അരങ്ങിലെ അവധൂതന്‍

Web Desk
Posted on August 25, 2019, 7:25 am

പി കെ അനില്‍കുമാര്‍

രംഗം ഒന്ന്
(നീരാവില്‍ പ്രകാശകലാ കേന്ദ്രം)
അഷ്ടമുടിക്കായലിന്റെ തീരത്തെ നീരാവില്‍ എന്ന ഗ്രാമം. കായലും കൈത്തോടുകളും റാട്ടിന്റെ സംഗീതവും ഊടും പാവും നെയ്യുന്ന ഈ ഗ്രാമഹൃദയത്തില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി കേരളീയ സമൂഹവുമായി മുഖാമുഖം സംവദിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയാണ് പ്രകാശ് കലാകേന്ദ്രം. കേരളീയ നവോത്ഥാനത്തിന്റെ വിളക്കുമാടങ്ങളിലൊന്ന്. ചരിത്രത്തിന്റെ ഇരുള്‍നിലങ്ങളിലേക്ക് പ്രകാശം പൊഴിക്കുന്ന സര്‍ഗകേദാരം. ഇവിടെ നിന്നുമാണ് ഈ വര്‍ഷത്തെ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ പി ജെ ഉണ്ണികൃഷ്ണന്റെ നാടകയാത്രകള്‍ ആരംഭിക്കുന്നത്.
നാടകത്തെ പ്രാണനിലേറ്റു വാങ്ങിയ നീരാവിലിന്റെ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ട് മാത്രമായിരുന്നില്ല കുട്ടിയായിരുന്ന ഉണ്ണിക്ക് നാടകത്തോടുള്ള ഭ്രമം തുടങ്ങിയത്. ജ്യേഷ്ഠന്‍ ജെ പരമേശ്വരന്‍പിള്ളയുടെ വഴിയിലൂടെ അനുജനും നടക്കുകയായിരുന്നു. അക്കാലത്ത് പ്രകാശ് കലാകേന്ദ്രത്തിനായി നാടകങ്ങള്‍ രൂപപ്പെടുത്തിയവരിലൊരാള്‍ ജെ പരമേശ്വരന്‍ പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ സുരാസുവിന്റെ ‘വിശ്വരൂപം’, ‘അള്‍ത്താര’, ‘അക്കല്‍ദാമ’, ‘യുദ്ധഭൂമി’, ‘തുലാഭാരം’ തുടങ്ങിയ നാടകങ്ങള്‍ പ്രകാശ് കലാകേന്ദ്രം അവതരിപ്പിച്ചു. പി ജെ ഉണ്ണികൃഷ്ണന്‍ എന്ന നാടകക്കാരന്റെ ആദ്യത്തെ പരിശീലനക്കളരിയായിരുന്നു ഈ റിഹേഴ്‌സല്‍ ക്യാമ്പുകള്‍.
പ്രകാശ് കലാകേന്ദ്രം അവതരിപ്പിച്ച ‘ജ്വാലാമുഖികള്‍’ എന്ന നാടകത്തിലൂടെ ആയിരുന്നു പി ജെ ഉണ്ണികൃഷ്ണന്റെ നടനായുള്ള അരങ്ങേറ്റം. ജ്വാലാമുഖിയില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടന്‍ പനിബാധിച്ചതിനെതുടര്‍ന്ന്. വരാതായപ്പോള്‍ പകരക്കാരനായാണ് പി ജെ ഉണ്ണികൃഷ്ണന്‍ അരങ്ങിലെത്തുന്നത്. ഹാസ്യത്തിന് മുന്‍തൂക്കമുള്ള ഒരു മന്ത്രിയുടെ കഥാപാത്രമായിരുന്നു നാടകത്തിലേത്. തുടക്കം ഗംഭീരമായി. തുടര്‍ന്ന് പ്രകാശ് കലാകേന്ദ്രത്തിന്റെ നാടകാവിഷ്‌കാരങ്ങളിലെല്ലാം പി ജെ ഉണ്ണികൃഷ്ണന്‍ അവിഭാജ്യഘടകമായി മാറി.
