ഗൃധീം.…..ഗൃധീം.….

Web Desk
Posted on May 12, 2019, 7:30 am

വിജയ് സി. എച്ച്

നാളെയാണ് തൃശ്ശൂര്‍ പൂരം! ഭൂമിയില്‍ നടക്കുന്ന ഏറ്റവും വര്‍ണ്ണശബളമായ ഉത്സവം. ചമയമണിഞ്ഞ ഗജവീരന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളത്തും, ആനപ്പുറത്തെ അത്ഭുതമെന്നറിയപ്പെടുന്ന കുടമാറ്റവും, ആകാശത്ത് വര്‍ണ്ണവിസ്മയം വിരിയിക്കുന്ന വെടിക്കെട്ടുകളും പ്രേക്ഷകരെ ആവേശത്താല്‍ ഇളക്കിമറിക്കുന്ന സമൂഹമേളങ്ങളുമാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍.
എന്നാല്‍, കൊമ്പന്മാരെ വിന്യസിക്കുന്നതിനും വെടിക്കെട്ടിനും അഞ്ചാറു വര്‍ഷമായി അധികൃതര്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൊല്ലംതോറും കൂടുതല്‍ കര്‍ശനമായിക്കൊണ്ടിരിക്കുന്നു. പൂരപ്രേമികളെ കടുത്ത നിരാശയിലാഴ്ത്തിക്കൊണ്ടാണ്, ഇന്ത്യയിലെതന്നെ ഏറ്റവും പൊക്കം കൂടിയ ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇക്കുറി പൂരത്തില്‍ പങ്കെടുക്കുന്നതു നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. ഗജരാജ തലയെടുപ്പിനു നേടിയ രാജ്യത്തെ ഒട്ടനധി പുരസ്‌കാരങ്ങള്‍ തന്റെ തുമ്പിക്കൈ ചുരുട്ടിയെടുത്ത് മേലോട്ട് ഉയര്‍ത്തിയിട്ടുള്ള രാമചന്ദ്രന്റെ ട്രാക്ക് റെക്കോഡ് അത്ര ശരിയല്ലത്രെ!
വര്‍ണ്ണക്കുടകളുടെ മഹേന്ദ്രജാലം നടക്കുന്ന തെക്കെഗോപുരനടയിലെ എഴുന്നള്ളത്തിനു കൊമ്പനാനകളിലെ സ്റ്റാര്‍ രാമചന്ദ്രന് അനുവാദം കിട്ടാനായുള്ള പരിശ്രമങ്ങള്‍ കൊടുംപിരികൊണ്ടു നില്‍ക്കുകയാണിവിടെ!

peruvana kuttan mararവെടിക്കെട്ട് നടത്താന്‍ PESO സുരക്ഷാ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ ഗുണ്ടിനും അമിട്ടിനും തീവ്രതയോടൊപ്പം ആരാധകരും കുറഞ്ഞു.
വടക്കുംനാഥന്‍ ക്ഷേത്രം നഗര മദ്ധ്യത്തിലായതിനാല്‍, വെടിക്കെട്ടു സ്ഥലത്തുനിന്ന് പൊക്കമുളള കെട്ടിടങ്ങളിലേക്കുള്ള ദൂരം മുതല്‍, കരിമരുന്നിന്റെ അളവു വരെ കടിഞ്ഞാണിട്ടിരിക്കുന്നത് പഴക്കം ചെന്നൊരു പാരമ്പര്യത്തിനുമേലാണ്.
‘ഭൂമികുലുക്കി’ കതിനകളും, പത്തുകിലോ പൊട്ടാസുംകൊണ്ട് എട്ടുനിലയില്‍ പൊട്ടി ഓരോനിലയിലും മാനത്തു പൂ വിരിയിച്ചിരുന്ന പടുകൂറ്റന്‍ അമിട്ടുകളും ഓര്‍മ്മയിലേക്കു ചേക്കേറുന്നു.

