പ്രൊഫ. കെ അരവിന്ദാക്ഷന്‍

February 23, 2021, 8:54 pm

ധനകാര്യനയം- തെറ്റുതിരുത്തല്‍ അനിവാര്യം

Janayugom Online

കോവിഡ് 19 എന്ന മഹാമാരി ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കുമ്പോഴാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021–22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗം പൂര്‍ണമായി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ അതിലെ പ്രധാന പരാമര്‍ശങ്ങള്‍ സംബന്ധമായ പ്രതികരണങ്ങള്‍ വിപണികളില്‍ നിന്ന് വരാതിരുന്നില്ല. മോഡി സര്‍ക്കാരിന്റെ സ്വകാര്യവല്ക്കരണത്തിനനുകൂലമായുള്ള ശുപാര്‍ശകള്‍ സംബന്ധിച്ചു മാത്രമായിരുന്നില്ല, അസെറ്റ് മോണറ്റെെസേഷനും ധനക്കമ്മിയുമായി ബന്ധപ്പെട്ട കണക്കുകള്‍ സംബന്ധിച്ചുമായിരുന്നു മാധ്യമ പ്രതികരണം. കേന്ദ്ര ധനമന്ത്രാലയവും ആര്‍ബിഐയും തുടര്‍ച്ചയായി ആവര്‍ത്തിച്ചിരുന്നത്, ധനകാര്യ നയത്തിലെ പാളിച്ചകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുമെന്നാണ്. ഈ അവകാശവാദം എത്രമാത്രം സാധൂകരിക്കാന്‍ കഴിയുമെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന റവന്യു വരുമാനവും റവന്യു ചെലവും സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുക അനിവാര്യമാണ്.

ബജറ്റില്‍ സൂചിപ്പിച്ച ധനകാര്യ ഏകീകരണത്തിന്റെ പ്രശ്നം തന്നെ നോക്കാം. ധനക്കമ്മി 2020–21ല്‍ അഭൂതപൂര്‍വമായ തോതില്‍ ഉയര്‍ന്ന് ജിഡിപിയുടെ 9.5 ശതമാനത്തിലെത്തി നില്ക്കുന്നു. ഈ നിരക്കാണ് 2021–22ല്‍ 6.8 ശതമാനമായും 2025–26 ല്‍ 4.5 ശതമാനമായും കുറക്കുമെന്ന് അവകാശപ്പെടുന്നത്. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 2.7 ശതമാനവും അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ശതമാനവും ധനക്കമ്മി വെട്ടിച്ചുരുക്കുമത്രെ. ഇതെങ്ങനെ പ്രായോഗികമാക്കാന്‍ കഴിയുമെന്ന് എത്ര തലപുകഞ്ഞിട്ടും പിടികിട്ടുന്നില്ല. ഇന്ത്യന്‍ ബജറ്റ്‍ ചരിത്രത്തില്‍ ഒരു ധനമന്ത്രിയും പ്രധാനമന്ത്രിയും സ്വപ്നത്തില്‍പോലും വിഭാവനം ചെയ്യാത്ത ലക്ഷ്യമാണിത്. ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും പ്രഗത്ഭനായ ഹങ്കേറിയന്‍ മന്ത്രികന്‍ ഹൗഡിനിക്കു പോലും ഈ ലക്ഷ്യം സങ്കല്പിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