കേരളത്തിലെമ്പാടും അമച്വര്‍ നാടകവേദികള്‍ പിറവികൊണ്ട കാലമായിരുന്നു അത്. തനതുകലകളില്‍ നിന്നും ആധുനികതയില്‍ നിന്നും സ്വീകരിച്ച് മലയാള നാടകവേദിയില്‍ നിരവധി പരീക്ഷണങ്ങള്‍ അരങ്ങേറി. കൊഴുത്ത കാളകുട്ടികള്‍, പെരുന്തച്ചന്‍, ചന്തീരാതും കൂട്ടരും തുടങ്ങിയ നാടകങ്ങളിലൂടെ പ്രകാശ് കലാകേന്ദ്രത്തിനൊപ്പം പി ജെ ഉണ്ണികൃഷ്ണനും നവീന നാടകഭാവുകത്വത്തിന്റെ ഭാഗഭാക്കായി മാറി.

രംഗം രണ്ട്
(സ്‌കൂള്‍ ഓഫ് ഡ്രാമ)
എം എസ് എം കോളജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം കൊല്ലം എസ് എന്‍ കോളജില്‍ മലയാളം ഐച്ഛിക വിഷയമായെടുത്ത് ഡിഗ്രിക്ക് ചേര്‍ന്നു. പ്രൊഫസര്‍ ജി ശങ്കരപിള്ളയുടേയും കാവാലം നാരായണ പണിക്കരുടേയും ആര്‍ നരേന്ദ്ര പ്രസാദിന്റെ ‘മാര്‍ത്താണ്ഡവര്‍മ്മ’ തുടങ്ങിയ നാടകങ്ങളൊക്കെ പി ജെ യുടെ സംവിധാനമികവിലൂടെ വിവിധ കലാലയങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ഇവയൊക്കെ തന്നെ സര്‍വ്വകലാശാല യുവജനോത്സവ വേദികളില്‍ സമ്മാനിതമാവുകയും ചെയ്തു.
പോരാട്ടങ്ങള്‍ക്കൊപ്പം സര്‍ഗകലാപങ്ങളുടേയും ഈറ്റില്ലമായിരുന്ന കൊല്ലം ശ്രീനാരായണ കോളജ് പി ജെ ഉണ്ണികൃഷ്ണനിലെ നാടക പ്രതിഭയെ ജ്വലിപ്പിച്ചു. വിദ്യാര്‍ഥികളിലെ സര്‍ഗാത്മകതയെ തിരിച്ചറിയുന്ന അധ്യാപക വൃന്ദം അന്ന് എസ് എന്‍ കോളജില്‍ ഉണ്ടായിരുന്നു. ഇവരൊക്കെ അരുമശിഷ്യന്റെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കി. കേരള സര്‍വ്വകലാശാല നാടകോത്സവത്തില്‍ പി ജെ യുടെ നേതൃത്വത്തില്‍ എസ് എന്‍ കോളജ് ചന്തീരാനും കൂട്ടരും നാടകം അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു. ചന്തീരാനായി വേഷമിട്ടത് പി ജെ ഉണ്ണികൃഷ്ണനായിരുന്നു.
ബിരുദ പഠനത്തിന്റെ അവസാന നാളുകളിലൊന്നില്‍ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായിരുന്ന പ്രഭാകരന്‍ പഴശ്ശിയാണ് ഉണ്ണികൃഷ്ണനോട് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരണമെന്നു പറയുന്നത്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോകാനാണ് അച്ഛന്‍ പറഞ്ഞത്. പക്ഷേ നാടകത്തോടുള്ള തീവ്രമായ പ്രണയം കൊണ്ട് പി ജെ ഉണ്ണികൃഷ്ണന്‍ വണ്ടികയറിയത് സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്കായിരുന്നു.
