Monday
18 Feb 2019

മൂളി വന്നൂ… സ്‌നേഹരാഗം

By: Web Desk | Sunday 30 September 2018 9:30 AM IST

യദുകൃഷ്ണ പി വൈ

ശ്രുതിയും ലയവും പോലെ ഇഴചേര്‍ന്നു കിടക്കുന്നതാണ് വൈക്കം വിജയലക്ഷ്മിക്ക് സംഗീതം. ഇരുള്‍ മൂടിയ ലോകത്ത് വിജയലക്ഷ്മി എന്ന വിജിക്ക് പ്രകാശവും പ്രത്യാശയും സംഗീതമാണ്. സംഗീതത്തെ മാറ്റി നിര്‍ത്തിയൊരു കൂട്ടും കുടുംബവും ഈ പാട്ടുകാരിക്കില്ല. ആലാപനത്തിലെ മികവും സ്വരമാധുരിയും അനുഗൃഹീതയാക്കിയ വിജിയുടെ ജീവിതയാത്രയിലേക്ക് പുലിയന്നൂര്‍ സ്വദേശി അനൂപ് കടന്നു വരുകയാണ്; പാടിപ്പതിഞ്ഞൊരു യുഗ്മഗാനത്തിലെ സ്‌നേഹരാഗം പോലെ.

രണ്ടാഴ്ച മുമ്പ് വൈക്കം ഉദയനാപുരം ഉഷാനിലയം എന്ന വിജയലക്ഷ്മിയുടെ വീട്ടില്‍ അനൂപ് വിജിക്ക് മോതിരം കൈമാറി, ഒപ്പം ജീവിതവും. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരിയുടെ സംഗീത ജീവിതത്തിലൂടെയും വിവാഹ വിശേഷങ്ങളിലൂടെയും ഒരു യാത്ര…..

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകിയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്. ഇന്റീരിയര്‍ ഡിസൈനറാണ്. ഒപ്പം മിമിക്രി കലാകാരനും. കഴിഞ്ഞ രണ്ടു വര്‍ഷമായി വിജിക്ക് അനൂപിനെ അറിയാം. കണ്ട് ഇഷ്ടപ്പെട്ടുവന്ന ആലോചനയാണ്. അനൂപ് നല്ലൊരു മിമിക്രി കലാകാരനാണ്. വിജിക്കും മിമിക്രിയോട് താല്‍പര്യമുണ്ട്. അനൂപിന് സംഗീതത്തോടും. രണ്ടുപേരും കലാരംഗത്തുള്ളവരായതുകൊണ്ട് പരസ്പരം പിന്തുണച്ച് ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒക്‌ടോബര്‍ 22നാണ് വിവാഹം.

അനൂപിനെ വൈക്കം വിജയലക്ഷ്മിയിലേക്ക് ആകര്‍ഷിച്ചത്?
എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും അനൂപേട്ടന് ഇഷ്ടമാണ്. അനൂപേട്ടന്‍ എന്നെ നന്നായിട്ട് അനുകരിക്കും. ഞാനും അനൂപേട്ടനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സംഗീത ജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

വിജയദശമി ദിനത്തിലായിരുന്നു ഞാന്‍ ജനിച്ചത്. 5 വയസുവരെ ചെന്നൈയിലായിരുന്നു താമസം. ഒന്നര വയസു മുതല്‍ ഞാന്‍ പാട്ട് പാടുമായിരുന്നു. സംഗീതത്തോട് എനിക്കുള്ള അഭിരുചി അച്ഛനും അമ്മയ്ക്കും മനസിലായി. ആദ്യം പാടി തുടങ്ങിയത് സിനിമാപാട്ടുകളാണ്. സിന്ധുഭൈരവി എന്ന ചിത്രത്തിലെ ചിത്ര ചേച്ചി പാടിയ ‘ഞാനൊരു സിന്ധ്’ അതാണ് ഞാന്‍ ആദ്യമായി പാടിയപാട്ട്. അച്ഛന്‍ വി മുരളീധരന്റെയും അമ്മ വിമലയുടെയും പ്രോത്സാഹനം അന്നുമുതലേയുണ്ടായിരുന്നു.

