്‍ അതില്‍ ഒട്ടും അതിശയോക്തി തോന്നേണ്ടതില്ല. അങ്ങനെയിരിക്കെ 1952 സെപ്തംബര്‍ 9 നാണ് തോപ്പില്‍ ഭാസിയെ പോലീസ് പിടികൂടിയത്. അത് നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു. പോലീസ് കസ്റ്റഡിയിലായ തോപ്പില്‍ഭാസിയെക്കുറിച്ച് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണത്തിന്റെ രീതിയില്‍ അന്നൊരു പാട്ടുപുസ്തകം ഇറങ്ങിയിരുന്നു.

Thoppil bhasi

ഒളിവില്‍ കഴിയുന്ന കാലത്താണ് തോപ്പില്‍ഭാസി എണ്ണയ്ക്കാട്ടു കൊട്ടാരത്തിലെ അമ്മിണിയമ്മ എന്ന പതിനാറുകാരിയെ വിവാഹം കഴിച്ചത്. കമ്മ്യൂണിസ്റ്റ് നേതാവ് ശങ്കരനാരായണന്‍തമ്പിയുടെ അനന്തിരവളാണ് അമ്മിണിയമ്മ. ശങ്കരനാരായണന്‍തമ്പിയും ഒളിവില്‍ കഴിയുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചവരായിരുന്നു ശങ്കരനാരായണന്‍ തമ്പിയും കുടുംബവും. നേതാക്കള്‍ പോലീസിന് പിടികൊടുക്കാതെ ഒളിത്താവളങ്ങള്‍ മാറിമാറിത്താമസിച്ച കൂട്ടത്തില്‍ ഒരിക്കല്‍ പല്ലനയിലെ പ്രശസ്തമായ പാണ്ഡവത്ത് വീട്ടില്‍ എത്തി. തമ്പിസാറിന്റെ അച്ഛന്റെ കുടുംബവീടാണ് പാണ്ഡവത്ത്. തമ്പിസാറിന്റെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെ മകളായ അമ്മിണിയമ്മയെ അവിടെവച്ചാണ് ഭാസി ആദ്യമായി കാണുന്നത്. അന്ന് തമ്പിസാറിനെ കൂടാതെ എം എന്‍ ഗോവിന്ദന്‍നായര്‍, എന്‍ ശ്രീധരന്‍, ജി കാര്‍ത്തികേയന്‍ എന്നീ സഖാക്കളും അവിടെയുണ്ടായിരുന്നു. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ അമ്മിണി കൂടെക്കൂടെ അവിടെത്തും. അപ്പോള്‍ അമ്മിണിയെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമാണോയെന്ന് എംഎന്‍ ഭാസിയോട് ചോദിച്ചു. ഭാസി സമ്മതിച്ചു.

1951 ലായിരുന്നു വിവാഹം. മലയാളമാസം 1127 ചിങ്ങമാസം 10-ാം തീയതി രാത്രി. അന്ന് ഭാസിയുടെ ഒളിത്താവളം കൊല്ലത്തായിരുന്നു. അവിടെനിന്നും പോലീസിന്റെ കണ്ണു വെട്ടിച്ച് ഭാസി പല്ലനയിലെത്തി. അവിടെ പുതുതായി കുത്തിയ കിണറിന്റെ വാസ്തുബലി ചടങ്ങിനെന്നു പറഞ്ഞ് കുറേ ആള്‍ക്കാരെയും കൂട്ടി. സദ്യയും ഏര്‍പ്പാടാക്കിയിരുന്നു. ചടങ്ങിന്റെ ഭാഗമെന്നോണം നിലവിളക്കും നിറപറയും ഒരുക്കിയിരുന്നു. പെണ്ണിനെയും ചെറുക്കനെയും അതിനുമുന്നിലെത്തിച്ച് രക്തഹാരങ്ങള്‍ ഇട്ട് താലി കെട്ടു നടത്തി. ഭാസി ഒളിസങ്കേതത്തിലേയ്ക്ക് മടങ്ങി. അമ്മിണിയമ്മ ബന്ധുക്കളോടൊപ്പവും പോയി.

സംഭവബഹുലമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. ഭാസിയുടെ ഒളിവു ജീവിതം തുടര്‍ന്നു. അതിനിടയില്‍ സഖാക്കള്‍ തരപ്പെടുത്തിയതനുസരിച്ച് പന്തളം കൊട്ടാരത്തില്‍ ഒരാഴ്ച അമ്മിണിയമ്മയും ഭാസിയും ഒന്നിച്ചു കഴിഞ്ഞു. തുടര്‍ന്ന് പാര്‍ട്ടിക്കാര്‍ നിര്‍ദ്ദേശിച്ചതുപോലെ അമ്മിണിയമ്മ വീട്ടിലേയ്ക്കും ഭാസി മറ്റൊരു ഒളിവുസങ്കേതത്തിലേയ്ക്കും മാറി. 52ലെ തെരഞ്ഞെടുപ്പില്‍ എംഎന്‍ ഗോവിന്ദന്‍ നായര്‍ ഭരണിക്കാവ് മണ്ഡലത്തില്‍ ഒളിവിലിരുന്നുകൊണ്ട് മത്സരിച്ചു. ഒളിവിലായിരുന്നതിനാല്‍ ഭാസിക്ക് പ്രചരണത്തിനിറങ്ങാന്‍ സാധിച്ചില്ല. പകരം ഭാസി എഴുതിക്കൊടുത്ത പ്രസംഗവുമായി അമ്മിണിയമ്മ എമ്മെന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിലെത്തി. എംഎന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാസിയുടെ ചെവിയില്‍ മറ്റൊരു സന്തോഷവാര്‍ത്തയുമെത്തി. അമ്മിണിയമ്മ പ്രസവിച്ചു. ആണ്‍കുഞ്ഞ്. അപ്പോള്‍ മുതല്‍ കുഞ്ഞിനെ കാണണമെന്ന് ഭാസിക്ക് മോഹം. അന്നും ഭാസിയുടെ ഒളിവുസങ്കേതം കൊല്ലത്തായിരുന്നു. സഖാക്കള്‍ വിലക്കിയിട്ടും അവിടെനിന്നും പല്ലനയിലെത്തി ഭാസി കുഞ്ഞിനെക്കണ്ട് സന്തോഷത്തോടെ മടങ്ങി. അതൊരു ഇടവമാസത്തിലായിരുന്നു.

