ഏതുതരം ഏറ്റുമുട്ടല്‍ കൊലയും മനുഷ്യാവകാശ നിഷേധമാണ്

Web Desk
Posted on March 15, 2018, 10:28 pm

നാം നിയമത്തിന്റെ ബന്ധനത്തിലാണ്. കാരണം നമുക്ക് സ്വാതന്ത്ര്യം വേണം. ഗ്രീക്ക് ചിന്തകന്‍ സിസറൊവിന്റേതാണ് ഈ വാക്കുകള്‍. ഇതിന് സമാനമായൊരു അഭിപ്രായമാണ് ജോണ്‍ ആഡംസ് എന്ന ഭരണഘടനാ വിദഗ്ധന്റേതും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നമുക്കാവശ്യം മനുഷ്യരുടെ നിയന്ത്രണത്തിലുള്ളൊരു ഭരണകൂടമല്ല, നിയമങ്ങളുടെ നിയന്ത്രണത്തിലുള്ളൊരു ഭരണകൂടമാണ്. ഈ രണ്ട് അഭിപ്രായ പ്രകടനങ്ങളും ഊന്നല്‍ നല്‍കുന്നത് നിയമവാഴ്ച മനുഷ്യന്മയ്ക്ക് അനിവാര്യമായ ഒന്നാണ് എന്നതാണ്. നിയമവാഴ്ചയുടെ ആഗോളതലത്തിലുള്ള നിലവാരം അളക്കുന്നതിന് നിരവധി സൂചികകളുണ്ട്. വേള്‍ഡ് ജസ്റ്റിസ് പ്രോജക്ട് ഇന്‍ഡക്‌സ് ഇതിലേക്കായി 44 സൂചികകളാണ് പരിശോധനാവിധേയമാക്കുന്നത്. 2017 ല്‍ ഇവയുടെ അടിസ്ഥാനത്തില്‍ 113 രാജ്യങ്ങളിലെ സ്ഥിതി പരിശോധിക്കുകയുണ്ടായി. ഇതിലെ കണ്ടെത്തലനുസരിച്ച് സിവില്‍ നിയമവാഴ്ചയില്‍ ഇന്ത്യയുടെ സ്ഥാനം 62 ആണ്. ഒന്നാംസ്ഥാനത്തുള്ളത് ഡെന്മാര്‍ക്കും. ക്രിമിനല്‍ നിയമവാഴ്ചയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ഇതിലേറെ മോശമാണ്, 66-ാം സ്ഥാനം. ഇതില്‍ നേപ്പാള്‍ ഇന്ത്യയുടെ മുന്നിലാണുള്ളത്. ഇന്ത്യയുടെ ശോചനീയമായ സ്ഥിതിക്ക് മുഖ്യകാരണം പൊലീസ് ഏറ്റുമുട്ടലുകളുടെ മറവില്‍ നടക്കുന്ന നീതിനിഷേധമാണ്; നിയമവാഴ്ചാരാഹിത്യമാണ്.
