13 September 2024, Friday
KSFE Galaxy Chits Banner 2

പാട്ടിന്റെ പാലാഴിക്കടവത്ത്

കലവൂർ ജ്യോതി
December 5, 2021 5:42 pm

ബിച്ചു തിരുമലയുടെ ആദ്യ കവിതാ സമാഹാരമായ അനുസരണയില്ലാത്ത മനസിന് ഡോ. പി വി വേലായുധൻ പിള്ള എഴുതിയ മുഖവുരയിൽ ഇങ്ങനെ കുറിക്കുന്നു; “മറ്റു പല ഗാനരചയിതാക്കളേക്കാളും കവിതയും സംഗീതവും തമ്മിലുള്ള വ്യത്യാസം ബിച്ചു തിരുമലയ്ക്കറിയാം, സംഗീതം സംഗീതവും കവിത കവിതയുമാണ്. വല്ലപ്പോഴുമെല്ലാം അവ അടുക്കള മാറ്റുന്നതിൽ അപാകതയില്ല. എങ്കിലും പൊതുവെ പറഞ്ഞാൽ സംഗീതം ചെവിയുടെ കലയും കവിത മനസിന്റെ കലയുമാണ്.” മനസിന്റെ കലയായ കവിത അതുകൊണ്ടാണ് മൂകമായി വായിച്ചുകൊണ്ടു രസിക്കാൻ എല്ലാ ആസ്വാദകർക്കും കഴിയുന്നത്. അനുസരണയില്ലാത്ത മനസിൽ പതിനാറു കവിതകളുണ്ട്. ഭൂരിപക്ഷ രചനകളും അക്ഷരങ്ങളിലൂടെ പത്രവാരികകളിലും ശബ്ദസൗന്ദര്യത്തിലൂടെ ആകാശവാണിയിലും ദൂരദർശനിലും പ്രകാശിപ്പിച്ചവയാണ്. ഓർമ്മയിലെ ശിശിരത്തിലെ വരികൾ ഇങ്ങനെ പാടത്തു വെള്ളം തേകും / ചെറുമിപ്പെണ്ണുങ്ങൾ എൻ / നീലിച്ച ശരീരങ്ങൾ / ഉണവുമുന്മേഷവും മണ്ണിനെ പൊന്നാക്കുന്ന അധ്വാനവർഗത്തിന്റെ ശരീരഭാഷയാണ് കവി വരച്ചിടുന്നത്.

വയലാർ രാമവർമ്മയും പി ഭാസ്കരനും ഒഎൻവിയുമൊക്കെ സിനിമയ്ക്കു പാട്ടെഴുതാൻ വരുന്നതിനു മുമ്പ് കവിത എഴുതി പ്രസിദ്ധരായവരാണ്. ബിച്ചു തിരുമലയും അതുപോലെ കവിതയിൽ സഞ്ചാരം നടത്തിയ പ്രതിഭാധനനായിരുന്നു. മണ്ണിനേയും മനുഷ്യനേയും കുറിച്ചു വിപ്ലവ കവികൾ പ്രകടിപ്പിച്ച ദാർശനികമായ തത്വചിന്ത പക്ഷെ, ബിച്ചു തിരുമലയുടെ കാവ്യങ്ങളിൽ അധികമില്ല. പകരം സംഗീതത്തിന്റെയും താളബോധത്തിന്റെയും സാന്നിധ്യം അധികമായിട്ടുണ്ടായിരുന്നു.
അൻപതു വർഷത്തെ പാട്ടെഴുത്തു കാലം ബിച്ചു തിരുമലയെ സംബന്ധിച്ചിടത്തോളം സമൃദ്ധവും സമ്പന്നവുമായിരുന്നു. 1970 നുശേഷമുള്ള ഏതാണ്ടു പത്തിരുപത്തിയഞ്ചു വർഷക്കാലം അഭ്രപാളിയിൽ നിറഞ്ഞുനിന്നു ഗാനരചന നടത്തിയ പ്രതിഭാശാലിയായിരുന്നു ബിച്ചു തിരുമല. പതിനഞ്ചാം വയസിൽ സഹോദരങ്ങൾക്കുവേണ്ടി പാട്ടെഴുതിത്തുടങ്ങിയ ബിച്ചുവിന്റെ പേരിൽ സിനിമാ ഭക്തിഗാനങ്ങൾ ഉൾപ്പെടെ അയ്യായിരം രചനകൾ ഉണ്ട്. എല്ലാ ഗാനങ്ങളും ബംബർ ഹിറ്റുകൾ. ആസ്വാദകരുടെ ചുണ്ടിൽ നിന്നും വിടപറയാൻ മടിക്കുംവിധം വരികളിൽ അദ്ദേഹം വശ്യമധുരമായി സംഗീതവും സാഹിത്യവും നിറച്ചുവച്ചിരുന്നു. സംഗീതമിട്ടതിനുശേഷം അതിനനുസരിച്ചു വരികളെഴുതുക എന്നത് ശ്രമകരമായ പ്രവർത്തനമാണ്. എന്നാൽ ബിച്ചുവിന്റെ എഴുത്താണിസംഗീതം മുൻകൂർ നല്കിയാലും ഇല്ലെങ്കിലും സംവിധായകരുടെ ഇഷ്ടത്തിനനുസരിച്ച് വിജയകരമായി യാത്ര ചെയ്തിരുന്നു. പ്രേമവും കോമഡിയും വിരഹവും സങ്കടങ്ങളും സന്തോഷവുമൊക്കെ ബിച്ചുവിന്റെ എഴുത്തു മാജിക്കിൽ തേനും വയമ്പുമായി വന്നണിഞ്ഞിരുന്നു. ‘മൈനാഗം കടലിൽ നിന്നുയരുന്നുവോ…’ ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ…’ ‘ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം…’ ‘കിലുകിൽ പമ്പരം…’ ‘ഓലത്തുമ്പത്തിരുന്നുയലാടും ചെല്ല പൈങ്കിളി…’ ‘തേനും വയമ്പും നാവിൽ തൂവും…’ ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ തുടങ്ങിയ ഇമ്പവും ഈണവുമുള്ള പാട്ടുകളാണ് ഈ രചയിതാവിൽ നിന്നും മലയാള ഗാനാസ്വാദകർക്കു ലഭിച്ചിട്ടുള്ളത്.

