പ്രൊഫ. കെ അരവിന്ദാക്ഷൻ

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി പാകപ്പിഴകള്‍ ആവര്‍ത്തിക്കരുത് ഭാഗം 2

May 08, 2021, 3:34 am

ദുരിതമായത് ഭരണകൂടത്തിന്റെ മുന്‍വിധികള്‍

Janayugom Online

ഹിന്ദു ദേശീയതയുടെ പ്രചാരകനും മാതൃകയുമായി വാഴ്ത്തപ്പെട്ടിരുന്ന നരേന്ദ്രമോഡിക്കു നേരെ ഇപ്പോള്‍ ആഗോള മാധ്യമങ്ങളുടെ വിമര്‍ശനത്തിന്റെ കുന്തമുന തിരിഞ്ഞിരിക്കുന്നു. ഇത് യാദൃശ്ചികമല്ല. ഓസ്ട്രേലിയയിലെ ഒരു മാധ്യമ പ്രസിദ്ധീകരണമായ ‘ദി ഓസ്ട്രേലിയന്‍’ അതിന്റെ ഒരു റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത് ‘ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുരന്തത്തിലേക്ക് രാജ്യത്തെ നയിച്ചതിനുള്ള ബാധ്യത, ധാര്‍ഷ്ട്യവും അതി ദേശീയതയും ഔദ്യോഗികതലത്തിലും രാഷ്ട്രീയ ഭരണതലങ്ങളിലും അടിച്ചേല്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേത് തന്നെ’ എന്നാണ്. കോവിഡിന്റെ രണ്ടാം വരവില്‍ മോഡി ഭരണകൂടം വിറങ്ങലിച്ചു നില്ക്കുകയാണെന്നും ഇത്രയൊക്കെ ആയിട്ടും നിഷേധാത്മക നിലപാടില്‍ തെല്ലും മാറ്റം വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ലെന്നുമാണ് ‘ലണ്ടന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ദി ഗാര്‍ഡിയന്‍’ ദിനപത്രത്തിന്റെ തലക്കെട്ടുതന്നെ ‘ഇന്ത്യ കോവിഡിന്റെ നരകത്തില്‍ പതിച്ചിരിക്കുന്നു’ എന്നാണ്. ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യതലസ്ഥാനം വിട്ട് പിശ്ചിമബംഗാളില്‍ നിരവധി ഘട്ടങ്ങളില്‍ വന്‍ റാലികളില്‍ പങ്കെടുക്കുകയും കുംഭമേളയ്ക്ക് അനുമതി നിഷേധിക്കാത്തതിന്റെയും പേരിലായിരുന്നു.

ഇന്ത്യയെപോലെ 138 കോടിയില്‍പരം ജനസംഖ്യയുള്ളൊരു രാജ്യം കോവിഡ് വിപത്തിന്റെ വ്യാപനം മറ്റു രാജ്യങ്ങളിലേക്കും എത്തിച്ചേക്കാമെന്ന ആശങ്കയാണ് അമേരിക്കയിലെ ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍’ പ്രകടമാക്കിയതെന്നോര്‍ക്കുക. മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ മറ്റു ചില പ്രസിദ്ധീകരണങ്ങള്‍‍ ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഇക്കോണമിക് തുടങ്ങിയവയാണ്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യം വെളിവാക്കുന്ന ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ ഔദ്യോഗിക പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുകയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയിലെ തലസ്ഥാന നഗരമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കോവിഡ് രോഗം പിടിമുറുക്കുമ്പോള്‍ സുരക്ഷിത ഇടങ്ങള്‍ തേടി, നരേന്ദ്രമോഡിയുടെ ഔദാര്യം എക്കാലവും സ്വീകരിച്ചുവന്നിട്ടുള്ള അതിസമ്പന്നര്‍ സ്വകാര്യ ജെറ്റുകളില്‍ 23 ലക്ഷം മുതലുള്ള പാക്കേജുകള്‍ വിനിയോഗിച്ച് യുഎഇ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടുംബസമേതം പറക്കുകയാണെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഇക്കൂട്ടത്തില്‍ ഭൂരിഭാഗം യാത്രക്കാരും ഏര്‍പ്പെട്ടിരിക്കുന്നതും.