നാടകമെന്ന ജനകീയ കലയുടെ ആഴങ്ങളിലേക്കുള്ള ഭ്രാന്തമായ തീര്‍ത്ഥാടനമായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലം. പഠനവിഷയമായി അഭിനയമായിരുന്നു തിരഞ്ഞെടുത്തത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്കുള്ള അഭിമുഖം നടത്തിയത് പി കെ വേണുക്കുട്ടന്‍ നായര്‍, വയലാര്‍ വാസുദേവന്‍ പിള്ള തുടങ്ങിയവരായിരുന്നു. സംവിധാനം പഠിക്കാന്‍ ഒന്‍പതു പേരാണുണ്ടായിരുന്നത്. ഓരോരുത്തരും മൂന്ന് നാടകങ്ങള്‍ വീതം സംവിധാനം ചെയ്യണം. അങ്ങനെ അവതരിപ്പിക്കപ്പെട്ട 27 നാടകങ്ങളില്‍ കുടുതലിലും നായക കഥാപാത്രം അവതരിപ്പിച്ചത് പി ജെ ഉണ്ണികൃഷ്ണനായിരുന്നു. മറ്റൊരാള്‍ പ്രിയം സിനിമ പില്‍ക്കാലത്ത് സംവിധാനം ചെയ്ത സനലും.
രംഗഭാഷയുടെ അതിരുകളില്ലാത്ത ആകാശങ്ങളാണ് സ്‌കൂള്‍ ഓഫ് ഡ്രാമ നല്‍കിയത്. അനുഗൃഹീത കലാകാരന്മാരുടെ ക്ലാസുകള്‍ നൂതനമായൊരു ദൃശ്യലാവണ്യ സംസ്‌കൃതി പകര്‍ന്നു. ഭാരതീയ നാടകവേദിയുടെ കുലപതികളിലൊരാളായ ബി വി കാരന്തും ക്ലാസെടുക്കാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തിയിരുന്നു. പഞ്ചരാത്രം എന്ന നാടകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. വേറിട്ടൊരു ശൈലിയിലൂടെ ആയിരുന്നു ബി വി കാരന്ത് നാടകം പഠിപ്പിച്ചത്. പി ജെ ഉണ്ണികൃഷ്ണനോട് കാരന്ത് പറഞ്ഞു. ‘ബൃഹന്നളയായി നിങ്ങള്‍ വേഷമിടണം…ഉത്തരയെ കുറച്ച് നൃത്തച്ചുവടുകള്‍ പഠിപ്പിക്കൂ.” ഉത്തരയായി അഭിനയിക്കുന്നത് കുക്കു പരമേശ്വരനാണ്. തുടര്‍ന്ന് പി ജെ ഉണ്ണികൃഷ്ണന്‍ ‘ചന്തീരാനും കൂട്ടരും’ നാടകത്തിലെ നൃത്തച്ചുവടുകള്‍ ഒന്നൊന്നായി കുക്കു പരമേശ്വരനെ പഠിപ്പിച്ചു. പില്‍ക്കാലത്ത് വിജയവാഡയില്‍ സൗത്ത് സോണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ പി വി കാരന്തിനെ കണ്ടു. അദ്ദേഹം തന്നെ തിരിച്ചറിയുമെന്ന് പി ജെ ഉണ്ണികൃഷ്ണന്‍ കരുതിയില്ല. കണ്ടയുടന്‍ കുറച്ച് നേരം സൂക്ഷിച്ച് നോക്കിയിട്ട് കാരന്ത് ചോദിച്ചു.’ നിങ്ങള്‍ പഞ്ചരാത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോ’?
‘ഉവ്വ്’
‘ഏത് വേഷം?’