ക്ലാസിക്കല്‍ പാട്ടുകളുടെ കാസറ്റുകള്‍ കേള്‍ക്കുമായിരുന്നു. ദാസേട്ടന്‍, എം എസ് അമ്മ, ബാലമുരളിസാര്‍ എന്നിവരുടെ പാട്ടുകളാണ് അന്ന് കൂടുതലും കേട്ടിരുന്നത്. പിന്നെ ഒട്ടനവധി സംഗീതാചാര്യന്മാരുടെ ശാസ്ത്രീയസംഗീതങ്ങള്‍ കേള്‍ക്കുമായിരുന്നു.
യേശുദാസിനോടൊപ്പമുള്ള അനുഭവം ?

ദാസേട്ടന്‍ എന്റെ മാനസ ഗുരുവാണ്. എന്റെ ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു ദാസേട്ടനെ കാണണം, ഒപ്പം പാടണംഎന്നൊക്കെ. അത് ദൈവം സാധിച്ചുതന്നു. എന്റെ ആറാം വയസ്സില്‍ ദാസേട്ടന് ഞാന്‍ ഗുരുദക്ഷിണ സമര്‍പ്പിച്ചു. അന്ന് രണ്ടു മണിക്കൂര്‍ ദാസേട്ടനോപ്പം ചിലവഴിക്കാനും സാധിച്ചു. ദാസേട്ടന് ഗുരുദക്ഷിണ സമര്‍പ്പിച്ചശേഷമാണ് ഉദയാനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ എന്റെ സംഗീതത്തിന്റെ അരങ്ങേറ്റം കുറിക്കുന്നത്. 6 വയസ്സില്‍ കണ്ടതിനുശേഷം പിന്നീട് രണ്ടായിരത്തിലാണ് ദാസേട്ടനെ കാണുന്നത്, രത്‌നമാലിക അവാര്‍ഡ് വാങ്ങാന്‍ വന്നപ്പോള്‍ ചെന്നൈയില്‍. അന്ന് എനിക്കും ദാസേട്ടനും അവാര്‍ഡുണ്ടായിരുന്നു.
കൈരളി ടി വിയുടെ ഈണം സ്വരലയ അവാര്‍ഡ് വേദിയില്‍ ദാസേട്ടനൊപ്പം ഒരു ഗാനം ആലപിക്കുക എന്ന സ്വപ്നം സാക്ഷാല്‍കരിച്ചു. പിന്നീട് സിറ വനിത അവാര്‍ഡ് ദാനചടങ്ങില്‍ ദാസേട്ടനോടൊപ്പം ‘ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം’ എന്ന പാട്ടും പാടി പാടി.

താളമിട്ട ഗുരുക്കന്മാര്‍?

ഞാന്‍ ഏഴ് വയസ്സ് മുതല്‍ ഗുരുമുഖത്തുനിന്നും സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയതാണ്. അമ്പലപ്പുഴ തുളസി ടീച്ചറാണ് ആദ്യ ഗുരു. പാട്ടിന്റെ സാങ്കേതിക വശങ്ങള്‍ പറഞ്ഞ് തന്ന് രാഗം, സ്വരസ്ഥാനം, താളം എല്ലാം പഠിപ്പിച്ച് തന്നത് ടീച്ചറാണ്. ശേഷം വൈക്കം സുമംഗല ടീച്ചര്‍,വൈക്കം പ്രസന്ന ടീച്ചര്‍, തൃപ്പൂണിത്തറ വിന്‍സെന്റ് മാഷ്, മാവേലിക്കര പൊന്നമ്മ ടീച്ചര്‍ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു എന്റെ സംഗീത വിദ്യാഭ്യാസം. ഇപ്പോള്‍ നെടുമങ്ങാട് ശിവാനന്ദന്‍ സാര്‍, മാവേലിക്കര പി സുബ്രമണ്യന്‍ സാര്‍ എന്നിവരാണ് പഠിപ്പിക്കുന്നത്.
ദാസേട്ടന്‍, എം ജയചന്ദ്രന്‍ സാര്‍, ബി ഉണ്ണികൃഷ്ണന്‍ സാര്‍, കാവാലം ശ്രീകുമാര്‍ സാര്‍, ശരത് സാര്‍, പിന്നെ കാറ്റേ കാറ്റേ പാടിയ ശ്രീറാമേട്ടന്‍ എന്നിവര്‍ ഫോണിലൂടെ കീര്‍ത്തനം പഠിപ്പിച്ചിട്ടുണ്ട്.

