സി ആർ ജോസ്‌പ്രകാശ്

April 30, 2021, 5:37 am

മഹാമാരിയില്‍ തകരുന്ന ഇന്ത്യ

Janayugom Online

വേദനാജനകവും അപമാനകരവുമായ 23 ‘ഒന്നാം സ്ഥാനങ്ങള്‍’ ഇന്ത്യ കരസ്ഥമാക്കിവച്ചിട്ടുണ്ട്. ലോകത്തേറ്റവും കൂടുതല്‍ പട്ടിണിക്കാരുടെ രാജ്യം, ലോകത്തേറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്ന രാജ്യം, ലോകത്തേറ്റവും കൂടുതല്‍ അക്ഷരമറിയാത്തവര്‍ ജീവിക്കുന്ന രാജ്യം, ലോകത്തേറ്റവും കൂടുതല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ രാജ്യം… ഇങ്ങനെ പട്ടിക നീളുകയാണ്. ഇന്ത്യയെ വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ഒന്നാം സ്ഥാനംകൂടി നമുക്കരികിലേക്ക് വരികയാണ്. ലോകത്തേറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള, ഏറ്റവും കൂടുതല്‍ മരണം നടക്കുന്ന രാജ്യമായി വരും നാളുകളില്‍ ഇന്ത്യ മാറുമോ? ആശങ്ക കനക്കുകയാണ്.

കോവിഡ് രോഗം വന്നെത്തിയതിനും അത് രാജ്യത്താകെ പടര്‍ന്നുപിടിച്ചതിനും ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ അതിനെ നേരിട്ട രീതി ഭാഗികമായിട്ടു മാത്രമേ ശരിയായുള്ളു. കോവിഡിലൂടെ ജനങ്ങള്‍ക്കുണ്ടായ ദുരിതം ഒരു പരിധിവരെ അകറ്റാന്‍പോലും കേന്ദ്ര സര്‍ക്കാരിനായില്ല. എന്നിട്ടും രാജ്യഭരണത്തെ നിയന്ത്രിക്കുന്ന ബിജെപിയുടെ അധ്യക്ഷന്‍ പറഞ്ഞത് ‘മോഡി ഇന്ത്യയെ രക്ഷിച്ചു’ എന്നാണ്.

ജനിതകമാറ്റം വന്ന കോവിഡിന്റെ രണ്ടാം വരവ് 2021 ഫെബ്രുവരി മാസത്തിലാണ് കൊടുമുടി കയറാന്‍ തുടങ്ങിയത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും നിമിഷംപ്രതി ഉയരുകയാണ്. ഒരു ദിവസംതന്നെ മൂന്നു ലക്ഷത്തിലധികം രോഗികളും രണ്ടായിരത്തിലധികം മരണവും സംഭവിക്കുന്ന അവസ്ഥ, കേന്ദ്ര സര്‍ക്കാരിന്റെകൂടി സൃഷ്ടിയാണെന്ന് പറയാതിരിക്കാനാകില്ല. ഏപ്രില്‍ 24ന് ലോകാരോഗ്യ സംഘടന പറഞ്ഞത് ‘സംഘടന കഴിഞ്ഞ രണ്ടുമാസമായി നല്കിയ എല്ലാ മുന്നറിയിപ്പുകളും ഇന്ത്യ അവഗണിച്ചു. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ചെന്നുപെട്ടിരിക്കുന്ന ദുരന്തം’ എന്നാണ്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫെബ്രുവരി മാസം മുതല്‍ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഇന്ത്യയില്‍ ആരുമുണ്ടായില്ല. വര്‍ധിത വീര്യത്തോടെ ആര്‍ത്തലച്ചുവരുന്ന ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ നേരിടുന്നതിനുള്ള യാതൊരു ഗൃഹപാഠവും നമ്മള്‍ നടത്തിയില്ല. രാജ്യത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള ഏകദേശ രോഗികളുടെ എണ്ണം, ആശുപത്രി കിടക്കകളുടെ എണ്ണം, ഓക്സിജന്‍ കൂടുതലായി ഉല്പാദിപ്പിക്കുന്നതിനുള്ള സാധ്യതകള്‍, വെന്റിലേറ്റര്‍ ലഭ്യതയുടെ പൊതുസ്ഥിതി, സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍, രാജ്യത്തെ മൊത്തം ജനസംഖ്യ, അതില്‍ 60 വയസ് കഴിഞ്ഞവരുടെ എണ്ണം, 45 നും 60നും മധ്യേയുള്ളവരുടെ എണ്ണം, 18നും 45നും മധ്യേയുള്ളവരുടെ എണ്ണം, ഇവര്‍ക്കെല്ലാമായി നല്കേണ്ടിവരുന്ന വാക്സിന്‍ ഡോസിന്റെ എണ്ണം, അതിന്റെ ലഭ്യത, വാക്സിനേഷന്‍ നല്കുന്നതിനുള്ള സംവിധാനങ്ങള്‍, സമയദൈര്‍ഘ്യം, മുന്‍ഗണനാക്രമം, സാമ്പത്തിക സമാഹരണം തുടങ്ങിയ കാര്യങ്ങളില്‍ ലോകത്തെ ചെറുതും വലുതുമായ മിക്ക രാജ്യങ്ങളും ആഴത്തില്‍ ഗൃഹപാഠം നടത്തുകയും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു എന്നാണ് ലോകാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരുദാഹരണം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യമാകും. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ‘ദേശീയ ശാസ്ത്രദൗത്യ സംഘം’ യോഗം ചേര്‍ന്നിരുന്നത് 2021 ജനുവരി 11നാണ്. അതിനുശേഷം ഒരു യോഗം ചേരുന്നത് ഏപ്രില്‍ 15ന് മാത്രമാണ്. നിര്‍ണായകമായ 94 ദിവസങ്ങളുടെ ഇടവേളക്കുശേഷം ഏപ്രില്‍ 15 ആകുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു.