സമീപകാലത്ത് ലോകം കണ്ടതില്‍ ഏറ്റവും ഗുരുതരമായ ധനകാര്യ പ്രതിസന്ധിയായിരുന്നു 2008-09 കാലയളവിലേത്. അന്ന് ഇന്ത്യയുടെ ധനക്കമ്മി ഉയര്‍ന്ന് കേവലം ഒരു വര്‍ഷക്കാലത്തിനിടയില്‍ 2.5 ശതമാനത്തില്‍ നിന്ന് 6.1 (2008–09) ശതമാനത്തിലേക്കെത്തി. 2010–11ല്‍ ഇത് വീണ്ടും 1.7 ശതമാനം കുറഞ്ഞ് 4.9 ശതമാനത്തിലേക്കായി. 2020–21ല്‍, തൊട്ടുമുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് ധനക്കമ്മിയിലുണ്ടായ വര്‍ധന 4.9 ശതമാനമാണ്. 2021–22 ആകുമ്പോഴേക്ക് തിരുത്തല്‍ വരുത്തേണ്ടത് 2.7 ശതമാനമായിരിക്കും. ഇതിനുവേണ്ടത് നിലവിലെ 9.5 ശതമാനത്തില്‍ നിന്ന് 2.7 ശതമാനമാക്കി കമ്മി കുറയ്ക്കുകയും അത് ജിഡിപിയുടെ 6.8 ശതമാനത്തിലെത്തിക്കുകയുമാണ്. ഇതിന്റെ പ്രായോഗികതയാണ് കാര്യവിവരമുള്ളവര്‍ ചോദ്യം ചെയ്യുന്നത്.

2016–17 മുതല്‍ തുടര്‍ച്ചയായി ധനക്കമ്മി സംബന്ധമായ കണക്കുകളില്‍ വെള്ളം ചേര്‍ത്തുവരികയായിരുന്നു എന്നതാണ് ഇതിലെ മറ്റൊരു പ്രധാനപ്രശ്നം. ഉദാഹരണത്തിന്, 2016–17, 2017–18 ധനകാര്യ വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ വാര്‍ഷിക വിപണി വായ്പ കൂടി കണക്കാക്കിയാല്‍, യഥാര്‍ത്ഥത്തിലുള്ള കമ്മി ജിഡിപിയുടെ 3.5 ശതമാനമായിരുന്നില്ല, മറിച്ച് 4.01 ആയിരുന്നു. തുടര്‍ന്നുള്ള രണ്ട് ധനകാര്യ വര്‍ഷങ്ങളിലും ഈ വിടവ് വര്‍ധിച്ചു. 2018–19ല്‍ യഥാര്‍ത്ഥ കമ്മി ജിഡിപിയുടെ 3.4 ശതമാനമായിരുന്നില്ലെന്നും അത് 4.26 ശതമാനമായിരുന്നു എന്നും തിരിച്ചറിയണം. എന്നാല്‍, 2019–20 മുതല്‍ ഈ പ്രവണതയില്‍ അല്പം മാറ്റമുണ്ടായി. കാരണം, ബജറ്റിനു വെളിയിലുള്ള വായ്പയില്‍ കുറവുവരുത്തി എന്നതാണ്. അങ്ങനെ യഥാര്‍ത്ഥ കമ്മി ബജറ്റിലേത് ജിഡിപിയുടെ 5.32 ശതമാനമായിരുന്നത് 2019–20 ല്‍ 4.6 ശതമാനത്തില്‍ പരിമിതപ്പെടുത്തുകയായിരുന്നു. ഈ കണക്കാണ് 2020–21 ബജറ്റിലെ കമ്മി 9.5 ശതമാനത്തിലേക്ക് കുതിച്ചുയരാനിടയാക്കിയത്. എന്നാല്‍, ഫലത്തില്‍ ബജറ്റിനു വെളിയിലുള്ള വായ്പകൂടി ചേരുമ്പോള്‍ കമ്മി ജിഡിപിയുടെ 10.4 ശതമാനം വരെയായി ഉയരുന്നത് കാണാം. ഈ പ്രവണതയുടെ തനിയാവര്‍ത്തനം തന്നെയായിരിക്കും 2021–22 ധനകാര്യ വര്‍ഷത്തിലും ആവര്‍ത്തിക്കുക. അതായത് 2021–22ലെ യഥാര്‍ത്ഥ കമ്മി 6.93 ശതമാനത്തിനുപകരം 6.8 ശതമാനത്തില്‍ ഒതുക്കും. അങ്ങനെയെങ്കില്‍ നികത്തപ്പെടാനുള്ള യഥാര്‍ത്ഥ കമ്മി 2021–22 ധനകാര്യ വര്‍ഷാവസാനത്തോടെ ജിഡിപിയുടെ 2.7 ല്‍ നിന്ന് 3.21 ശതമാനമാകും.

