വിജയ് സി. എച്ച്

March 01, 2020, 9:08 am

സൗമ്യം, ദീപ്തം പികെവി

ലാളിത്യത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ആൾ‍രൂപമായിരുന്ന മുൻ മുഖ്യ മന്ത്രി പികെവി-യുടെ 94-ആം ജന്മ ദിനമാണ് നാളെ
Janayugom Online

തലസ്ഥാന നഗരിയിലെ ഹോട്ടലിൽ ഒരുമിച്ചു താമസിച്ചിരുന്നൊരാളെ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽനിന്ന് യാത്രയാക്കി വരുമ്പോഴാണ് കോട്ടയത്തേക്ക് പോകുന്ന ബസ്സിനടുത്ത് മാധ്യമങ്ങളിൽ കണ്ടു പരിചയം തോന്നുന്നൊരു മുഖത്തു കണ്ണുപതിഞ്ഞത്. എന്റെയും സുഹൃത്തിന്റെയും നടത്തം അപ്പോഴേക്കും ആ വ്യക്തിയെയും കടന്നു മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. യാത്രക്കാരെക്കൊണ്ട് ഇടംവലം തിരിയാൻ പഴുതില്ലാത്തവിടെ സഞ്ചാരം പെട്ടെന്നു നിർത്തി, ആ നിൽക്കുന്നത് പികെവി അല്ലേയെന്ന് ഞാൻ സുഹൃത്തിനോടു ചോദിച്ചു. മുൻ മുഖ്യ മന്ത്രി പോയിട്ട്, പത്തു ദിവസം അധികാര കസേരയിലിരുന്ന മുൻ പഞ്ചായത്തു പ്രസിഡന്റിനെപ്പോലും ചളി-തുറു ബസ് സ്റ്റാൻഡുകളിൽ കാണില്ലെന്നായിരുന്നു കൂട്ടുകാരന്റെ മറുപടി!
ആകാംക്ഷ! ഞങ്ങൾ തിരിച്ചു നടന്നു.

ആ വ്യക്തിയുടെ മുന്നിൽ വീണ്ടുമെത്തി. ആ മുഖത്തേക്കു ഞാൻ ശരിക്കൊന്നു നോക്കി. അതെ, അത് കേരളത്തിന്റെ ഒമ്പതാമത്തെ മുഖ്യ മന്ത്രിയായിരുന്ന പി കെ വാസുദേവൻ നായർ തന്നെയായിരുന്നു! ഒന്നു നടുങ്ങിയ ഞങ്ങൾക്ക് അൽപ്പ നേരത്തേക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. സാധാരണനില വീണ്ടെടുത്ത്, അദ്ദേഹത്തിന്റെ കൂടെ നിന്നിരുന്ന ആളോട് ഞാനൊരു വിദേശ പത്രത്തിന്റെ കറസ്പോൻഡന്റ് ആണെന്നും പികെവി സാറിനോട് അൽപ്പനേരം സംസാരിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. പ്രതിവാക്കു പറഞ്ഞത് പികെവി തന്നെയായിരുന്നു. കിടങ്ങൂർ (ജന്മനാട്) പോകുന്നുവെന്നും, അടുത്ത ദിവസം ഉച്ചതിരിഞ്ഞേ തിരിച്ചെത്തൂവെന്നും സൗമ്യമായി അദ്ദേഹം ഞങ്ങളോടു പറഞ്ഞു. എം എൽ എ ഹോസ്റ്റലിലെ ഒരു ഫ്ലാറ്റ് നമ്പർ പറഞ്ഞുതന്ന്, പിറ്റേന്നു വൈകീട്ട് അങ്ങോട്ടു ചെല്ലാൻ ആവശ്യപ്പെടുകയുംചെയ്തു.

