കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകമെമ്പാടും കൊറോണ എന്ന വൈറസിന്റെ ഭീതിയിലും ജാഗ്രതയിലുമാണ്. കേരളത്തിലും കൊറോണ സൃഷ്ടിച്ച ആശങ്ക ചെറുതൊന്നുമല്ല. ജനജീവിതം തന്നെ ഏതാണ്ട് സ്തംഭിച്ച മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സര്‍ക്കാരുകളും മെഡിക്കല്‍ അസോസിയേഷനുകളുമെല്ലാം കടുത്ത നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവാഘോഷങ്ങളും ആര്‍ക്കൂട്ടം ഉണ്ടാകാനുള്ള സാഹചര്യങ്ങളുമെല്ലാം ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഇടയില്‍ ചിലരെങ്കിലും മറ്റുള്ളവരുടെ ആശങ്കയെ വകവയ്ക്കുന്നില്ല എന്നുവേണം കരുതാന്‍. കഴിഞ്ഞ ദിവസം പ്രമുഖ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ ഒരു മത്സരാര്‍ത്ഥിയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഒത്തുകൂടിയത് പതിനായിരക്കണക്കിന് ആള്‍ക്കാരാണ്. (മത്സരാര്‍ത്ഥിയുടെ അവകാശവാദ പ്രകാരം) സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ഈ സ്വീകരണത്തിന് ഒത്തുകൂടിയത് എന്നറിയുമ്പോഴാണ് ജാഗ്രതാ നിര്‍ദ്ദേശത്തിന് എന്ത് വിലയാണ് പ്രബുദ്ധ മലയാളി സമൂഹം നല്കുന്നത് എന്ന് ചിന്തിച്ചുപോകുന്നത്.
മറ്റുള്ളവരുടെ ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല അവനവന്റെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് പോലും ആശങ്കയില്ലാതെയാണ് തീര്‍ച്ചയായും ഒഴിവാക്കാന്‍ പറ്റുമായിരുന്ന ഒരു കാര്യത്തിന് ജനങ്ങള്‍ ഒത്തുകൂടിയത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ റാണി രജനിയുടെ അഭിപ്രായ പ്രകാരം ക്രൗഡ് സൈക്കോളജി പല തരത്തിലുമുണ്ട്. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ആ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ കാണിക്കുന്ന ഒരു വ്യഗ്രത. ഉദാഹരണത്തിന് ആന ഇടയുന്ന സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ എല്ലാവരും പല വഴിക്ക് ഓടുന്ന സാഹചര്യം. മറ്റൊന്ന് അഗ്രസീവ് ആയിട്ടുള്ള ആള്‍ക്കാര്‍. എന്തെങ്കിലും വഴക്കോ സമരമോ നടക്കുമ്പോള്‍ മുന്നില്‍ കാണുന്ന വസ്തുക്കളെയൊക്കെ അടിച്ചുതകര്‍ക്കുന്നതരം സ്വഭാവമായിട്ടുള്ള ആള്‍ക്കാര്‍. മറ്റൊരുതരം ആള്‍ക്കാര്‍ കിട്ടാത്ത വസ്തുവിന് വേണ്ടി അടിപിടി കൂടുന്നവര്‍. ഉദാഹരണത്തിന് കുടിവെള്ളംപോലെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുമ്പോള്‍ തീര്‍ന്നുപോകും മുമ്പ് അത് കരസ്ഥമാക്കാനുളള വ്യഗ്രത.
മറ്റൊന്ന് എക്സ്പ്രസീവ് ആയിട്ടുള്ള ഒരു കൂട്ടം ആള്‍ക്കാര്‍. എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി ഒത്തുകൂടുന്ന ഒരുകൂട്ടം ആള്‍ക്കാര്‍. ആ കാര്യം നേടിയെടുക്കുന്നതിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍. അവര്‍ക്കൊരു സോഷ്യല്‍ അജണ്ടയുണ്ടാകും. അവരുടെ ലക്ഷ്യത്തിനുവേണ്ടി, അത് നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ ഒത്തുകൂടുന്നത്. അത്തരത്തിലുള്ള ഒരു എക്സ്പ്രസീവ് ഗ്രൂപ്പാണ് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഇത് കണ്ടുകൊണ്ട് ഒരു വിഭാഗം ആള്‍ക്കാര്‍ അതിനോടൊപ്പം ചേരുന്നു. എന്താണ് അവിടെ നടക്കുന്നത് എന്നറിയാനുള്ള ജിജ്ഞാസയാണ് അതിനു പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ ലൈവായി നില്ക്കുന്നത് ഒരു വിഷയമായതിനാല്‍ തന്നെ അവിടെ നടക്കുന്ന കാര്യങ്ങള്‍ ലൈവായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ലോകത്തെ അറിയിച്ച് അതിന്റെ ക്രെഡിറ്റ് നേടുക എന്നൊരുദ്ദേശവും ഈ ആള്‍ക്കൂട്ടത്തിനുണ്ടെന്ന് വേണം സൈക്കോളജിക്കലി മനസിലാക്കാന്‍. ഇതൊരു പബ്ലിസിറ്റിയുടെ ഭാഗമാണ്. എക്സ്പ്രസീവ് ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഈ വിഷമഘട്ടത്തിലും അങ്ങനെയൊക്കെ ആകാന്‍ സാധിക്കൂ. ഏതെങ്കിലും തരത്തിലുള്ള പേടിയോ വിഷമമോ ഉള്ള സമയത്ത് ജനങ്ങള്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് കുറവായിരിക്കുമെന്നണ് സൈക്കോളജിസ്റ്റ് റാണി രജനിയുടെ അഭിപ്രായം.