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കും റവന്യൂ വരുമാനവും കൂടുതല്‍ മെച്ചപ്പെടുമെന്നും 2020–21ലെ നാല് ശതമാനത്തില്‍ നിന്ന് വളര്‍ച്ചാനിരക്ക് 14.4 ലേക്ക് കുതിച്ചുയരുമെന്നുമുള്ള പ്രതീക്ഷയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ പ്രശ്നം ലഘുവായി കാണാന്‍ ശ്രമിക്കുന്നതിനു പിന്നില്‍. സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍, 2021–22ല്‍ ജിഡിപി വളര്‍ച്ചാനിരക്ക് 9.8 ശതമാനത്തില്‍ നിന്ന് നാമമാത്രമായെങ്കിലും ഉയര്‍ന്ന് 9.9 ശതമാനത്തിലെത്തുമെന്നാണ്. നികുതിവരുമാനം 1.16 ശതമാനമെങ്കിലും 2021–22ല്‍ ഉയരുമെന്നതാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. നികുതി-ഇതര വരുമാനമാണെങ്കില്‍ പഴയതുപോലെ ഒരു ശതമാനത്തില്‍ തുടരുകയും ചെയ്തേക്കാം. ഈവിധത്തില്‍ ഏതൊരു സര്‍ക്കാരിനും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍, മോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതില്‍ കഴമ്പില്ല. കാരണം, പിന്നിട്ട അഞ്ച് വര്‍ഷക്കാലത്തിനിടയിലെ നികുതി, നികുതി-ഇതര വരുമാനത്തിന്റെ റെക്കോഡ് ഒട്ടുംതന്നെ ആശാവഹമല്ല എന്നതുതന്നെ. ഭരണകര്‍ത്താക്കള്‍ വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ പലപ്പോഴും പൊരുത്തപ്പെട്ടു പോവുക പതിവില്ല. ഇവിടെയാണ് ജോണ്‍ സ്റ്റുവര്‍ട്ട് വില്‍ (1860) പറഞ്ഞ വാക്കുകള്‍ നാം ഓര്‍ത്തെടുക്കേണ്ടത്- “ഏതൊരു കാര്യത്തിന്റെയും സ്വന്തം താല്പര്യത്തെക്കുറിച്ച് മാത്രം മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സംബന്ധമായി പോലും ഒന്നും അറിയാന്‍ കഴിയാതെ വരുന്നു.” സ്വന്തം ധനസ്ഥിതിയെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കഴിയാത്ത മോഡി സര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥയും സമാനമായ നിലയില്‍ തന്നെയാണ്.

മുകളില്‍ സൂചിപ്പിച്ച പശ്ചാത്തലത്തില്‍ വേണം, ഡിസ് ഇന്‍വെസ്റ്റ്മെന്റിലൂടെയും സ്വകാര്യവല്ക്കരണത്തിലൂടെയും 2021–22ല്‍ ജിഡിപിയുടെ 0.8 ശതമാനം വരുന്ന 1.75 മില്യന്‍ രൂപ സമാഹരിക്കാമെന്ന ധനമന്ത്രിയുടെ കണക്കുകൂട്ടല്‍ വിലയിരുത്തപ്പെടാന്‍. 15-ാം ധനകാര്യ കമ്മിഷന്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാരിന്റെ പൊതുകട ബാധ്യത ജിഡിപിയുടെ 90 ശതമാനം വരെ ആയി പെരുകിയിരിക്കുകയാണെന്നാണ്. ആ നിലയ്ക്ക് പൊതുമേഖലാ നിക്ഷേപം പിന്‍വലിക്കലും സ്വകാര്യവല്ക്കരണ നീക്കങ്ങളും ലക്ഷ്യംതെറ്റുന്ന സ്ഥിതി വന്നാല്‍, പൊതു ചെലവിന്റെ ഗതി എന്തായിരിക്കുമെന്നത് ഗുരുതരമായ ആശങ്കയ്ക്കിടയാക്കുന്നു.

