സത്യാനന്തര ലോകത്തെ ഫെയ്ക്ക് ന്യൂസ്

Web Desk
Posted on November 14, 2017, 1:00 am

രോ കാലഘട്ടത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലുണ്ടാവുന്ന ഇടര്‍ച്ചകളും പടര്‍ച്ചകളും സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിപ്പോവാറുണ്ട്. നവഫാസിസത്തിന്റെ കാര്‍മേഘങ്ങള്‍ ലോകസാമൂഹ്യക്രമങ്ങളുടെ മേല്‍ ഭീതി പരത്തിക്കൊണ്ട് ഉരുണ്ടുകൂടുമ്പോള്‍, ഡൊണാള്‍സ് ട്രംപും നരേന്ദ്രമോഡിയും സാര്‍വദേശീയ നേതാക്കളായി ‘അസംബന്ധങ്ങളാടുന്ന ഈ ‘കെട്ട’കാലത്തിന്റെ ദുഷിപ്പുകളുടെ നേര്‍സാക്ഷ്യമായി നമ്മുടെ ഭാഷാ വ്യവഹാരമണ്ഡലത്തിലേക്ക് രണ്ട് ഇംഗ്ലീഷ് പദങ്ങള്‍ കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഫെയ്ക്ക്‌ന്യൂസും സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്ത്.
2017ന്റെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ‘ഫെയ്ക്ക്‌ന്യൂസ്’ ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലയളവിലാണ് ഏറ്റവും കുടൂതല്‍ വ്യവഹരിക്കപ്പെട്ടത്. ഡൊണാള്‍ഡ് ട്രംപാണ് ഈ വാക്കിന് ഏറ്റവും കൂടു തല്‍ പ്രചുരപ്രചാരം നല്‍കിയതത്രെ! കഴിഞ്ഞ 12 മാസക്കാലത്തിനിടയ്ക്ക് 365 ശതമാനത്തിലേറെ പ്രയോഗിക്കപ്പെട്ട വാക്ക് എന്ന നിലയില്‍ ലോകപ്രശസ്തമായ ”കോളിന്‍സ് ’ ഡിക്ഷണറിയില്‍ ഈ പദം കയറിപ്പറ്റിക്കഴിഞ്ഞു. തെറ്റായതും സ്‌തോഭജനകവുമായ കാര്യങ്ങള്‍ വാര്‍ത്തകള്‍ എന്ന രൂപത്തില്‍ പരത്തുന്നതിനെയാണ് ഫെയ്ക്ക് ന്യൂസ് ’ ആയി ഡിക്ഷണറിയില്‍ നിര്‍വ്വചിച്ചിട്ടുള്ളത്. ട്രംപിന്റെ ഭ്രാന്തന്‍ സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ നിരന്തരമായ ആക്രമണം അഴിച്ചുവിട്ടിരുന്ന അമേരിക്കന്‍ പത്രങ്ങള്‍ക്കെതിരെ സ്വതേ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്ന ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ സാര്‍വ്വത്രികമായി ഉപയോഗിച്ചിരുന്ന ഈ പദത്തിന്റെ അര്‍ത്ഥത്തിനനുയോജ്യമായ ‘തൊപ്പി’ ആര്‍ക്കാണ് ചേരുകയെന്നത് മറ്റൊരു തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. കോര്‍പ്പറേറ്റ് മുതലാളിത്തം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പത്ര‑ദൃശ്യമാധ്യമങ്ങളെ സാര്‍വ്വത്രികമായി വിഴുങ്ങികൊണ്ടിരിക്കുന്ന ഈ പുതിയ ദശാസന്ധിയില്‍ മുതലാളിത്ത‑ഭരണാധികാര താല്‍പ്പര്യങ്ങള്‍ കൂടിക്കുഴഞ്ഞ ദുഷിച്ച ‘ഫെയ്ക്ക് ന്യൂസുകള്‍ സത്യത്തിന്റെ മുഖം മൂടിയണിഞ്ഞ് സമൂഹങ്ങളെ തെറ്റായ ദിശയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കിട പത്രസ്ഥാപനങ്ങളെല്ലാം മോഡിയുടേയും തീവ്രദേശീയവികാരത്തിന്റെയും കുഴലൂത്തുകാരായി അധഃപതിച്ചത് ഈയൊരു ചങ്ങാത്തത്തിന്റെ ഭാഗമാണ്.

ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു പൗരസമൂഹത്തെ സൃഷ്ടിക്കാന്‍ ബാധ്യതപ്പെട്ട ഭരണാധികാരികള്‍ മിത്തുകളേയും പുരാണകഥകളേയും ശാസ്ത്രപരിവേഷം ചാര്‍ത്തി ജനങ്ങളുടെ പൊതുബോധത്തെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യിക്കുകയാണ്. വസ്തുനിഷ്ഠയാഥാര്‍ഥ്യങ്ങളെ പിന്തള്ളി അയുക്തികവും വികാരവിക്ഷുബ്ധവുമായ ഒരു സാമൂഹ്യ ക്രമത്തെ സൃഷ്ടിക്കുന്ന ഈ അന്തരാളഘട്ടം, സത്യാനന്തര ലോകത്തിന്റെ പ്രതീതി ഉളവാക്കുന്നതിലും ഫെയ്ക്ക് ന്യൂസുകള്‍ പ്രാമുഖ്യം നേടുന്നതിലും അത്ഭുതപ്പെടാനില്ല.

2016ന്റെ വാക്കായി വിശ്വപ്രസിദ്ധമായ ~‘ഓക്‌സ്ഫഡ്’ ഡിക്ഷണറിയിലേക്ക് കയറിപ്പറ്റിയ സത്യാനന്തരം അഥവാ ട്രൂത്ത് പോസ്റ്റ് പൊതു സംവാദ വേദികളില്‍ രണ്ടായിരത്തിലധികം ശതമാനം ഉപയോഗിക്കപ്പെട്ട കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട വാക്കാണെന്ന നിലയ്ക്കാണ് ഔദ്യോഗിക അംഗീകാരം നേടിയത്. വസ്തുതകള്‍ക്കും യുക്തിക്കും മേലെ വിശ്വാസങ്ങള്‍ക്കും വികാരാവേശങ്ങള്‍ക്കും പ്രാമുഖ്യം ലഭിക്കുന്ന അവസ്ഥയെയാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പൊതുജീവിതത്തിലെ അഭിപ്രായ രൂപീകരണത്തില്‍ വികാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വസ്തുതകളേക്കാള്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന അവസ്ഥാവിശേഷത്തെയാണ് സത്യാനന്തരമെന്ന് ഓക്‌സ്‌ഫോഡ് നിര്‍വചിച്ചിട്ടുള്ളത്. സാര്‍വദേശീയ അംഗീകാരമുള്ള കേംബ്രിഡ്ജ് ഇംഗ്ലീഷ് ഡിക്ഷണറിയിലും സമാനമായ അര്‍ത്ഥം തന്നെയാണ് നല്‍കിയിട്ടുള്ളത്. തികച്ചും പ്രതിലോമകരമായ ഒരു സ്ഥിതിവിശേഷത്തെ സാധൂകരിക്കുന്ന അവസ്ഥയാണ് ഈ പദത്തിന്റെ നിഷ്പത്തിയിലൂടെ, അതിനു ലഭിച്ച അംഗീകാരത്തിലൂടെ ലഭിച്ചിട്ടുള്ളത്. യഥാര്‍ഥ വസ്തുതകള്‍ക്കും യുക്തിക്കും യാതൊരു വിധത്തിലുള്ള പ്രസക്തിയും ഇല്ലാതാകുന്നു. ഏതാനും വര്‍ഷങ്ങളായി ലോകവ്യാപകമായി മേല്‍ക്കൈ നേടികൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ‑ദേശീയ വികാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമായിട്ടാണ് ഇത്തരം പദങ്ങള്‍ ഉയര്‍ന്നുവന്നത്. യുക്തിബോധത്തേയും വസ്തുതകളേയും നിരാകരിക്കുന്ന ആശയസംവാദത്തിന്റെ ഇടങ്ങളെ നിര്‍മൂലനം ചെയ്യുന്ന കാലമെന്നാല്‍, ഫാസിസം തലപൊക്കി തുടങ്ങിയതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്.
ഒരു സ്വേച്ഛാധിപതിയേയും ഫാസിസ്റ്റ് ഭരണക്രമത്തേയും വാര്‍ത്തെടുക്കുന്നതിന് വ്യാജ നിര്‍മ്മിതികളും പ്രചണ്ഡമായ പ്രചാരണപദ്ധതികളും ഏതു വിധത്തിലായിരിക്കണമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ ഉദയം. ഇതിന്റെ ആസൂത്രകനായിരുന്നത് ഹിറ്റ്‌ലറുടെ ഉറ്റ അനുയായിയും നാസിപാര്‍ട്ടിയുടെ പ്രചാരകനുമായിരുന്ന ജോസഫ് ഗീബല്‍സാണ്. പ്രൊപ്പഗാന്‍ഡയ്ക്ക് വേണ്ട ഉപാധികളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് എങ്ങിനെ ഉപയോഗിക്കാമെന്ന് ജര്‍മ്മന്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സാഹിത്യനൈപുണ്യവും ഭാഷാചാതുര്യവും ഒത്തിണങ്ങിയ ഡോ. ജോസഫ് ഗീബല്‍സിന് കൃത്യമായ പ്രവര്‍ത്തന പദ്ധതികളുണ്ടായിരുന്നു. ജനങ്ങളെ ഒരു ആശയത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാനും അതിനെ പ്രവര്‍ത്തനമാക്കി തീര്‍ക്കാനും ഒരു പിടി ആളുകള്‍ മാത്രം മതി എന്നാണ് ഗീബല്‍സിന്റെ മതം.
