Friday
22 Feb 2019

ആശയമാണ് കുരീപ്പുഴയുടെ ആയുധം

By: Web Desk | Tuesday 6 February 2018 10:40 PM IST

ലയാളികളുടെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാര്‍ വര്‍ഗീയവാദികളാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. കൊല്ലം കടയ്ക്കലില്‍ ഗ്രന്ഥശാലാസംഘം സംഘടിപ്പിച്ച ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിച്ചു വേദിയില്‍നിന്നു പുറത്തിറങ്ങിയപ്പോഴാണ് കവിയെ വര്‍ഗീയവാദികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ മുതിര്‍ന്നത്. സംഘാടകരുടെയും സഹപ്രവര്‍ത്തകരുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍കൊണ്ടു ശരീരത്തില്‍ പരിക്കേല്‍ക്കാതെ തല്‍ക്കാലം രക്ഷപ്പെട്ടു.

ജാതിമതശക്തികള്‍ കേരളത്തിന്റെ പൊതു ഇടങ്ങള്‍ മുഴുവന്‍ കയ്യടക്കി സ്വന്തമാക്കി മനുഷ്യമനസില്‍ മതിലുകള്‍കെട്ടി വേര്‍തിരിക്കുന്ന അപകടകരമായ അവസ്ഥക്കെതിരായ ശക്തമായ കൂരമ്പുകളായിരുന്നു കവിയുടെ പ്രസംഗത്തിലുടനീളം. എറണാകുളത്ത് അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ ഭൗതികശരീരത്തോട് ജാതിപ്പിശാചുക്കള്‍ പുലര്‍ത്തിയ അനാദരവും വടയമ്പാടിയിലെ ജാതിവിവേചനവും കുരീപ്പുഴയുടെ പ്രസംഗവിഷയമാവുന്നതു സ്വാഭാവികം.
കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും മാര്‍ക്‌സിസത്തിന്റെയും വെളിച്ചത്തില്‍ ഇടര്‍ച്ചയില്ലാതെ കാവ്യസപര്യ തുടരുന്ന മലയാളത്തിന്റെ വിപ്ലവകവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. നവോത്ഥാന പുരോഗമന മതനിരപേക്ഷ ആശയങ്ങള്‍ വെല്ലുവിളി നേരിട്ട എല്ലാ സന്ദര്‍ഭങ്ങളിലും നിര്‍ഭയനായി ഈ കവി ചാഞ്ചല്യമില്ലാതെ തന്റെ തൂലികയും മനസിലെ മനുഷ്യപക്ഷ പുരോഗമനചിന്തയും ആയുധമാക്കി പോരാടിയിട്ടുണ്ട്.

ദേശവും കാലവും അടയാളപ്പെടുത്താത്ത എഴുത്ത് കുരീപ്പുഴയ്ക്ക് അന്യമാണ്. വൈകാരികമായ കാവ്യഭാവങ്ങളേക്കാള്‍ കുരീപ്പുഴക്കവിത ശക്തവും സുന്ദരവുമായ സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനങ്ങളാണ്. സാമൂഹ്യ വിമര്‍ശനം ആരംഭിക്കുന്നത് മതവിമര്‍ശനത്തില്‍നിന്നാണെന്ന മാര്‍ക്‌സിന്റെ നിരീക്ഷണം കുരീപ്പുഴ അംഗീകരിക്കുന്നുണ്ട്. മനുഷ്യനില്‍ മതം സൃഷ്ടിക്കുന്ന വിഭാഗീയ വിഷം വമിക്കുന്ന അവസ്ഥകളോട് കലഹിക്കാനല്ലാതെ സമരസപ്പെടാന്‍ കവി ഒരിക്കലും ശ്രമിച്ചിട്ടില്ല. ‘നഗ്‌നകവിതകള്‍’ ചാട്ടുളിപോലെ അന്ധവിശ്വാസ ജാതിമതക്കോട്ടകളില്‍ തുളഞ്ഞുകയറി പ്രകോപനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ‘പുയ്യാപ്ല’ എന്ന കവിതയെഴുതിയതിനു വര്‍ഗീയവാദികള്‍ മരണവാറണ്ട് ഇഷ്യൂ ചെയ്തിട്ടും കവി അതിന്റെ ചൊല്ലിയാട്ടം നിര്‍ത്താന്‍ തയാറായിട്ടില്ല.