പികെവിയുമായി കോട്ടയത്തേക്കുള്ള സർക്കാർ ബസ്സ്റ്റാൻഡു വിട്ടയുടനെ, റെയിൽവെ സ്റ്റേഷനിൽപ്പോയി പിറ്റേന്നു കാലത്തെ മടക്ക യാത്രക്കുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്ത് അതിനടുത്ത ദിവസത്തേക്ക് തൃശ്ശൂരിലേക്കു പുതിയ ടിക്കറ്റെടുത്തു. തിരുവനന്തപുരത്തെ അഭിമുഖ സംഭാഷണങ്ങൾക്കായ് മുന്നെ തയ്യാറാക്കിയിരുന്ന പട്ടികയിൽ പികെവിയെന്ന ലളിതമായ മൂന്നക്ഷരം ഇല്ലായിരുന്നുവെങ്കിലും, തമ്പാനൂർ തന്നൊരു സൗഭാഗ്യം തട്ടിക്കളയാമോ? കൊൽക്കത്തയിൽ നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രം ‘ദ ടെലഗ്രാഫി‘ന്റെ റിപ്പോർട്ടർ കൂടിയായ സുഹൃത്തും ഞാനും അന്നു രാത്രി ദീർഘനേരം സംവാദത്തിലേർപ്പെട്ടു.
മുഖ്യമന്ത്രി മാത്രമല്ല, മൂന്നു തവണ ലോക സഭാംഗവും, രണ്ടു തവണ നിയമ സഭാംഗവുമായി സംസ്ഥാനത്തിന്റെ വ്യവസായ‑വിദ്യാഭ്യാസ മന്ത്രിയുമായിരുന്നൊരുന്ന ഒരു ജനനേതാവ്, തിക്കിത്തിരക്കുന്ന സാധാരണക്കാരുടെ കൂടെ ബസ് കാത്തു നിൽക്കുന്നതൊരു അപൂർവ്വ ദൃശ്യമായി തോന്നിയതിന്റെ ‘ഇന്ത്യൻ രസതന്ത്രം’ ഏറെ വിശകലനം ചെയ്യാനുണ്ടായിരുന്നു!
കോളേജ് പ്രവേശനത്തിനായി മണിക്കൂറുകളോളം വരിയിൽനിന്ന് അഡ്മിഷൻ കൗണ്ടറിൽ എത്തിയ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകന്റെ അപേക്ഷാ ഫാറത്തിൽ പിതാവിന്റെ ജോലി എന്ന കോളത്തിൽ ‘For­mer Prime Min­is­ter of India’ എന്നു കണ്ട കൗണ്ടർ ക്ലാർക്ക്, ‘തെമ്മാടി, എന്നെ പറ്റിക്കാൻ ശ്രമിക്കുന്നുവോ? ’ എന്ന് ആക്രോശിച്ചതു തുടങ്ങി, ബസ് സ്റ്റാൻഡിൽ കണ്ട മുൻ മുഖ്യ മന്ത്രിയിലേക്കു ചർച്ച തിരിച്ചെത്തിയപ്പോൾ, ജനൽ പഴുതുകളിലൂടെ പ്രഭാത കിരണങ്ങൾ പ്രവേശിക്കാൻ തുടങ്ങിയിരുന്നു!
മുൻ പ്രധാന മന്ത്രിയുടെ മകനെ ക്യൂവിലും, മുൻ മുഖ്യ മന്ത്രിയെ പത്തു പൈസ കൊടുത്തു മൂത്രമൊഴിക്കുന്ന ബസ് സ്റ്റാൻഡിലും ഒരു ശരാശരി ഭാരതീയൻ പ്രതീക്ഷിക്കുന്നില്ലെന്നു ഉപസംഹരിച്ചു! ഇന്ത്യക്കാരന്റെ ചിന്ത എന്തുകൊണ്ടിങ്ങിനെ എന്നതിന് ഉത്തരം കിട്ടാൻ രാത്രിചർച്ചകൾ വീണ്ടും വേണ്ടിയിരുന്നു!