സത്യാനന്തരത്തിന് സമാനമായ മറ്റൊരു പദം സംഭാവന ചെയ്തയാളാണ് ഗീബല്‍സ്. കാവ്യസത്യം വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം യുക്തിയുടേയും വാദപ്രതിവാദത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കുന്ന സത്യമാണ്. എന്നാല്‍ കാവ്യ സത്യമാകട്ടെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്നതാണ്. സത്യമെന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വിധത്തില്‍ നിറം പിടിപ്പിച്ച കഥകളോടെ സൃഷ്ടിക്കുന്ന ഇതിന് വസ്തുതകളുമായി നേരിയ ബന്ധം മാത്രമേ ഉണ്ടാവുകയുള്ളൂ. നുണകള്‍ കാവ്യാത്മകമായി അവതരിപ്പിച്ച് വിശ്വസനീയമായ സത്യങ്ങളാക്കി മാറ്റുകയെന്നതാണ് കാവ്യസത്യപ്രയോഗരീതി. 1933 ഫെബ്രുവരി 27ന് ജര്‍മ്മന്‍ പാര്‍ലിമെന്റ് മന്ദിരമായ റൈഖ്സ്റ്റാഖിനു ഒരു കമ്മ്യൂണിസ്റ്റ് വിമതനെ കരുവാക്കി നാസികള്‍ തീവെച്ചതിനുശേഷം നടത്തിയ ദുഷ്പ്രചാരണരീതി കാവ്യസത്യവും സത്യാനന്തരവും ഫെയ്ക്ക് ന്യൂസും തമ്മിലുള്ള സമാനതകളും അര്‍ത്ഥവ്യാപ്തിയും വെളിവാക്കുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മഹിമയില്‍ ഊറ്റം കൊള്ളാന്‍ പ്രേരിപ്പിക്കുന്ന തീവ്രദേശീയവാദികള്‍ ഭാരതസംസ്‌കാരത്തിന്റെ ഈറ്റില്ലം ആര്യാവര്‍ത്തത്തില്‍ തുടങ്ങുന്ന വിധത്തില്‍ ചരിത്രനിര്‍മ്മിതികള്‍ രൂപപ്പെടുത്തുന്ന അവസരത്തില്‍ മുന്‍വിധികളുടേയും വൈകാരികഭ്രാന്തിന്റേയും സത്യാനന്തര ലോകത്തേക്കാണ് ഇന്ത്യന്‍ ഭരണാധികാരികളും രാജ്യത്തെ നയിക്കുന്നത്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി പദത്തിലേക്കെത്തിക്കുന്നതിനുവേണ്ടി നടത്തിയ ആസൂത്രിതപ്രചരണം ഇന്ന് പരക്കെ ചര്‍ച്ചാവിഷയമാണ്. അദ്ദേഹത്തിന്റെ ‘ഇമേജ്‌മേക്കിങ്ങിനുവേണ്ടി ആസൂത്രണം ചെയ്ത മിഷന്‍ 272 എന്ന ക്യാമ്പയിന് നേതൃത്വം നല്‍കിയ, സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലുള്ള ഐ ടി സെല്ലിന്റെ പ്രധാന ചുമതലക്കാരി സാധ്വി ഖോസ്ല നടത്തിയ വെളിപ്പെടുത്തലുകള്‍ ഗീബല്‍സിന്റെ അതേ പ്രചാരണതന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.