peruvana kuttan mararസമൂഹമേളങ്ങള്‍ക്കുമാത്രം ഇതുവരെ അതിരുകള്‍ ഇടാത്തതിനാല്‍, ദേവസംഗമത്തിന്റെ മഹത്വം കേട്ടറിയാനും, ഗൃഹാതുരത്വത്തിന്റെ ആര്‍ദ്രത അനുഭവിച്ചറിയാനും, പൂരപ്രേമികള്‍ക്ക് ആകെ ഇനി അവശേഷിക്കുന്നത് മേളകലാകാരന്മാരുടെ കൊട്ടുമാത്രം!
വാദ്യകലാശാഖയിലെ ഇതിഹാസ താരം, പെരുവനം കുട്ടന്‍ മാരാര്‍ ഇവിടെ സമൂഹമേളത്തിന്റെ പ്രമാണി. തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ 21 വര്‍ഷം തുടര്‍ച്ചയായി മേളപ്രമാണി സ്ഥാനം അലങ്കരിക്കുന്നത്!
കുട്ടേട്ടന്റെ പേരു തന്നെ പോരേ, പൂരപ്രേമികള്‍ പ്രകമ്പനം കൊള്ളാന്‍!
കൊട്ടിന്റെ കുലപതി കുട്ടേട്ടന്‍, രണ്ടു കോലുകള്‍കൊണ്ട് ചെണ്ടയില്‍ പെരുക്കി നാദവിസ്മയം തീര്‍ക്കുന്നതു കേട്ടാല്‍, കണ്ടാല്‍, ആവേശം താഴെനിന്നു മേലോട്ട് കൊട്ടിക്കയറും. ചേതോഹരംതന്നെ ഈ കാഴ്ച. കേള്‍ക്കാന്‍ മാത്രമുള്ളതല്ലല്ലൊ കുട്ടേട്ടന്റെ പ്രകടനം, കാണാനും കൂടിയുള്ളതല്ലേ!
കൊള്ളാം, കൊട്ടിന്റെ കഥ അതുതന്നെയല്ലേ! ചെണ്ടപ്പുറത്ത് കോലു വീഴുന്നിടത്ത് ഓടിച്ചെല്ലാത്ത മലയാളിയുണ്ടോ? ഇല്ല, അത്ര കണ്ട് ത്രസിപ്പിക്കുന്നതല്ലേ പണ്ടുമുതലേ ഈ തകൃതകൃത…! കുട്ടന്‍ മാരാര്‍ പറഞ്ഞു തുടങ്ങി..

PESO
‘ചെണ്ട പച്ച മലയാളിയാണ്. വാദ്യോപകരണങ്ങളില്‍ ഏറ്റവും ജനകീയന്‍. ഇത്രയും ദൂരെ കേള്‍ക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല, ഒരു പക്ഷെ, ഈ ലോകത്തുതന്നെ. ചെണ്ട കൊട്ടി അറിയിക്കുക എന്നായിരുന്നല്ലൊ നമ്മുടെ രീതി. വിളംബരം വരെ ചെയ്തിരുന്നത് ചെണ്ട കൊട്ടിയല്ലേ! അതിനാല്‍, ചെണ്ടയുടെ ശബ്ദം എവിടെ കേട്ടാലും അവിടെ ഓടി എത്തുന്നതും, ചുറ്റും കൂടിനിന്ന് താനെമറന്നു താളംപിടിക്കുന്നതുമെല്ലാം മലയാളികളുടെ പ്രത്യേക പൈതൃകം. അതുകൊണ്ടുതന്നെയാണ് പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു താഴെയാകുന്നത്.
ആ ചെണ്ടയുമായി കുട്ടേട്ടനും സംഘവും തൃശ്ശൂര്‍ പൂരത്തിന് അണിനിരന്നാല്‍, വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നൂറുകണക്കിനു കലാകാരന്മാര്‍, ചെണ്ടയും, കൊമ്പും, കുഴലും, ഇലത്താളവുമായി, കുട്ടേട്ടന്റെ ഇടത്തും വലത്തുമായി വിന്യസിച്ചു, പാണ്ടി മേളത്തിന്റെ ശബ്ദഗാംഭീര്യം രണ്ടര മണിക്കൂറുകൊണ്ടു നിര്‍വചിക്കുമ്പോള്‍, പതിനായിരങ്ങള്‍ നാദലഹരിയില്‍ ആറാടും, എല്ലാം മറന്നു മേളത്തിന്റെ ലയാനുഭൂതിയില്‍ അലിഞ്ഞു ചേരും. തൃശ്ശൂരുള്ളത് ലോകത്തെ ഏറ്റവും ആകര്‍ഷകമായ സമൂഹമേളം!