ഈ അവസരത്തില്‍ നാം ഓര്‍ത്തെടുക്കേണ്ടൊരു കാര്യം, ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ബിജെപി-സംഘപരിവാര്‍ പ്രഭൃതികള്‍ സദ്ഭരണത്തിന്റെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ദുരന്തമാണ്. ഓക്സിജന്‍ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് നൂറിലേറെ നവജാത ശിശുക്കള്‍ക്ക് മരണത്തിന് കീഴടങ്ങേണ്ടിവന്നു. ഈ ഘട്ടത്തില്‍ അവിടത്തെ ഡോക്ടറായ കഫീല്‍ ‍ഖാന്‍ സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ഏതാനും ശിശുക്കളുടെ ജീവന്‍ രക്ഷിച്ച സംഭവം ഇപ്പോളും ഓര്‍ക്കുന്നു. ഓക്സിജന്‍ സിലിണ്ടര്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തിവച്ചതാണ് പ്രതിസന്ധിക്കിടയാക്കിയതെങ്കിലും ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് രക്ഷകനായി എത്തിയ ഡോ. കഫീല്‍ ഖാനായിരുന്നു. ഡ്യൂട്ടിയില്ലാതിരുന്ന അദ്ദേഹം സ്വന്തം നിലയില്‍ ഓക്സിജന്‍ സിലിണ്ടറുമായി ആശുപത്രിയിലെത്തി എന്നതിന്റെ പേരില്‍ ആ മനുഷ്യസ്നേഹിയെ ആദ്യം ഔദ്യോഗിക ചുമതലയില്‍ നിന്നും നീക്കി. ആദിത്യനാഥ് പ്രത്യേകം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ഈ പ്രവര്‍ത്തി ഗുരുതരമായൊരു കുറ്റമാണെന്ന് കണ്ടെത്തി ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്നുതന്നെ ഒഴിവാക്കുകയും ചെയ്തു. ഡോ. കഫീല്‍ ഖാന്റെ ലക്ഷ്യം ബിജെപിയുടെയും ആദിത്യനാഥ് സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കല്‍ ആയിരുന്നു എന്നാണ് ചുമത്തപ്പെട്ട കുറ്റം. നിയമ കോടതികള്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതിനുശേഷവും ഡോ. കഫീല്‍ ഖാനും കുടുംബവും ഇന്നും ആദിത്യനാഥ് സര്‍ക്കാരിന്റെ വേട്ടയാടലിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ സംഭവത്തിന് ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. കോവിഡിന്റെ രണ്ടാം വരവില്‍ മനുഷ്യജീവന്‍ ഏറ്റവും ഗുരുതരമായ ഭീഷണി നേരിടുന്നത് ജീവവായുവിന്റെ ദൗര്‍ലഭ്യത്തെ തുടര്‍ന്നാണല്ലോ.