അമേരിക്കയും ബ്രിട്ടനും കാനഡയും ഫ്രാന്‍സും യുഎഇയും ഉള്‍പ്പെടെ 14 രാജ്യങ്ങള്‍‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. നിരവധി രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡുകളുടെയും റെഡ്‌ലാന്‍ഡുകളുടെയും പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. എല്ലാ പട്ടികയിലും ഇന്ത്യ റെഡ്‌ലാന്‍ഡ് ആണ്. ലോകത്തെവിടെയും ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത അവസ്ഥ, ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മലയാളികളെയാണ്.

രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ അവസ്ഥ ഭീതിജനകമാണ്. ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നിരിക്കുന്നു. രാജ്യത്ത് ഒരു ദിവസം 10 ലക്ഷത്തിലധികം പുതിയ കോവിഡ് രോഗികള്‍ വരെ ഉണ്ടായേക്കാമെന്നും പ്രതിദിന മരണസംഖ്യ 6000–7000 വരെയായി ഉയര്‍ന്നേക്കാമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ 1.64 കോടി രോഗികളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 1.91 ലക്ഷം മരണം നടന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതിന് യഥാര്‍ത്ഥ കണക്കുമായി ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. ഗുജറാത്തില്‍ സംഭവിക്കുന്ന കോവിഡ് മൂലമുള്ള മരണത്തിന്റെ പത്തിലൊന്നുപോലും ഔദ്യോഗിക രേഖയില്‍ വരുന്നില്ല.

ഇന്ത്യയുടെ ജനസംഖ്യയില്‍ 18 മുതല്‍ 45 വയസുവരെയുള്ളവര്‍ 59.54 കോടിയാണ്. 45 മുതല്‍ 60 വയസുവരെയുള്ളവര്‍ 20.72 കോടിയുണ്ട്. 13.76 കോടി പേര്‍ 60 വയസ് കഴിഞ്ഞവരാണ്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് 94.02 പേര്‍ക്ക് വാക്സിന്‍ നല്കേണ്ടതുണ്ട് എന്നാണ്. ഒരാള്‍ക്ക് രണ്ടു ഘട്ടമായി രണ്ട് ഡോസ് വാക്സിന്‍ നല്കണം. അപ്പോള്‍ 188.04 കോടി ഡോസ് വാക്സിന്‍ ഉണ്ടെങ്കിലേ വാക്സിന്‍ നല്‍കേണ്ടവര്‍ക്കെല്ലാം അത് നല്കാനാകൂ. ഇതുവരെ എട്ടു ശതമാനം പേര്‍ക്കു മാത്രമേ രണ്ടു ഡോസ് വാക്സിന്‍ നല്‍കിയിട്ടുള്ളു. രാജ്യത്ത് ഒരു ദിവസം പരമാവധി നല്‍കിവരുന്ന വാക്സിന്‍ ഡോസ് 33 ലക്ഷമാണ്. ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ രണ്ടു വര്‍ഷം കഴിഞ്ഞാലും 18 വയസ് കഴിഞ്ഞ എല്ലാപേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കാനാവില്ല. ഏറ്റവും ഗൗരവപൂര്‍വം രാജ്യം പരിഗണിക്കേണ്ട ഈ വിഷയത്തെ കുറിച്ച് പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ നാളിതുവരെ പ്രതികരിച്ചിട്ടില്ല. ലോകത്തെ 60ല്‍ അധികം രാജ്യങ്ങള്‍ ഏറ്റവും സജീവമായി പരിഗണിച്ചതും രാജ്യത്തോടു പറഞ്ഞതും ഇക്കാര്യങ്ങളെക്കുറിച്ചാണ്. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പിനെക്കുറിച്ചും വാക്സിന്റെ ലഭ്യതയെക്കുറിച്ചും സമയദൈര്‍ഘ്യത്തെക്കുറിച്ചും മുന്‍ഗണനാക്രമങ്ങളെ കുറിച്ചുമാണ്. ഇതൊന്നും ഇന്ത്യ കാണുന്നില്ല.