PESO
മേളങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ശബ്ദകലയെന്ന് സംഗീതജ്ഞര്‍ പറയുന്നു. ക്ഷേത്രകല എന്ന നിലയിലാണ് മേളങ്ങളെല്ലാം രൂപംകൊണ്ടിട്ടുള്ളതും. പിന്നീടത് പടിപടിയായി പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുകയും, പരീക്ഷണോന്മുഖമാവുകയും, ക്രമേണ സ്വതന്ത്ര വാദ്യകലാരൂപങ്ങളായി വികസിക്കുകയും ചെയ്തു. കാലം മാറുന്നതിനനുസരിച്ചു ക്ഷേത്രത്തിനു പുറത്തും ഒഴിച്ചുകൂടാനാവാത്ത കലാവിരുന്നുകളായി അവ മാറി. ചെണ്ട ഇന്ന് സാധാരണക്കാരുടെ ഇടയില്‍ ഏറെ പ്രചാരമുള്ള ശിങ്കാരിയില്‍ എത്തി നില്‍ക്കുന്നു!
പാണ്ടിമേളത്തിനും പഞ്ചാരിമേളത്തിനുമൊപ്പം, തായമ്പകയും പഞ്ചവാദ്യവും, മത്സരിച്ചു അരങ്ങേറുന്ന പൂരവേദിയാണ് തൃശ്ശൂര്‍. സ്വാഭാവികമായും ചെണ്ടമേളത്തിന്റെ ശ്രോതാക്കള്‍ അതിന്റെ വളരെ ആത്മാര്‍ത്ഥമായ ആരാധകരായിമാറി. താളവട്ടങ്ങളുടെ സൂക്ഷ്മമായ ദ്രുതലാസ്യ ഭാവങ്ങള്‍വരെ അവര്‍ ആസ്വദിക്കുന്നുമുണ്ട്.