മോഡി സര്‍ക്കാര്‍ ഉച്ചത്തില്‍ പ്രഖ്യാപനം നടത്തിയ ഒരു ലക്ഷ്യമാണ് ‘ആത്മനിര്‍ഭര്‍ഭാരത്’ അഥവാ സ്വയംപര്യാപ്ത ഭാരതം. ഇതിന്റെ ഭാഗമായിരുന്നു ‘മേക്ക് ഇന്‍ ഇന്ത്യ’, ‘മേക്ക് ഫോര്‍ ഇന്ത്യ’ എന്നിങ്ങനെയുള്ളവയും. കേള്‍ക്കാന്‍ ഇമ്പമുള്ള രണ്ടാമതു സൂചിപ്പിച്ച രണ്ടു ലക്ഷ്യങ്ങളും വര്‍ഷങ്ങളായി കേട്ട് മടുപ്പുളവാക്കുന്ന ആദ്യത്തെ ലക്ഷ്യവും കോവിഡ് എന്ന മഹാമാരിയുടെ രണ്ടാം ഘട്ടമെത്തിയതോടെ പരാജയമടഞ്ഞ മന്ത്രങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. വിശിഷ്യാ വാക്സിന്‍ ലഭ്യതയുടെയും ഓക്സിജന്‍ ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍. വാക്സിന്റെ കാര്യമെടുത്താല്‍ വെറും രണ്ട് മേഡ് ഇന്‍ ഇന്ത്യ വാക്സിനുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതാണ് ഏറ്റവും വലിയ പാളിച്ചയായി വിശേഷിപ്പിക്കപ്പെടുന്നത്. ഇതിലൊന്ന് പൂനൈ ആസ്ഥാനമായി നിര്‍മ്മാണം നടത്തുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ആസ്ത്രാ-സെനെകാ വിഭാഗത്തിലുള്ള കോവിഷീല്‍ഡ് ആണ്. രണ്ടാമത്തേത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ തദ്ദേശീയ ഉല്പന്നമായ കോവാക്സിനാണ്. വാക്സിന്‍ ഉല്പാദനത്തില്‍ ഈ രണ്ടു സ്ഥാപനങ്ങളെ മാത്രം ചുമതലപ്പെടുത്തിയതാണ് ആദ്യത്തെ പാകപ്പിഴ. ഇതിന് ശക്തിപകരാന്‍ ആദ്യവട്ടം വൈറസ് ആക്രമണം തടഞ്ഞുനിര്‍ത്തിയതിനെ തുടര്‍ന്ന്, വാക്സിന്‍ നിര്‍മ്മാണത്തില്‍ മോഡി സര്‍ക്കാര്‍ ‘ആത്മനിര്‍ഭര്‍ഭാരത്’ കൈവരിച്ചുകഴിഞ്ഞു എന്നും കോവിഡ് എന്ന മാരകരോഗത്തെ നാം പരാജയപ്പെടുത്തിയിരിക്കുന്നു എന്നും പ്രധാനമന്ത്രി മോഡിയും സംഘപരിവാര്‍ പ്രഭൃതികളും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുവെന്നല്ലാതെ മറ്റു നടപടികളെടുത്തിരുന്നില്ല എന്നതാണ് വസ്തുത. ഇതോടെ സമാനമായ മറ്റൊരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരില്ലെന്ന മിഥ്യാധാരണ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ വ്യാപകമാവുകയും ചെയ്തു. മാത്രമല്ല, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിലവില്‍ സാമാന്യം നല്ല നിലവാരം പുലര്‍ത്തിവരുന്ന ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ തന്നെ സമാനമായ മറ്റൊരു പ്രതിസന്ധി നേരിടാനും പര്യാപ്തമാകുമെന്ന ഒരു ധാരണ ഉളവാക്കാനും വഴിവയ്ക്കുകയുണ്ടായി. അതുകൊണ്ടുതന്നെ കൂടുതല്‍ ആന്തരഘടനാ സൗകര്യങ്ങള്‍ ഒരുക്കാനും വാക്സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്താനും യൂണിവേഴ്സല്‍ മാസ്ക് വിനിയോഗം ഉറപ്പാക്കാനും വിവിധ പൊതുമേഖലാ-സ്വകാര്യമേഖലാ പൊതു ആരോഗ്യ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം പ്രയോഗത്തിലാക്കാനും കഴിയാതെപോയി. ആരോഗ്യ സംരക്ഷണ മേഖലയില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം അവയുടെ കാര്യക്ഷമമായ കൈകാര്യ കര്‍തൃത്വത്തിനാവശ്യമായ ഡോക്ടര്‍മാരുടെയും പാരാ-മെഡിക്കല്‍ സ്റ്റാഫിന്റെയും ലഭ്യത ഉറപ്പാക്കുകയും ചെയ്തേ തീരൂ. ഇത്തരം കാര്യങ്ങളില്‍ ഇനിയൊരു വീഴ്ച ഒരിക്കലും സംഭവിക്കരുത്.

(അവസാനിച്ചു)