മദ്യനിരോധനത്തില്‍ തിരുസഭയ്ക്ക് എന്തിനിത്ര ശാഠ്യം

Web Desk
Posted on November 18, 2017, 9:57 pm

മദ്യം ഭൂമുഖത്തെവിടെയും പ്രചാരത്തിലുള്ള ഒരു ലഹരിപാനീയമാണെങ്കിലും മദ്യപാനം മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നു കരുതുന്ന ധാരാളമാളുകള്‍ പലരാജ്യങ്ങളിലുമുണ്ട്. പ്രത്യേകിച്ചും ഇന്ത്യയില്‍. എങ്കിലും അതിന്റെ ഉപയോഗം കൂടുന്നതല്ലാതെ ഒരിടത്തും കുറഞ്ഞുകാണുന്നില്ല. വീര്യം കൂടിയതും കുറഞ്ഞതുമായ അത്തരം പാനീയങ്ങള്‍ മിക്കരാജ്യങ്ങളിലുമുണ്ട്. ഇതില്‍ ഏറ്റവും വ്യാപകമായി പ്രചരിക്കുന്നത് ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നുള്ള വിസ്‌കിയാണ്; വിശേഷിച്ചും ”സ്‌കോച്ച്” എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്‌കോട്ട്‌ലന്റില്‍ നിന്നുള്ള വിസ്‌കി. പാശ്ചാത്യ രാജ്യങ്ങളില്‍ ധനികര്‍ക്കിടയിലെന്നപോലെ വരുമാനം കുറഞ്ഞവര്‍ക്കിടയിലും വിലമതിക്കപ്പെടുന്ന ഒരു മദ്യമാണത്. നിരവധി വര്‍ഷക്കാലത്തെ പഴക്കമുള്ള സ്‌കോച്ചിനാണ് കൂടുതല്‍ ‘മാന്യത’. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ ഇന്ത്യയിലും ഉയര്‍ന്ന വര്‍ഗക്കാര്‍ക്കിടയില്‍ വിലമതിക്കപ്പെട്ടിരുന്നു ഇത്. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അധികാരത്തില്‍ വന്ന ദേശീയ ഭരണത്തിന്‍ കീഴില്‍ ഇതിന്റെ ഇറക്കുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാന്‍ തുടങ്ങിയതോടെ ഇതിന് ബദലായി ഇന്ത്യയില്‍ തന്നെ ഇത് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. ഐഎംഎഫ്എല്‍ (ഇന്ത്യയില്‍ ഉണ്ടാക്കിയ വിദേശമദ്യം) എന്ന ബ്രാന്‍ഡിലാണ് ഇത് അറിയപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യയിലെവിടെയും ലഭ്യമായിട്ടുള്ളതും ഇതാണ്.
എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും കൂടുതല്‍ പഥ്യമായിട്ടുള്ളത് ബിയര്‍ എന്ന ലഹരി വളരെ കുറഞ്ഞ പാനീയമാണ്. സായാഹ്നങ്ങളില്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ബിയര്‍ വില്‍ക്കുന്ന ‘പബ്ബു‘കളിലെ ആള്‍ക്കൂട്ടം യൂറോപ്പ് സന്ദര്‍ശിക്കുന്ന ഏതൊരാളിന്റെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു കാഴ്ചയാണ്.
ഫ്രാന്‍സില്‍, പക്ഷേ, ഏറ്റവും പ്രചാരം വൈന്‍ (വീഞ്ഞ്) എന്ന മധുരപാനീയത്തിനാണ്. നൂറുകണക്കിന് തരം വീഞ്ഞ് അവിടെ ലഭ്യമാണെങ്കിലും ‘ഷാമ്പെയിന്‍’ ആണ് ലോകപ്രശസ്തി നേടിയിട്ടുള്ളത്. വിജയാഘോഷത്തിന് പലരാജ്യങ്ങളിലും ഉപയോഗിക്കുന്ന ഷാമ്പെയിനെപ്പറ്റി കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. കളിക്കളങ്ങളിലെ വിജയാഘോഷങ്ങള്‍ക്ക് വീഞ്ഞു കുപ്പി പൊട്ടിച്ച് ചീറ്റിച്ചില്ലെങ്കില്‍ അതിന് ഒരു പൂര്‍ണത വന്ന തോന്നലുണ്ടാവില്ല.