സ്വന്തമായി ഒരു കാര്യത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ നിര്‍ബന്ധിതമായി അത് ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയാണ്. അത്തരം ഒരു സാഹചര്യമാണ് കൊച്ചി വിമാനത്താവളത്തിലും ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് ജാഗ്രതയാണെന്ന് അറിഞ്ഞുവച്ചുകൊണ്ട് തന്നെ ചുറ്റും നടക്കുന്ന വാര്‍ത്തകള്‍ എല്ലാം കേട്ടുകൊണ്ടുതന്നെ ഇത് വേഗത്തില്‍ പകരും എന്ന അറിവോടെതന്നെ. ആ ഒരു പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ചിന്തിച്ച് പെരുമാറാനുള്ള കഴിവ് നഷ്ടപ്പെട്ടുപോയതാകാം. മുമ്പൊക്കെ മലയാളികള്‍ അന്യസംസ്ഥാനക്കാരെ താരാരാധനയുടെയും ആക്രമണങ്ങളുടെയും പേരില്‍ പരിഹസിച്ചിരുന്നു. സിനിമാതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉണ്ടാക്കുക, അതില്‍ പാലഭിഷേകം നടത്തുക. അവര്‍ക്കായി എന്തും ചെയ്യുന്നതിനുള്ള ഫാന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കുക. ഇതൊക്കെയാണ് ഇന്ന് മലയാളിയുടെ ഇഷ്ടങ്ങള്‍. അതേസമയം നമ്മുടെ അയല്‍ സംസ്ഥാനക്കാര്‍ക്ക് ഇതിനോടകം നേരം വെളുത്തുകഴിഞ്ഞു.
എന്നാല്‍ മലയാളി ആ വഴിയേയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്നൊരു സങ്കടകരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു റിയാലിറ്റിഷോ മത്സരാര്‍ത്ഥിക്കുവേണ്ടി ഫാന്‍സ് ഗ്രൂപ്പുകള്‍ രൂപീകരിക്കുക. അതിലൂടെ സോഷ്യല്‍ മീഡിയയില്‍ പരസ്പരം പോര്‍വിളികള്‍ നടത്തുക തുടങ്ങിയ അന്തസില്ലായ്മയിലേക്ക് മലയാളി സമൂഹം അധഃപതിച്ചിരിക്കുന്നു. ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണം എന്ന് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ചോദിക്കുന്ന മറു ചോദ്യം എന്തുകൊണ്ട് മദ്യവില്പനശാലകള്‍ അടച്ചിടുന്നില്ല എന്നാണ്. മദ്യപാനം ഒരു അനാരോഗ്യകരമായ വിപത്താണെങ്കിലും ഈ ശീലമുള്ളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സമയത്ത് മദ്യം ലഭിച്ചില്ലെങ്കില്‍ വിത്ത് ഡ്രോവല്‍ സിന്‍ഡ്രോം ഉണ്ടാകും. അത് മറ്റൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നമാണ്. ഈ ഒരു സമയത്ത് അങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടി ഉണ്ടായാല്‍ നമ്മുടെ ആശുപത്രികളും ഡോക്ടര്‍മാരും മതിയാകാതെ വരും. അത് ശാരീരികം മാത്രമല്ല മാനസികമായും ബാധിക്കുന്ന ഒരു പ്രശ്നമാണ്. മദ്യപിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ അതുതന്നെയാണ് ചെയ്യേണ്ടത്. കൂടാതെ നല്ല മനസുള്ളവരെ കൊറോണ വൈറസ് ബാധിക്കില്ല എന്ന് പറഞ്ഞ ആ പ്രമുഖ മത്സരാര്‍ത്ഥി സമൂഹത്തിന് നല്കുന്നത് തെറ്റായ സന്ദേശമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ. കരുതലാണ് വേണ്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഒപ്പം നില്ക്കണം. നിപയെപ്പോലെ, പ്രളയത്തെപ്പോലെ, ഓഖിയെപ്പോലെ നേരിടാം നമുക്ക് ഒറ്റക്കെട്ടായി.
English Summary: article — fake face of malayalees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.