Friday
22 Feb 2019

പൊതുവിദ്യാഭ്യാസത്തിന്റെ കുട നിവര്‍ത്തുമ്പോള്‍

By: Web Desk | Thursday 8 February 2018 10:14 PM IST

ഒ കെ ജയകൃഷ്ണന്‍

പൊതുവിദ്യാഭ്യാസത്തിന്റെ ഏകോപനം നടക്കുമ്പോള്‍ അടിസ്ഥാനപരമായ ഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അത് ഏറ്റവും ശാസ്ത്രീയവും അന്താരാഷ്ട്ര രീതികളെ ഉള്‍ക്കൊണ്ടുമുള്ളതാകണം. പല കമ്മിഷനുകളും സ്വീകാര്യമായ നിര്‍ദേശങ്ങള്‍ ഇതിനകം മുന്നോട്ടുവച്ചിട്ടുണ്ട്. അവ വിശദമായി പരിശോധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത് ഈ മേഖലയെ ഗുണപരമായി നയിക്കാനുതകുന്ന ഘടനാമാറ്റം സ്വീകരിക്കണം.

കേരള മുഖ്യമന്ത്രി നിയമസഭയില്‍ ഒരു ചോദ്യത്തിനുത്തരമായി പൊതുവിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളെ ഒരു കുടക്കീഴിലാക്കുന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചതായി കണ്ടു. കാലാകാലമായി സര്‍ക്കാരുകളുടെയും വിദ്യാഭ്യാസ പ്രേമികളുടെയും ഒരാഗ്രഹം കൂടിയാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ് ഇത്തരമൊരു ഏകീകരണം പ്രഖ്യാപിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്ന് പിന്‍വാങ്ങുകയായിരുന്നു. ഒരു സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസം പല കുടയ്‌ക്കോ കൂരയ്‌ക്കോ കീഴിലായി കേരളത്തിലേ കാണാന്‍ കഴിയു. സങ്കുചിത താല്‍പര്യങ്ങളും നിസാരകാരണങ്ങളും മറയാക്കിയാണ് ഇങ്ങനെ തുടരുന്നത്.

ഹൈസ്‌കൂള്‍ തലംവരെയുള്ള വിദ്യാഭ്യാസഘടനയോട് ഹയര്‍സെക്കന്‍ഡറിയെ കൂടി കൂട്ടിക്കെട്ടുന്ന കേവലാഭ്യാസമായി ഈ ഏകോപനത്തെ ചുരുക്കരുത്. തൊണ്ണൂറുകളില്‍ ഹയര്‍സെക്കന്‍ഡറിയുടെ പ്രാരംഭഘട്ടത്തില്‍ വന്നുപെട്ട ഒരു പിഴവ് നാളിതുവരെ എല്ലാ സര്‍ക്കാരുകളും ആചാരമായി കൊണ്ടാടിയതിന്റെ തിരുത്തല്‍ ഒരിനമാകാം. ഒരു കുടക്കീഴില്‍ എന്ന ആശയം യഥാര്‍ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയാല്‍ അത് കേരളീയ വിദ്യാഭ്യാസരംഗത്തെ ഒരു പൊളിച്ചെഴുത്ത് തന്നെയാകും. അതിനുള്ള ആത്മാര്‍ഥതയും ശേഷിയും പ്രകടിപ്പിക്കേണ്ടത് ഭരണകൂടം തന്നെയാണ്.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുബന്ധമായി കേരളം തയാറാക്കിയ കെസിഎഫും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അധ്യക്ഷനായ കെഇആര്‍ പരിഷ്‌കരണ സമിതിയും ഈ രംഗത്ത് സാധ്യമാവേണ്ട മാറ്റങ്ങളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഒരേ കാലത്ത് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ഒരുമിച്ചവസാനിപ്പിച്ച് മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തനങ്ങളെ ഒരുമിപ്പിക്കുന്നത് ഭരണപരമായി മാത്രമല്ല അക്കാദമിക മികവും തുടര്‍ച്ചയും ഉറപ്പിക്കുവാന്‍ കൂടി സഹായകരമാകും. നിലവില്‍ പലയിടത്തും ഒരു കോമ്പൗണ്ടിനകത്ത് തന്നെ വിവിധ അധികാര കേന്ദ്രങ്ങളും ഇടങ്ങള്‍ വീതം വെച്ചെടുപ്പും കുട്ടികളുടെ താല്‍പര്യത്തിനുസരിച്ചുള്ളതല്ല. മറിച്ച് ചുരുങ്ങിയ കാലത്തേക്കുള്ള തങ്ങളുടെ സേവനതാവളങ്ങള്‍ അലങ്കോലമാകുമോ എന്ന ചില അധ്യാപകരുടെയെങ്കിലും എതിര്‍പ്പനുസരിച്ചുള്ളതാണ്. ഏകോപനം നടക്കുമ്പോള്‍ വിവിധ തുറകളിലുള്ള അധ്യാപകരുടെ സേവനം, തസ്തിക, സ്ഥാനക്കയറ്റരീതികള്‍ അവരെ വിശ്വാസത്തിലെടുത്ത് നിര്‍വചിച്ച് നല്‍കിയാല്‍ തീരുന്നതാകും അധ്യാപക പക്ഷത്തുനിന്നുള്ള എതിര്‍ ശബ്ദങ്ങള്‍. കാരണം വിദ്യാഭ്യാസ പ്രക്രിയ കുട്ടിയുടെ മികവ് മുന്നില്‍ കണ്ടുള്ളതാവണമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് അധ്യാപകര്‍.

