27 March 2024, Wednesday

സിലിക്കണ്‍വാലിയില്‍ മറ്റൊരു മിന്നുംതാരം കത്തിയമരുന്നു; തട്ടിപ്പിന്റെയും വഞ്ചനയുടെയും പേരില്‍ വിചാരണ നേരിട്ട് ഹോംസ്

Janayugom Webdesk
September 10, 2021 9:59 pm

ഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2015ല്‍ എലിസബത്ത് ആന്‍ ഹോംസ് എന്ന യുവതി യുഎസ് ബിസിനസ്‌ലോകത്തെ മിന്നുംതാരമായിരുന്നു. വിരല്‍ത്തുമ്പിലെ ഒരു തുള്ളി രക്ത പരിശോധന വഴി ഇരുന്നൂറു രോഗങ്ങള്‍ നിര്‍ണയിക്കാനാവുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് 2003ല്‍ തുടക്കമിട്ട യുവ ബിസിനസ് പ്രതിഭ അപ്പോഴേക്കും ആയിരത്തില്‍പരം കോടി ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ചുകഴിഞ്ഞു. ഹോംസ് യുഎസ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയായി. ലോകം കീഴടക്കിയ സിലിക്കണ്‍വാലി സംരംഭകത്വ പ്രതിഭകളെ കടത്തിവെട്ടിയ ഹോംസിന്റെ ജീവിതം നിരവധി പുസ്തകങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും പ്രചോദനമായി.

വിഖ്യാത സ്റ്റാന്‍സ്‌ഫഡ് സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ 19ാം വയസില്‍ പുറത്തായ ഹോംസ് ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബസിനു സമാനമായ യുവ വനിത സംരംഭകയായി വാഴ്ത്തപ്പെട്ടു. ഫോബ്സ്, ഫോര്‍ച്യൂണ്‍ തുടങ്ങിയ മാഗസിനുകളുടെ മുഖചിത്രമായി സ്ഥാനം പിടിച്ച അവര്‍ യുഎസിലെ ഏറ്റവും ഉയര്‍ന്ന സ്വയാര്‍ജിത വരുമാനത്തിന്റെ ഉടമയായി തിരഞ്ഞെടുക്കപ്പെട്ടു. ഹോംസിന്റെ കമ്പനി തെരാനോസിന്റെ ബോഡിനെ അലങ്കരിച്ചവരില്‍ മുന്‍ യുഎസ് സെക്രട്ടറി ജനറല്‍മാരായ ഹെന്‍റി കിസിഞ്ജര്‍, ജോര്‍ജ്ജ് ഷൂള്‍ട്ട്സ്, മുന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് തുടങ്ങി അമേരിക്കന്‍ രാഷ്ട്രീയത്തിലെ മുന്‍നിര നേതാക്കള്‍വരെ ഉള്‍പ്പെടുന്നു.

 


ഇതുകൂടി വായിക്കൂ: ലക്ഷദ്വീപിന് പിന്തുണയുമായി സൂചിയും നൂലുമെടുത്ത് പെണ്‍കൂട്ടായ്മ


 

അതൊക്കെ പഴയ കഥ. വശ്യതയും ആര്‍ഭാടവും നിറഞ്ഞുതുളുമ്പുന്ന ആത്മവിശ്വാസവുംകൊണ്ട് യുഎസ് ബിസിനസ് ലോകത്തിന്റെയും യുവതലമുറയുടെയും മനംകവര്‍ന്ന എലിസബത്ത് ഹോംസ് ആ രാജ്യത്തെ ഏറ്റവും വലിയ ഒരു തട്ടിപ്പിന്റെയും വഞ്ചനയുടെയും പേരില്‍ ഇപ്പോള്‍ കാലിഫോര്‍ണിയിലെ ഒരു കോടതിമുറിയില്‍ വിചാരണ നേരിടുന്നു. ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സാങ്കേതികവിദ്യയുടെ പേരില്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭവും അതിന്റെ സിഇഒ ഹോംസും നടത്തിയ ബഡായിയും തട്ടിപ്പുമാണ് യുഎസ് ഫെഡറല്‍ നീതിന്യായ സംവിധാനത്തില്‍ വിചാരണ നേരിടുന്നത്.