ബജറ്റിലെ ചെലവിന്റെ സ്വഭാവമെന്തായിരിക്കുമെന്നതുമായി ബന്ധപ്പെട്ടുള്ളതാണിത് രണ്ടാമത്തെ പ്രശ്നം. നടപ്പു ധനകാര്യ വര്‍ഷത്തിലും അടുത്ത ധനകാര്യ വര്‍ഷത്തിലും ബജറ്ററി ചെലവില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സൂചന. 2020–21 ധനകാര്യ വര്‍ഷത്തില്‍ 2019–20നെ അപേക്ഷിച്ച് 13 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് ഉണ്ടാവുക. ഈ വര്‍ധനവിന്റെ അഞ്ചിലൊരു ഭാഗം ഭക്ഷ്യ, വളം സബ്സിഡികളുടെ വക ബാധ്യതയുടെ ക്ലിയറന്‍സ് എന്ന നിലയിലായിരിക്കും. ശേഷിക്കുന്നത് ആരോഗ്യം-സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതികളുടെ ചെലവുകള്‍ നേരിടേണ്ടിവരുന്ന മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിലായിരിക്കും‍.

അതേ അവസരത്തില്‍, 2021–22 ധനകാര്യ വര്‍ഷത്തില്‍ റവന്യൂ ചെലവിനത്തില്‍ കുത്തനെയുള്ള ഇടിവും പ്രതീക്ഷിക്കാം. മൂലധന ചെലവില്‍ വര്‍ധനവുണ്ടാകാമെങ്കിലും അതില്‍ സര്‍ക്കാരിന്റെ ഓഹരി ജിഡിപിയുടെ 18 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി താഴാനാണ് സാധ്യത. നടപ്പു ധനകാര്യ വര്‍ഷത്തിലെ അനുഭവം ഇതിനകംതന്നെ യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഈ വര്‍ധന 28 ശതമാനമെന്ന റെക്കോഡ് നിലവാരം വരെ എത്തിനില്ക്കുന്നു. ഈ സാഹചര്യത്തില്‍ പൊടുന്നനെ സര്‍ക്കാരിന് കുത്തനെയുള്ള റവന്യൂ ചെലവ് ചുരുക്കല്‍ പ്രായോഗികമാക്കാന്‍ കഴിയുമോ എന്നതില്‍ സംശയമേറെയാണ്.