നിര്‍ദേശിക്കുന്ന മാറ്റം എങ്ങനെയുള്ളതാകണം, കേന്ദ്ര ഫണ്ട് ലഭിക്കാനും ഭരണപരമായ ചെലവുകള്‍ ചുരുക്കുന്നതിനും, ഒരൊറ്റ മേലധികാരിയെ നിയമിക്കാനും, സ്‌കൂള്‍ സ്ഥാവരജംഗമ വസ്തുക്കള്‍ പൊതുവാക്കിയെടുക്കുന്നതിനുമാത്രം ലക്ഷ്യമിട്ട് മതിയോ. ഭരണത്തിന്റെ എല്ലാ തലങ്ങളിലും മാനേജ്‌മെന്റ് സാങ്കേതിക സൗകര്യങ്ങള്‍ കാര്യക്ഷമമാകുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ‘കൊളോണിയന്‍ പതിപ്പ്’ ആവര്‍ത്തിച്ചാല്‍ മതിയോ.
ഒരു കുടക്കീഴിലേക്ക് വരുമ്പോള്‍ എല്ലാം അധികാര കേന്ദ്രങ്ങളിലേക്ക് കേന്ദ്രീകരിച്ച് സങ്കീര്‍ണമാവുകയല്ല മറിച്ച് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിച്ച് സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇന്ന് കേരളത്തില്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം പ്രീ-പ്രൈമറിയിലാണ് ആരംഭിക്കുന്നത്. എന്നാല്‍ പ്രീ-പ്രൈമറിക്കോ തുടര്‍ന്നുള്ള പ്രൈമറിക്കോ സുപ്രധാനഘട്ടമെന്നുള്ള പരിഗണനയോ കരുതലോ ലഭിക്കുന്നില്ലെന്നുള്ള വിമര്‍ശനമുണ്ട്. വിദ്യാഭ്യാസരംഗത്തെ പൊതുശ്രദ്ധ പത്താം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനുമാണ്. കാരണം പൊതുപരീക്ഷകളെ ലാക്കാക്കിയാണ് ഇന്നും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാലചക്രഗതി.

ദേശീയതലത്തിലുള്ള മാതൃക സ്വീകരിക്കുകയാണെങ്കില്‍ തന്നെ കേരളത്തില്‍ പ്രീപ്രൈമറി-പ്രൈമറി തല വിദ്യാഭ്യാസത്തെ നയിക്കാന്‍ ഒരു പ്രൈമറി ഡയറക്ടറേറ്റ് അഭികാമ്യമാകും. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും തുടര്‍ച്ചയുണ്ടാക്കാനും അവയെ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറേറ്റിന് സാധിക്കും.

ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഓരോ വിഭാഗവും ഏറെ സമ്മര്‍ദ്ദങ്ങളോടെ പരിമിതികള്‍ അടക്കി സ്വന്തം നിലയില്‍ ഒരേസമയം ഓരോ തലത്തിലും അവരവരുടേതായ പരീക്ഷകള്‍ നടത്തുകയാണ്. അവയെല്ലാം ഏകോപിപ്പിച്ച് ശാസ്ത്രീയമായ കലണ്ടറോ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിന് ഒരൊറ്റ പരീക്ഷാ ഡയറക്ടറേറ്റോ മതിയാകും. അതുപോലെതന്നെ അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന അക്കാദമിക് ഡയറക്ടറേറ്റും. ഇവയുടെയെല്ലാം ചുമതലക്കാരായി അതത് മേഖലയില്‍ പരിചയവും കഴിവും യോഗ്യതയുമുള്ള മുതിര്‍ന്ന അധ്യാപകരെ തന്നെ നിയമിക്കാം. ഈ ഘടന താഴെ ഉപജില്ല മുതല്‍ മുകളിലോട്ടുണ്ടാവണമെന്നതില്‍ സംശയം വേണ്ട. സംസ്ഥാനതലത്തില്‍ ഈ വ്യത്യസ്ത ഡയറക്ടറേറ്റുകളുടെ കുട പിടിക്കുന്നയാള്‍ ഭരണരംഗത്തുനിന്നുള്ള ഒരു പൊതുവിദ്യാഭ്യാസ കമ്മിഷണര്‍/സെക്രട്ടറിക്ക് കീഴിലുമാകണം.

ഇങ്ങനെ ഘടനാമാറ്റത്തോടെയുള്ള മാറ്റത്തിനുള്ള ചര്‍ച്ചകളാവണം അല്ലാതെ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറികളെ ഒരു കുഞ്ഞുകുടയിലൊതുക്കുന്ന ആലോചനകളല്ല നടക്കേണ്ടത്. പ്രീ-പ്രൈമറിതലം മുതല്‍ മുകളിലോട്ടുള്ള മേഖലകളെയെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ, വലിയൊരു കുടയാണ് പൊതു വിദ്യാഭ്യാസത്തിന് ഇന്ന് വേണ്ടത്.
മാറ്റങ്ങള്‍ ഗുണപരമായാല്‍ പോലും അവയെ സങ്കുചിത താല്‍പര്യത്തോടെ എതിര്‍ക്കുന്ന ഒരു ചെറുവിഭാഗം എന്നും കേരളത്തിലുണ്ട്. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇതിനെ എതിര്‍ത്ത യാഥാസ്ഥിതിക വാദികള്‍ വ്യാജപ്രചരണങ്ങളോടെ ഇന്നും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. ഏറ്റവും സങ്കുചിതമായ വാദങ്ങളുയര്‍ത്തി മാധ്യമശ്രദ്ധനേടി പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം പൊതുവിദ്യാഭ്യാസത്തിന്റെ മികവല്ല; സ്വന്തം ലാഭം മാത്രമാണ്. പ്രബുദ്ധരായ കേരളീയ സമൂഹവും അധ്യാപകരും ഇതിനെതിരെ ജാഗരൂഗരാകണം.

(ലേഖകന്‍ എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റാണ്)

Related News