ഏതൊരു പരിഷ്‌കൃത ലിബറല്‍ ജനാധിപത്യവ്യവസ്ഥയുടേയും അംഗീകൃത മൗലികത്വം നിയമവാഴ്ചയാണ്. സ്വേച്ഛാപരമായ തീരുമാനത്തിന് കടകവിരുദ്ധമായൊരു തത്വമാണിത്. എന്നാല്‍ ബിജെപി സംഘപരിവാര്‍ ശക്തികള്‍ ഭരണം കയ്യടക്കിവച്ചിരിക്കുന്ന യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നയസമീപനം ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. അംഗീകൃത ക്രിമിനല്‍ നിയമവ്യവസ്ഥ നടപ്പാക്കല്‍ രീതിതന്നെ ഈ സര്‍ക്കാരിന് ബാധകമല്ല. പൊലീസ് ഏറ്റുമുട്ടലുകള്‍ നിത്യസംഭവങ്ങളായി മാറിയ സംസ്ഥാനമാണിത്. ഇത്തരം കൊലകള്‍ക്ക് നിയമത്തിന്റെ സംരക്ഷണം നിലവിലുണ്ടായിരുന്ന നിയമവ്യവസ്ഥയില്‍ ലഭ്യമായിരുന്നില്ല. ആദിത്യനാഥ് സര്‍ക്കാര്‍ 2017ല്‍ ഉത്തര്‍പ്രദേശ് കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം എന്ന പേരില്‍ ഒരു ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ഈ ബില്ലിലെ വ്യവസ്ഥകളാണെങ്കിലോ, മഹാരാഷ്ട്ര സംസ്ഥാനത്ത് നിലവിലിരുന്ന മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടി(മക്കോക്ക)ല്‍ പ്രാബല്യത്തിലിരുന്നവ തന്നെയായിരുന്നു. ഏതുവിധത്തിലുള്ള ഏറ്റുമുട്ടലായാലും അത് നിയമാനുസൃതമാണെന്ന് ഈ ബില്‍ നിയമമാകുന്നതോടെ യാഥാര്‍ത്ഥ്യമാക്കാനും കഴിയും. ഹിറ്റ്‌ലറുടേയും മുസോളിനിയുടേയും ഭരണകൂടങ്ങള്‍ ഇതിനു സമാനമായ മാര്‍ഗങ്ങളാണ് നിയമവാഴ്ചയുടെ പേരില്‍ പിന്‍തുടര്‍ന്നുവന്നിട്ടുള്ളതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇത്തരം ഭരണകൂടങ്ങള്‍ ഒരിക്കലും നിയമവാഴ്ചയുടെ ഭാഗമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയുമുണ്ടായിട്ടുമില്ല.
യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രി പദമേറ്റെടുത്തതിനുശേഷം പൊലീസ് ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരതന്നെയാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയിട്ടുള്ളത്. ആദിത്യനാഥ് പ്രത്യേകം നിയോഗിച്ച പൊലീസ് സംഘങ്ങളാണ് ഒരേസമയം കുറ്റാന്വേഷകരും വിധികര്‍ത്താക്കളുമായി വേഷമണിഞ്ഞുവരുന്നതും. മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ സ്വയം നടത്തിയ പ്രഖ്യാപനമനുസരിച്ച് താന്‍ അധികാരമേറ്റതിനുശേഷം ഏതാനും മാസങ്ങള്‍ക്കകം 1200ല്‍ പരം ഏറ്റുമുട്ടലുകളുണ്ടായി എന്നും അതിലൂടെ 40 ക്രിമിനലുകള്‍ വധിക്കപ്പെട്ടുവെന്നുമാണ്. ക്രിമിനലുകളോട് ഔദാര്യം കാണിക്കുന്നത് ജനാധിപത്യത്തിന് അപകടം വരുത്തിവയ്ക്കുമത്രെ. ”തോക്കുകള്‍ക്കുള്ള മറുപടി തോക്കുകള്‍ വഴിതന്നെവേണം നല്‍കാന്‍” ഇതാണ് ആദിത്യനാഥിന്റെ ഭാഷ്യം. ഇതിന്റെ അര്‍ഥം നിയമവ്യവസ്ഥയോ, നിയമവാഴ്ചയോ ജനാധിപത്യത്തില്‍ അപ്രസക്തമാണെന്നാണ്. യോഗി സര്‍ക്കാരിന്റെ നിയമപരിപാലനം മനുഷ്യാവകാശലംഘനമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിഗമനം. ഇക്കാരണത്താല്‍ യുപിയില്‍ നടന്ന ഏറ്റുമുട്ടല്‍ മരണങ്ങള്‍ക്കെതിരെ കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ എന്തെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നടപടികള്‍ക്കുള്ള സാധ്യതകളും വിരളമാണ്. കന്നുകാലികളെ കാലിചന്തയിലേയ്ക്ക് വാഹനത്തില്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒരു യുവാവിനെ പരസ്യമായി തല്ലിക്കൊന്ന സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടതിനുശേഷവും അതേപടി ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിനുശേഷവും ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നറിയില്ല. ബീഫ് കൈവശം വച്ചതിന്റെ പേരില്‍ ഒരു മുസ്‌ലിം യുവാവിനെ തീവണ്ടിയാത്രയ്ക്കിടെ കൊലചെയ്ത സംഭവത്തിനുത്തരവാദികളായവരേയും അര്‍ഹമായ ശിക്ഷയ്ക്കു വിധേയമാക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. യോഗി അദിത്യനാഥിന്റെ ഭരണത്തിനുകീഴില്‍ ഇത്തരം സംഭവങ്ങള്‍ ഏറെക്കുറെ നിത്യ അനുഭവങ്ങളാണ്. യോഗിയുടെ ലോകസഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളൊരു മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിന്റേയും സാംക്രമികരോഗങ്ങളുടേയും പോഷകാഹാരക്കുറവിന്റെയും ഫലമായി നൂറുകണക്കിന് ശിശുക്കള്‍ മരണമടഞ്ഞ ദുരന്തം യഥാര്‍ത്ഥത്തില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ നഗ്നമായ നിഷേധമാണ്. ഇവിടേയും കുറ്റം ചെയ്തവരല്ല ശിക്ഷിക്കപ്പെട്ടതെന്ന് വ്യാപകമായ പരാതിയുണ്ട്. ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിലെ ശിവരാജ് സിങ്ങ് ചൗഹാന്‍ സര്‍ക്കാരിന്റെ അറിവോടെ നടന്ന വ്യാപം മെഡിക്കല്‍ കുംഭകോണം സിബിഐ ഏറ്റെടുത്തതിന് ശേഷവും മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ട അര്‍ഹരായവര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ പോന്നവിധത്തിലല്ല.
ഏറ്റവുമൊടുവില്‍ യുപിയില്‍ സര്‍ക്കാര്‍ ഉടമയിലുള്ള ഝാന്‍സിയിലെ റാണി ലക്ഷ്മീഭായ് ആശുപത്രിയില്‍ വാഹനാപകടത്തില്‍ ഒരു കാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ഒരു യുവാവിനെ പ്രവേശിപ്പിക്കുകയുണ്ടായത്രെ. ഡോക്ടര്‍മാര്‍ ചെയ്യേണ്ടിയിരുന്നത് വേര്‍പെട്ട കാല്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുകയെന്നതായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനും അവകാശപ്പെട്ട മിനിമം ആനുകൂല്യമാണിത്. എന്നാല്‍ ഈ ആശുപത്രിയിലെ ജീവനക്കാര്‍ ചെയ്തത് അറ്റുപോയ കാല്‍, പരിക്കേറ്റ് ബോധരഹിതനായിക്കിടക്കുന്ന ചെറുപ്പക്കാരന്റെ തലയണയുടെ സ്ഥാനത്ത് വെക്കുക എന്നതായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ ആര്‍ക്കും എന്തുമാകാം എന്ന വിശ്വാസമുള്ളതിന്റെ പ്രതിഫലനമായിരിക്കും ഈ സംഭവമെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.