PESO
തായമ്പകയും പഞ്ചവാദ്യവും തിരിച്ചറിയാത്തവരില്ല. എന്നാല്‍, തങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് പഞ്ചാരിയാണോ, പാണ്ടിയാണോയെന്ന് തിരിച്ചറിയണമെങ്കില്‍, കൊട്ടിന്റെ ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞേ മതിയാകൂ. പെട്ടെന്നു വഴങ്ങാത്ത ചിട്ടകളും താള വിന്യാസങ്ങളും ഉള്ളതുകൊണ്ടാണിത്. ധാരാളം കേട്ടു ശീലമുള്ള ചിലര്‍ക്ക് കൊട്ട് അവസാന ഘട്ടമെത്തുമ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുമിരിക്കും.
താളങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനു അവലംബമായി ഗണിക്കുന്ന അടിസ്ഥാന താളമായ ചെമ്പടയെ മുഴുവനായോ, ഭാഗികമായോ അഞ്ചുകാലത്തില്‍ കൊട്ടുകയാണ് പഞ്ചാരിയില്‍ ചെയ്യുന്നത്. മേളത്തിന്റെ കാലമാറ്റം നടക്കുന്നത് 96, 48, 24, 12, 6 എന്ന ക്രമത്തിലാണ്. ഓരോ കാലത്തിനും ഘട്ടങ്ങളുണ്ട്, കലാശമുണ്ട്, കൊട്ടുന്ന സമയത്തിനു അനുപാതവുമുണ്ട്. അങ്ങിനെ, അഞ്ചു കാലങ്ങല്‍ ക്രമമായി കൊട്ടുന്നതുകൊണ്ടാണ് പഞ്ചാരി എന്ന പേരുവന്നത്.
അടിത്തറ വിപുലമായതിനാല്‍, പഞ്ചാരിമേളത്തിന് താരതമ്യേന മാധുര്യം കൂടുതലാണ്. അതിനു കാരണം, പഞ്ചാരിയുടെ രാഗഘടന കര്‍ണ്ണാടക സംഗീതത്തിലെ രൂപകതാളം പോലുള്ള ഒന്നായതുകൊണ്ടാണ്. ഇതേ കാരണത്താല്‍, പഞ്ചാരിക്ക് ഒരു ക്ലാസിക് ടച്ചുണ്ട്. പഞ്ചാരി നന്നായി അറിയുന്ന ഒരു കലാകാരന്, പാണ്ടി ഒഴിച്ചുള്ള മേളങ്ങളെല്ലാം നിഷ്പ്രയാസം അഭ്യസിക്കാന്‍ കഴിയും. അതിനാല്‍, ചെണ്ടമേളങ്ങളില്‍ മാതൃകാ സ്ഥാനത്തായി പഞ്ചാരിയെ കാണുന്നു.
പഞ്ചാരിക്ക് ചെമ്പടയാണെങ്കില്‍, പാണ്ടിയുടെ അടിസ്ഥാനതാളം അടന്തയാണ്. തുടക്കം മുതലേ അടന്തയിലാണ് പാണ്ടി. ഇതില്‍ കാലങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല. തുടര്‍ച്ചയായ ആരോഹണം മാത്രമാണ്. അങ്ങോട്ടു കൊട്ടികയറുകയാണ്. വച്ചടിവച്ചടി കയറ്റം. രൗദ്രമാണ് ഇതിന്റെ ആവിഷ്‌കാരം!

ഭാവം രൗദ്രമായതിനാല്‍, പാണ്ടിമേളത്തിന്റെ പ്രത്യേകത ശബ്ദഗാംഭീര്യമാണ്. വിദൂരതയില്‍ നിന്നുപോലും, കൊട്ടിനെക്കുറിച്ചു അറിയാവുന്നവരാണെങ്കില്‍ പറയും, പാണ്ടിയാണ് ആ മുഴങ്ങുന്നതെന്ന്! അത്രയും പ്രത്യേകതയും, വശീകരണ ശക്തിയുമാണ് പാണ്ടിക്ക്. ഇലഞ്ഞിത്തറയാണ് പാണ്ടിക്കു കിട്ടുന്ന ഏറ്റവും ബൃഹത്തായ സദസ്സ്!
കൊട്ടുംപോലെ കൊട്ടിയാല്‍, ചെണ്ടയില്‍ കനത്തനാദം പാണ്ടി പടുത്തുയര്‍ത്തും. ഇതിനു താരതമ്യങ്ങളില്ല. ഇത് അത്യാകര്‍ഷണമാണ് ശ്രോതാക്കളില്‍ സൃഷ്ടിക്കുന്നതും. കണ്ടും കേട്ടും, അവര്‍ ആവേശഭരിതരാകും, രോമാഞ്ചമണിയും! ഇലഞ്ഞിത്തറമേളം ഒരിക്കല്‍ കേട്ടവര്‍ വീണ്ടുംവീണ്ടും ഇലഞ്ഞിച്ചുവട്ടിലെത്തുന്നതും അതുകൊണ്ടാണ് എന്നു പറയുമ്പോള്‍ കുട്ടേട്ടന് ആവേശം.
പൂരനഗരിയെ ത്രസിപ്പിക്കുന്ന രൗദ്രതാളം മാത്രമല്ല പാണ്ടിമേളം. ഇത്രയും കലാകാരന്മാര്‍ ഒരുമിച്ചണിനിരക്കുന്ന ഒരു സിംഫണി അല്ലെങ്കില്‍ ഓര്‍ക്കസ്ട്രയോ ലോകത്ത് എവിടെയുമില്ലായെന്ന രാജ്യാന്തര വിശേഷണം കൂടി ഇതിനുണ്ട്. ഇലഞ്ഞിത്തറയില്‍, മുന്നൂറില്‍പരം വാദ്യകലാകാരന്മാര്‍ കുട്ടേട്ടന്റെ കൂടെ! ശീതീകരിച്ച മുറിയിലല്ല, എരിപൊരികൊള്ളുന്ന മേട പുഴുക്കത്തില്‍. നേരിട്ടും, ദൃശ്യമാധ്യമങ്ങള്‍ വഴിയും, ലക്ഷോപലക്ഷം കണ്ണുകളാണ് കുട്ടേട്ടനുമേല്‍!
പല ക്ഷേത്രങ്ങളിലുമായി ഒരുവര്‍ഷം ശരാശരി മുന്നൂറു പ്രാമാണിത്വം വഹിക്കുന്നുണ്ടെങ്കിലും, ഇലഞ്ഞിത്തറയിലെ അമരക്കാരന്‍ കുട്ടന്‍ മാരാര്‍ തന്നെ. ഇലഞ്ഞിത്തറയിലെ രണ്ടര മണിക്കൂര്‍ നേരം അനുഭവിക്കുന്ന നിര്‍വൃതിയെപ്പറ്റി കുട്ടേട്ടന്‍ പറഞ്ഞു;

