September 26, 2022 Monday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

നരേന്ദ്രമോഡിയുടെ ഇന്ത്യ യഥാര്‍ത്ഥ ചിത്രം എന്ത്?

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 29, 2021 4:25 am

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപി-സംഘപരിവാര്‍ കൂട്ടങ്ങളുടെയും ഏറ്റവും ശക്തരായ വക്താക്കളും പ്രചാരകന്മാരുമായി നാളിതുവരെയായി നിലകൊണ്ടിരുന്നത് ഹിന്ദു മധ്യവര്‍ഗ വിഭാഗമായിരുന്നല്ലോ. എന്നാല്‍, ഇന്നത്തെ സ്ഥിതി അപ്പാടെ മാറിയിരിക്കുന്നു. ഈ ജനവിഭാഗം തന്നെയാണ് മോഡി ഭരണത്തെ അതിതീവ്രമായ ഭാഷയില്‍ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഇത്തരമൊരു നിലവാരത്തിലുള്ള വിമര്‍ശനത്തിലേക്കു നയിച്ചത് സാമ്പത്തിക വികസനമേഖലയില്‍ മോഡി ഭരണത്തിന് സംഭവിച്ച പിഴവുകള്‍ മാത്രമായിരുന്നില്ല. തൊഴിലില്ലായ്മയില്‍ 2014നും 2019നും ഇടയ്ക്കുണ്ടായ കുത്തനെയുള്ള വര്‍ധനവിനും ഈ വിമര്‍ശനത്തിന് പറയത്തക്ക പങ്കൊന്നും ഉണ്ടായിരുന്നില്ല. കാരണം, ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ മോഡി അധികാരത്തിലെത്തുന്ന കാലഘട്ടത്തിനുമുമ്പും അനുഭവപ്പെട്ടിരുന്നതാണ്. ഒരുപക്ഷെ, തൊഴിലില്ലായ്മയിലുണ്ടായ വര്‍ധന പിന്നിട്ട 45 വര്‍ഷക്കാലത്തിലേതിനെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമായിട്ടുണ്ടെന്ന് അംഗീകരിച്ചാല്‍ തന്നെയും മോഡിവിരുദ്ധതയുടെ കാഠിന്യം വര്‍ധിപ്പിക്കാന്‍ ഇതത്ര വലിയൊരു പങ്കുവഹിച്ചിരിക്കാനിടയില്ല.

അപ്പോള്‍ പിന്നെ, എന്തായിരിക്കണം ദേശീയതലത്തില്‍ അനുദിനം ശക്തിയും വ്യാപ്തിയും ആഴവും പെരുകിവരുന്ന മോഡി-വിരുദ്ധ വികാരത്തിലേക്ക് ഇന്ത്യന്‍ മധ്യവര്‍ഗത്തെ പ്രത്യേകമായും ഇന്ത്യന്‍ ജനതയെ ആകെത്തന്നെയും കൊണ്ടെത്തിച്ചിട്ടുണ്ടാവുക എന്ന് നമുക്ക് ചിന്തിക്കേണ്ടിവരുന്നു. 2020ല്‍ തീര്‍ത്തും അപ്രതീക്ഷിതമായ നിലയില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ലോക്ഡൗണിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വിവിധ നഗരകേന്ദ്രങ്ങളില്‍ നിന്നും കാല്‍നടയായും കിലോമീറ്ററുകള്‍ താണ്ടി മുഴുപട്ടിണിയിലും അര്‍ധപട്ടിണിയിലും സ്വന്തം ഗ്രാമങ്ങളിലേക്ക് വലഞ്ഞു നടന്നുനീങ്ങിയ സാഹചര്യത്തില്‍പ്പോലും മോഡി വിരുദ്ധത ഇന്നത്തെ നിലയിലേതുപോലുള്ള രൂക്ഷതയിലേക്കെത്തിക്കുകയുണ്ടായില്ല. ഇതിനുള്ള കാരണങ്ങളിലൊന്ന് സ്വന്തം നാട്ടിലായാലും അന്യസംസ്ഥാനങ്ങളിലായാലും അവരില്‍ ഭൂരിഭാഗവും പരമദാരിദ്ര്യത്തില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു എന്നതുതന്നെ. മറ്റൊരു കാരണം, അതിഥി തൊഴിലാളികളെന്ന് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ വിവക്ഷിച്ചുവരുന്ന ഈ കുടിയേറ്റ തൊഴിലാളികളില്‍ ഏറെക്കുറെ മുഴുവനാളുകളും ന്യൂനപക്ഷ മുസ്‌ലിം വിഭാഗക്കാരാണ് എന്നതുമാണ്. ഈ രണ്ട് വിഭാഗക്കാരുടെ സഹതാപമോ, പിന്തുണയോ സംഘപരിവാര്‍-ബിജെപി വൃന്ദങ്ങള്‍ക്ക് പണ്ടും ലഭ്യമാകാറുമില്ല. മാത്രമല്ല, മുസ്‌ലിം മതന്യൂനപക്ഷത്തെ സംഘപരിവാറുകാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരാണെന്ന് അംഗീകരിക്കാനും തയ്യാറല്ല.

