Monday
18 Feb 2019

വെറുതെ ഒരു ബജറ്റ്

By: Web Desk | Tuesday 6 February 2018 10:47 PM IST

ഓരോ ദിവസം പിന്നിടുമ്പോഴും ഇന്ത്യയില്‍ സാമ്പത്തിക അസമത്വം അതിവേഗം ഉയരുകയാണ് എന്ന് എല്ലാ സാമ്പത്തിക സര്‍വ്വേകളും അടിവരയിട്ട് പറയുന്നു. രാജ്യത്തെ ഒരു ശതമാനത്തില്‍ താഴെവരുന്ന കോര്‍പ്പറേറ്റുകളുടെ കൈയില്‍ 58 ശതമാനം സമ്പത്ത് എത്തുന്നു എന്നതാണ് ഒടുവിലത്തെ സര്‍വ്വേ ഫലം. ഇത് പരിഹരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല എന്നു മാത്രമല്ല, കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കുത്തിനിറച്ചിട്ടുമുണ്ട്. കോര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കാന്‍ ഫലപ്രദമായ നടപടി എടുക്കുമെന്ന് വ്യക്തമായി തന്നെ പറഞ്ഞിട്ടുമുണ്ട്. ചില കസര്‍ത്തുകള്‍ നടത്തിയിട്ടുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകില്ല എന്നു മാത്രമല്ല, കൂടാനുള്ള സാധ്യത തുറന്നിടുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് ഒരാഴ്ച മുന്‍പ് ജനയുഗം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘ആരവങ്ങള്‍ ഇല്ലാതെ ബജറ്റുകള്‍ വരും’ എന്നായിരുന്നു. ഇപ്പോള്‍ ബജറ്റ് വന്നുകഴിഞ്ഞു. ബജറ്റു വിലയിരുത്തലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇനി ഒന്നു കൂടി പരിശോധിച്ചാല്‍ തെളിയുന്ന ചിത്രം എന്താണ്? കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് ചെയ്യാമായിരുന്ന പണി, വളരെ ആഘോഷപൂര്‍വ്വം ധനമന്ത്രി ചെയ്തു എന്നാണ്. മാത്രവുമല്ല, ബജറ്റവതരണത്തിനു പിന്നാലെ അതിന് ടിപ്പണി ചേര്‍ത്ത് സാധാരണമല്ലാത്ത രീതിയില്‍ പ്രധാനമന്ത്രി അരമണിക്കൂര്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയും ചെയ്തു. അത് ഹിന്ദിയില്‍ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയം. ധനകാര്യ സെക്രട്ടറിയായിരുന്നു ഈ ബജറ്റു തയ്യാറാക്കിയിരുന്നതെങ്കില്‍ കൂടി അവതരിപ്പിക്കപ്പെട്ട വരവിലും ചെലവിലും ഒന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ബജറ്റിലെ ‘ജിമ്മിക്കുകള്‍’ ഒഴിവാക്കപ്പെടുമായിരുന്നു.