ലാപ് ടോപ്പും ഇന്റർനെറ്റും ഇല്ലാത്ത കാലമായിരുന്നതിനാൽ, ഉറങ്ങിയെണീറ്റ ഉടനെ പികെവിയുമായുള്ള അഭിമുഖത്തിന് മുന്നൊരുക്കമില്ലാതെയുള്ളൊരു ചോദ്യാവലി തയ്യാറാക്കി. ഞങ്ങൾ അന്ന് സംസാരിച്ച സമകാലിക രാഷ്ട്രീയ കാര്യങ്ങൾ ഇന്നിവിടെ പ്രസക്തമല്ലെങ്കിലും, പികെവിയെന്ന മഹാനുഭാവനെക്കുറിച്ചുള്ള പൊതുവായ ഓർമ്മകൾ കാലഹരണപ്പെടാത്തതാണ്! സംശയമില്ലാതെ പറയാം, സ്മൃതിപഥത്തിൽ എവിടെയൊ നിത്യഹരിതമാണവ! ഞാൻ പികെവിയുമായി സംവദിച്ചത്, അദ്ദേഹം നാലാം തവണ ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പായിരുന്നു. തിരുവനന്തപുരം സീറ്റു കോൺഗ്രസ്സിൽനിന്നു തിരിച്ചു പിടിക്കാൻ 2004‑ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം നാലാമത്തെ പ്രാവശ്യം പാർലിമെന്റിലെത്തിയത്. നിർഭാഗ്യവശാൽ, തലസ്ഥാനത്തെ പ്രതിനിധിയായി ഒരു വർഷത്തിനകം ഹൃദ്രോഗം മൂലം 79-ാം വയസ്സിൽ, 2005 ജൂലൈ 12‑ന്, ഓൾ‍ ഇന്ത്യാ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ‍ സയൻ‍സസിൽ‍ വച്ച് അദ്ദേഹം അന്തരിച്ചു.
മാർച്ച് 2,1926‑ൽ പാമ്പം വീട്ടിൽ കേശവ പിള്ളയുടേയും നാണിക്കുട്ടി അമ്മയുടേയും മകനായി ജനിച്ച പികെവി-യുടെ പ്രാഥമിക വിദ്യാഭ്യാസം ഉഴവൂരിലെയും കിടങ്ങൂരിലെയും സർക്കാർ പ്രൈമറി സ്കൂളുകളിലായിരുന്നു. പൂഞ്ഞാറിലെ ഹൈസ്കൂൾ വിദ്യഭ്യാസം കടന്നുപോയത് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുള്ള പ്രക്ഷോഭത്താൽ കലങ്ങിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലായിരുന്നു.

അങ്ങനെ സാമൂഹിക‑രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം കലാലയ കാലത്തുതന്നെ പികെവി ഉള്ളിലേക്കാവാഹിച്ചു. തുടർന്ന് ആലുവ യുസി കോളേജിൽ എത്തിയപ്പോൾ ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തിന്റെ അന്ത്യഘട്ടം കൊടുംപിരികൊണ്ടു നിൽക്കുകയായിരുന്നു. സ്വാഭാവികമായും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയിരുന്ന എഐഎസ്എഫില്‍ ചേർന്നുകൊണ്ട് തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക്, ചരിത്രപരമായൊരു മുഹൂർത്തത്തിൽ, വിദ്യാർത്ഥി സംഘടനയിലൂടെ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം! ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം നിയമപഠനത്തിനായി അദ്ദേഹം തിരുവനന്തപുരം ലോ കോളേജിൽ ചേന്നു. പഠനാനന്തരം, 1945‑ൽ പികെവി കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുകയും ചെയ്തു.

പികെവി ആദ്യമായി അറസ്റ്റുചെയ്യപ്പെട്ടത് തിരുവിതാംകൂറിലെ രാജഭരണത്തിനെതിരെ പ്രസംഗിച്ചതിനായിരുന്നു. തുടർന്ന് ആ ദുർഭരണത്തിനെതിരെ സായുധവിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്താ തീസീസിനെ മാനിച്ച് അദ്ദേഹം ഒളിവിലിരുന്ന് പ്രവർത്തനം ആരംഭിച്ചു. 1951‑ൽ പികെവി വീണ്ടും അറസ്റ്റിലായി. 1956 നവംബർ ഒന്നിന് രൂപീകൃതമായ കേരള സംസ്ഥാനം പിന്നീടു കണ്ടത്, ലോക സഭാ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തുടർച്ചയായി വിജയം നേടിക്കൊണ്ടിരുന്ന ഒരു ദേശീയ നായകനെയായിരുന്നു. 1957‑ൽ തിരുവല്ലയും, 1962‑ൽ അമ്പലപ്പുഴയും, 1967‑ൽ പീരുമേടും ലോക സഭയിൽ പികെവി പ്രതിനിഭീകരിച്ചു. 1977‑ലും, 1980‑ലും അദ്ദേഹം നിയമ സഭയിലെത്തിയത് ആലപ്പുഴയിൽനിന്നായിരുന്നു.

