ദേവിക

August 02, 2020, 6:00 am

ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല…

Janayugom Online

വാതില്‍പ്പഴുതിലൂടെ

ദേവിക

കൊറോണക്കാലത്തെ ഒരു ദുരന്തകാലമായി ചാപ്പകുത്താന്‍ വരട്ടെ. ഇല്ലെങ്കില്‍ അത് ഇക്കാലത്ത് പൂത്തിറങ്ങിയ നന്മകളുടെയും നര്‍മ്മങ്ങളുടെയും നിരാസമാകും. വാക്കുകളിലും നന്മ പൂക്കുമെന്നും നാം മറക്കാതിരിക്കട്ടെ. മലപ്പുറത്തെ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരന്‍ പെെതലാണ് ഈ മഹാമാരിക്കാലത്ത് നമ്മെ പ്രചോദിപ്പിച്ച ഏറ്റവും വലിയ ആകര്‍ഷണബിന്ദു. കടലാസു പൂക്കളുണ്ടാക്കി കളിക്കുന്ന ഫായിസ് താന്‍ ആവര്‍ത്തിച്ചുണ്ടാക്കിയ പൂവിന്റെ ആകൃതി തെറ്റിപ്പോയി. ഏകാന്തതയില്‍ കളിച്ചുകൊണ്ടിരുന്ന ആ കിടാവ് തന്റെ യത്നത്തിന്റെ വീഡിയോ മൊബെെലിലൂടെ പകര്‍ത്തിക്കൊണ്ടിരുന്നു. കടലാസു പൂവ് നിര്‍മ്മാണവിദ്യ പിന്നെയും പാളിയപ്പോള്‍ മനസുമടുക്കാതെ അവന്‍ ആത്മഗതമായി മന്ത്രിച്ചു; ‘ചെലോല്ടെ റെഡ്യാവും ചെലോല്ടെ റെഡ്യാവൂല.. നമ്മടെ റെഡ്യായില്ല, ന്നാലും നുമ്മക്ക് ഒരു കൊയപ്പോല്ല്യ.’ തെറ്റുപറ്റുമ്പോള്‍ തെറ്റിനെ ശരിയാക്കാന്‍ വീണിടത്തു കിടന്ന് ഉരുളുന്ന മുതിര്‍ന്നവര്‍ക്കു മുന്നില്‍ ഒരു പ്രകാശഗോപുരം പോലെ ഫായിസിന്റെ വാക്കുകള്‍. കൊറോണക്കാലത്ത് നമുക്ക് പ്രചോദനത്തിന്റെ വരദാനമായി ആ ഫായിസ് സൂക്തം. കാറ്റാടിയന്ത്രത്തോടും വിഫലമായി യുദ്ധം ചെയ്യുന്ന കഥയിലെ ഡോണ്‍ ക്വിക്സോട്ടിനെപ്പോലെയല്ല, പരാജയങ്ങളില്‍ മനംമടുക്കാതെ വിജയത്തിനുവേണ്ടി ശ്രമങ്ങള്‍ തുടരണമെന്ന് ചിലന്തിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട റോബര്‍ട്ട് ബ്രൂസിനെപ്പോലെയാണ് കുഞ്ഞു ഫായിസെന്നു നാം പറയുമ്പോള്‍ ഹെെദരാബാദിലെ ഒരു വൃദ്ധന്റെ കഥയും നമുക്ക് പ്രചോദനമാവുന്നു. പട്ടിണിയും ദാരിദ്ര്യവും കൂട്ടായിരുന്ന ബാല്യം. ട്യൂഷനു പോകാന്‍‍ കാശില്ല. സ്കൂളിലെ ഉച്ചക്കഞ്ഞിക്കു വേണ്ടി മാത്രം പഠിക്കാന്‍ പോകുന്ന ആ കുട്ടിക്കെങ്ങിനെ ട്യൂഷന് പണമുണ്ടാകും. എസ്എസ്എല്‍സി പരീക്ഷയെഴുതി എട്ടുനിലയില്‍ പൊട്ടി. ‘ചെലോല്ടെ റഡിയാവും ചെലോല്ടെ റെഡ്യാവൂല്ല’ എന്ന മനോനിലയോടെ സ്കൂള്‍ വിട്ട ആ കുട്ടി പിന്നീട് യുവാവായി, പിതാവായി, മുത്തശ്ശനായി. ഈ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും മുടങ്ങാതെ അദ്ദേഹം എസ്എസ്എല്‍സി പരീക്ഷ എഴുതിക്കൊണ്ടിരുന്നു. അന്‍പത്തിയാറാം തവണ ആ സ്ഥിരോത്സാഹി പരീക്ഷയെഴുതി വിജയിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. ബ്രൂസില്‍ നിന്നും ഫായിസില്‍ നിന്നും ഈ വൃദ്ധനിലേക്കു നീളുന്നു ആ പ്രചോദനാത്മക ചരിത്രം. ‘ആളുവില കല്ലുവില’ എന്നല്ലേ ചൊല്ല്. ദിവസവും നമ്മുടെ മുന്നിലുണ്ടായിരുന്ന ഒരാള്‍ എല്ലാ ‘സുവര്‍ണ്ണാവസരങ്ങളും’ വലിച്ചെറിഞ്ഞ് എങ്ങോ പോയ്‌മറഞ്ഞു. പി എസ് ശ്രീധരന്‍ പിള്ള എന്ന സുവര്‍ണ്ണാവസരാന്വേഷി പൊങ്ങിയത് മിസോറാം രാജ്ഭവനില്‍. ഗവര്‍ണറായതോടെ പിന്നെ പ്രത്യേകിച്ച് പണിയൊന്നുമില്ല. ഉണ്ടും ഉറങ്ങിയും അങ്ങനെ ദിവസങ്ങള്‍ ഓടിച്ചോടിച്ചു പോവുകയായിരിക്കും പിള്ളേച്ചന്‍ എന്നല്ലേ നമ്മളൊക്കെ കരുതിയത്. അതെല്ലാം അമ്പേ തെറ്റിപ്പോയി.