ബിജെപിയുടെ സോഷ്യല്‍ മീഡിയ ട്രോള്‍ ഐഡികള്‍ നടത്തുന്ന വിഷലിപ്തമായ സൈബര്‍ ക്യാമ്പയിനിനെകുറിച്ച് പ്രശസ്തമാധ്യമ പ്രവര്‍ത്തക സ്വാതിചതുര്‍വ്വേദി എഴുതിയ ‘ഐആംഎ ട്രോള്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. നാഷണല്‍ ഡിജിറ്റല്‍ ഓപ്പറേഷന്‍ സെന്റര്‍ എന്ന പേരിലാണ് ഐ ടി സെല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉയര്‍ന്ന വേതനം നല്‍കി ജീവനക്കാരെ വെച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ സെല്ലിന്റെ ചുമതല, മോഡിയെ ഒരു വികാരമായി ജനങ്ങളുടെയിടയില്‍ പ്രതിഷ്ഠിച്ചെടുക്കുകയെന്നതായിരുന്നുവെന്ന് ഖോസ്ല പറയുന്നു. അതിനൊപ്പം എതിര്‍പക്ഷത്തുള്ള നേതാക്കളെ മോശം പ്രതിച്ഛായയില്‍ അവതരിപ്പിക്കുകയെന്നതും ഇവരുടെ ചുമതലയായിരുന്നു. ഗാന്ധിജി, നെഹ്‌റു, ഇന്ദിര തുടങ്ങിയ നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്യാജ പോസ്റ്റുകളും വാര്‍ത്തകളും ചമച്ച് കോടിക്കണക്കിന് പ്രവര്‍ത്തകരുള്ള നെറ്റ്‌വര്‍ക്കിലൂടെ പ്രചരിപ്പിച്ച് വൈറലാക്കുന്നു. ആര്‍എസ്എസ് ന്റെ ബൗദ്ധിക വിഭാഗമാണ് ഇതിന് നേരിട്ട് നേതൃത്വം നല്‍കിയിരുന്നത്. പശ്ചിമബംഗാളിലും കേരളത്തിലും ഇസ്‌ലാമിലേക്ക് വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്നും, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഹിന്ദുനരഹത്യയാണെന്നും വടക്കേയിന്ത്യയില്‍ പ്രചരിപ്പിച്ചിരുന്നുവത്രെ! എസ്സാര്‍ ഗ്രൂപ്പിനെപ്പോലുള്ള ബഹുരാഷ്ട്രകുത്തകകളാണ് ഈ ഐ ടി സെല്ലിനുവേണ്ട പണം മുടക്കിയിരുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു. വ്യാജപ്രചരണങ്ങള്‍ സൃഷ്ടിക്കാന്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങളില്‍ മനം മടുത്താണ് ഖോസ്ല ഐ ടി സെല്ലിലെ ജോലി ഉപേക്ഷിക്കുന്നത്.
ഗാന്ധിവധം സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം, അവരുടെ മേല്‍പ്പറ്റിപ്പിടിച്ച ഒരു കറുത്ത കറയാണ്. ഏതെങ്കിലും വിധത്തില്‍ അതു കഴുകിക്കളയുന്നതിനുള്ള ആസൂത്രിത ശ്രമത്തിലാണിപ്പോള്‍. ഗാന്ധിവധത്തിനു പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ടെന്നു വരുത്തിതീര്‍ക്കാനും ഗോഡ്‌സെയെ വെള്ളപൂശാനുമുള്ള നീക്കം നടക്കുകയാണ്. മുംബൈയിലെ ‘അഭിനവ് ഭാരത് ട്രസ്റ്റ്‘എന്ന സംഘടനയുടെ ഭാരവാഹിയായ ഡോ. പങ്കജ് ഫഡ്‌നിസ് എന്നൊരാള്‍ ഗാന്ധിവധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സൂപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സംഘടന സംഘപരിവാരവുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി പുനരന്വേഷണം വേണ്ടെന്ന് കോടതിയെ അറിയിച്ചിരിക്കുകയാണ്.
മുസ്‌ലിം ഭരണാധികാരികളുടെ കാലത്ത് നിര്‍മ്മിച്ച ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങളായ താജ്മഹല്‍ ഉള്‍പ്പെടെയുള്ള കലാസൗഭഗങ്ങള്‍ പോലും ‘തര്‍ക്കമന്ദിരങ്ങളാക്കുന്ന വ്യാജ ചരിത്ര നിര്‍മ്മിതികള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സാഹിത്യ‑സിനിമാരംഗത്തെ പ്രമുഖര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി സംഘപരിവാരത്തിനെതിരെ ചിന്തിക്കുകയും അഭിപ്രായം പറയും ചെയ്യുന്നവര്‍ക്കെതിരെ അസഹിഷ്ണുതയുടെയും ഭീഷണിയുടേയും വിഷം ചീറ്റുന്ന മാരകമായ പൊതുബോധ നിര്‍മിതിയാണ് ലക്ഷ്യം വയ്ക്കുന്നത്.