July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

സംശുദ്ധിയുടെ പ്രതീകം

Janayugom Webdesk
March 22, 2021

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സംശുദ്ധിയുടെ പ്രതീകമായിരുന്ന സി കെ ചന്ദ്രപ്പൻ ഓർമ്മയായിട്ട് ഇന്ന് ഒമ്പത് വർഷമാകുന്നു. ലളിതമായ ജീവിതവും ഉന്നതമായ ചിന്തകളുമായിരുന്നു ചന്ദ്രപ്പന്റെ മുഖമുദ്ര. ആദർശത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. കേരള സമൂഹത്തിൽ ചന്ദ്രപ്പന് ഉന്നതമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. സൗമ്യമായ പെരുമാറ്റവും സംസാരവുമായി എല്ലാപേർക്കും പ്രിയങ്കരനായ പൊതുപ്രവർത്തകനായി അദ്ദേഹം മാറി. എന്നാൽ നിലപാടുകളിൽ അദ്ദേഹം കർക്കശക്കാരനായിരുന്നു. ഇടതുപക്ഷ ഐക്യത്തിനു വേണ്ടി നിലകൊണ്ടപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഉയരത്തിൽ തന്നെ നിലനിർത്താൻ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു.

ശരിമാത്രം ശീലിച്ച ഒരാൾ എന്നാണ് സി കെ ചന്ദ്രപ്പന് നന്നായി ചേരുന്ന വിശേഷണം. ശരി എന്ന് തനിക്ക് ബോധ്യമുള്ളത് സൗമ്യമായെന്നാലും സുദൃഢമായി പറയാനും അദ്ദേഹം ശീലിച്ചിരുന്നു. ഒരു മാതൃകാ കമ്മ്യൂണിസ്റ്റുകാരന്റെ ശീലം എന്തായിരിക്കണം എന്ന കാര്യത്തിൽ നല്ല നിശ്ചയങ്ങൾ നിലനിന്ന കാലത്തിന്റെ സന്തതിയായിരുന്നു ചന്ദ്രപ്പൻ. ആ മാതൃകയായിരുന്നു സ്വന്തം പ്രതിഛായയായി അംഗീകരിച്ചത്. അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ തൊഴിലാളി വർഗം സടകുടഞ്ഞെഴുന്നേറ്റ് നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചൂരും ചൂടും ഏറ്റുവാങ്ങിയാണ് സഖാവ് സി കെ ചന്ദ്രപ്പൻ വളർന്നത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പാതകളിലേക്കിറങ്ങിയ സി കെ, ഉശിരാർന്ന പോരാട്ടത്തിന്റെ കനൽവഴികൾ താണ്ടിയത് സമാനതകളേറെയില്ലാത്ത ചരിത്രമാണ്. വയലാർ സ്റ്റാലിൻ സഖാവ് സി കെ കുമാരപ്പണിക്കരുടെ മകന് അങ്ങിനെതന്നെയേ ആവാൻ കഴിയുമായിരുന്നുള്ളു.

രാഷ്ട്രീയത്തിന്റെ പേരിൽ മഹാരാജാസ് കോളജിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടെങ്കിലും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി സമർത്ഥനായ വിദ്യാർത്ഥിയെന്നും സി കെ തെളിയിച്ചു.

എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ ദേശീയ ഭാരവാഹിത്വത്തിലേക്കുയർന്ന സി കെ, സംഘാടനത്തിന്റെ മികവും പോരാട്ടത്തിന്റെ വീര്യവും അവിടെയെല്ലാം തെളിയിച്ചു.

ഗോവൻ വിമോചന പോരാട്ടമുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത പോരാട്ട ഭൂമികളിൽ ഇന്ത്യ ആ പോരാളിയെ അനുഭവിച്ചറിഞ്ഞു. തിഹാർ ജയിലുൾപ്പെടെ നിരവധിയായ ജയിലുകളിൽ അടയ്ക്കപ്പെട്ടെങ്കിലും കൽത്തുറുങ്കുകൾക്ക് ആ സമരവീര്യത്തെ തളർത്താൻ കഴിഞ്ഞില്ലെന്നതും ചരിത്രം. ഇന്ത്യൻ പാർലമെന്റിലും കേരള നിയമസഭയിലും ഉൾപ്പെട്ട കാലയളവ് ഏറ്റവും മികച്ച പാർലമെന്റേറിയൻ എന്ന ബഹുമതി സി കെ ചന്ദ്രപ്പന് സമ്മാനിച്ചു. പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാൻ, കെടിഡിസി ചെയർമാൻ എന്നിങ്ങനെ നിരവധി ചുമതലകൾ ഏറ്റെടുത്ത സി കെ അതെല്ലാം ഭംഗിയായി നിറവേറ്റി.

കർഷക പ്രസ്ഥാനത്തിന്റെ നേതൃരംഗത്തെത്തിയ സി കെ ആ മേഖലയിലും മികവാർന്ന പ്രവർത്തനം നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃരംഗത്തെ പ്രമുഖനായിരുന്ന സി കെ ചന്ദ്രപ്പൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന ചുമതല ഏറ്റെടുത്ത കാലം ഉൾപ്പുളകത്തോടു കൂടി മാത്രം ഓർക്കുന്ന കാലമാണ്. മലയാളിക്ക് അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ കഴിയുന്ന രാഷ്ട്രീയ നേതാവ് എന്ന വിശേഷണം ലഭിച്ച കാലമായിരുന്നു അത്. കേരള രാഷ്ട്രീയരംഗത്ത് സൗമ്യവും ദൃഢവുമായ ആ ശബ്ദത്തിനും നിലപാടിനുമായി മലയാളി കാതോർത്തിരുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് പകർന്നു നൽകിയ ആവേശം ചെറുതായിരുന്നില്ല.

ആ ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് മരണം സഖാവ് സി കെ യെ നമ്മിൽ നിന്നും തട്ടിയെടുത്തത്. ഇന്ത്യ കൈവരിച്ച മതേതരമൂല്യങ്ങളെ തല്ലിക്കെടുത്താൻ ശ്രമങ്ങൾ നടക്കുന്ന സമയമാണിത്. ചന്ദ്രപ്പന്റെ സ്മരണ നമ്മുടെ വരുംകാല പ്രവർത്തനങ്ങൾക്ക് കരുത്തു നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.