‘ബൃഹന്നള’ ശിഷ്യനെ മാറോട് ചേര്‍ത്ത് കൊണ്ട് കാരന്ത് പറഞ്ഞു. ‘അപ്പോള്‍ എന്റെ ഊഹം തെറ്റിയില്ല. നിങ്ങളെ എനിക്ക് മറക്കാന്‍ കഴിയില്ല.’ ഒരു ശിഷ്യന് കിട്ടാവുന്ന ഗുരുവിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഡല്‍ഹിയില്‍ സ്‌കോളര്‍ഷിപ്പിനായുള്ള അഭിമുഖത്തിനെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ കാരന്ത് ഉണ്ട്. കാരന്ത് പറഞ്ഞു. ‘ഉണ്ണീ… ഇത് തുടക്കകാര്‍ക്കുവേണ്ടിയുള്ളതാണ്. നിങ്ങള്‍ വിദേശ സ്‌കോളര്‍ഷിപ്പിന് ശ്രമിക്കൂ’.
സ്‌കൂള്‍ ഓഫ്ഡ്രാമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു വയലാര്‍വാസുദേവന്‍പിള്ള സംവിധാനം ചെയ്ത പ്രൊഫസര്‍ ജി ശങ്കരപിള്ളയുടെ ‘ഭരതവാക്യം’ എന്ന നാടകം. അക്കാദമിക് നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരു പോലെ ഏറ്റുവാങ്ങുവാന്‍ ഭരതവാക്യത്തില്‍ നടനായി വേഷമിട്ട ഉണ്ണികൃഷ്ണന് കഴിഞ്ഞു.
പിന്നീട് ഹൈദരാബാദ് സെന്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തരപഠനത്തിന് ചേര്‍ന്നു. ഇവിടെ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പിന്തുണയോടെ കള്‍ച്ചറല്‍ യൂണിറ്റ് സെക്രട്ടറിയായി വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ഇക്കാലയളവിലാണ് പ്രോജക്ടിന്റെ ഭാഗമായി ‘പ്രൊപ്പോസല്‍’ എന്ന നാടകം അരങ്ങിലെത്തിക്കുന്നത്. നാടകം കണ്ട ശങ്കരാഭരണം ഫെയിം സോമയാജു ചൊരിഞ്ഞ പ്രശംസാമൊഴികള്‍ വലിയൊരു അംഗീകാരമായി പി ജെ ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘സാവേജ് ലൗ’ എന്ന സോളോ പെര്‍ഫോമന്‍സുമായി ആന്ധ്രയിലെ മിക്ക ഗ്രാമങ്ങളിലും യാത്ര ചെയ്തു.

രംഗം മൂന്ന്
(ജീവിതത്തിന്റെ തെരുവ്)
ബിരുദാനന്തര പഠനത്തിന് ശേഷം പി ജെ ഉണ്ണികൃഷ്ണന്‍ മടങ്ങിയെത്തിയത് കുട്ടികളുടെ നാടകവേദിയിലേക്കായിരുന്നു. കോന്നി ഐരവണ്‍ സ്‌കൂളിന് വേണ്ടി ‘കൂ കൂ തീവണ്ടി’ എന്ന നാടകം രൂപകല്‍പന ചെയ്തു. സ്‌കൂള്‍ നാടകവേദികളില്‍ ഏറ്റവും വലിയ ഹിറ്റായി ഈ നാടകം മാറി. കെ രവീന്ദ്രനാഥന്‍നായരുടെ ഇച്ഛാശക്തിയില്‍ കൊല്ലം സോപാനത്തില്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് തുടങ്ങിയപ്പോള്‍ അതിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റു. കെ പി അപ്പന്റെ തിയറി ക്ലാസിനോടൊപ്പം കേരളത്തിലെ പ്രശസ്തരായ നാടകപ്രവര്‍ത്തകര്‍ സോപാനത്തിലെത്തി നവീനഭാവുകത്വത്തിന്റെ രംഗഭാഷ ചമച്ചു. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ‘ലങ്കാലക്ഷ്മി‘യാണ്. പി ജെ ഉണ്ണികൃഷ്ണന്‍ കോഴ്‌സിന്റെ ഭാഗമായി സോപാനത്തില്‍ സംവിധാനം ചെയ്തത്. നാടകത്തിന് ശേഷം പി കെ വേണുകുട്ടന്‍ നായര്‍ പറഞ്ഞ വാക്കുകള്‍ അമൂല്യനിധിയായി ശിഷ്യന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ‘ഉണ്ണീ.….നീ നിന്നെ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു.’