ലോക്ഡൗണ്‍ വാസകാലത്ത് താന്‍ 13 പുസ്തകങ്ങളാണെഴുതിയതെന്ന കാര്യം പിള്ള തന്നെ മാലോകരെ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചിരിക്കുന്നു. കഥ, നോവല്‍, ചരിത്രം, ഭൂമിശാസ്ത്രം, നര്‍മ്മം, മര്‍മ്മം, നിയമം, നിയമലംഘനം തുടങ്ങി ബ്രഹ്മാണ്ഡത്തിലെ സര്‍വവിഷയങ്ങളിലും പിള്ളയുടെ രചന നീണ്ടുനിവര്‍ന്നുകിടപ്പാണ്. ഈ മാസം എട്ടിന് സൂകരപ്രസവംപോലെ ഈ പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം മിസോറാം ചീഫ് ജസ്റ്റിസ് അജയ് ലാംബ നിര്‍വഹിക്കുമത്രേ. തന്റെ ജാതകത്തില്‍ ഇങ്ങനെയും ഒരനര്‍ത്ഥം എഴുതിവച്ചിട്ടുണ്ടെന്നു കരുതി മുഖ്യമന്ത്രിയും പങ്കെടുക്കും. നാലു മാസംകൊണ്ട് മഹാഭാരത ഭാരമുള്ള 13 ഗ്രന്ഥ സന്തതികള്‍ പിറന്നുവീഴുന്നു. മലയാളിക്ക് ആനന്ദ നിര്‍വൃതിക്കിനിയെന്തുവേണം. അടുത്ത നൊബേല്‍ സമ്മാനിതന്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള അദ്യേം ആയിരിക്കുമെന്നു ചിലര്‍ പറയുന്നു. സ്പെയിനില്‍ ലോപ് ഡി വേഗ എന്നൊരു നാടകകൃത്തുണ്ടായിരുന്നു. 400ല്‍പരം നാടകങ്ങളെഴുതി. സാഹിത്യത്തില്‍ അദ്ദേഹം കെെവയ്ക്കാത്ത മേഖലകളില്ല. പാചകസാഹിത്യമൊഴികെ. ഇത്രയും എഴുതിത്തള്ളി ജനങ്ങളെ ബോറടിപ്പിച്ചവന്‍ എന്നാണ് നിരുപകര്‍ വേഗയെ വിലയിരുത്തുന്നത്. ഈ കഥ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ സാഹിത്യചരിത്രവുമായി ബന്ധപ്പെടുത്താന്‍ വേണ്ടി പറഞ്ഞതല്ല. വെറും സാങ്കല്പികമായ ഒരു ചരിത്ര വസ്തുത. റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ വിരുതരായ മറ്റുചിലരും ഈ കോവിഡ് കാലത്തുണ്ടായി. ഭര്‍ത്താക്കന്മാരുടെ സംഖ്യയില്‍ റെക്കോഡിടാന്‍ അവിരാമം ശ്രമം തുടരുന്ന നമ്മുടെ നാട്ടിലെ കുപ്രസിദ്ധരെപ്പോലെയല്ല, യുഎസിലെ ബിയാട്രീസ് തോംപ്സണ് ആണ് അതിൽ കേമി‍.

