വട്ടപ്പറമ്പന്‍

May 09, 2021, 5:03 am

അപ്രതീക്ഷിതം-ഒരു ലഘു ഉപന്യാസം

Janayugom Online

‘ഇനിയൊരിക്കലും അപമാനിതരാവാൻ കഴിയാത്തവണ്ണം ഞങ്ങൾക്ക് മാന്യത നൽകേണമേ. അവിടുത്തെ ശക്തിയും ഹിതവുമനുസരിച്ച് നിശ്ചയിക്കപ്പെട്ട കാര്യങ്ങൾ ഞങ്ങൾക്ക് സംഭവിക്കേണമേ. ആമേൻ’. വിശുദ്ധ ബൈബിൾ വചനങ്ങളിലധിഷ്ഠിതമായൊരു കൂട്ടപ്രാർത്ഥന പ്രതീക്ഷിച്ചു, ഉണ്ടായില്ല. ഫലം കുറയാതിരിക്കാൻ പേരുപറഞ്ഞ് വെടിവഴിപാട് നടത്തിയ പ്രവൃത്തിക്കാരൻ പെരുന്നാനെ ഉപേക്ഷിച്ച്, കേരള പ്രദേശ് ആസ്ഥാനത്ത് ജാതിമത ഭേദം നോക്കി ഒരു പ്രാർത്ഥനാശിബിരം തന്നെ നടത്തിക്കളയുമെന്ന് പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. എന്നാലോ കേട്ടത്, ‘അപ്രതീക്ഷിതം… അപ്രതീക്ഷിതം…’ റിഹേഴ്സലോ സംവിധാനമോ ഇല്ലാതെ ഒരേ ഈണത്തിൽ ഏക നേരത്ത്. എല്‍ഡിഎഫിന് സര്‍വനാശം പ്രവചിച്ച ആദര്‍ശശിരോമണിയുംപറഞ്ഞു. ‘അപ്രതീക്ഷിതം’. സ്വപ്നലോകത്തെ ബാലഭാസ്കറായ പ്രതി നേതാവും പറഞ്ഞു, ‘അപ്രതീക്ഷിതം’. കേട്ടവർ കേട്ടവർ തമ്മിൽ തമ്മിൽ നോക്കി ഒന്നുമൊന്നും ഉരിയാടാതെ നിന്നു. എന്നാൽ, ‘നിങ്ങളെന്തിന് ഉദ്ദേശിച്ചു?’ എന്ന ഉദയനാണ് താരത്തിലെ സൂപ്പർസ്റ്റാർ സരോജ് കുമാറിന്റെ സൂപ്പർ ഡയലോഗ്, ശ്രീനിയേട്ടന്റെ അനുവാദമില്ലാതെ അവർ തിരുത്തിയിങ്ങനെ ചോദിച്ചു ‘നിങ്ങളെന്തിനു പ്രതീക്ഷിച്ചു?’

