അനു മാത്യൂസ് (എസ്യൂടി ഹോസ്പിറ്റല്‍)

November 20, 2020, 6:08 pm

തണുപ്പുകാല പ്രതിരോധ ഭക്ഷണം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

Janayugom Online

ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങള്‍ക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്. കൂടാതെ കോവിഡ് കാലമായതിനാല്‍ പ്രതിരോധശക്തി ഏറ്റവും കൂടുതല്‍ ആവശ്യമായ സമയവുമാണ്. ഒപ്പം ജലദോഷം മുതല്‍ ആസ്ത്മ വരെയുള്ള രോഗങ്ങളെ നേരിടാനും ശരീരത്തെ സജ്ജമാക്കിയിരിക്കണം. ഇതിനെല്ലാം വേണ്ടി രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

 

ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഉദാ: പഴങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, നട്‌സ്, മുഴുധാന്യങ്ങള്‍, ഒപ്പം ചില സുഗന്ധ വ്യജ്ഞനങ്ങളും. കടുംനിറത്തിലുള്ള (പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്) പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആന്റീഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. (ഉദാ: തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്) കടല്‍ വിഭവങ്ങള്‍, ചീര, പയര്‍, നട്‌സ് എന്നീ സിങ്ക് അടങ്ങിയ ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള ശാരീരിക കഴിവ് വര്‍ദ്ധിപ്പിക്കുന്നു. അയണ്‍, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ഇലക്കറികള്‍, പാല്‍, മുട്ട, ചീസ്, കടല എന്നിവയും ഉള്‍പ്പെടുത്തണം.

ശരീരതാപം ഉയര്‍ത്താം

തണുപ്പുകാലത്ത് ശരീരിക താപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പും ബ്രൗണ്‍ റൈസും ഭക്ഷണത്തിന്റെ ഭാഗമാക്കാം. പാചകത്തിന് കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.

 

തണുപ്പുകാലമാണെങ്കിലും ദാഹം കൂടുതല്‍ തോന്നിയില്ലെങ്കിലും 1.5 — 2 ലിറ്റര്‍ വെള്ളം കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീന്‍ ടീ, ഇഞ്ചിയും പുതിനയും തേനും ചേര്‍ന്ന ചായ, കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത പാല്‍ എന്നിവയും കുടിയ്ക്കാം. അത്താഴത്തിന് മുമ്പ് വെജിറ്റബിള്‍ സൂപ്പ്, ചിക്കന്‍ സൂപ്പ് എന്നിവ കഴിക്കുന്നതും ഉന്മേഷം നല്‍കും.

വ്യായാമം, ഉറക്കവും പ്രധാനം

ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വൈറ്റമിന്‍ ഡി ഉറപ്പു വരുത്തും. യോഗ, പ്രാണയാമം, സൂര്യ നമസ്‌കാരം എന്നിവ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കും. അര മണിക്കൂര്‍ ലഘു വ്യായാമവും ഏഴ് മണിക്കൂര്‍ ശരിയായ ഉറക്കവും ഉറപ്പുവരുത്തണം. ഒപ്പം രോഗങ്ങളുടെ തുടക്കത്തില്‍തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്തുക. സ്വയം ചികിത്സയും വീട്ടു ചികിത്സയും പലപ്പോഴും അപകടം വിളിച്ചു വരുത്തും.

ENGLISH SUMMARY:Article by Anu math­ew’s (SUT HOSPITAL ) about Win­ter resis­tant food
You may also like this video