ഏറ്റുമുട്ടല്‍ കൊലകളുടെ കാര്യമെടുത്താന്‍ ശ്രദ്ധിക്കേണ്ടൊരുകാര്യമുണ്ട്, ഇതൊക്കെ നടക്കുന്നത് അധികാരസ്ഥാനത്തിരിക്കുന്നവരുടെ അറിവോടെയും മുന്‍കൂര്‍ സമ്മതത്തോടെയും ആയിരിക്കും എന്നതാണിത്. വിധി വൈപരീത്യമെന്നുതന്നെ പറയട്ടെ, ഏറ്റുമുട്ടല്‍ കൊലകളില്‍ മുഖ്യപ്രതികള്‍ പലപ്പോഴും അതിവിദഗ്ധമായും ആസൂത്രിതമായും രക്ഷപ്പെടുന്നു എന്നതാണ്. നമ്മുടെ സംസ്ഥാനത്തും ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായെങ്കിലും നടക്കാറുണ്ട്. എഫ്‌ഐആര്‍ തയ്യാറാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും മറ്റും ചെയ്യുന്നതില്‍ കാലതാമസമുണ്ടാക്കുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യങ്ങളല്ല. ഇത്തരം പ്രക്രിയകളില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകളുണ്ടാകും. സിബിഐയുടെ ചുമതലയില്‍ നടക്കുന്ന അന്വേഷണങ്ങളിലും ഇത്തരം വഴിവിട്ട തന്ത്രങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം പഴുതുകള്‍ വഴി തലയൂരുന്നവരെ പിടികൂടാന്‍ കൃത്യസമയത്ത് അപ്പീല്‍ ഫയല്‍ ചെയ്യുകയെന്നതും അപൂര്‍വമായി നടക്കുന്ന സംഭവങ്ങളാണ്. മഹാരാഷ്ട്രയിലെ സൊഹറാബുദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതില്‍ വരുത്തിയ മനഃപൂര്‍വമായ കാലതാമസത്തിനിടെ നിരവധി സാക്ഷികള്‍, ഭീഷണികള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി കൂറുമാറിയ സംഭവം നമുക്കറിയാമല്ലോ. ഈ കേസ് ഇപ്പോള്‍ ഉന്നത നീതിപീഠത്തിനു മുന്നില്‍ ജസ്റ്റിസ് ലോയയുടെ അസാധാരണമായ മരണത്തിന്റെ പേരില്‍ വിചാരണയിലിരിക്കുകയാണ്.
പൊലീസുമായുള്ള ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നിരിക്കുന്നത് യുപിയില്‍ മാത്രമല്ല. സമാനമായ വിക്രിയകള്‍ 1980 കളിലും 1996 കളിലും പഞ്ചാബ് സംസ്ഥാനത്തും നടന്നിട്ടുണ്ട്.
2016 ജൂലൈ മാസത്തില്‍ മണിപ്പൂരില്‍ നടന്ന 1500 ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട പരാതി സുപ്രിംകോടതിയുടെ പരിഗണനക്കെത്തിയിരുന്നു. ഈ കേസ് പരിഗണിച്ചത് സമീപകാലത്ത് മാധ്യമശ്രദ്ധനേടിയ ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ ബെഞ്ചില്‍ ആയിരുന്നു. ഈ കേസ് ഫയല്‍ ചെയ്തത് എക്‌സ്ട്രാ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ വിക്റ്റിം ഫാമിലീസ് അസോസിയേഷന്‍ എന്ന സംഘടനയായിരുന്നു. നിയമവ്യവസ്ഥയെ മറികടന്നുകൊണ്ടുള്ള ഔദ്യോഗിക നടപടികള്‍മൂലം ഇരയാവേണ്ടതായി വന്ന കുടുംബം സ്വന്തം അവകാശ സംരക്ഷണാര്‍ഥം രൂപംനല്‍കിയ സംഘടനയായിരുന്നു ഇത്. മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലത്തും മുന്‍പന്തിയില്‍ നിലകൊണ്ടിരുന്ന വ്യക്തിയുമാണ് ജസ്റ്റിസ് ലോകൂര്‍. ഈ മനുഷ്യാവകാശ സംഘടനയുടെ പരാതിയുമായി ബന്ധപ്പെട്ട് അദ്ദേഹം ശ്രദ്ധേയമായ പരാമര്‍ശങ്ങളാണ് നടത്തിയത്. ഇത്തരം കേസുകള്‍ പരിഗണനയ്‌ക്കെത്തുമ്പോള്‍ സര്‍ക്കാരിന്റെ പരാതി തീവ്രവാദികളേയും ആക്രമണകാരികളേയും രാജ്യദ്രോഹികളെയും അഭിമുഖീകരിക്കുന്ന അവസരങ്ങളില്‍ സര്‍ക്കാരിന് കൈയ്യും കെട്ടി നിലകൊള്ളേണ്ട ഗതികേടാണ് സംഭവിക്കുന്നതെന്നാണ്. ഈ വിമര്‍ശനം സാധൂകരിക്കാന്‍ കഴിയില്ല. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിഗണനയ്‌ക്കെത്തുന്നത് ഏറ്റുമുട്ടലോ അതെങ്ങനെ നടപ്പിലാക്കപ്പെടുന്നു എന്നതോ അല്ല, വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന തോക്കില്‍ നിന്നും പുറത്തുവരുന്ന പുക എത്രവട്ടം കാണാന്‍ കഴിയുന്നു എന്നതാണ്. ഏതെങ്കിലും ഒരു ആക്രമണത്തെ നേരിടാന്‍ എത്രമാത്രം ബലപ്രയോഗം വേണ്ടിവരുന്നു എന്നതും അതിലേക്കായി വിനിയോഗിക്കുന്ന ആയുധം എന്തെന്നതും തമ്മില്‍ കൃത്യമായ താരതമ്യം നടത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരുപക്ഷെ കൊല്ലാന്‍ ആരെങ്കിലും വലിയൊരു ചുറ്റിക ഉപയോഗിച്ചാല്‍ അതെങ്ങനെ സാധൂകരിക്കാന്‍ കഴിയും? ശത്രുവിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ചെറിയൊരു ആയുധം മതിയാകുമെന്നിരിക്കെ മാരകമായ മര്‍ദ്ദനമുറകളും ആയുധങ്ങളും എന്തിന് വിനിയോഗിക്കുന്നു? ആദ്യത്തെ മാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് ആത്മരക്ഷാര്‍ഥമായ നടപടിയെന്നനിലയില്‍ സാധൂകരിക്കാവുന്നതേയുള്ളു. രണ്ടാമത്തേതാണെങ്കില്‍, അത് പ്രതികാര നടപടയായി കാണേണ്ടിവരുന്നു. ഇതില്‍ നീതീകരണമില്ല.
ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ ഈ വാക്കുകള്‍ ലളിതമാണെങ്കിലും അര്‍ഥപൂര്‍ണമാണ്. സംശയാതീതമാംവിധം ലളിതവുമാണ്. മാത്രമല്ല, ഈ പ്രതികരണം പ്രസക്തമാക്കുന്നത് യുപിയിലും മറ്റും ഏറ്റുമുട്ടലുകളുടെ മറവില്‍ നടന്നുവരുന്ന കൂട്ടക്കൊലകളുടേയും മൃഗങ്ങളുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളുടെയും പശ്ചാത്തലത്തിലാണെന്നോര്‍ക്കുക. തീവ്രവാദികള്‍ക്കും സാധാരണ ക്രിമിനലുകള്‍ക്കും ഒരു നിയമംതന്നെ നടപ്പാക്കുന്നരീതി ശരിയല്ല. നീതീകരിക്കത്തക്കതുമല്ല യോഗി ആദിത്യനാഥ് നടപ്പാക്കുന്നത്. ”തോക്കിലൂടെയുള്ള നീതിയാണ്” ”നിയമത്തില്‍ അധിഷ്ടിതമായ നീതിയല്ല” ഇവ രണ്ടും തമ്മില്‍ ഗുണപരമായ വലിയ വ്യത്യാസമുണ്ട്. ഇത് ഒരിക്കലും അവഗണിക്കാനും പാടുള്ളതല്ല.
2011ല്‍ സാല്‍വജൂദം കേസില്‍ സുപ്രിംകോടതി വിധിയില്‍ നടത്തിയ പരാമര്‍ശം ഈ അവസരത്തില്‍ പ്രസക്തമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആദികാലം മുതല്‍ കല്‍പ്പിക്കപ്പെട്ടിരുന്ന മൂല്യം അനുശാസിക്കുന്നത് സ്റ്റേറ്റിന്റെ ഓരോ അവയവും അഥവാ അധികാരസ്ഥാനവും ഭരണഘടനയുടെ നാല് അതിരുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തനം നടത്താന്‍ ബാധ്യസ്ഥമാണ്. ഇതാണ് അന്തിമ വിശകലനത്തില്‍ നിയമവാഴ്ച എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം നാട്ടില്‍ ഇല്ലാത്തതും ഇതുതന്നെയാണ്.