വോട്ടുചെയ്യാതെ തോല്പിച്ച ജനം ചോദിക്കുന്നുണ്ടായിരുന്നു: പ്രതീക്ഷിക്കാൻമാത്രം എന്നാ കാര്യങ്ങളാ നിങ്ങൾ ചെയ്തോണ്ടിരുന്നത്? നിങ്ങളുടെ കുടികിടപ്പുകാരാണ് രാജ്യത്തെ ജനം എന്നാണോ നിങ്ങൾ കരുതിയത്? അതൊക്കെ നെർത്തി തമ്പ്രാ. അവർ പറഞ്ഞത് നിങ്ങൾ കേട്ടില്ലായിരുന്നോ? നിങ്ങൾ പ്രതീക്ഷിച്ചു; ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും കേരളത്തിലൊരു രീതിയുണ്ടല്ലൊ, ഭരണമാറ്റം! കാലാവധി തീരുംവരെ വെറുതെ ഇത്തിരി ഗ്രൂപ്പും ചൊറിഞ്ഞ് ഇരിക്കുക. എന്നിട്ടൊടുവിൽ കയ്യും കഴുകി ചെന്നിരുന്ന് മൃഷ്ടാന്നം ഭരണമുണ്ണുക. ഇടക്കാലത്ത് ഇതിനൊരു ചെറിയൊരു ഇളക്കം വരുന്നോ, സംശയിച്ച് മേലനങ്ങാൻ തുടങ്ങി. എന്നു പറഞ്ഞാൽ, കഞ്ഞിപ്പശ തീണ്ടാത്ത തീരഞ്ചും കട്ടിയില്ലാത്ത ഖദറിന്റെ കുപ്പായത്തിൽ ദിവസം മൂന്നുനേരം അലോപ്പതി ഗുളിക വിഴുങ്ങുമ്പോലെ പത്രക്കാരെ തടുത്തുകൂട്ടി മൈക്ക് കയ്യിലെടുത്തു തുടങ്ങി ഏക വ്യായാമം. തലേന്ന് എവിടെയോ നിന്നൊക്കെയോ സംഭരിച്ചുകൂട്ടിയത് അക്ഷരം മാറാതെ നോക്കി വായിക്കും. സ്വന്തമായി ഈ ഭാഗം പൂരിപ്പിക്കും ‘.….….….… ഞാൻ ആധികാരികമായി’ പറയുന്നു’ എന്ന് തട്ടിവിടും. ‘മുഖ്യമന്ത്രി രാജിവയ്ക്കണം’ ‑ഇങ്ങനെ കൂടി ഒടുവില്‍ പറഞ്ഞതാല്‍ കേൾക്കുന്നവർ കാര്യം മനസിലാക്കിക്കോണം. പിന്നെ മൈക്ക് ഓഫ് ചെയ്ത് വായിച്ച പേപ്പർ കസ്റ്റഡിയിലെടുക്കും. (ഈ പേപ്പർ പുതിയ സഖ്യകക്ഷിയായ പ്രതിപക്ഷഭീമന് പരസ്പര സഹായാടിസ്ഥാനത്തിൽ കൈമാറും. ആവർത്തിച്ചുപറയുന്ന ആരോപണത്തിനൊടുവില്‍ ‘മുഖ്യമന്ത്രി രാജിവയ്ക്കണം’ എന്ന് കേൾക്കാതിരിക്കില്ല).

ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവിൽനിന്ന് ഇതിൽ കവിഞ്ഞ് വേറെ എന്തു കുന്തമാണ് പ്രതീക്ഷിക്കേണ്ടിയിരുന്നത്? പത്രസമ്മേളനത്തിൽ കൂടുതൽ എന്ത് പ്രതിപക്ഷധർമ്മം ‑ആരോപണം ഉന്നയിക്കൽ? ചോദ്യം വോട്ടർമാരായ സ്വന്തം ജനത്തോടാണ് (ജനം മൂകരും ബധിരരുമാണല്ലൊ എന്നും യുഡിഎഫിനും കോൺഗ്രസിനും). എന്നാൽ തങ്ങൾ അങ്ങനെയല്ലയെന്ന് ഏപ്രിൽ ആറിന് മറുപടി പറഞ്ഞിട്ടും മനസിലാവാതെ, തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കാതെ, ഗ്രൂപ്പ് മാനേജർമാർ രഹസ്യ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്. പാർട്ടിയിലെ വലിയ വലിയ പദവികൾക്കായി വടംവലി മത്സരത്തിന്റെ പെരുമഴയത്താണ് അത്യുഗ്രൻ ചൂടിലും നേതാക്കൾ. കൊറോണയുടെ കൊടുംഭീകരതയുടെ ആശങ്ക ഇവരെ തെല്ലും അലട്ടുന്നേയില്ല.(അതൊക്കെ അറിയാനും നോക്കാനും മുഖ്യമന്ത്രിയും ഭരണകക്ഷിയുമുണ്ടല്ലൊ. വിരുന്നുകാരായ പ്രതിപക്ഷക്കാരേ, നിങ്ങളുടെ ജോലിയെന്താണ്? ഭരണക്കാരെ കുറ്റം പറയുക. എന്തിനും ഏതിനും ഏതുനേരത്തും. ഞങ്ങളത് നിർവഹിക്കുന്നുണ്ടല്ലൊ)