കോവിഡ് പടര്‍ന്നുപിടിച്ചതു മുതല്‍ ലോകത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതിന് പ്രതിരോധമരുന്നു കണ്ടുപിടിക്കുകയായിരുന്നു. ഒരു പരിധിവരെ അതില്‍ ലോകം വിജയിച്ചു. ലോകത്ത് നിരവധി കോവിഡ് വാക്സിനുകള്‍ ഇതിനകം പുറത്തിറങ്ങി. 70 മുതല്‍ 90 ശതമാനം വരെയാണ് ഇവയുടെ ഫലപ്രാപ്തി. രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുള്ളവരില്‍ കോവിഡ് വരാനുള്ള സാധ്യത 20–30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നു മാത്രമല്ല, അങ്ങനെയുള്ള ആരിലും അസുഖം ഗുരുതരമായി മാറുന്നുമില്ല. കോവിഡ് ഭേദമായവരുടെ ശരീരത്തിലെ ആന്റിബോഡി അളവുകളേക്കാള്‍ പതിന്മടങ്ങ് ആന്റിബോഡിയാണ് വാക്സിന്‍ കുത്തിവയ്പിലൂടെ ഒരാള്‍ക്ക് ലഭിക്കുന്നത്. ഒരു പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് ഒരു സാധാരണ ജലദോഷം പോലെ കടന്നുപോകും എന്നാണ്. ഇക്കാര്യങ്ങളില്‍ ഇനിയും പഠനം ആവശ്യമായി വരുമെന്ന കാര്യം ഉറപ്പാണ്. ഭാവിയില്‍ ഓരോ ആറു മാസത്തിലൊരിക്കലോ ഒരു വര്‍ഷത്തില്‍ ഒരിക്കലോ വാക്സിന്‍ എടുക്കേണ്ടിവരും എന്ന ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

60–70 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്ന് കാര്യങ്ങള്‍ പൂര്‍ണ നിയന്ത്രണത്തിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക് ഉല്പാദിപ്പിക്കുന്ന കോവാക്സിന്‍ എന്നീ വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിച്ചുവരുന്നത്. അതില്‍ 90 ശതമാനവും ഉപയോഗിക്കുന്നത് കോവിഷീല്‍ഡ് ആണ്. 150 രൂപയ്ക്ക് ഈ വാക്സിന്‍ വിറ്റാല്‍ തന്നെ കമ്പനിക്ക് ചെറിയ ലാഭം കിട്ടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഒരു ഡോസ് മരുന്നിന് കേന്ദ്ര സര്‍ക്കാര്‍ 150 രൂപയും സംസ്ഥാനങ്ങള്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും നല്‍കണമെന്നാണ്. കോവാക്സിന്‍ കമ്പനിയുടെ തീരുമാനവും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. കമ്പനികളുടെ ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നയമായി അംഗീകരിച്ചുകഴിഞ്ഞു. ഇനി 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് ആവശ്യമായ വാക്സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങിനല്‍കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. കേരളത്തിനു മാത്രം 1,300 കോടി രൂപയുടെ അധിക ചെലവാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഒരു ജീവന്‍ രക്ഷാമരുന്നിന് രാജ്യത്ത് മൂന്നുവില കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്, അവരുടെ കോര്‍പ്പറേറ്റ് നയത്തിന്റെ ഭാഗമാണ്. കോവിഷീല്‍ഡിന് മറ്റു രാജ്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ വലിയ വിലയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നല്‍കേണ്ടിവരുന്നത്. ലോകത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ പോലും ഇത്ര ക്രൂരമായ ഒരു സമീപനം കൈകൊണ്ടിട്ടില്ല.

ഇന്ത്യയില്‍ 2020 വരെ കോര്‍പ്പറേറ്റ് നികുതി 30 ശതമാനമായിരുന്നു. കഴിഞ്ഞ ബജറ്റില്‍ അത് 22 ശതമാനമായി കുറച്ചു. അത് വീണ്ടും 30 ശതമാനമാക്കിയാല്‍ 2.05 ലക്ഷം കോടി രൂപ ഖജനാവില്‍ എത്തും. വന്‍കിടക്കാരുടെ കുടിശിക തുക പിരിച്ചെടുത്താല്‍ രണ്ടു ലക്ഷം കോടിയിലധികം രൂപ സമാഹരിക്കാനാകും. ഇതിന് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രയാസവും ഉണ്ടാകേണ്ട കാര്യമില്ല. കാരണം കോവിഡ് കാലത്ത് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനത്തില്‍ വന്‍ കുറവുണ്ടായപ്പോള്‍ കോര്‍പ്പറേറ്റുകളുടെ ശരാശരി വരുമാനത്തില്‍ 36 ശതമാനം വര്‍ധനവാണുണ്ടായത്. ഇന്ത്യ തളര്‍ന്നുവീഴാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യസ്നേഹത്തിന്റെ വഴി, ഈ കോവിഡ് കാലത്തെങ്കിലും സ്വീകരിച്ചേ മതിയാകൂ.