നീരാവില്‍ പ്രകാശ്കലാകേന്ദ്രം കൊല്ലത്തിന് പുറത്തേക്കും കേരള സംഗീത നാടക അക്കാദമി മത്സരവേദിയിലേക്കും എത്തപെടുന്നത് പി ജെ ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘പകയുടെ ഈശ്വരന്‍’ എന്ന നാടകത്തിലൂടെയാണ്. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിലെ യുദ്ധത്തിന്റെ പരിണാമം എന്ന ഭാഗമാണ് നാടകത്തിന്റെ ഇതിവൃത്തമായി സ്വീകരിച്ചത്. കാമ്പിശേരി നാടകോത്സവത്തില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ നാടകത്തില്‍ സ്ഥലകാലങ്ങളുടെ അതിരുകള്‍ ഭേദിച്ചുകൊണ്ടുള്ള പരീക്ഷണമാണ് പി ജെ ഉണ്ണികൃഷ്ണന്‍ നടത്തിയത്. നടന്‍, സംവിധായകന്‍, രചയിതാവ് എന്നിവയില്‍ എല്ലാം തനത് മുദ്രപതിപ്പിച്ച പി ജെ ഉണ്ണികൃഷ്ണന് അഭിനയത്തോടാണ് കൂടുതല്‍ പ്രതിപത്തി. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ’ ഇന്നലകളിലെ ആകാശം’ എന്ന നാടകത്തിലേക്ക് സംവിധായകന്‍ ആദ്യം വിളിച്ചിരുന്നെങ്കിലും പോയിരുന്നില്ല.
ആഗോളവത്ക്കരണം പ്രാദേശിക സ്വത്വങ്ങളെ ഉച്ചാടനം ചെയ്യുന്നതിന്റെ ദുരന്തങ്ങളാണ് ഇന്നലകളിലെ ആകാശത്തിന്റെ ഇതിവൃത്തം. മുപ്പത് വയസു മുതല്‍ 60 വയസുവരെയുള്ള പളനി എന്ന തട്ടാന്റെ ജീവിതം ആവിഷ്‌കരിക്കുവാനാണ് പ്രമോദ് പയ്യന്നൂര്‍ വിളിച്ചത്. മറ്റൊരു നടനാണ് ഈ വേഷം ചെയ്തത്. ഒരു ദിവസം നാടകം കാണാന്‍ ചെന്ന ഉണ്ണികൃഷ്ണനോട് വേഷഭൂഷാദികള്‍ ഏല്‍പ്പിച്ചിട്ട്, ‘നിങ്ങള്‍ തന്നെ ഈ കഥാപാത്രം ചെയ്യുക’ എന്നു പറഞ്ഞ് നടന്‍ പിന്‍വാങ്ങുകയായിരുന്നു. പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി‘യിലെ കീചകന്‍, വി ആര്‍ രമേശിന്റെ ‘രണ്ടുമുറിയും ഒരു അടുക്കളതിണ്ണ’യും എന്ന നാടകത്തിലെ ചന്ദ്രന്‍ തിരുമേനി എന്നിവ നിരൂപകരുടേയും പ്രേക്ഷകരുടേയും മുക്തകണ്ഠപ്രശംസ ഏറ്റുവാങ്ങിയ കഥാപാത്രങ്ങളായിരുന്നു. (വി ആര്‍ രമേശിനും ഇക്കുറി കേരള സംഗീതനാടക അ
തൊഴില്‍ രാഹിത്യത്തിന്റെ കാലത്തും പിന്നീടും പി ജെ ഉണ്ണികൃഷ്ണന്‍ എന്ന കലാകാരന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമായത് ഭാര്യ ശ്രീലത നല്‍കിയ പ്രചോദനമാണ്. ഒപ്പം പ്രകാശ് കലാകേന്ദ്രം എന്ന മാനവികതയുടെ സംഘബോധം നല്‍കിയ കരുത്തും. ഇപ്പോള്‍ ചിറ്റുമല ബ്ലോക്കില്‍ വനിതാ ക്ഷേമ ഓഫീസറായ പി ജെ ഉണ്ണികൃഷ്ണന് മൂന്ന് മക്കള്‍— ഉത്തര പ്രിയംദര്‍ശി, ആദിത്യതേജസ്, അതുല്യ തേജസ്.