Thrissur Pooram
‘പാണ്ടിമേളത്തിനു സാക്ഷ്യം വഹിക്കുന്ന ലക്ഷക്കണക്കിനു പ്രേക്ഷകര്‍, ഓരോരുത്തരായി അനുഭവിക്കുന്ന നിര്‍വൃതിയുടെ ആകെത്തുക ഞാന്‍ ആ മേളപ്പെരുക്കത്തില്‍ ഒറ്റക്ക് അനുഭവിച്ചറിയുന്നു. ഒരു പൂരം കഴിഞ്ഞാല്‍, അടുത്ത പൂരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും. അടുത്ത വര്‍ഷത്തെ പൂരം വരേയും ഈ വര്‍ഷത്തെ ആ രണ്ടര മണിക്കൂര്‍ നേരത്തെ പരമാനന്ദം ജീവനോടെ നിലനില്‍ക്കും. അത്രക്കു ഹരം കൊള്ളിക്കുന്നതാണ് ആ അനുഭൂതി.…..!’

Thrissur Pooram
കുട്ടേട്ടന്‍ ഇലഞ്ഞിച്ചുവട്ടില്‍ ഇത് നാല്‍പ്പത്തിയൊന്നാമത്തെ വര്‍ഷം. മേളപ്രമാണിയാകാന്‍ നാളെ ചെണ്ട തോളിലിടുന്നത് ഇരുപത്തിയൊന്നാം തവണ. തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരന്റെ പ്രൗഢിയോടെ, വാദ്യമേള പരിവാരങ്ങളുടെ മദ്ധ്യസ്ഥാനത്തു കുട്ടേട്ടന്‍ നിലയുറപ്പിക്കുന്നു…
വടക്കുംനാഥനെ സാക്ഷിനിര്‍ത്തി, മേളകാരണവര്‍, താളഗന്ധര്‍വ്വന്‍, ചെണ്ടയില്‍ ആദ്യ കോല്‍ ഒലുമ്പുന്നു…
ഗൃധീം… ഗൃധീം… ഗൃധീംഗൃധീം…
താളവട്ടം ആരംഭിക്കട്ടെ…
നാളെ ഏല്ലാ വഴികളും വന്നെത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ സ്വരാജ് റൗണ്ടില്‍ പോരേ, പൂരം…!