കോൺഗ്രസുകാരാ നിങ്ങളെയൊന്നും ഉപദേശിച്ചു നന്നാക്കിയെടുക്കാൻ ഈയുള്ളവൻ ആളല്ല. എന്നാലും പറയുവാ. സ്വീകരിച്ചാലും ഇല്ലെങ്കിലും പറയാതിരിക്കാനാവില്ല. നിങ്ങളോട് ഒരു സോഫ്റ്റ് കോർണറുണ്ട്. നാടിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും അതുണ്ട്. എന്താണെന്നോ എന്തൊക്കെയായാലും നിങ്ങൾ ജനാധിപത്യവിശ്വാസികളും മതേതരവാദികളുമാണെന്ന് ഞങ്ങൾ അറിയുന്നു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, ഒട്ടും അച്ചടക്കമില്ലാത്ത ഒരു ആൾക്കൂട്ടത്തിന്റെ പാർട്ടി. എന്നാലും ഏതിനുമൊരു മര്യാദവേണ്ടേ? ഒരു വെളുപ്പിന് അല്ലല്ലൊ തെരഞ്ഞെടുപ്പ് വരുന്നത്? എന്നുമെന്നും രാജ്യത്തെ ജനങ്ങൾ നിങ്ങളുടെ സഹജീവികളല്ലേ? തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം (മാത്രം എന്ന് അടിവരയിടുന്നു) ജനങ്ങളെ കാണുന്നു. വോട്ടഭ്യർത്ഥിക്കുന്നു. നാണമില്ലേ ഹേ എന്നവർ നേരിട്ട് ചോദിക്കാതെ ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ ചെന്ന്, വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്തും നേരം മറുപടി പറഞ്ഞു; നിങ്ങളുടെ അടയാളം ഇതിൽ കേറ്റിവച്ചിരിക്കുന്നു. മറുപടി ‘ചെയ്തു’. അറപ്പോടെ അവിടേക്ക് നോക്കി ഇവിടെ കുത്തി. എല്ലാവരും കുത്തി കുത്തിവന്നതാണ് 99.

അന്വേഷിക്കൂ. ചർച്ച ചെയ്യൂ. എന്തേ കുത്തി? എന്തേ ഇത്ര നമ്പർ വന്നത്? അവരപ്പോൾ പറഞ്ഞു തരും മറുപടി.

പ്രളയകാലത്ത് ഹെലികോപ്റ്ററിൽ പ്രളയഭംഗി കാണാൻ പോയി ഒരു തവണ. മനം നൊന്തില്ല. മനം പിടഞ്ഞില്ല വോട്ടു ചെയ്യേണ്ടവരായ ജനത്തിന്റെ വേദന കണ്ടില്ല. മേൻ മെയ്ഡ് പ്രളയം-അഭിപ്രായം പറഞ്ഞു (പ്രതിപക്ഷത്തിന്റെ ഡ്യൂട്ടി ചെയ്തു). തങ്ങൾക്ക് ചെയ്യാവുന്നത് എന്ത്? അന്വേഷിച്ചില്ല. അന്വേഷിച്ച് പ്രവർത്തിക്കുന്നവർക്ക് പിന്തുണ കൊടുത്തില്ല. തങ്ങളുടെ പാർട്ടിയിലെ യുവാക്കളോട് ആഹ്വാനം ചെയ്തില്ല. ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായമെത്തിക്കൂ എന്ന് പറഞ്ഞില്ല. കണ്ടില്ലേ കേട്ടില്ലേ ഗ്ലാമർ മറന്ന് പ്രളയമുഖത്ത് ഒരു യുവ സിനിമാ താരം മുന്നിട്ടിറങ്ങി പ്രവർത്തിച്ചത്? ഭരണകക്ഷിയുടെ യുവാക്കൾ ലക്ഷങ്ങൾ കയ്യും മെയ്യും മറന്ന് ചെയ്തത്? കടലിന്റെ മക്കൾ നാടിന്റെ സൈന്യമായി വളർന്ന് ചെയ്തു കൂട്ടിയത്? ഉളുപ്പില്ലേ? ഈ ദുരിതമെല്ലാം അനുഭവിച്ച് അതിജീവിച്ചവരുടെ അടുത്തുപോയി മുഖം നോക്കി വോട്ടു ചോദിക്കാൻ?