നിലവിലുള്ള സാഹചര്യത്തില്‍ സംഘപരിവാര്‍-ബിജെപി വൃന്ദങ്ങള്‍ നഗരവാസികളായ ജനതയെ ലക്ഷ്യമാക്കി പ്രചരിപ്പിക്കുന്ന മെജോറിറ്റേറിയന്‍ പ്രത്യയശാസ്ത്ര ചിന്തകള്‍ക്ക് വേണ്ടത്ര സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കാതായിരിക്കുന്നു. കാരണം, നഗരവാസികള്‍ക്കും ഗ്രാമീണ ജനതയെപോലെ തന്നെ, കോവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തെ തുടര്‍ന്ന്, സ്വന്തം കുടുംബാംഗങ്ങള്‍ക്കു സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുകയല്ലേ? സ്വന്തക്കാരോടൊപ്പം സുഹൃത്തുക്കളും അയല്‍വാസികളും ഈ മഹാമാരിക്കു കീഴടങ്ങുമ്പോള്‍, അവരെല്ലാം നിസഹായരായ കാഴ്ചക്കാരായി മാറുകയാണ്. ആശുപത്രികിടക്കകളുടെ അപര്യാപ്തത, ഓക്സിജന്‍ ക്ഷാമം, ഔഷധത്തിന്റെ ദൗര്‍ലഭ്യം എന്നതിനുപുറമെ മരണം സംഭവിച്ചതിനുശേഷം മറവുചെയ്യാനൊരു ഇടംപോലും ഇല്ലാത്ത അവസ്ഥയാണിന്നുള്ളത്. ഹിന്ദു സമുദായം പൊതുവില്‍ പരിപാവനമായി കരുതി ആരാധിച്ചുവരുന്ന ഗംഗാനദിയില്‍ എഴുപതോളം അഴുകിയ ശവശരീരങ്ങള്‍ ഒഴുകിനടക്കുന്നതായിട്ടാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ശ്മശാനങ്ങളില്‍ വേണ്ടത്ര ഇടമില്ലാത്തതിനെത്തുടര്‍ന്ന് ഒഴുകിനടക്കുന്ന ശവശരീരങ്ങള്‍ ആരാണ് നദിയിലെത്തിച്ചതെന്നതിനെ പറ്റി ബിഹാര്‍-യുപി സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്പോരും നടക്കുന്നുണ്ട്. ബിഹാറില്‍ ബിജെപി നിര്‍ണായക പങ്കാളിത്തം വഹിക്കുന്ന സര്‍ക്കാരാണെങ്കില്‍ യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ തന്നെയാണ് അധികാരം കയ്യാളുന്നത്. കേന്ദ്രത്തിലാണെങ്കിലോ, മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സര്‍ക്കാരാണ് തങ്ങളുടേതെന്ന് വീമ്പിളക്കി അധികാരത്തിലെത്തിയ നരേന്ദ്രമോഡി സര്‍ക്കാരും. ‘ലെസ് ഗവണ്‍മെന്റ്, ബെറ്റര്‍ ഗവേര്‍ണന്‍സ്’ എന്ന മുദ്രാവാക്യത്തിന്റെ ആദ്യ ഭാഗം ഒരുവിധം പൂര്‍ണമായി നടപ്പാക്കിയപ്പോള്‍ രണ്ടാമത്തെ ഭാഗം പരമദയനീയാവസ്ഥയിലാണിന്നും തുടരുന്നത്. അതേസമയം മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വാസമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഒരര്‍ത്ഥത്തില്‍ ആശ്വാസത്തിനുവകയുണ്ട്. മാര്‍ക്സിസം അതിന്റെ വളര്‍ച്ചയുടെ ഒരു പ്രത്യേകഘട്ടത്തില്‍ എത്തുന്നതോടെ സ്റ്റേറ്റ് തന്നെ അപ്രത്യക്ഷമാകും- “സ്റ്റേറ്റ് വില്‍ വിതര്‍ എവെ” — എന്നാണല്ലോ പ്രവചിക്കപ്പെടുന്നത്. മോഡി