2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് സമൂഹത്തിനാകെ വന്‍ നേട്ടമാകുന്ന ഒന്നാകുമെന്ന് മാധ്യമങ്ങള്‍പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത് അങ്ങനെ ആകാന്‍ തരമില്ലെന്ന് കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാകുമായിരുന്നു. ഫെബ്രുവരി ഒന്നിന് അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ പ്രതീക്ഷയുടെ കൂടാരങ്ങള്‍ ഒന്നൊന്നായി കടപുഴകിവീണു. അപ്പോഴും പത്രങ്ങള്‍ക്ക് വലിയ തലക്കെട്ട് സൃഷ്ടിക്കാന്‍ ആവശ്യമായതൊക്കെ ജയ്റ്റ്‌ലി ബജറ്റില്‍ കരുതിവച്ചിരുന്നു. 137 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ പരിരക്ഷ നല്‍കുമെന്നതായിരുന്നു ഏറ്റവും വലിയ വാഗ്ദാനം. ജയ്റ്റ്‌ലി ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. ബജറ്റിലെ ചതിക്കുഴികള്‍ വലിയ വാര്‍ത്ത ആകാത്തവിധം ആരോഗ്യപരിരക്ഷാ പദ്ധതിയുടെ പ്രഖ്യാപനം മാധ്യമങ്ങളില്‍ നിറഞ്ഞു. ഈ ഒന്നാമത്തെ വാഗ്ദാനത്തിലെ പൊള്ളത്തരം ഒന്നു വിശകലനം ചെയ്യാം. കഴിഞ്ഞ ബജറ്റില്‍ 40 കോടി ജനങ്ങള്‍ക്ക് (ഒരു കുടുംബത്തിന് ലക്ഷം രൂപ വീതം) ഗുണകരമാകുന്ന ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഒരു രൂപ ഇതിനുവേണ്ടി ചെലവഴിച്ചില്ല. ഒരാള്‍ക്കുപോലും ഇതിന്റെ പ്രയോജനം ലഭിച്ചതുമില്ല. ബജറ്റില്‍ പറഞ്ഞ ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയില്‍ പോലും എത്തിയില്ല എന്നറിയുമ്പോഴാണ് ബജറ്റ് പ്രഖ്യാപനത്തിന്റെ കാപട്യം തെളിമയോടെ മുന്നില്‍ വരുന്നത്. പത്തുകോടി കുടുംബങ്ങള്‍ക്ക് (അന്‍പത് കോടി ജനങ്ങള്‍ക്ക്) ഒരു വര്‍ഷം അഞ്ചുലക്ഷം രൂപാവീതം ചികിത്സാ ധനസഹായം നല്‍കണമെങ്കില്‍ ഒരു വര്‍ഷം 50,000 കോടി രൂപ കണ്ടെത്താനാകണം. എന്നാല്‍ ബജറ്റില്‍ ഇതിനുവേണ്ടി മാറ്റിവച്ചത് ‘പൂജ്യം’ രൂപയാണ്. സര്‍ക്കാരിന്റെ മൊത്തം വരവും ചെലവും കണക്കാക്കുമ്പോള്‍ തുക മിച്ചം വരുമെങ്കില്‍ ആ തുക എടുത്ത് ഈ ചികിത്സാപദ്ധതിക്ക് ചെലവഴിക്കും എന്നു പ്രതീക്ഷിക്കാം. എന്നാല്‍ അതിനുള്ള യാതൊരു സാധ്യതയും ഇവിടെയില്ല. കാരണം 2018-19 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ വരവ് 18,17,937 കോടി രൂപയാണ്. ആകെ ചെലവ് 24,42,213 കോടി രൂപയും. അതിനര്‍ത്ഥം അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 6,24,276 കോടി രൂപ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ്. ഈ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ചികിത്സാപദ്ധതി നടപ്പിലാക്കുക. ഇതോടൊപ്പം മറ്റൊരു കണക്കുകൂടി പറയണം. ആരോഗ്യമേഖലയ്ക്ക് വേണ്ടി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നത് 53,198 കോടി രൂപയായിരുന്നു. അതിപ്പോള്‍ 54,667 കോടി രൂപയായി മാത്രമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വര്‍ധനവ് വെറും 1469 കോടി രൂപ മാത്രം.

ആരോഗ്യമേഖലയില്‍ ഒരു പുരോഗതിയും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് ഈ കണക്ക് ഒന്നു കൂടി വ്യക്തമാക്കുന്നു. ഭരണം തീരാന്‍ 14 മാസം മാത്രം ബാക്കിയുള്ള ഒരു സര്‍ക്കാര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് നടപ്പിലാക്കാന്‍ വേണ്ടിയല്ല. മറിച്ച്, തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊന്ന് പറയാന്‍ വേണ്ടി മാത്രമാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിദേശത്തുള്ള കള്ളപ്പണം കണ്ടുകെട്ടി പാവപ്പെട്ടവരുടെയെല്ലാം ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പൊള്ളയായ വാഗ്ദാനത്തിന്റെ മറ്റൊരു മുഖമാണ് ഇനി കാണാന്‍ പോകുന്നത്.