ജലത്തിലെ മത്സ്യം പോലെ ആയിരിക്കണം കമ്മ്യൂണിസ്റ്റുകാരൻ. നിങ്ങളുടെ പാർട്ടിയിലെ മുതിർന്നൊരു നേതാവ് അവരെ നോക്കി പഠിക്കാൻ പറഞ്ഞത് വെറുതെയല്ലെന്ന്? നിപ കാലത്ത് അവിടെ എവിടെയും കാണാതിരുന്ന നേതാവ് കപ്പട മീശയ്ക്ക് താഴെ കാണുന്ന വലിയ വായ തുറന്ന് എപ്പോഴും ആരോടോ ദേഷ്യപ്പെടുമ്പോലെ വിളിക്കുന്നു, ‘നിപ രാജകുമാരി’ എന്ന്. ലോകത്തിന്റെ ആരാധ്യപുത്രിയായി ബഹുമാനിക്കുന്ന ആരോഗ്യമന്ത്രിയെയാണ് പരിഹസിക്കുന്നത്. തന്റെ പ്രിയജനത്തോട് നേതാവ് ചെയ്യുന്ന ‘ഒരു ചെറുവിരൽ സഹായം’. ഉളുപ്പില്ലേ? ഇതു കേട്ടവരോടാണ് വോട്ടഭ്യർത്ഥന.

വിശ്വാസവും ആചാര സംരക്ഷണവും കുന്തവും കുടച്ചക്രവുമല്ല, വിശന്നിരിക്കുന്നവന് ആശ്വാസമായത്. സാമൂഹിക പെൻഷനും കിറ്റുമാണ് (യുഡിഎഫ് എന്നും പരിഹാസപാത്രമായി കണ്ട കിറ്റ്) ആശ്വാസമായത്. പെൻഷൻ സർക്കാർ തന്നെയാണ് അത് കൊടുക്കുന്നത് (പിണറായിയുടെ കയ്യിൽനിന്നല്ലല്ലോ എന്ന പരിഹാസ ചോദ്യമായിരുന്നു എന്നും). യുഡിഎഫ് ഭരിക്കുമ്പോൾ ചെറിയ സംഖ്യയായാലും മാസാമാസം കൊടുക്കാതെ കുടിശ്ശികവച്ചത് ജനം മറക്കണമായിരുന്നോ? കുടിശ്ശിക തീർത്തതും സംഖ്യ കൂട്ടിയതും കോൺഗ്രസിന് പിടിച്ചില്ല (ജനത്തിന് പിടിച്ചുവെന്നത് ഇപ്പോഴും കോൺഗ്രസുകാരന് മനസിലായിട്ടില്ല).

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്തു പോകരുതേ… കോൺഗ്രസുകാർ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടേയിരുന്നു (ബാക്കി യുഡിഎഫ് ഘടകപൂരക്കാരെ വെറുതെ വിടാം). ഒരു നേതാവ്, കൊടുത്തോളൂ ഞങ്ങൾ ഭരണത്തിൽ ചെല്ലുമ്പോൾ ഞങ്ങൾക്ക് അതെടുത്ത് പ്രയോഗിക്കാമല്ലൊ എന്നുപോലും പറഞ്ഞു. ഏതു പക്ഷത്തിരിക്കുമ്പോഴും ‘ജനത്തെ മറന്നൊന്നും ചെയ്തുകൂടയെന്ന്’ ഇനിയും കൂടെയുണ്ടാവുമെന്നു വിശ്വസിക്കുന്ന ഘടകപൂരക്കമ്മിറ്റിക്കാരെയും അറിയിക്കുന്നത് നന്നായിരിക്കും. ഇനിയും പറയുന്നുവോ, ‘അപ്രതീക്ഷിതം’.