ആരോഗ്യസുരക്ഷയില്‍ നിന്ന് ഇന്‍ഷുറന്‍സ് ആരോഗ്യത്തിലേക്ക്
പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പ്രശംസകൊണ്ട് മൂടുന്ന നിലപാടാണ് സ്വകാര്യ ആശുപത്രികള്‍ സ്വീകരിച്ചത്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു കുതിച്ചുചാട്ടമെന്നാണ് പല സ്വകാര്യ ആശുപത്രികളുടെയും മേധാവികള്‍ പ്രതികരിച്ചത്. നേരത്തേ ഉണ്ടായിരുന്നതിനെക്കാള്‍ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചതിലൂടെ പദ്ധതിയുടെ പ്രയോജനം പാവപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നാണ് അപ്പോളോ ഹോസ്പിറ്റല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ സുനിതാ റെഡ്ഡി പ്രതികരിച്ചത്. അവര്‍ പറഞ്ഞത് ശരിയാണ്. ഡെങ്കിപ്പനിക്ക് 16 ലക്ഷം രൂപയുടെ ബില്‍ നല്കാന് ഒരു ഇന്‍ഷുറന്‍സ് കമ്പനിയും തയ്യാറാകില്ല. കൂടാതെ തിമിരചികിത്സയ്ക്ക് ആനുകൂല്യങ്ങള്‍ നല്കാന് ഇന്‍ഷുറന്‍സ് കമ്പനികളും തയ്യാറാകില്ല
ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചെടുത്തതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. രാജ്യത്തെ പാവപ്പെട്ടവന്റെ ആരോഗ്യസംരക്ഷണത്തിനായല്ല, മറിച്ച് ഇന്‍ഷുറന്‍സ് കമ്പനികളെയും സ്വകാര്യ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയാണിത് എന്ന ആക്ഷേപം ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, എല്ലാ സജ്ജീകരണങ്ങളുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, അര്‍പ്പണ ബോധമുള്ള ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, പാവപ്പെട്ടവന്റെ പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ലഭിക്കുന്ന മരുന്നുകള്‍ എന്നിവയ്ക്ക് മാത്രമേ രാജ്യത്തെ പാവപ്പെട്ടവന് ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയൂ. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിയില്ല. ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്ക് ഗുരുതരമായ ദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിയില്ലെന്നത് വ്യക്തമാണ്. കൂടാതെ പരിമിതമായ ഇന്‍ഷുറന്‍സ് തുകയ്ക്ക് ചെലവേറിയ ആശുപത്രികളില്‍ വളരെ ചെറിയതരം ചികിത്സയ്ക്കു മാത്രമേ ഉതകൂവെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇപ്പോഴത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഒരു കാപട്യമല്ലെങ്കില്‍ ഒരു തമാശയാണ്. അടിയന്തരമായി രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് പകരം ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കുന്നതിനായി കൈക്കൊണ്ട തീരുമാനം ഏവരിലും ഉല്‍ക്കണ്ഠ സൃഷ്ടിക്കുന്നു. നിലവിലുള്ള സാഹചര്യത്തില്‍ നൂറുകണക്കിന് സര്‍ക്കാര്‍ ആശുപത്രികളാണ് ആവശ്യം. ആധുനിക സജ്ജീകരണങ്ങളുള്ള ആരോഗ്യ കേന്ദ്രങ്ങളും ലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും നിയമിക്കാന്‍ തയ്യാറാകണം.