ലളിത സുന്ദരവും താളമധുരവുമായ സിനിമാ, ലളിതഗാനങ്ങളാണ് ബിച്ചു തിരുമലയിൽ നിന്നും ലഭിച്ചിട്ടുള്ളത്. സിനിമയുടെ കഥ, സിറ്റ്യൂവേഷൻ എന്നിവ വിവരിച്ചു കഴിഞ്ഞാൽ അധികം വൈകാതെ സംവിധായകരുടെയും നിർമ്മാതാവിന്റെയും ആഗ്രഹങ്ങൾക്കനുസരിച്ച് വരികൾ റെഡിയാകും. ഈ വരികളിൽ സംഗീതം നല്കി സിനിമ ഹിറ്റാക്കും വിധം പാട്ടു പിറക്കും. 1970 ൽ റിലീസാകാതെ പോയ സി ആർ കെ നായരുടെ ‘ഭജഗോവിന്ദ’ത്തിനു ബ്രഹ്മമുഹൂർത്തമെന്ന ഗാനം രചിച്ചുകൊണ്ടാണ് ബിച്ചു തിരുമല ഈ രംഗത്തേയ്ക്കു വരുന്നത്. തുടർന്ന് ‘വെല്ലുവിളി’ എന്ന ചിത്രത്തിനുവേണ്ടി ‘ഓണം വന്നേ…’ എന്ന ഗാനവും ‘അണയാത്ത വിളക്കി‘നായി ‘ഒരുമയിൽ പീലിയായി ഞാൻ വിടർന്നുവെങ്കിലും…’ എഴുതി ബിച്ചു പ്രശസ്തിയുടെ ഉയരങ്ങളിലേക്കു കയറിപ്പോയി. ഏതാണ്ടു അറുപതോളം സംഗീത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണമൂർത്തി, ജി ദേവരാജൻ, ബാബുരാജ്, എ ടി ഉമ്മർ, എ ആർ റഹിമാൻ, ജറി അമൽദേവ്, ശ്യാം, എം എസ് വിശ്വനാഥൻ, ഔസോപ്പച്ചൻ എന്നിവർ അവരിൽ ചിലരാണ്. ശ്യാമിനോടൊപ്പമാണ് ഏറ്റവും കൂടുതൽ സഹകരിച്ചിട്ടുള്ളത്. വരികളെഴുതിക്കഴിഞ്ഞാൽ അതിനെ സംഗീതരൂപത്തിൽ പാടി മറ്റുള്ളവരുെ കേൾപ്പിക്കാനുള്ള രാഗതാളബോധം ബിച്ചു തിരുമലയ്ക്കുണ്ടായിരുന്നുവെന്ന് ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി സംഗീത കർമ്മം നിർവഹിച്ച ഔസേപ്പച്ചൻ സ്വന്തം അനുഭവത്തിൽ നിന്നും ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. പ്രണയഗാനം പോലെ കോമഡി ഗാനം എഴുതാനും ബിച്ചുവിനു നല്ല വശമുണ്ടായിരുന്നു. എ ആർ റഹ്മാൻ ആദ്യമായി മലയാള ചലച്ചിത്രത്തിനുവേണ്ടി സംഗീതം നല്കിയ ‘യോദ്ധ’യിൽ മോഹൻലാലും ജഗതി ശ്രീകുമാറും ചേർന്നു ഒരു മത്സര പാട്ടു ‘പടകാളിച്ചണ്ഡിച്ചങ്കരി പോർക്കലി‘യും ‘ഏയ് ഓട്ടോ‘യിലെ ‘സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ‘യുമൊക്കെ ഹാസ്യരചനയ്ക്കു തെളിവായെടുക്കാം. ശിവശങ്കരൻ നായർ ബിച്ചു തിരുമലയയായതിനു പിന്നിൽ ഒരു കഥയുണ്ട്. ഇംഗ്ലീഷ് പണ്ഡിതനായ മുത്തച്ഛൻ വായിച്ച നോവലിൽ ബിച്ചു എന്നൊരു കഥാപാത്രമുണ്ടായിരുന്നു. ഈ പേരിൽ ആകൃഷ്ടനാവുകയും നാടിന്റെ പേരുമായി ബന്ധിപ്പിച്ച എഴുത്തുകുത്തിൽ പ്രശസ്തനായ ബിച്ചു തിരുമല ഉണ്ടാകുകയും ചെയ്തു.