ഏറെക്കാലമായി ജാതി-മത സങ്കുചിത ശക്തികളുടെ ഇണ്ടാസുകള്‍ക്കുമുന്നില്‍ കീഴടങ്ങാതെ കവിതയും പ്രസംഗവുമായി കുരീപ്പുഴ മലയാളികള്‍ ഉള്ളിടത്തെങ്ങും വര്‍ഗീയ മതമൗലികവാദികള്‍ക്കെതിരെ ആശയത്തിന്റെ ആയുധമണിഞ്ഞ് പടയോട്ടത്തിലാണ്. കവിയുടെ ഈ അചഞ്ചലമായ നിലപാടുകള്‍ക്കൊപ്പമാണ് മതേതര പുരോഗമന കേരളം. അതുകൊണ്ടാണ് ചെല്ലുന്നിടത്തെല്ലാം കവിയെ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടുന്നത്. വര്‍ഗീയവാദികളെയും ജാതിഭ്രാന്തന്മാരെയും വിറളിപിടിപ്പിക്കുന്നത് ഈ സ്വീകാര്യതയാണ്. കവിയുടെ ആത്മബലം സ്വയം എടുത്തണിഞ്ഞ ആശയപരമായ പോര്‍ച്ചട്ടയാണ്. വര്‍ഗീയവാദികളെ നയിക്കുന്നത് അറിവില്ലായ്മയും അന്ധവിശ്വാസവുമാണ്. യുക്തിസഹമായ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും മറുപടിയില്ലാതെ വരുമ്പോള്‍ അറിവില്ലാത്തവര്‍ ഉപയോഗിക്കുന്ന ആയുധമാണ് പേശീബലവും ആയുധങ്ങളും. ആശയങ്ങളെ നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ് ഗാന്ധിമുതല്‍ ഗൗരിലങ്കേഷ് വരെ തോക്കിനിരയായത്. പക്ഷേ തോക്കിലൂടെ ആശയങ്ങളെ കൊലചെയ്യാമെന്നു വര്‍ഗീയവാദികളും ഫാസിസ്റ്റുകളും ഇന്നും കരുതുന്നത് അവര്‍ ചരിത്രം പഠിക്കാത്തതുകൊണ്ടാണ്. കുരീപ്പുഴ നിരായുധനാണ്. കുരീപ്പുഴ മുന്നോട്ടുവെക്കുന്ന മനുഷ്യപക്ഷ ആശയങ്ങള്‍ ആയിരങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുക്കാന്‍ തയാറാണ്. ആ ആശയങ്ങളെയും അതേറ്റെടുക്കാന്‍ ഇന്നും തലമുറകള്‍ക്കപ്പുറത്തും തയാറാവുന്ന ജനതതിയെയും നിങ്ങള്‍ക്ക് കൊന്നൊടുക്കാനാവില്ല. ആശയങ്ങള്‍ക്കെതിരെ ഉയരുന്ന ഓരോ മുഷ്ടിയും ഓരോ തോക്കിന്മുനയും അതുയര്‍ത്തുന്നവരുടെ അന്ത്യം നിര്‍ണയിക്കുമെന്നാണ് ചരിത്രാനുഭവം. അതുകൊണ്ട് കുരീപ്പുഴ നിരായുധനായിരിക്കും; ആശയവും മനക്കരുത്തും മാത്രമാണ് കുരീപ്പുഴയ്ക്ക് ആയുധം. ആശയം ജയിക്കും. ആയുധം തോല്‍ക്കുകതന്നെ ചെയ്യും.