എം ജയചന്ദ്രനുമായുള്ള ആത്മബന്ധം?

2005 മുതലേ എം ജയചന്ദ്രന്‍ സാറിനെ പരിചയമുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ പ്രോഗ്രാമിന് എറണാകുളത്ത് വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. അതിനുശേഷം ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഞാന്‍ സെലിബ്രിറ്റിയായി ഗായത്രിവീണ വായിക്കാന്‍ പോയിരുന്നു. അപ്പോഴാണ് സാറുമായി വീണ്ടും പരിചയപ്പെടാന്‍ അവസരമുണ്ടാകുന്നത്.

ജീവിതത്തില്‍ വഴിത്തിരിവായ ‘കാറ്റേ കാറ്റേ ഈ പൂക്കാമരത്തില്‍ പാട്ടും മൂളി വന്നോ’ എന്ന ആദ്യഗാനം വന്നവഴി?

ആത്മീയയാത്ര എന്ന ചാനലില്‍ അമൃതവര്‍ഷിണി രാഗം ഞാന്‍ ആലപിക്കുന്നത് എം ജയചന്ദ്രന്‍ സാറ് കേള്‍ക്കാനിടയായി. അതുകേട്ടപ്പോള്‍ എനിക്ക് എം എസ് സുബലക്ഷ്മിയമ്മയുടെ ശബ്ദമുണ്ടെന്ന് പറഞ്ഞു. സാറ് എന്നെക്കുറിച്ച് കമല്‍ സാറിനോട് പറയുകയുണ്ടായി. അങ്ങനെ കമല്‍ സാറും ജയചന്ദ്രന്‍ സാറും കൂടിയാണ് എന്നെ സെല്ലുലോയ്ഡ് എന്ന സിനിമയിലേക്ക് സെലക്ട് ചെയ്യുന്നത്.

ജയചന്ദ്രന്‍ സാര്‍ പറഞ്ഞു വിജയലക്ഷ്മി, ഒരു അത്ഭുതം സംഭവിക്കാന്‍ പോകുന്നു. പക്ഷേ അത് സിനിമയിലേക്കുള്ള അവസരമായിരിക്കുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുമില്ല. ഞാന്‍ കരുതിയത് സാറും കുടുബവുമായി വീട്ടില്‍ വരുമായിരിക്കുമെന്നാണ്. അപ്പോഴാണ് സാറ് പറയുന്നത് വിജി സിനിമയില്‍ പാടാന്‍ പോകുന്നുവെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് ലോട്ടറി അടിച്ചപോലയായി. സാറിനെ പോലുള്ളവര്‍ ഇങ്ങോട്ട് വിളിക്കുക എന്നത് മഹാഭാഗ്യം.

ബാഹുബലിയിലേക്കുള്ള അവസരം വന്നത്?

സംഗീത സംവിധായകന്‍ കീരവാണി സാറാണ് ബാഹുബലിയിലേക്ക് വിളിക്കുന്നത്. ഹൈദരാബാദ് വെച്ചായിരുന്നു റെക്കോഡിംഗ് .ഇരുപതു മിനിട്ടുകൊണ്ട് റെക്കോഡിംഗ് കഴിഞ്ഞു. അവിടെ ചെന്ന് പഠിക്കുകയാണ് ചെയ്തത്. സാറ് പാടി തന്നു. ഒരു ടേക്കില്‍ തന്നെ പാടി ഓക്കേയായി.

ഔസേപ്പച്ചനെ കണ്ടുമുട്ടുന്നത്?