ആവശ്യത്തിനനുസരിച്ചുള്ള സജ്ജീകരണങ്ങളോ ജീവനക്കാരെയോ നിയമിക്കുന്നതിലും ലഭ്യമാക്കുന്നതിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. സാധാരണക്കാരന്റെ അവസ്ഥ മനസിലാക്കാന്‍ രാവിലെ ഡല്‍ഹി റിങ് റോഡിന് സമീപമുള്ള എയിംസിലേയ്ക്കോ സഫ്ദര്ജന്ഗ് ആശുപത്രിയിലേയ്ക്കോ സന്ദര്‍ശനം നടത്താന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും തയ്യാറാകണം. സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതികള്‍ കാരണം പാവപ്പെട്ടവന് താങ്ങാന്‍ കഴിയാത്ത പണം ചെലവാക്കി സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി അഭയംപ്രാപിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഒരുകാര്യം നമുക്ക് വ്യക്തമാക്കിത്തരുന്നു. ആദായനികുതി പരിധിയില്‍ നിന്നും ഒഴിവാകാന്‍ പല സ്വകാര്യ ആശുപത്രികളും ട്രസ്റ്റിന്റെ പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സ സംബന്ധിച്ച ബില്ലുകള്‍ നൂറുശതമാനമോ അതിലേറെയോ വര്‍ധിപ്പിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പായാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും ഒരു ചാകരയാകും. ലോകത്തിലേതന്നെ ഏറ്റവും വലിയ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനമായാണ് പുതിയ പദ്ധതിയെ ബജറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു തെരഞ്ഞെടുപ്പ് പ്രചരണമായി മാത്രമേ കാണാന്‍ കഴിയൂ. പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ തുകയില്‍ 60 ശതമാനം മാത്രമേ കേന്ദ്രസര്‍ക്കാര്‍ നല്‍കൂ. ബാക്കിയുള്ള 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ കൊടിയ സാമ്പത്തിക ഞെരുക്കത്തില്‍ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ഇത് അധികസാമ്പത്തിക ഭാരമായിരിക്കും അടിച്ചേല്‍പ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സംസ്ഥാനങ്ങള്‍ പിന്നാക്കം പോകും. സംസ്ഥാനങ്ങളെ കുറ്റം പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് പുതിയ പദ്ധതിയില്‍ നിന്ന് തലയൂരാനും കഴിയും. 100 ദശലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനവും പുതിയ പദ്ധതിയുടെ കീഴില്‍ വരുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളും വാദിക്കുന്നു.
30,000 രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന രാഷ്ട്രീയ സ്വാസ്ത്യ ബീമയോജന പദ്ധതി ഇതോടെ ഇല്ലാതാകും. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഒരു ലക്ഷം കോടി മുതല്‍ ഒന്നരലക്ഷം കോടിവരെയാണ് പദ്ധതിയുടെ ചെലവായി വിലയിരുത്തിയിട്ടുള്ളത്. നൂറ് ബില്യണ്‍ മുതല്‍ 120 ബില്യണ്‍ വരെ പദ്ധതി ചെലവ് വരുമെന്നാണ് നീതി ആയോഗ് പറയുന്നത്.
ഓരോ കുടുംബത്തിനും 1000 മുതല്‍ 1200 രൂപ വരെ പ്രീമിയം അടയ്ക്കണമെന്നാണ്. എന്നാല്‍ 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് ഒരു മുതിര്‍ന്ന പൗരന് 20,000 രൂപ വരെ പ്രിമിയമായി നല്‍കേണ്ടിവരും. പുതിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും സമ്മതം മൂളിയിട്ടില്ല. അവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി സംസാരിക്കുമെന്ന് നീതി ആയോഗ് അംഗം വിനോദ് പോള്‍ പറഞ്ഞിട്ടുണ്ട്.
ഇന്‍ഷുറന്‍സ് പദ്ധതിക്കായി വന്‍ തുക ചെലവാക്കുന്നതിന് പകരം സര്‍ക്കാര്‍ ആശുപത്രികളെയും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളെയും നഴ്സിങ് കോളജുകളെയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു. ഇക്കാര്യത്തോട് ആരും വിയോജിക്കില്ല. 24 മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒരു മെഡിക്കല്‍ കോളജ്. അല്ലെങ്കില്‍ 50 ലക്ഷം പേര്‍ക്ക് ഒരു മെഡിക്കല്‍ കോളജ് എന്ന മാനദണ്ഡത്തിലാണ് പുതിയവ സ്ഥാപിക്കുന്നത്. മികച്ച നിലവാരമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സയും ആധുനിക ചികിത്സാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയാല്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് ഉപകരിക്കും.
സ്വകാര്യ ആശുപത്രികളിലൂടെ നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ സേവനം നല്‍കിയതിന് ഉദാഹരണങ്ങളില്ല. അങ്ങനെ നടപ്പാക്കിയ ഇടത്തെല്ലാം നേട്ടം കൊയ്തത് സ്വകാര്യ ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളുമാണ്. പുതിയ സംവിധാനം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉതകുന്നതല്ലെന്നാണ് മുന്‍ ധനകാര്യ സെക്രട്ടറി അരവിന്ദ് മായോറാം വ്യക്തമാക്കിയത്. കൂടാതെ രാജ്യത്തെ 50 കോടി ജനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പ്രായോഗികമായി തുകയൊന്നും അനുവദിച്ചിട്ടുമില്ല. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിപരീതമായി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ആരോഗ്യമേഖലയ്ക്കുള്ള വിഹിതം കുറഞ്ഞു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2.5 ശതമാനം ആരോഗ്യമേഖലയ്ക്കായി നല്‍കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഈ ലക്ഷ്യം ഇപ്പോഴും അകലെയാണ്. നിലവില്‍ 1.2 ശതമാനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
കടപ്പാട്: ഇന്ത്യപ്രസ് ഏജന്‍സി