ഭരണത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്. ഒരു കോണ്‍ഗ്രസ്‌മുക്ത ഭാരതത്തോടൊപ്പം കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് വിരുദ്ധ ഭരണക്രമങ്ങളും യാഥാര്‍ത്ഥ്യമാക്കുമെന്ന സംഘപരിവാര്‍ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നത് വേറെ കാര്യം. കോവിഡ് 19 പ്രതിസന്ധി രണ്ടാം തരംഗത്തിലെത്തിയതിനുശേഷം സ്റ്റേറ്റ് അഥവാ ഭരണകൂടം എന്നൊരു സംവിധാനം നിലവിലുണ്ടോ എന്ന് ശങ്കിക്കുന്നവരുടെ എണ്ണം പെരുകി വരികയാണ്.

ഈ നിലയിലുള്ള വിമര്‍ശനങ്ങളേയും എതിര്‍ശബ്ദങ്ങളെയും സൃഷ്ടിപരമായ കര്‍മ്മപദ്ധതികളിലൂടെ നേരിടേണ്ടതിനുപകരം മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും മാധ്യമവക്താക്കളെയും നിയമവ്യവസ്ഥകളുടെ ദുര്‍വ്യാഖ്യാനത്തിലൂടെ നിശബ്ദരാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തുവരുന്നത്. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍, ഗൗതം നവലഖെ തുടങ്ങിയവര്‍ മുതല്‍ ഏറ്റവുമൊടുവില്‍ മലയാളത്തിലെ പ്രശസ്ത കവിയായ കെ സച്ചിദാനന്ദനെയും മോഡിക്കെതിരായ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണിന്നും. വിവിധ വാര്‍ത്താ-സാമൂഹ്യ മാധ്യമ ചാനല്‍ ഉടമകള്‍ക്കും അവയിലെ ആങ്കര്‍മാര്‍ക്കും എതിരായും കോവിഡ് സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവയ്ക്കാന്‍ നിരന്തരം നിര്‍ബന്ധവും ഭീഷണിയും ചെലുത്തിവരുകയുമാണ്. ഇതിനിടെ കോവിഡ് ബാധിതര്‍ നിത്യേന ഓക്സിജന്‍ ക്ഷാമംമൂലം മരിച്ചുവിഴുന്ന വാര്‍ത്തകള്‍ ആഗോളമാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലും കുറ്റകരമായ പാഴ്‌ചെലവെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന സെന്‍ട്രല്‍ വിസ്റ്റാ നിര്‍മ്മാണ പദ്ധതിക്കായി 20,000 കോടി രൂപയോളം ചെലവാക്കുന്നതില്‍ നിന്നും മോഡി സര്‍ക്കാര്‍ ഇനിയും പിന്മാറാന്‍ തയ്യാറായിട്ടില്ല. ഇതില്‍ മോഡിയുടേത് നീറോവിന് സമാനമായ സമീപനമാണെന്നാണ് ചില വിദേശ മാധ്യമങ്ങള്‍ പോലും അഭിപ്രായപ്പെട്ടിരിക്കുന്നതെന്നോര്‍ക്കുക. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടികള്‍ ചെലവുവരുന്ന ഈ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജി അനുകൂലമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായിട്ടില്ലെന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹം തന്നെയാണ്.

