മനോജ് മാധവൻ

തിരുവനന്തപുരം

December 23, 2020, 10:27 pm

സുഗതകുമാരി ടീച്ചർക്ക് വിട

Janayugom Online

കവിതയും പ്രകൃതിജീവനവും മനുഷ്യസ്നേഹവും മുഖമുദ്രയായിരുന്ന കവയിത്രി സുഗതകുമാരി (86) യാത്രയായി. ബുധനാഴ്ച രാവിലെ 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ഏറ്റവും മികച്ച കവയിത്രിയും സാമൂഹിക, പരിസ്ഥിതി പ്രവർത്തനങ്ങളുടെ പ്രതീകവുമായാണ് മലയാളിയുടെ മനസിൽ സുഗതകുമാരി ഇടംനേടിയത്. അശരണരുടെയും ആദിവാസി സമൂഹത്തിന്റേയും പ്രകൃതിയുടെയും സർവ ജീവജാലങ്ങളുടെയും ശബ്ദം അവർ കവിതയിലൂടെ ആവിഷ്ക്കരിച്ചത് അക്ഷരലോകം അത്ഭുതത്തോടെ നോക്കിനിന്നു. പ്രകൃതിയെ മനുഷ്യർ ചൂഷണം ചെയ്യുന്നതിനെതിരെ സംഘടിക്കാൻ ആഹ്വാനം ചെയ്തും പ്രകൃതി സംരക്ഷണത്തിനുവേണ്ടി വിവിധ പോരാട്ടങ്ങളിൽ മുന്നിട്ടുനിന്ന് നേതൃത്വം നൽകിയതും ചരിത്രമാണ്. സേവ് സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുപ്രധാന പങ്കുവഹിച്ച സുഗതകുമാരി അതിലൂടെ രാജ്യത്തിന്റെയും ശ്രദ്ധാകേന്ദ്രമായി മാറി. അഗതികൾക്കായി അഭയയെന്ന ആശ്രയ കേന്ദ്രം ഒരുക്കിയതിലൂടെ സുഗതകുമാരിയുടെ ജീവിതയാത്ര പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്ത്രീപക്ഷത്തു നിന്നും അശ്രാന്തം പരിശ്രമിച്ച സുഗതകുമാരി സംസ്ഥാന വനിതാ കമ്മിഷന്റെ പ്രഥമ അധ്യക്ഷയുമായിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി, തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘തളിര്’ മാസികയുടെ ചീഫ് എഡിറ്റർ തുടങ്ങി നിരവധി പദവികൾ വഹിച്ച സുഗതകുമാരിയെ 2006ൽ രാജ്യം പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു.

പത്തനംതിട്ടയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽ സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി കെ കാർത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22ന് ജനിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്ക്കൂൾ, വിമൺസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തത്ത്വശാസ്ത്രത്തിൽ എം എ ബിരുദം നേടിയിട്ടുണ്ട്. ബേക്കറിജംഗ്ഷന് സമീപം, നന്ദാവനം, ബോധേശ്വര ലെയിനിൽ ‘വരദ’യിലാണ് സുഗതകുമാരിയുടെ വസതി. ഭർത്താവ് : പരേതനായ ഡോ. കെ വേലായുധൻ നായർ. മകൾ: ലക്ഷ്മി. പരേതയായ ഹൃദയകുമാരി, ഡോ. സുജാത എന്നിവർ സഹോദരിമാരാണ്.

വൈകുന്നേരം നാലിന് സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. പാളയം അയ്യൻകാളി ഹാളിൽ ഉച്ചയ്ക്ക് ഒരു മണിമുതൽ സുഗതകുമാരി ടീച്ചറുടെ ഛായ ചിത്രത്തിന് മുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സജ്ജീകരണം സർക്കാർ ഒരുക്കിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ, മത മേലധ്യക്ഷന്മാർ, സാഹിത്യകാരന്മാർ, കവികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക പ്രവർത്തകരും ടീച്ചറുടെ ആരാധകരും, സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. ജനയുഗത്തിനുവേണ്ടി ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിന് അയ്യൻകാളി ഹാളിൽ നടന്ന അനുസ്മരണയോഗത്തിലും പ്രഗത്ഭർ പങ്കെടുത്തു.