റഷ്യയുടെ ”വോഡ്ക്ക”യാണ് ദേശീയാതിര്‍ത്തിക്കപ്പുറവും പ്രചാരം നേടിയിട്ടുള്ള വീര്യം കൂടിയ ഒരു മദ്യം. സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴി തുറന്നതിന് വോഡ്ക്കയും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. റഷ്യയിലെ പുരുഷന്മാരില്‍ വലിയൊരു വിഭാഗം വോഡ്ക്കയ്ക്ക് അടിമകളായതുമൂലം അവിടത്തെ തൊഴിലാളികളുടെ ആലസ്യം വര്‍ദ്ധിക്കുകയും അത് വ്യാവസായികോല്‍പ്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ആരും തര്‍ക്കത്തിന് വരുമെന്ന് തോന്നുന്നില്ല. ഇതിന് തടയിടാന്‍ റഷ്യയില്‍ വോഡ്ക്കയുടെ വില പല പ്രാവശ്യം വര്‍ദ്ധിപ്പിച്ചിട്ടും അതിന്റെ ഉപയോഗത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. രണ്ടാം ലോക യുദ്ധത്തിനുശേഷം നിത്യോപയോഗ സാധനങ്ങള്‍ക്കൊന്നും ഒരിക്കലും വിലവര്‍ദ്ധിപ്പിച്ചിട്ടില്ലാത്ത ഒരു രാജ്യത്താണ് വോഡ്ക്കയ്ക്ക് മാത്രം അസാമാന്യമായ ഒരു വില വര്‍ദ്ധനവിന് അന്നത്തെ അവിടുത്തെ സര്‍ക്കാര്‍ മുതിര്‍ന്നതെന്ന് ഓര്‍ക്കണം.
മിക്ക രാജ്യങ്ങള്‍ക്കും അവരുടേതായ തദ്ദേശീയ ലഹരി പാനീയങ്ങള്‍ പലതുമുണ്ട്. ഇന്ത്യയില്‍ തന്നെ തെങ്ങും പനയും ചെത്തിയെടുക്കുന്ന കള്ളു തന്നെ ഇതിനൊരുദാഹരണം. ചെത്തിയെടുത്ത് അധികം താമസിയാതെ കഴിച്ചാല്‍ ആ മധുരക്കള്ളിന് വലിയ ലഹരിയൊന്നും ഉണ്ടാവില്ല. എന്നാല്‍ പുളിപ്പിച്ചശേഷമുള്ള കള്ളു കുടിച്ചവര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവരുടെ വീട്ടുകാര്‍ക്ക് ഒരു പേടിസ്വപ്നം പോലെ ആയിരുന്നു. ഇപ്പോള്‍ പാലക്കാടന്‍ മേഖലയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തുന്ന കൃത്രിമ കള്ളിന്റെ കാര്യം പറയേണ്ടതുമില്ല.
ഇന്ത്യയില്‍ തന്നെ ഏതാണ്ടെല്ലാ മേഖലകളിലുമുള്ള സാധാരണ ജനങ്ങള്‍ക്കിടയില്‍ കുടുംബജീവിതത്തെ അലങ്കോലപ്പെടുത്തുന്നതില്‍ മദ്യപാനത്തിനുള്ള പങ്ക് സാര്‍വത്രികമായി പ്രകടമാണ്. ഗൃഹനാഥന്‍ ജോലി ചെയ്ത് കിട്ടുന്ന കാശ് കള്ളുഷാപ്പിലും ചാരായ ഷാപ്പിലും ധൂര്‍ത്തടിച്ച ശേഷം വെറും കൈയുമായി വീട്ടിലെത്തുമ്പോള്‍ പട്ടിണികിടക്കേണ്ടി വരുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ദയനീയ ചിത്രം എല്ലാ രാജ്യങ്ങളിലുമുള്ള സന്മാര്‍ഗ ചിന്താഗതിക്കാരുടെ രോഷത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള ഒരു പോംവഴിയായി അവരെല്ലാം കണ്ടിരുന്നത് മദ്യനിരോധനത്തെയാണ്.