മോഡിയുടെയും ബിജെപി-സംഘപരിവാര്‍ ശക്തികളുടെയും രാഷ്ട്രീയലക്ഷ്യങ്ങള്‍ എന്തുതന്നെയായിരുന്നാലും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് നിഷ്പക്ഷമായൊരു വിലയിരുത്തല്‍ അനിവാര്യമാണെന്നു തോന്നുന്നു. ഇന്ത്യയുടെ ആരോഗ്യ ആന്തരഘടനയ്ക്ക് ഇപ്പോള്‍ വന്നുചേര്‍ന്നിട്ടുള്ള ദയനീയമായ തകര്‍ച്ച, ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയോ, നേതാവോ, അധികാരത്തിലിരുന്നെങ്കില്‍തന്നെയും ഒഴിവാക്കാന്‍ കഴിയുമോ എന്നത് സംശയമാണ്. സ്വാതന്ത്ര്യാനന്തര കാലയളവില്‍, ബിജെപിയുടേതടക്കം കേന്ദ്രാധികാരം കെെകാര്യം ചെയ്തപ്പോഴും മുന്തിയ പരിഗണന ലഭിക്കാതിരുന്ന മേഖലകളാണ് സാമൂഹ്യ‑വിദ്യാഭ്യാസ മേഖലകളും ആരോഗ്യമേഖലയും. കേരളം മാത്രം ഇതിനൊരു അപവാദമായിരിക്കാം. അതിന്റെ ഗുണഫലം കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തെളിയിക്കപ്പെട്ടതുമാണ്. എന്നാല്‍, ദേശീയതലത്തില്‍ നോക്കിയാല്‍ 138കോടിയില്‍പ്പരം വരുന്ന ജനസംഖ്യയില്‍ 10,000 പേര്‍ക്ക് അഞ്ച് ആശുപത്രി കിടക്കകള്‍ എന്നതാണ് അനുപാതം. ഇത് ലോകത്തിലേക്ക് ഏറ്റവും മോശം നിലവാരവുമാണ്. നരേന്ദ്രമോഡി ആദ്യവട്ടം അധികാരത്തിലിരുന്ന 2014–19 കാലയളവിലും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടുമില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ള മുഴുവന്‍ സര്‍ക്കാരുകളും രാഷ്ട്രീയഭേദമില്ലാതെ പ്രോത്സാഹിപ്പിച്ചുവന്നിട്ടുള്ളത് വിദ്യാഭ്യാസ മേഖലയിലെന്നപോലെ ആരോഗ്യമേഖലയിലും സ്വകാര്യ സംരംഭകരെയാണ്. തീര്‍ത്തും ഏകപക്ഷീയവും തെല്ലും നീതീകരണമില്ലാത്തതുമായ ഇത്തരമൊരു നയസമീപനത്തെ സമീപകാലം വരെ അപലപിച്ചുവന്നിരിക്കുന്നത് നമ്മുടെ ലിബറല്‍ മാധ്യമങ്ങള്‍ മാത്രമാണ്. എന്നാല്‍, ഇന്നത്തെ സ്ഥിതി ആകെ മാറിയിരിക്കുന്നു. കോവിഡിന്റെ ശമനമുണ്ട്. എന്താണതെന്നോ? ശുചിത്വത്തെപ്പറ്റി അതീവ ആശങ്ക പ്രകടമാക്കിവന്നിരുന്ന, ശക്തനായൊരു ഭരണാധികാരിയാണ് താനെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തെളിയിച്ചുകഴിഞ്ഞതാണെന്ന് സ്വന്തം അനുയായികളെ ഉപയോഗിച്ച് വ്യാപകമായ പ്രചരണത്തിനുശേഷം സൃഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രിപദത്തിലേക്ക് രണ്ടാം വട്ടവും നിയോഗിക്കപ്പെട്ടതിനുശേഷവും രാജ്യത്തിന്റെ പൊതു ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതില്‍ എന്തേ പിന്നോട്ടുപോയി എന്നതാണ് ഈ വിമര്‍ശനത്തിന്റെ സത്ത. കോവിഡ് 19 എന്ന മഹാമാരി ആദ്യവട്ടം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കാതെയാണോ പ്രതിരോധ മാര്‍ഗങ്ങളെന്ന നിലയില്‍ ജനങ്ങളോട് കിണ്ണം കൊട്ടാനും വിളക്കു കൊളുത്താനും ആഹ്വാനം ചെയ്തത്? അദ്ദേഹത്തിന്റെ അനുയായികളാവട്ടെ ഒരുപടി കൂടി ‘മുന്നോട്ട്’ പോയി ഗോമാതാവിന്റെ മൂത്രവും ചാണകവും തീര്‍ത്തും മതിയാകും കോവിഡിനെ തടഞ്ഞുനിര്‍ത്താനും രോഗമുക്തി നേടാനും