തെരാനോസ്, രക്തപരിശോധന വഴി രോഗനിര്‍ണയം നടത്താനാവുമെന്ന് അവകാശപ്പെട്ട കമ്പനിയും അതിന്റെ താരമൂല്യം കെെവരിച്ച സിഇഒ എലിസബത്ത് ഹോംസും പ്രശസ്തിയുടെയും നിക്ഷേപത്തിന്റെ പാരമ്യത്തിലായിരുന്നു 2015ല്‍. അതെ സമയത്തുതന്നെയാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ആ സംരംഭത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി ഒരു കഥ പുറത്തുവിട്ടത്. തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ ലേഖകന്‍ ജോണ്‍ കരേറൗ നടത്തിയ അന്വേഷണത്തില്‍ തെരാനോസിന്റെയും ഹോംസിന്റെയും അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കി.

തെരാനോസിന്റെ ആദ്യ പത്തു വര്‍ഷക്കാലം ഹോംസും കമ്പനിയുടെ പ്രസിഡന്റ് ഇന്ത്യന്‍ വംശജനായ രമേഷ് ബല്‍വാനിയും അതീവ നിഗൂഢ സ്വഭാവത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജോര്‍ജ്ജ് ഷൂള്‍ട്സ് (മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി) തെറാനൊസിന്റെ ബോഡ് അംഗം ആകുന്നതോടെ കമ്പനി സമ്പന്നരും ശക്തരുമായവര്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ചു. യുഎസ് കമ്പനി റഗുലേറ്ററായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന്‍ ഇത്തരം സംരംഭക സംവിധാനങ്ങളെ’ ചങ്ങാത്ത തട്ടിപ്പ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.


ഇതു കൂടി വായിക്കുക; 2020: ഈ ലോകത്ത്‌ ഇങ്ങനെ ഒരു വർഷം: മഹാമാരിക്കപ്പുറം ചില വൻ വീഴ്ചകളും പുതിയ മാറ്റങ്ങളും, World Recap


ജോണ്‍ കരേറൗവിന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം തെരാനോസിനെ അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്കാണ് നയിച്ചത്. ഹോംസിനെതിരായ വിചാരണയില്‍ തട്ടിപ്പുകള്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ ജീവിതത്തിന്റെ ബാക്കിഭാഗം തടവറയില്‍ ചിലവിടേണ്ടിവരും. ഓഹരി ഉടമകള്‍ക്ക് വന്‍തുകകള്‍ നല്കി തടി രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇതിനകം അവര്‍ തട്ടിപ്പിലൂടെ നേടിയ സമ്പത്ത് ഏതാണ്ട് പൂര്‍ണമായി ചോര്‍ത്തിക്കളഞ്ഞു. ഇനി നീതിന്യായ പ്രക്രിയയുടെ നാളുകളാണ്. ഇതിനിടെ ഗര്‍ഭിണിയായ എലിസബത്ത് ശിക്ഷാവിധിയില്‍ മാതൃത്വത്തിന്റെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.

എലിസബത്ത് ആന്‍ ഹോംസ് ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല. സാങ്കേതിക വിദ്യയോടുള്ള അഭിനിവേശവും അതുവഴി വിജയം വരിക്കുന്നവരോടുള്ള ആരാധനയും സൃഷ്ടിക്കുന്ന മുതലാളിത്ത ലോകത്തെ എണ്ണമറ്റ തട്ടിപ്പുകളുടെയും വഞ്ചനയുടെയും മറ്റൊരു ദുരന്ത പര്യവസായിക്കാണ് സിലിക്കണ്‍വാലി സാക്ഷ്യം വഹിക്കുന്നത്.

Eng­lish sum­ma­ry; article-on-elizabeth-homs

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.