എന്നാല്‍ കള്ളുചെത്തും ചാരായവും മറ്റു പ്രാദേശിക ലഹരിപാനീയങ്ങളും വലിയ തടസം കൂടാതെ മുന്നോട്ട് പോയിരുന്നു. അസമിലും മറ്റു വടക്ക് കിഴക്കന്‍ സ്റ്റേറ്റുകളിലും അവരുടെ പ്രാദേശിക പാനീയങ്ങളുടെ വാറ്റലും ഉപയോഗവും നിര്‍ബാധം തുടരുന്നുണ്ട്. വീടുകളില്‍ തന്നെ ഇത്തരം പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന രീതിയും തുടര്‍ന്നുവരുന്നുണ്ട്. അരിയില്‍ നിന്നാണ് അവിടങ്ങളില്‍ ഇത്തരം വാറ്റ് നടക്കുന്നത്. പഴഞ്ചോറ് കഴിക്കുന്നത് പതിവാക്കിയിരുന്ന കേരള ഭവനങ്ങളില്‍ അത് കഴിക്കുന്നവര്‍ക്ക് ഒരു പ്രത്യേക വീര്യം അനുഭവപ്പെട്ടിരുന്നു. പതിവായി പഴഞ്ചോറ് കഴിക്കുന്നവര്‍ക്ക് ഒരുനേരം അത് കിട്ടിയില്ലെങ്കിലത്തെ പരവേശം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
മദ്യനിരോധനത്തിന്റെ പരീക്ഷണം വിദേശങ്ങളിലും നടന്നിരുന്നു. യു.എസ്.എ.യില്‍ 1920 മുതല്‍ ഇതുസംബന്ധിച്ച ഒരു നിയമം നിലവില്‍ വന്നിരുന്നു. ഭരണഘടനയുടെ 18-ാം ഭേദഗതി മുഖേനയാണ് ഇത് നടപ്പിലാക്കിയത്. പക്ഷേ, പതിമൂന്ന് വര്‍ഷത്തിന്റെ പ്രാബല്യമേ ആ നിയമത്തിന് ഉണ്ടായിരുന്നുള്ളു. കള്ളവാറ്റുപോലുള്ള നിയമവിരുദ്ധ നടപടികള്‍ രാജ്യത്തെങ്ങും നടമാടിയതോടെ 1933 ല്‍ മറ്റൊരു ഭരണഘടനാ ഭേദഗതിയിലൂടെ തന്നെ (19-ാമത്തെ ) ആ നിരോധനം പിന്‍വലിക്കേണ്ടിവരികയും ചെയ്തു. കാനഡ അതിനു മുമ്പു തന്നെ മദ്യനിരോധനം ഏര്‍പ്പെടുത്തുകയും പരാജയപ്പെടുകയും ചെയ്തതാണ്. 1907 മുതല്‍ 1917 വരെയുള്ള കാലത്തായിരുന്നു കാനഡയുടെ ഈ പരീക്ഷണം.
1917 ലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ വിജയത്തിനുശേഷം വി ഐ ലെനിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണവും മദ്യനിരോധന പരീക്ഷണത്തില്‍ കൈപൊള്ളിയ കൂട്ടത്തിലാണ്. വോഡ്ക്കയില്ലാതെ ജീവിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ കഴിയാത്ത റഷ്യക്കാര്‍ ഓരോ വീടും കള്ളവാറ്റുകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്നാണ് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്.
ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ 2015 നവംബറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതില്‍ കാണിച്ച അത്യുത്സാഹം കാരണം കള്ളവാറ്റുകാര്‍ കൊണ്ടുനടന്ന് വില്‍ക്കുന്ന വിഷദ്രാവകങ്ങള്‍ കഴിച്ച് യമപുരിയില്‍ അഭയം കണ്ടെത്തിയ പാവപ്പെട്ട ബിഹാറികളുടെ കാര്യം ഓര്‍ക്കുകയാണെങ്കില്‍ മദ്യം നിരോധിക്കുമ്പോള്‍ നടക്കുന്നതെന്താണെന്ന് ആര്‍ക്കും ബോധ്യമാകും. കേരളത്തിന്റെ അനുഭവവും മറിച്ചല്ല. കൊല്ലം പാരിപ്പള്ളിക്ക് സമീപത്തു നടന്ന വിഷമദ്യ ദുരന്തത്തിന്റെ കാരണക്കാരനായ മണിച്ചനെപ്പോലുള്ളവര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ടെന്ന വസ്തുതയും നമുക്ക് മറക്കാതിരിക്കാം. മുഖ്യമന്ത്രി എ കെ ആന്റണി ചാരായനിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മണിച്ചനെപ്പോലെ വിഷമദ്യം വിറ്റ് കോടീശ്വരപദവിയിലെത്താന്‍ പലര്‍ക്കും സാധിച്ചത്.