ജീവന്‍നിലനിര്‍ത്താനും എന്ന് പ്രചരിപ്പിച്ച കാര്യവും നമുക്കറിയാം. മോഡിയുടെയും അമിത്ഷായുടെയും വിശ്വസ്തനായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രികളില്‍ ഓക്സിജനോ വാക്സിനോ മറ്റ് സൗകര്യങ്ങളോ ഇല്ലെങ്കിലും സര്‍ക്കാര്‍ നേരിട്ട് മാനേജ് ചെയ്യുന്ന ഗോശാലകളില്‍ പശുക്കളുടെ സംരക്ഷണത്തിനാണ് കൂടുതല്‍ ശ്രദ്ധാലുവായതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോവിഡിന്റെ വരവോടെ ഇന്ത്യയുടെ ആരോഗ്യമേഖല അകപ്പെട്ടിരിക്കുന്ന ഗുരുതരാവസ്ഥ, ദേശീയതലസ്ഥാനമായ ന്യൂഡല്‍ഹിയിലടക്കം ഇന്നിപ്പോള്‍ ആഗോളമാധ്യമശ്രദ്ധ നേടുകയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. തന്മൂലം ഇന്ത്യയുടെ പ്രതിഛായക്കു സംഭവിച്ചിരിക്കുന്ന തകര്‍ച്ച കുറച്ചൊന്നുമല്ല എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യം വ്യക്തമായി ഉരുത്തിരിഞ്ഞുവന്നതിനുശേഷവും ദേശീയതയുടെയും രാജ്യസ്നേഹത്തിന്റേയും പേരില്‍ നിത്യേനയെന്നോണം ആണയിടുന്ന ആര്‍എസ്എസ്, സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്ന ബിജെപി ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും തങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് താല്ക്കാലിക അവധിയെങ്കിലും നല്കി കോവിഡിന്റെ അതിവേഗ വ്യാപനത്തിന് കളമൊരുക്കിയ കുംഭമേളയ്ക്ക് വിലക്കു കല്പിക്കേണ്ടതായിരുന്നില്ലേ? ഇതേ മോഡിയും അമിത്ഷായുമല്ലേ ഹസ്രത്ത് നിസാമുദീനില്‍ ഡല്‍ഹി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മുസ്‌ലിം മതസംഘടനകള്‍ സംഘടിപ്പിച്ച സംഗമമാണ് ആദ്യഘട്ടം നേരിടേണ്ടിവന്ന കോവിഡ് മഹാമാരിക്ക് കാരണമായത് എന്ന് കുറ്റപ്പെടുത്തിയതും മുസ്‌ലിം സമുദായത്തെ ആകെത്തന്നെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ പെടാപ്പാട് പെട്ടതും? നിസാമുദീനിലെ ആഗോള മുസ‌്‌‌ലിംസംഗമം, രോഗവ്യാപനത്തിനിടയാക്കി എന്ന് അംഗീകരിക്കുമ്പോള്‍തന്നെ, കുംഭമേളയില്‍ പങ്കെടുത്ത ഹിന്ദുമത ഭക്തന്മാരില്‍ 80 ശതമാനം പേരും രോഗബാധിതരായെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കുമോ? പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലോകസഭാ മണ്ഡലമായ വാരാണസിയിലെ പ്രയാഗിലല്ലേ ഈ മേള നടന്നത്? അനിഷേധ്യമായ ഇത്തരം വസ്തുതകള്‍ ആഗോള മാധ്യമങ്ങളുടെ അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നതോടെയും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിനും ശേഷമാണല്ലോ, കുംഭമേളയുടെ സമയപരിധി വെട്ടിക്കുറയ്ക്കാന്‍ മോഡി സന്നദ്ധനായത്. ഇതിന്റെ പേരില്‍ മോഡിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസം തൊലിപ്പുറത്തുള്ളതാണെന്ന വിമര്‍ശനം ആരെങ്കിലും ഉയര്‍ത്തിയാല്‍ സംഘപരിവാര്‍ ശക്തികള്‍ അടങ്ങിയിരിക്കുമോ? സംശയമാണ്.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.