പല പ്രാവശ്യം പല നിയോജകമണ്ഡലങ്ങളിൽനിന്ന് ദേശീയ‑സംസ്ഥാന നിയമ നിർമ്മാണ സഭകളിലേക്കു ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുന്നത് ഒരു രാഷ്ട്രീയക്കാരന്റെ ജനകീയതയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ജനസ്വാധീനമുള്ള ഭൂരിപക്ഷം രാഷ്ട്രീയക്കാർക്കും അവകാശപ്പെടാൻ കഴിയാത്തതായി പികെവിയിൽ പലതുമുണ്ടായിരുന്നു. പ്രക്ഷോഭകാരിയായിരിക്കുമ്പോഴും, സൗമ്യമായി സമീപിച്ചു രാഷ്ട്രീയ എതിരാളികളെ കീഴ്പ്പെടുത്തിയ പികെവിയുടെ ആദർശ ശുദ്ധിയും, ധീരമായ രാഷ്ട്രീയ നിലപാടുകളും, സത്യസന്ധതയിൽ വേരൂന്നിയ ഭരണ നിപുണതയും അദ്ദേഹത്തെ മറ്റു ജനനായകരിൽനിന്നും വിഭിന്നനാക്കി. സംസ്ഥാനം നേരിട്ട എല്ലാ പ്രതിസന്ധികളിലും അദ്ദേഹം മൂല്യങ്ങൾ‍ക്കൊപ്പം നിന്നു. മതേതരത്വവും ജനാധിപത്യവും ഉയർ‍ത്തിപ്പിടിച്ച പികെവിയെ ജനം എന്നും നെഞ്ചോടു ചേർത്തുപിടിക്കുകയും ചെയ്തു. ഇന്ത്യ കണ്ട പ്രഗല്‍ഭരായ പാര്‍ലമെന്റേറിയന്‍മാരുടെ നിരയില്‍അദ്ദേഹം സ്ഥാനം പിടിച്ചു.

കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന കോടതിയുടെ പരാമർശമോ, രാഷ്ട്രീയ ദുരഭിമാനമോ മുഖ്യമന്ത്രിമാരെ ആ പദവിയിൽനിന്ന് രാജിവെക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നുള്ളത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ചില കറപുരണ്ട അദ്ധ്യായങ്ങളാണ്. എന്നാൽ, പികെവി ആ സ്ഥാനം വിട്ടിറങ്ങിയത് ഇടതു പാർട്ടികളുടെ ഏകീകരണം സാക്ഷാൽക്കരിക്കാനായിരുന്നു! താത്വികമായി സ്വരച്ചേർച്ചയുള്ളവർ ചേർന്നുണ്ടാക്കുന്നൊരു സർക്കാർ, സംസ്ഥാനത്തിനു ഗുണം ചെയ്യുമെന്ന തിരിച്ചറിവ്! തങ്ങൾക്കു പ്രിയപ്പെട്ടവർ ചെയ്യുന്ന എന്തും, ഏതും ‘നിലപാട്’ എന്നു വീമ്പിളക്കുന്നവർ ഈ സുന്ദര പദത്തിന്റെ ശരിയായ അർത്ഥമെന്തെന്ന് പികെവിയിൽനിന്നു പഠിക്കണം!കോൺഗ്രസ്സുമായുള്ള തന്റെ പാർട്ടിയുടെ ചങ്ങാത്തം അവസാനിപ്പിച്ചു, ഇന്നു കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു രൂപം നൽകാൻ തന്റെ മുഖ്യ മന്ത്രിപദം അന്ന് ഉപേക്ഷിച്ച ക്രാന്തദർ‍ശിയായ ഭരണാധികാരിയായിരുന്നു പികെവി.