കാര്‍ഷിക മേഖലയിലെ പ്രഖ്യാപനങ്ങള്‍ക്കും ഒരു കുറവുമില്ല. എല്ലാ കാര്‍ഷികോത്പന്നങ്ങള്‍ക്കും ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവിലയാണ് കര്‍ഷകര്‍ക്കുള്ള വലിയ വാഗ്ദാനം. ഇത്തരം പ്രഖ്യാപനങ്ങള്‍ മുന്‍ ബജറ്റുകളിലൊക്കെ ഉണ്ടായിരുന്നു. കാര്‍ഷിക വായ്പയ്ക്ക് 11 ലക്ഷം കോടി രൂപ മാറ്റി വയ്ക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. ഇതില്‍ ഒരു പുതുമയുമില്ല. മൊത്തം വായ്പയുടെ 13 ശതമാനം മാത്രമാണിത്. 1990- കളില്‍ മൊത്തം വായ്പയുടെ 70 ശതമാനം നല്‍കിയിരുന്നത് കാര്‍ഷിക മേഖലയ്ക്കായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഇതിലെ പൊള്ളത്തരം വ്യക്തമാകുന്നത്. മാത്രവുമല്ല കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന പ്രതീക്ഷ നിറവേറ്റപ്പെട്ടതുമില്ല. ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരു വലിയ പ്രഖ്യാപനവും ബജറ്റിലുണ്ട്. ഈ വര്‍ഷം മാത്രം 80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നുള്ളതാണത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രണ്ടുകോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്നത് ബി ജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ നോട്ടു നിരോധനം നടപ്പിലാക്കിയ സാഹചര്യത്തില്‍ 20 ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. സ്വാഭാവികമായും ഈ പ്രഖ്യാപനവും വെറുതെ ആകാനാണ് സാദ്ധ്യത. ഓരോ വര്‍ഷവും 80 ലക്ഷത്തിലധികം ചെറുപ്പക്കാര്‍ വീതമാണ് ഇന്ത്യയില്‍ തൊഴിലന്വേഷകരായി എത്തിച്ചേരുന്നത് എന്നതും വിസ്മരിക്കാനാകില്ല. ആദായനികുതി അടയ്ക്കുന്ന ശമ്പളക്കാര്‍ക്ക് നേട്ടമുണ്ടാകുന്ന എന്തെങ്കിലും പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷിച്ചു. അതുണ്ടായില്ല. ഈ രംഗത്ത് വന്‍കിട ബിസിനസുകാര്‍ ആദായനികുതി അടയ്ക്കുന്നതില്‍ നിന്നും ബോധപൂര്‍വ്വം കുതറി മാറുകയാണ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. 1.89 കോടി ശമ്പളക്കാരില്‍ നിന്നും ആദായനികുതിയായി സര്‍ക്കാരിനു കിട്ടുന്നത് 1.44 ലക്ഷം കോടി രൂപയാണ്. എന്നാല്‍ 1.88 കോടി വ്യക്തിഗത ബിസിനസുകാരില്‍ നിന്നും ലഭിക്കുന്നത് 48,000 കോടി രൂപ മാത്രം. ഇതു വ്യക്തമാക്കുന്നത് ശമ്പളം വാങ്ങുന്നയാള്‍ ഒരു വര്‍ഷം ശരാശരി 76306 രൂപ ആദായനികുതി അടയ്ക്കുമ്പോള്‍ ഒരു ബിസിനസുകാരന്‍ നല്‍കുന്നത് 25,753 രൂപ മാത്രമാണ് എന്നാണ്. ഒരു ശമ്പളക്കാരന്റെ മൂന്നില്‍ ഒന്നുമാത്രം. ഈ രംഗത്തു നടക്കുന്ന വെട്ടിപ്പ് തടയാന്‍ കഴിഞ്ഞാല്‍ മാത്രം ഒരു ലക്ഷം കോടിയില്‍ അധികം രൂപ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവില്‍ എത്തുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ സര്‍ക്കാര്‍ ജിവനക്കാരെയും അധ്യാപകരെയും പൊതുമേഖലാ ജീവനക്കാരെയും കൈവയ്ക്കുന്നതുപോലെ ബിസിനസുകാരെ കൈവയ്ക്കാന്‍ മോഡിയും ജെയ്റ്റ്‌ലിയും തയ്യാറാകില്ല. ഇത് അവരുടെ വര്‍ഗപരമായ സമീപനമാണ്.

ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരില്‍ 56 ശതമാനം ഗ്രാമീണമേഖലയിലാണ്. സാമ്പത്തിക അസമത്വം കട്ടപിടിച്ചു കിടക്കുന്നതും അവിടെത്തന്നെ. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രധാനമായും കേന്ദ്രീകരിക്കുന്നത് പട്ടണങ്ങളിലാണ് എന്നുപറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. തൊഴിലുറപ്പു പദ്ധതി ഗ്രാമീണ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്. 2007 ല്‍ ഇതിനുവേണ്ടി ചെലവഴിച്ചത് 40,000 കോടി രൂപയാണ്. എന്നാല്‍ 11 വര്‍ഷത്തിനുശേഷം ഇപ്പോള്‍ മാറ്റി വച്ചിരിക്കുന്നത് 48,000 കോടി രൂപ മാത്രം. ഈ കാലയളവില്‍ 52 ശതമാനം വിലക്കയറ്റം ഉണ്ടായി എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ പോലും 62,000 കോടി രൂപ ഇതിനുവേണ്ടി മാറ്റിവയ്ക്കണമായിരുന്നു. ഗ്രാമീണ വികസന രംഗത്തെ പ്രശ്‌നങ്ങള്‍ എത്ര നിസ്സംഗതയോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോക്കി കാണുന്നത് എന്നു കാട്ടാന്‍ ഒരു കണക്കുകൂടി പറയാം. കഴിഞ്ഞ ബജറ്റില്‍ ഗ്രാമീണ വികസത്തിനുവേണ്ടി 1,35,604 കോടി രൂപ വകയിരുത്തിയപ്പോള്‍ ഇപ്രാവശ്യം വകയിരുത്തിയിരിക്കുന്നത് 1,38,097 കോടി രൂപ മാത്രമാണ്. പട്ടിണിയും വിലക്കയറ്റവും തൊഴിലില്ലായ്മയും നിരക്ഷരതയും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ മേഖലയ്ക്ക് അനുവദിച്ച തുകയില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനവ് പോലും ഉണ്ടായിട്ടില്ല എന്ന് ചുരുക്കം. 10 കോടി രൂപയില്‍ താഴെ വിറ്റുവരവുള്ളവരാണ് വ്യാപാര സമൂഹത്തില്‍ ഭൂരിപക്ഷം (7 ലക്ഷം പേര്‍). അവര്‍ക്ക് ഒരാനൂകൂല്യവും ഇല്ല. എന്നാല്‍ 50 മുതല്‍ 250 കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് (7000 പേര്‍) നികുതി കുറച്ചിട്ടുണ്ട്. തൊടുന്ന കാര്യങ്ങളിലെല്ലാം നേട്ടം കുത്തകകള്‍ക്കാണ്. തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍ ഈ വിഭാഗങ്ങളെകുറിച്ച് ഒരു പരാമര്‍ശവും ബജറ്റില്‍ ഇല്ല. സിവില്‍ സര്‍വ്വീസേ ആവശ്യമില്ല എന്നു ചിന്തിക്കുന്നവരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാകുക? അധികാര വികേന്ദ്രീകരണം, ഗ്രാമപഞ്ചായത്ത് ഇതിനെകുറിച്ചൊക്കെ ബജറ്റില്‍ പരാമര്‍ശിക്കുന്നത് മോശമായിട്ടാണ് ജയ്റ്റ്‌ലി കരുതുന്നതെന്നു തോന്നുന്നു.

ഈ സര്‍ക്കാര്‍ ബജറ്റ് തുകയില്‍ കാര്യമായ വര്‍ധനവ് വരുത്തിയിട്ടുള്ളത് പ്രതിരോധ രംഗത്തു മാത്രമാണ്. പ്രതിരോധത്തിന് കഴിഞ്ഞ വര്‍ഷം 2.74 ലക്ഷം കോടി രൂപ വകയിരുത്തിയപ്പോള്‍ ഈ വര്‍ഷം വകയിരുത്തിയിരിക്കുന്നത് 2.95 ലക്ഷം കോടി രൂപയാണ്. 7.81 ശതമാനം വര്‍ധനവ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതം 16,891 കോടി രൂപയായിരുന്നത് ഇപ്രാവശ്യം 19,703 കോടി രൂപയായി ഉയര്‍ന്നു. (ഇതില്‍ 492 കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ കുടിശികയാണ്) അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.1 ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള എല്ലാ കണക്കുകളും വഴിതെറ്റുന്നതാണ് എന്നതാണ് അനുഭവം. അതിനാല്‍ ഇക്കാര്യത്തില്‍ എന്തു സംഭവിക്കുന്നു എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മൂന്നു വര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. കയറ്റുമതി തോത് കുറയുകയും എണ്ണവില ഉയരുകയും നിക്ഷേപം കുറയുകയും വിലക്കയറ്റം വീണ്ടും കുതിച്ച് മുന്നേറുകയും ചെയ്താല്‍ വളര്‍ച്ചാനിരക്ക് 7.1 ശതമാനം എന്ന പ്രതീക്ഷ നിറവേറ്റപ്പെടില്ല. നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി ഇവ ലയിപ്പിക്കാനുള്ള തീരുമാനം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും എന്നുള്ള ബജറ്റിലെ പ്രതീക്ഷയ്ക്ക് ഒരടിസ്ഥാനവുമില്ല.

ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേന്ദ്രസംസ്ഥാന ബജറ്റുകളുടെ പ്രസക്തി വല്ലാതെ കുറഞ്ഞിട്ടുണ്ട്. സര്‍ക്കാരുകളുടെ വരുമാനത്തില്‍ വില്‍പന നികുതി നിശ്ചയിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇപ്പോള്‍ ഈ ചുമതല നിര്‍വ്വഹിക്കുന്നത് ജിഎസ്ടി കൗണ്‍സിലുകളാണ്. അതിന്റെ പരിമിധിയെല്ലാം ബജറ്റില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എങ്ങനെയാണ് ഈ സര്‍ക്കാര്‍ പണമുണ്ടാക്കുന്നത്? അത് വളരെ ലളിതമാണ്. എളുപ്പവുമാണ്. ജിഎസ്ടി, കോര്‍പ്പറേറ്റ് ടാക്‌സ്, ആദായനികുതി, എക്‌സൈസ് നികുതി, കസ്റ്റംസ് നികുതി ഇവയൊക്കെ പിരിച്ചെടുക്കാന്‍ നിശ്ചിതമായ രീതികളുണ്ട്. മൊത്തം വരവിന്റെ 19 ശതമാനം വായ്പയാണ്. എന്നാലും വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടില്ല. അപ്പോള്‍ അടുത്ത കുറുക്കുവഴി തേടി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലഘട്ടം മുതല്‍ ഇന്ത്യ ആര്‍ജിച്ചുവച്ച പൊതു സമ്പത്ത് കിട്ടുന്ന വിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുക എന്നതാണത്. നമ്മുടെ നാട്ടിലെ ഒരു ധൂര്‍ത്ത് പുത്രന്റെ ചിത്രമാണ് ജയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. അദ്ധ്വാനിച്ചു സമ്പാദിച്ചു വച്ച സ്വത്തു മുഴുവന്‍ കിട്ടുന്ന വിലയ്ക്ക് വിറ്റ് പണം ധൂര്‍ത്തടിക്കുന്ന പൂത്രന്റെ ചിത്രം തന്നെ. കഴിഞ്ഞ ബജറ്റില്‍ എഫ്‌സിഐ അടക്കമുള്ള 24 പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റ് 72,500 കോടി രൂപ സമ്പാദിക്കാനായിരുന്നു തീരുമാനം. മറ്റെല്ലാ കാര്യങ്ങളിലും പരാജയപ്പെട്ട മോഡി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ മിടുക്കു കാട്ടി. ഒരു ലക്ഷം കോടിയില്‍ അധികം രൂപയാണ് വില്‍പനയിലൂടെ നേടിയത്. ഇത് അവിടെ അവസാനിക്കുന്നില്ല. പുതിയ ബജറ്റില്‍ ഓഹരി വില്‍പനയിലൂടെ 80,000 കോടിയിലേറെ രൂപ പിരിച്ചെടുക്കുവാനാണ് നിര്‍ദ്ദേശം. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ റയില്‍വേയും വിമാനത്താവളങ്ങളും കപ്പല്‍ നിര്‍മ്മാണശാലകളും മറ്റു പൊതു മേഖലാ സ്ഥാപനങ്ങളും എന്തിനേറെ നമ്മള്‍ യാത്രചെയ്യുന്ന റോഡുകളും അടക്കം സ്വകാര്യ വ്യക്തികളുടെതായി മാറും. ബ്രിട്ടീഷുകാരില്‍ നിന്നും പോരാടി നേടിയ സ്വാതന്ത്ര്യവും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയും ഒരു ജനാധിപത്യ ക്രമത്തിലൂടെ തന്നെ ഇന്ത്യയിലെയും വിദേശത്തെയും കുത്തകകള്‍ക്ക് അടിയറ വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതിന്റെ കാരണം വ്യക്തമാണ്. തങ്ങള്‍ ആഗ്രഹിക്കിക്കുന്നത് ഇതൊക്കെ തന്നെയാണ്. അധികാരത്തിലെത്താന്‍ സഹായിച്ച ശക്തികളും ഇവര്‍ തന്നെ. എന്നിട്ടും വര്‍ത്തമാനത്തില്‍ കുറവൊന്നുമില്ല. ‘ഭാരതം സ്വഛസുന്ദരമാക്കും’ എന്നാണ് മോഡി തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്നത്. വാചകകസര്‍ത്തിന് ആര്‍ക്കും ആരുടെയും അനുമതി ആവശ്യമില്ലല്ലൊ. പ്രത്യേകിച്ചും ഭരണം കൈയിലുള്ളവര്‍ക്ക്. ഏതായാലും ഇന്ത്യയിലെ ഭൂരിപക്ഷ ജനതയെ ആശങ്കപ്പെടുത്തുന്നതാണ് 2018-19 ലെ കേന്ദ്രബജറ്റ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.