എ കെ ആന്റണിയുടെ ഭരണം അവസാനിക്കാറായ ഘട്ടത്തിലാണ് ചാരായ നിരോധനത്തിലൂടെ അദ്ദേഹം ഒരു ‘മഹാ വിപ്ലവം’ സൃഷ്ടിച്ചതായി അഭിമാനിച്ച് ഞെളിഞ്ഞു നടന്നതും ഒരു വന്‍ ഭരണ നേട്ടമായി കോണ്‍ഗ്രസുകാര്‍ കൊട്ടിപ്പാടി നടന്നതും. പക്ഷേ, അതുകൊണ്ടും അവര്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നത് മറ്റൊരുകാര്യം.
ഇക്കഴിഞ്ഞ കൊല്ലം യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണ കാലാവധി അവസാനിക്കാറായപ്പോഴാണ് ആ മന്ത്രിസഭ മറ്റൊരു മദ്യനാടകം അവതരിപ്പിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ‘ബാര്‍’ അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിച്ചതോടെ മറ്റു ബാറുകളെല്ലാം ‘വൈന്‍ ബിയര്‍ പാര്‍ലറുകള്‍’ ആക്കി മാറ്റിയതിന്റെ മറവില്‍ നടന്ന പണമിടപാടുകള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
കേരളത്തിലെ ക്രൈസ്തവ സഭകള്‍ മദ്യനിരോധനത്തിനായി അരയും തലയും മുറുക്കി നില്‍ക്കുന്നതു കാണുന്നതു കൊണ്ടാണ് ഈ പ്രശ്‌നം ഇപ്രകാരം ഇവിടെ ഉന്നയിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതുപോലുള്ള ഒരു ചട്ടക്കൂടാണല്ലോ കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കുമുള്ളത്. ഒരു കുഞ്ഞു ജനിച്ച് ബാപ്ടിസം (ജ്ഞാനസ്‌നാനം) മുതല്‍ വിവാഹത്തിലും മരണാനന്തര ചടങ്ങിലും എല്ലാം അയവില്ലാത്ത മതാനുഷ്ഠാനങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സഭയ്ക്ക് കഴിയുന്നുമുണ്ട്. ചട്ടലംഘനം നടത്തുന്നവര്‍ക്ക് തെമ്മാടിക്കുഴി എന്ന ശിക്ഷാവിധി എം പി പോളിനെയും പൊന്‍കുന്നം വര്‍ക്കിയെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി ടി പുന്നൂസിനേയും പോലുള്ളവരുടെ കാര്യത്തില്‍ പോലും സഭ നടപ്പിലാക്കിയിട്ടുമുണ്ട്. പൊതുതിരഞ്ഞെടുപ്പുകാലത്ത് സഭനിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് തന്നെവോട്ടു ചെയ്യണമെന്നും സഭ അനുശാസിക്കാറുണ്ടല്ലോ. അങ്ങനെയുള്ള തിരുസഭയ്ക്ക് മദ്യംവര്‍ജിക്കാന്‍ കുഞ്ഞാടുകളോട് ശാസനാരൂപത്തില്‍ തന്നെ ആജ്ഞാപിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സഭാദ്ധ്യക്ഷന്മാര്‍ മറുപടി പറയേണ്ടിവരും. സഭാംഗങ്ങളെ കൊണ്ടു ഇത് ചെയ്യിക്കാന്‍ കഴിഞ്ഞാല്‍ തന്നെ കേരളത്തിലെ വലിയൊരു വിഭാഗത്തിനിടയില്‍ മദ്യത്തിനുള്ള സ്വാധീനം ഇല്ലാതാകില്ലെ?