സാറിന്റെ പാട്ടുകള്‍ കേട്ടുതുടങ്ങിയ പ്രായം മുതലുള്ള ആഗ്രഹായിരുന്നു നേരിട്ട് ഒന്ന് കാണുക എന്നത്. സെല്ലുലോയിഡിന്റെ തമിഴ് വേര്‍ഷന്‍ ജെസി ഡാനിയലില്‍ ‘കാറ്റേ കാറ്റേ’ പാടാന്‍ പോകുമ്പോള്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ചാണ് സാറിനെ ആദ്യമായി കാണുന്നത്. അപ്പോഴാണ് സാറ് പറഞ്ഞത് വിജയലക്ഷ്മിയെകൊണ്ട് ഒരു പാട്ട് പാടിക്കാനിരിക്കുവാണെന്ന്.
നടന്‍ എന്ന ചിത്രത്തിലെ ഒറ്റയ്ക്കുപാടുന്ന പുങ്കുയിലേ എന്ന പാട്ട് പാടാന്‍ അവസരം തന്നു. അതും കമല്‍ സാറിന്റെ ചിത്രമായിരുന്നു. ഔസേപ്പച്ചന്‍ സാറ് ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ പാടുന്ന കാസറ്റ് എനിക്കു തന്നു. അത് കേട്ട് പഠിച്ചാണ് ഞാന്‍ പാടിയത്. തൃശൂര്‍ ചേതനാ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. സാറ് പറയാതെ തന്നെ ഞാന്‍ മുഴുവന്‍ പാടികഴിഞ്ഞപ്പോള്‍, ‘ആ ഇനി ഞാന്‍ എന്ത് പറയാനാണ്’ എന്ന് സാറ് പറഞ്ഞു. അത് ഒരു കോംപ്ലിമെന്റായി കരുതുന്നു. ആ ഗാനത്തിന് എനിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യമായിട്ട് സിനിമയില്‍ ഗായത്രീ വീണ വായിക്കാന്‍ അവസരം തന്നതും ഔസേപ്പച്ചന്‍ സാറാണ്.

ഗായത്രീവീണയില്‍ പ്രാവീണ്യം എങ്ങനെ നേടി?

ഒറ്റക്കമ്പിയില്‍ ഇലക്ട്രിഫൈ ചെയ്ത് വായിക്കുന്ന സംഗീതോപകരണമാണ് ഗായത്രിവീണ. എന്റെ കസിന്‍ ബ്രദര്‍ വിനോദേട്ടനാണ് എനിക്ക് ആദ്യമായി ഇത് നിര്‍മ്മിച്ച് തന്നത്. ഒരു കമ്പി ഉപയോഗിച്ചുള്ള കളിവീണ പ്ലാസ്റ്റിക്ക് ബോട്ടിലില്‍ നിര്‍മ്മിച്ചു തന്നു. അന്ന് എനിക്ക് 15 വയസ്സ്. ഞാന്‍ വെറുതെ ചൂണ്ടുവിരല്‍ കൊണ്ട് മീട്ടിനോക്കി. ശേഷം സ്പൂണ്‍ ഉപയോഗിച്ച് സപ്തസ്വരങ്ങള്‍, കീര്‍ത്തനങ്ങള്‍, ഭക്തിഗാനങ്ങള്‍, സിനിമാഗാനങ്ങള്‍ എല്ലാം വായിക്കാന്‍ തുടങ്ങി. എനിക്ക് തന്നെ അപ്പോള്‍ അത്ഭുതം തോന്നി. എല്ലാം ദേവിയുടെ അനുഗ്രഹമാണ്.