കാരൂരിന്റെ ‘ഉതുപ്പാന്റെ കിണര്‍’ എന്ന കഥയ്ക്ക് സമകാലിക ജീവിതത്തോട് സമരസപ്പെടുത്തി പി ജെ ഉണ്ണികൃഷ്ണന്‍ നല്‍കിയ പുനരാഖ്യാനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ആന്റണ്‍ ചെക്കോവിന്റെ ‘ദ ബെറ്റ്’ എന്ന കഥയെ ആസ്പദമാക്കി കെ ടി മുഹമ്മദ് രചിച്ച് കെപിഎസി അവതരിപ്പിച്ച ‘ജീവപര്യന്തം’ എന്ന നാടകം പി ജെ ഉണ്ണികൃഷ്ണന്‍ കണ്ടിട്ടില്ല. യാദൃച്ഛികമായാണ് ആന്റണ്‍ ചെക്കോവിന്റെ ‘ബെറ്റ്’ പി ജെ ഉണ്ണികൃഷ്ണന്‍ വായിക്കുന്നത്. പിന്നീട് ഒരു ഒഴിയാബാധപോലെ ഈ നാടകം അദ്ദേഹത്തെ പിന്തുടരുകയായിരുന്നു. സ്വാസ്ഥ്യം കെടുത്തിയ ഒരുപാട് ദിനരാത്രങ്ങള്‍ക്കു ശേഷം… തന്നിലെ അശാന്തികളെ ശമിപ്പിക്കാനാണ് അദ്ദേഹം ‘ഏകാന്തം’ എന്ന നാടകത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടത.് നീരാവില്‍ പ്രകാശ കലാകേന്ദ്രം അവതരിപ്പിച്ച ‘ഏകാന്തം’ നാടകം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. നാടകാകാശത്തിലെ നക്ഷത്ര വിസ്മയമായി നിലകൊള്ളുന്ന നാടകമാണിത്. സ്വാതന്ത്ര്യത്തിന്റെ പ്രഹേളികയ്ക്ക് ഉത്തരം തേടിയുള്ള ഒരു കലാകാരന്റെ അടങ്ങാത്ത ദാഹമാണ് ‘ഏകാന്ത’ത്തിന്റെ രചനയില്‍ പ്രതിഫലിക്കുന്നത്.
നവോത്ഥാനം ഒരു തോറ്റപദമാണെന്ന് സന്ദേഹിക്കപ്പെടുന്ന കെട്ടകാലത്ത്, ജാതീയ വര്‍ഗീയതയുടെ വിഷസര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തുന്ന മലയാളിയുടെ ജീവിത പരിസരത്തില്‍ ഒരു സര്‍ഗ പ്രതിരോധം തീര്‍ക്കുവാനുള്ള സൃഷ്ടിയിലാണ് പി ജെ ഉണ്ണികൃഷ്ണന്‍. പുതിയ കാലത്തിന്റെ ഇരുള്‍ നിലങ്ങളില്‍ നാടകമെന്ന ജനകീയ കലയിലൂടെ പി ജെ ഉണ്ണികൃഷ്ണന്‍ കൊളുത്തി വയ്ക്കുന്ന മാനവികതയുടെ മണ്‍ ചെരാതുകള്‍ക്കായി കാലവും ഗ്രാമവും കാത്തിരിക്കുന്നു.