ചൂതുകളിയുടെയും വ്യഭിചാരത്തിന്റെയും ലോകത്തെ ഏറ്റവും വലിയ കേന്ദ്രമായ ലാസ്‌വേഗസിലെ പേരടുത്ത വേശ്യയായ ബിയാട്രീസ് എഴുപത്തെട്ടാം വയസില്‍ കഴിഞ്ഞ ദിവസം തൊഴിലില്‍ നിന്നു റിട്ടയര്‍ ചെയ്തു. ‘മൂന്ന് ഡോളര്‍’ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ബിയാട്രീസിനെ ഈ തൊഴിലിലെ ‘സമഗ്രസംഭാവനകള്‍‘ക്കുള്ള പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ലെെംഗികതൊഴിലാളി അവാര്‍ഡും ഈ മുത്തശ്ശിക്കു സ്വന്തം. ഈ അവാര്‍ഡുകള്‍ നിരന്തരം ബിയാട്രീസ് അമ്മൂമ്മയെ തേടിയെത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ഇടപാടുകള്‍ തികച്ച ശേഷം വേശ്യാവൃത്തിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ബിയാട്രീസിനൊപ്പം അഞ്ച്‌ലക്ഷാമത്തെ കിടക്ക പങ്കിടലിന് ജര്‍മ്മനിയില്‍ നിന്ന് 5,400 മെെല്‍ ദൂരം പറന്നെത്തിയത് ഹാന്‍സ് മെയര്‍ എന്ന 34 കാരന്‍. ലോക റെക്കോഡിട്ട ശേഷം ബിയാട്രീസ് പറഞ്ഞത് ഒരു ദിവസം നൂറ് ഇടപാടുകാര്‍ വരെ തനിക്കുണ്ടായിരുന്നുവെന്ന്. ലൂയിസ് ഫോക്കന്‍സ്- മാര്‍ട്ടിന്‍ ഫോക്കന്‍സ് സഹോദരിമാര്‍ 55 വര്‍ഷംകൊണ്ട് 1,77,500 പേരെ വീതം മൊത്തം 3,55,000 പേരെ തൃപ്തിപ്പെടുത്തിയ റെക്കോഡാണ് ബിയാട്രീസ് തകര്‍ത്തു തരിപ്പണമാക്കിയത്. അങ്ങനെ പിള്ളയും വേഗയും അക്ഷരംകൊണ്ടു റെക്കോഡിട്ടും ബിയാട്രീസ് വേശ്യാവൃത്തികൊണ്ട് റെക്കോഡിട്ടും. പൊതുജനം പലവിധം എന്നാണല്ലോ ചൊല്ല്. സമുദ്രം ഒരദമ്യപ്രചോദനമെന്നാണ് ഗ്രീക്ക് ഇതിഹാസകാരനായ ഹോമര്‍ പണ്ട് പറഞ്ഞത്. അതുപോലെതന്നെയാണ് മലയാളിക്കും സ്വര്‍ണം ഒരു അദമ്യ പ്രചോദനം. പൊന്നിനൊപ്പം സ്ഥാനത്തും അസ്ഥാനത്തും പെണ്ണിനെ ചേര്‍ത്തുവയ്ക്കാന്‍ ഭൂമിമലയാളത്തിലുള്ളവരുടെ വിരുത് ഉലകിലാര്‍ക്കുമില്ലതാനും. ഒന്നുമില്ലെങ്കില്‍ ‘കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം’ എന്നു നാം പാടിക്കളയും.

കള്ളക്കടത്തു വസ്തു സ്വര്‍ണമാണെങ്കില്‍, കടത്തുന്നതു പെണ്ണാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സ്വപ്നയും സ്വര്‍ണവും കലര്‍ന്ന വാര്‍ത്തകള്‍ സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ എന്ന മട്ടില്‍ മാധ്യമങ്ങള്‍ക്ക് മാരിവില്‍ വര്‍ണ്ണങ്ങളിലുള്ള വര്‍ണനാശെെലികളാവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കൊച്ചു സ്വര്‍ണക്കടത്തു നടന്നത്. ഒരു സുന്ദരിപ്പെണ്ണ് തന്റെ ഗുഹ്യഭാഗത്ത് രഹസ്യമായി വെറും 650 ഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് കസ്റ്റംസ് പിടിച്ചതും വാര്‍ത്തയായി. 40 ടണ്‍ വരെ കള്ളപ്പൊന്ന് കടത്തിയവര്‍ വിഹരിക്കുന്ന നാട്ടില്‍ 650 ഗ്രാം പൊന്നു കടത്തിയതും ആഘോഷമാക്കി. മാധ്യമങ്ങളെക്കാള്‍ സമൂഹമാധ്യമങ്ങള്‍ക്കാണല്ലോ ഇത്തരം കാര്യങ്ങളില്‍ ഒരു പെരുപ്പും വിരുവിരുപ്പും.