ഒരുകാര്യം വ്യക്തമാണ്. ഭക്ഷ്യ സബ്സിഡി ഇനത്തില്‍ കൊടുത്തുതീര്‍ക്കാനുള്ള മുഴുവന്‍ തുകയും തീര്‍ക്കുമെന്ന സ്ഥിതിയില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ)യുടെ സാമ്പത്തിക ആരോഗ്യം നല്ലതോതില്‍ മെച്ചപ്പെടാതിരിക്കില്ല. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഭക്ഷ്യസംഭരണം വന്‍തോതില്‍ നടത്താനുള്ള മുഴുവന്‍ ബാധ്യതയും എഫ്‌സിഐയുടേതാണ്. ഏതായാലും ഇന്നത്തെ സ്ഥിതിക്ക് എഫ്‌സിഐയുടെ ബാലന്‍സ് ഷീറ്റ് തൃപ്തികരമാണെങ്കിലും ഭാവിയില്‍ എന്തുണ്ടാകുമെന്ന് പ്രവചിക്കുക അസാധ്യവുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്ക്കരണ നയസമീപനത്തിന്റെ കാര്യത്തില്‍ സാമാന്യം നല്ല വ്യക്തതയുണ്ട്. നിലവിലുള്ള സ്ട്രാറ്റജിക്ക് പ്രാധാന്യമില്ലാത്ത മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഒന്നുകില്‍ വിറ്റഴിക്കപ്പെടും അല്ലെങ്കില്‍ അടച്ചുപൂട്ടും. സ്വാഭാവികമായും ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്നൊരു ചോദ്യം, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ പോലൊരു സ്ട്രാറ്റജിക്ക് വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സ്വകാര്യവല്ക്കരണവും നടക്കുമോ എന്നാണ്. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയത് മുന്‍ യുപിഎ സര്‍ക്കാരാണെങ്കിലും അതിന്റെ പിതൃത്വം ഏറ്റെടുക്കാനും അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനും വെമ്പല്‍കൊള്ളുന്ന മോഡി സര്‍ക്കാര്‍, എഫ്‌സിഐ ഭക്ഷ്യവസ്തുക്കളുടെ മിനിമം ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്താന്‍ വഹിച്ചുവരുന്ന നിര്‍ണായകമായ പങ്കിനുനേരെ പുറംതിരി‌ഞ്ഞുനില്‍ക്കുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് കര്‍ഷകവിരുദ്ധമെന്ന ചീത്തപ്പേര് ഏറ്റുവാങ്ങിയ സാഹചര്യത്തില്‍. കര്‍ഷകസംഘടനകള്‍ ദീര്‍ഘകാലമായി ദേശീയതലത്തില്‍ നടത്തിവരുന്ന പ്രത്യക്ഷ സമരഭാഗമായി ഉയര്‍ന്നുകേള്‍ക്കുന്ന പ്രക്ഷോഭണത്തിന്റെ മുദ്രാവാക്യങ്ങള്‍ അറിഞ്ഞില്ലെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണ്. സമരരംഗത്തുള്ള സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത് ഭക്ഷ്യധാന്യങ്ങള്‍‌ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക മാത്രമല്ല, എഫ്‌സിഐയുടെ ധനകാര്യ ആരോഗ്യം ശക്തമാക്കണമെന്നും ഈ പൊതുമേഖലാ സ്ഥാപനത്തെ ഒരിക്കലും സ്വകാര്യവല്ക്കരിക്കരുതെന്നുമെല്ലാമാണല്ലോ. ഇതിന്റെയെല്ലാം വിപരീത ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുകയെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നതില്‍ സംശയമില്ല.

റവന്യൂ വര്‍ധനവും റവന്യൂ ചെലവു ചുരുക്കലും
കണക്ക് ജിഡിപിയുടെ ശതമാനം	2016-17	2017-18	2018-19	2019-20 2020-21	2021-22
ധനക്കമ്മി സംഗ്രഹരൂപത്തില്‍	3.50	3.50	3.40	4.60	9.50	6.80
വായ്പ – ബജറ്റിന് പുറത്തുള്ളത് 	0.51	0.57	0.86	0.72	0.64	0.13
യഥാര്‍ത്ഥ ധനക്കമ്മി		4.01	4.01	4.26	5.32	10.14	6.93	6.93
മൊത്തം നികുതി വരുമാനം	11.14	11.22	11.00	9.90	9.74	9.94
നികുതി - ഇതര വരുമാനം		1.77	1.13	1.25	1.60	1.10	1.10
ഓഹരി വിറ്റഴിക്കല്‍ വരുമാനം	0.31	0.60	0.50	0.25	0.16	0.78
മൂലധന ചെലവ്			1.85	1.54	1.44	1.65	2.25	2.50	2.50
റവന്യൂ ചെലവ്			11.00	11.00	10.60	11.58	15.44	13.13
മൊത്തചെലവ്			12.85	12.54	12.24	13.23	17.69	15.63
കുറിപ്പ് 2020-21 പുതുക്കിയ കണക്ക് 2021-22 ബജറ്റ് കണക്ക് - ശേഷിക്കുന്നത് യഥാര്‍ത്ഥത്തിലുള്ളത്