നാടക രചന നടത്തി ബിച്ചു തിരുമല പഠനകാലത്ത് പ്രശസ്തി നേടുകയുണ്ടായി. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് ‘വല്ലാത്ത ദുനിയാവ്’ എന്ന നാടകം എഴുതി. ഈ നാടകം അന്തർ സർവകലാശാല നാടക മത്സരത്തിലേയ്ക്കു അയക്കുകയും സമ്മാനം നേടുകയും ചെയ്തു. തുടർന്നാണ് കവിതയിലേക്കും ഗാനരചനയിലേക്കും തിരക്കഥാ രചനയിലേക്കുമൊക്കെ മാറിപോകുന്നത്.
ഭാവഗാനങ്ങളുടെ അർത്ഥവും ഉൾക്കനവും മനസിലാക്കി അനവധി അവാർഡുകൾ ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. കേരള സർക്കാരിന്റെ ഫിലിം അവാർഡ് രണ്ടു തവണ നേടിയിട്ടുണ്ട്. ക്രിട്ടിക്ക് അവാർഡ്, ഫിലിം ഫാൻസ് അവാർഡ്, വാമദേവൻ അവാർഡ്, ശ്രീചിത്തിര തിരുനാളിന്റെയും പി ഭാസ്കരന്റെയും പേരിലുള്ള പുരസ്കാരങ്ങൾക്കും അർഹനായി.
പുതുതലമുറ സിനിമാക്കാർക്കൊപ്പം ഗാനരചയിതാക്കളും ചേർന്നപ്പോൾ പോയകാല തലമുറയ്ക്കു അവസരം കുറഞ്ഞു. എന്നാൽ ഏതു കാലത്തിനും പുതു പരിഷ്ക്കരണ ചിത്രങ്ങൾക്കും ചേർന്നുനിന്നു പാട്ടെഴുതാൻ ബിച്ചു തിരുമലയ്ക്കു കഴിവുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം പാട്ടുപ്രേമികൾക്ക് അറിയാം. പഴയകാല മലയാള സിനിമാ ഗാനങ്ങളെ സ്നേഹിക്കുന്നവർ തീർച്ചയായും ബിച്ചു തിരുമലയുടെ സംഭാവനകളെ വിസ്മരിക്കുകയില്ല. അവർ ഇപ്പോഴും എപ്പോഴും ആ നല്ല ഗാനങ്ങളെ ഓർമ്മയിൽ സൂക്ഷിച്ചുവച്ച് പാടിക്കൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.