thoppil bahsi

മാസം രണ്ട് കഴിഞ്ഞു. ചിങ്ങമെത്തി. ഓണക്കാലം. ഓണത്തിന് മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം കൊട്ടാരത്തിലെത്തി തന്നോടൊപ്പമിരുന്ന് ഓണമുണ്ണണമെന്ന് തമ്പിസാറിന്റെ അച്ഛന് നിര്‍ബ്ബന്ധമാണ്. ഭാസിക്ക് വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണമാണ്. ആ ഓണത്തിന് ഭാര്യയ്ക്കും മകനുമൊപ്പം ഓണമുണ്ണണമെന്ന് ഭാസിക്കൊരു മോഹമുദിച്ചു. ഭര്‍ത്താവും അച്ഛനുമായതിനുശേഷമുള്ള ആദ്യത്തെ ഓണത്തിന് മാധുര്യം ഏറുമല്ലോ.
എണ്ണയ്ക്കാട്ട് എത്തിയ ഭാസി അമ്മയേയും കുഞ്ഞിനേയും കണ്ടു. അന്നുറങ്ങിയില്ല. മകന്റെ വീരപരാക്രമങ്ങള്‍ അമ്മിണിയമ്മ വിവരിച്ചുകൊണ്ടേയിരുന്നു. രസകരമായ നിമിഷങ്ങള്‍. അങ്ങനെ രണ്ട് ദിവസം അവിടെ തങ്ങി. ചതയത്തിന്റന്ന് സന്ധ്യ. തൊട്ടിലില്‍ കിടന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. അമ്മിണിയമ്മ കുഞ്ഞിനെ എടുക്കാന്‍ പോയി. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഭാസിയും ഇറങ്ങി. ഒളിവിലാണെന്ന കാര്യംപോലും മറന്ന മട്ടിലായിരുന്നു, ഭാസി. കുളി കഴിഞ്ഞ് തോര്‍ത്തും തോളിലിട്ട് ഭാസി മുറിയിലേയ്ക്ക് കയറിച്ചെന്നപ്പോള്‍ അമ്മിണിയമ്മ വിളിച്ചുകൂവിക്കൊണ്ട് ഓടിവന്നു. ‘അയ്യോ! പോലീസ്!’

ഓര്‍ക്കാപ്പുറത്ത് ഭാസി ഭയന്നുപോയി. പുറത്തേയ്ക്ക് ഓടിച്ചെന്നപ്പോള്‍ മുന്നില്‍ രണ്ട് പോലീസുകാര്‍. അവര്‍ മുഖത്തേയ്ക്ക് ലൈറ്റടിച്ചു. ആരാണ്? ഭാസി ചോദിച്ചു. അവര്‍ മിണ്ടിയില്ല. അവര്‍ പിടിക്കാന്‍ തുടങ്ങുംമുമ്പേ ഭാസി ഓടി. മരച്ചീനിത്തോട്ടത്തിലൂടെ ഓടിയ. ഭാസിയുടെ പിന്നാലെ പോലീസുകാര്‍. വിസിലടി. പട്ടികുര. ബഹളം. സമനിരപ്പാണെന്ന് കരുതി ഓടിയ ഭാസി താഴെ നിരപ്പില്ലാത്ത തറയില്‍ തലയടിച്ചുവീണു. വീണ്ടും പകുതി പ്രജ്ഞയോടെ ഓടിച്ചെന്ന് വീണത് അടുത്തുള്ള പായല്‍ നിറഞ്ഞ കുളത്തില്‍. അവിടെനിന്നും പിടഞ്ഞെണീറ്റ് ഓടിയ ഭാസി ലാത്തിയടിയേറ്റു വീണു. അവിടെയിട്ടവര്‍ ഇഴജന്തുവിനെ തല്ലുംപോലെ തല്ലി. തോക്കിന്റെ പാത്തികൊണ്ട് നട്ടെല്ലിന് ഇടിച്ചു. അപ്പോഴേക്കും വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി. അമ്മിണിയമ്മ അലറിക്കരഞ്ഞു. ബന്ധുക്കള്‍ അവരെ അടക്കിപിടിച്ചിരുന്നു. പോലീസ് ജീപ്പു കൊണ്ടുവന്ന് ഭാസിയെ അതില്‍ കയറ്റിക്കൊണ്ടുപോയി. അങ്ങനെ ഭാസി ജയിലില്‍ കിടക്കുന്ന സമയത്താണ് പാട്ടുപുസ്തകക്കാരന്‍ തന്റെ രചനയുമായി രംഗത്തെത്തിയത്.
അന്ന് ഭാസിയും അമ്മിണിയമ്മയും മതിമറന്ന് താലോലിച്ച ആ കുട്ടിയാണ് പില്‍ക്കാലത്ത് പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകന്‍ അജയന്‍. നാടകങ്ങളില്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ച് കാണികളെ അമ്പരപ്പിച്ച ഭാസിയുടെ അതിനേക്കാള്‍ നാടകീയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ജീവിതത്തിന് 1992 ഡിസംബര്‍ 8 ന് തിരശ്ശീല വീണു.