ഇസ്‌ലാം മതവിശ്വാസികള്‍ മദ്യം തൊടരുതെന്ന അനുശാസനം നടപ്പിലാക്കാന്‍ അവരുടെ സംഘടനകളും രംഗത്തിറങ്ങിയാല്‍ മറ്റൊരു വിഭാഗം കൂടി മദ്യത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഒഴിവാകുമല്ലോ.
ഇതൊന്നും ചെയ്യാതെ ക്രൈസ്തവ പുരോഹിതര്‍ മദ്യനിരോധനം ആവശ്യപ്പെട്ട് പ്രകടനവും സത്യാഗ്രഹവുമായി പോര്‍വിളി മുഴക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കേണ്ടിവരുന്നത്. വിമോചന സമരത്തിന് പതിനായിരക്കണക്കിന് വിശ്വാസികളെ പോര്‍ക്കളത്തിലിറക്കിയ സഭയ്ക്ക് ഇതിന് കഴിവില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.
മദ്യം മാത്രമല്ലല്ലൊ ഒരേയൊരു ലഹരിപദാര്‍ഥം. കറുപ്പും ചരസും കൊക്കെയിനും കഞ്ചാവും പോലെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ വര്‍ജിക്കേണ്ട വേറെയും സാധനങ്ങളുണ്ടല്ലൊ.
പുകവലിയുടെ കാര്യത്തില്‍ നിരോധനം കൂടാതെ അത് നിയന്ത്രിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായിട്ടുമുണ്ട്. മദ്യത്തെക്കാള്‍ എത്രയും ഹാനികരമാണ് പുകവലിയെന്ന ബോധം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായതിന്റെയും പൊതുസ്ഥലങ്ങളില്‍ വച്ചുള്ള പുകവലി ഇല്ലാതാക്കാന്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെയും നേട്ടമാണല്ലൊ ഇത്. ബീഡിവ്യവസായം കേരളത്തില്‍ ഏതാണ്ട് പൂട്ടിപ്പോയത് ആരും കാണുന്നില്ലേ?
അതുകൊണ്ട് മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നു അടിവരയിട്ട് പറയേണ്ടിവരും. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഏറെക്കുറെയെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുള്ള മദ്യപാനം ഇല്ലാതാക്കാന്‍ തിരുസഭയ്ക്കും കഴിയുക തന്നെ ചെയ്യും. അതിനുവേണ്ടി ഗോഗ്വോ വിളികള്‍ നടത്തേണ്ട ഒരു ആവശ്യവുമില്ല തന്നെ.
മദ്യനിരോധനത്തിന് വേണ്ടി ഇത്രയും ശക്തിയുക്തം വാദിക്കുമ്പോള്‍ തന്നെ മതാചാരങ്ങള്‍ക്കായി വീഞ്ഞ് ഉല്‍പാദിപ്പിക്കാന്‍ സഭതന്നെ മുന്‍കൈയെടുക്കുന്നുണ്ടെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഇരുന്നൂറ്റി അമ്പത് ലിറ്റര്‍ വീഞ്ഞ് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കാനുണ്ടായിരുന്ന ലൈസന്‍സ് 2500 ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ തിരുസഭ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. വീഞ്ഞ് ഒരു മദ്യമല്ലെന്ന് അവകാശപ്പെടാനാവില്ലെങ്കിലും വീഞ്ഞുകള്‍ തന്നെ പലവിധമുണ്ടെന്ന കാര്യം മറക്കേണ്ടതില്ല. ചൈനയുടെ റൈസ് വൈന്‍ ഇതിന് ദൃഷ്ടാന്തമാണ്. നല്ല മധുരമുള്ളതാണെങ്കിലും നെല്ലരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന റൈസ് വൈന്‍ രണ്ട് പെഗ് കഴിക്കുമ്പോള്‍ തന്നെ തലയ്ക്ക് പിടിക്കുമെന്ന് അറിവുള്ളവര്‍ പറയുന്നുണ്ട്. ഇതുകൊണ്ടെല്ലാമാണ് മദ്യനിരോധന പ്രചാരകര്‍ ഈ സന്ദര്‍ഭത്തില്‍ ഒരു വമ്പിച്ച പ്രക്ഷോഭണത്തിന് ഒരുങ്ങുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്തെങ്കിലും കൂടിയുണ്ടോ എന്ന് പലരും സംശയിക്കുന്നത്.