തത്ത്വദീക്ഷയും, രാഷ്ട്രീയ ദീർഘവീക്ഷണവും, അർപ്പണ മനോഭാവവുമുള്ള ഒരു സ്റ്റേറ്റ്സ്മാനിൻനിന്നു മാത്രം പ്രതീക്ഷിക്കാവുന്ന ഒന്നല്ലേ ഇത്?കലാ-സാംസ്കാരിക‑സാഹിത്യ രംഗങ്ങളിൽ ഇത്രയും സജീവമായിരുന്ന മറ്റൊരു മുഖ്യമന്ത്രി നമുക്കുണ്ടായിട്ടില്ലെന്നതും പികെവിയെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഉൽകൃഷ്ട ഗുണമാണ്. പതിനാലു വർഷം തന്റെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും, 13 കൊല്ലം ലോക സഭയിൽ പാർലിമെന്ററി കക്ഷി സെക്രട്ടറിയും, പാർട്ടി മുഖപത്രത്തി്രെയും സഹോദര പ്രസിദ്ധീകരണങ്ങളുടെയും ലേഖകനോ പത്രാധിപരോ ആയിരുന്ന പികെവി, കെപിഎസി, വയലാർ രാമ വർമ്മ ട്രസ്റ്റ് മുതലായ നിരവധി കലാസാംസ്കാരിക സംഘടനകളുടെ അമരക്കാരനുമായിരുന്നു.ലാളിത്യമാർ‍ന്ന ജീവിത രീതിയും വിനീത ഭാഷണവും എതിർകക്ഷിയിലുള്ളവരുടെ പോലും ആദരവ് അദ്ദേഹത്തിനു നേടിക്കൊടുത്തു.

കക്ഷി രാഷ്ടീയത്തിനതീതമായി, സമുജ്ജ്വലമായ ഒരു വ്യക്തിത്വത്തെ ‘He’s a gem of a per­son’ എന്നു വിളിക്കാൻ അറച്ചുനിൽ‍ക്കേണ്ടതില്ലെന്നു ചിന്തിക്കുന്നവർക്കും പികെവി ‘ഒന്നാമനായ ഒമ്പതാമ’നായിരുന്നു!തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ തമ്പാനൂരിലെ ജനനിബിഡമായ സർക്കാർ ബസ് സ്റ്റാൻഡിൽവെച്ചു കണ്ടുമുട്ടിയത് ഈ ലേഖകൻ രണ്ടു പതിറ്റാണ്ടിനു ശേഷവും ഉള്ളിന്റെ ഉള്ളിൽ കൊണ്ടുനടക്കുന്നതിന്രെ കാരണവും മറ്റൊന്നല്ലല്ലൊ!ഇഎംഎസ്സിനും, പട്ടം താണുപിള്ളക്കും, ആർ ശങ്കറിനും, സി അച്യുതമേനോനും, കെ.കരുണാകരനും, എ കെ ആന്റണിക്കും ശേഷമെത്തിയതിനാൽ, പികെവി കേരള മുഖ്യമന്ത്രിമാരുടെ പേരുപട്ടികയിലെ ഏഴാമനായി! ഇഎംഎസ്സും, അച്യുതമേനോനും രണ്ടു പ്രാവശ്യം വീതം ഈ സ്ഥാനത്തെത്തിയതിനാൽ സ്ഥാനപ്പട്ടികയിലെ ഒമ്പതാമനുമായി!പേരുപട്ടികയും, സ്ഥാനപ്പട്ടികയും മാറ്റിവച്ച്, കേവലം ഒരു കൊല്ലം മാത്രം (ഒക്ടോബർ 29,1978 — ഒക്ടോബർ 7,1979) സംസ്ഥാനത്തിന്റെ ഭരണത്തലവനായിരുന്നൊരാളെ ഇത്രയും ആരാധനയോടെ പൊതുജനം നെഞ്ചിലേറ്റുന്നതിന്റെ കാരണം അന്വേഷിക്കുന്നതായിരിക്കും ഒരു കേരള രാഷ്ട്രീയ ചരിത്ര വിദ്യാർത്ഥി തിരഞ്ഞെടുത്തു പഠിക്കേണ്ട പ്രഥമ പാഠം!

Eng­lish Sum­ma­ry: Arti­cle about vkp