1997 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എനിക്ക് ക്ലാസിക്കല്‍ മ്യൂസിക് വോക്കലിന് ഒന്നാം സ്ഥാനം ലഭിച്ചു. കുമ്മനം ശശികുമാര്‍ സാര്‍ എല്ലാവര്‍ഷവും ഒന്നാംസ്ഥാനം ലഭിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഗായത്രി തംബുരു സമ്മാനിക്കാറുണ്ട്. ആ വര്‍ഷം ആ ഭാഗ്യം എനിക്കു ലഭിച്ചു. അച്ഛന്‍ അത് ഒറ്റക്കമ്പിയില്‍ ഇലക്ട്രിഫൈ ചെയ്ത് എനിക്കു വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തു തന്നു. അതിന്റെ ഉള്ള് ഹോളോയാണ്. അതില്‍ സസ്റ്റയിന്‍ ശരിക്കും കിട്ടുന്നുണ്ടായിരുന്നില്ല. കണ്ടിന്യുവിറ്റിയും കിട്ടാത്തതു കൊണ്ട് അച്ഛന്‍ പുതിയതായിട്ട് മലേഷ്യന്‍ പ്ലാവില്‍ ഒറ്റക്കമ്പി ഉപയോഗിച്ച് വീണ നിര്‍മ്മിച്ചു. അതിലാണ് ഞാന്‍ ഇന്ന് വായിക്കുന്നത്.
ഗായത്രി വീണയ്ക്ക് ഗുരുദക്ഷിണ സമര്‍പ്പിച്ചത് പ്രശസ്ത വയലിന്‍ വിദ്വാന്‍ കുന്നുകുടി വൈദ്യനാഥ ഭഗവതര്‍ക്കാണ്. സാറാണ് ഗായത്രി വീണ എന്ന പേര് നല്‍കിയത്. ദാസേട്ടന് ഗായത്രി വീണ ഗുരുദക്ഷിണയായി സമര്‍പ്പിച്ചു.

ഈ കുറഞ്ഞ കാലയളവില്‍ത്തന്നെ ഒരുപാട് അംഗീകാരങ്ങള്‍ നേടി. അംഗീകാരങ്ങളെക്കുറിച്ച്?
അവാര്‍ഡ് എന്നത് നമുക്ക് മുന്നോട്ടുള്ള പ്രോത്സാഹനമാണ്. അടുത്ത ചുവടുവെയ്ക്കാന്‍ വേണ്ടിയുള്ള അനുഗ്രഹമായിട്ടാണ് ഈ അവാര്‍ഡുകളെ ഞാന്‍ കാണുന്നത്.
‘കാറ്റേ കാറ്റേ ഈ പൂക്കാമരത്തില്‍ പാട്ടുംമൂളിവന്നു’ ആണല്ലോ എന്റെ ആദ്യ പാട്ട്. അതിനു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത് എന്നെ ശരിക്കും അത്ഭുതപ്പെട്ടുത്തി. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ആദ്യ അവാര്‍ഡ് ലഭിച്ചപ്പോള്‍ ദാസേട്ടന്‍ പറഞ്ഞു ഫസ്റ്റ് തന്നെ അവാര്‍ഡ് ലഭിച്ചില്ലേ, ഇനി എന്തുവേണം.

പുതിയ പ്രോജക്ടുകള്‍?

മാംഗല്ല്യം തന്തുനാനേന എന്ന സിനിമയാണ് ഏറ്റവും പുതിയത്. ചാക്കോച്ചന്റെ സിനിമയാണ്. ഒരു സോളോ ആണ് ഞാന്‍ പാടിയിരിക്കുന്നത്. ‘അടിക്കുമ്പോള്‍ മുറുകുന്ന’ എന്നു തുടങ്ങുന്ന പാട്ട്. കൈക്കോട്ടിന്റെ വേറൊരു വകഭേദം.

ഇനിയുള്ള സ്വപ്നങ്ങള്‍?

ഇളയരാജാസാര്‍, എ ആര്‍ റഹ്മാന്‍ സാര്‍, വിദ്യാസാഗര്‍ സാര്‍, ശരത് സാര്‍ എല്ലാവരുടേയും കൂടെ പാടണം. പിന്നെ….കാഴ്ച കിട്ടണം. അനൂപേട്ടന്‍ പറഞ്ഞിട്ടുണ്ട്, അടുത്ത വര്‍ഷം വിജി ലോകം കണ്ടിരിക്കുമെന്ന്.