പ്രൊഫ. കെ അരവിന്ദാക്ഷന്‍

May 07, 2021, 5:26 am

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി: പാകപ്പിഴകള്‍ ആവര്‍ത്തിക്കപ്പെടരുത്

Janayugom Online

ആറു മാസങ്ങള്‍ക്കു മുമ്പ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ലാഗോസ് സമ്മേളനത്തില്‍, കോവിഡ് 19 എന്ന മഹാമാരിയുടെ ഒന്നാംഘട്ട കടന്നാക്രമണത്തെ വിജയകരമായി നേരിടാന്‍ കഴിഞ്ഞതില്‍ ഊറ്റംകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറച്ചതും ആത്മാഭിമാനവും ആത്മവിശ്വാസവും തുളുമ്പുന്നതുമായ ശബ്ദമാണ് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ 2021 ഏപ്രില്‍ 25ന് അദ്ദേഹത്തിന്റെ ‘വഴിപാട്’ റേഡിയോ പരിപാടിയായ മന്‍കീ ബാത്തില്‍ കേട്ടത്, പരാജയമടഞ്ഞ ഒരു ‘പോരാളി‘യുടെ നിസഹായവസ്ഥ പ്രതിഫലിക്കുന്ന പതിഞ്ഞ സ്വരം. കോവിഡിന്റെ രണ്ടാം വരവ് ഇന്ത്യന്‍ മഹാരാജ്യത്തെ ആകെത്തന്നെ പിടിച്ചുലച്ചിരിക്കുന്നു എന്ന് മോഡിക്കു ഏറ്റുപറയേണ്ടിവന്നു. ഡല്‍ഹി ഹൈക്കോടതി, കോവി‍ഡിന്റെ രണ്ടാം വരവിനെ ഒരു ‘സുനാമി’ എന്നുതന്നെയാണ് വിശേഷിപ്പിച്ചത്. കോവിഡിന്റെ രണ്ടാം വരവിന് വഴിയൊരുക്കിയത് ദേശീയ രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേടും മോശപ്പെട്ട ആശയവിനിമയ സംവിധാനങ്ങളും പൊതു ആരോഗ്യസംരക്ഷണ തത്വങ്ങളുടെ അപ്പാടെയുള്ള അവഗണനയുമാണെന്ന് ഇന്ത്യയിലെ മാധ്യമങ്ങളും കോളമിസ്റ്റുകളും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ ഇപ്പോള്‍ പാന്‍ഡെമിക്കിന്റെ ഏറ്റവും ഇരുളടഞ്ഞ ദിനങ്ങളിലാണെന്നും ഇതിനെ തള്ളിക്കളയാന്‍ കഴിയില്ലാ എന്നുമാണ് യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡീന്‍ ഡോ. കെ അഷിഷ് ഒരു ലേഖനത്തില്‍ എഴുതിയത്. പ്രതിദിന രോഗബാധിതര്‍ മൂന്നു ലക്ഷത്തിലേറെയായതോടെ ഇന്ത്യ ആഗോളനിലവാരത്തിലെത്തിയിരിക്കുന്നു.

ഡല്‍ഹിയില്‍ ഇന്ത്യയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നിരിക്കുന്നു. രോഗബാധിതരായവരുടെ മുഴുവന്‍ പരിശോധന ഇനിയും ഏറെ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ എടുത്തേക്കാം. ഏറ്റവും പരിമിതമായ തോതില്‍ കണക്കാക്കിയാല്‍പ്പോലും പ്രതിദിന രോഗബാധിതര്‍ 10 ലക്ഷം കവിയാനാണ് സാധ്യത. കണക്കില്‍ കാണിക്കാത്ത മരണങ്ങളിലെ തിരിമറികള്‍ക്ക് സമാനമാണ് രോഗബാധിതരുടെ എണ്ണത്തില്‍ വെള്ളം ചേര്‍ക്കുന്ന ഏര്‍പ്പാടും. പ്രതിദിന മരണനിരക്ക് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്നത് 2,000 ആണ് എന്നത് അവിശ്വസനീയമാണ്. ഡല്‍ഹിയിലെ ലോധി നഗറിലെ അതിവിശാലമായ ശ്മശാനത്തിലടക്കം‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം നടത്തിയിട്ടും മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഇതാണ് ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം എന്നിരിക്കെ 2021 വര്‍ഷാരംഭത്തില്‍ തന്നെ കോവിഡ് 19നെ വിജയകരമായി പിടിച്ചുകെട്ടിയതിനുള്ള ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയതലത്തില്‍ സ്വയം കല്പിച്ചുനല്‍കിയത് എന്തിനെന്ന സംശയം ഉയരുക തികച്ചും സ്വാഭാവിക പ്രതികരണം മാത്രമാണ്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡ അന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം തുറന്നു പ്രഖ്യാപിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയെ രക്ഷിച്ചു എന്നാണ്. യുഎസ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നേടിയ വിജയത്തിനു സമാനമായിരുന്നു ഇന്ത്യയുടേതെന്നും അദ്ദേഹം ആവര്‍ത്തിച്ച് അവകാശപ്പെട്ടു. ഇത്തരം മോഡി സ്തുതിഗീതങ്ങളും അപക്വമായ ആഘോഷങ്ങളുമാണിപ്പോള്‍ പേടിസ്വപ്നമായി മാറിയിരിക്കുന്നത്.

കോവിഡ് 19 പിടിപെട്ട രോഗികളുടെ എണ്ണം ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയിലും മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം നാടായ ഗുജറാത്തിലും ഇരുവരുടെ ഉറ്റ തോഴനും ആജ്ഞാനുവര്‍ത്തിയുമായ ആദിത്യനാഥിന്റെ യുപിയിലും വാക്സിനുകള്‍ക്കുപരി ജീവവായുവായ ഓക്സിജന്‍ പോലും കിട്ടാതെ മരിക്കുന്നവരുടെ എണ്ണവും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം പെരുകുന്നു. ഓക്സിജനുവേണ്ടി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ച ഒരാള്‍ക്കെതിരെ കേസ്. നിരവധി ആവശ്യക്കാരോട് നിങ്ങള്‍തന്നെ കണ്ടെത്തു എന്ന് മറുപടി. എന്നിട്ടും ഓക്സിജന്‍ ക്ഷാമമില്ലെന്ന് ആദിത്യനാഥ് അവകാശപ്പെടുന്നു.

പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രധാനമന്ത്രി മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വര്‍ഗീയത ചീറ്റുന്ന പ്രസംഗങ്ങള്‍ കേള്‍ക്കാനെത്തിയവര്‍, തൊട്ടടുത്ത നാളുകളില്‍ കോവിഡ് രോഗാണുക്കളുടെ വാഹകരായി മാറുമെന്ന് നേതാക്കള്‍ മനസിലാക്കിയില്ല. യുപിയിലെ ഹരിദ്വാറില്‍ നടന്ന കുംഭമേളയില്‍ ജനക്കൂട്ടം പരമാവധി ഒഴിവാക്കേണ്ടതായിരുന്നു എന്ന് വളരെ വൈകി മാത്രമാണ് വാരണാസിയിലെ എംപിയായ മോഡിയും ആഭ്യന്തരമന്ത്രിയായ അമിത്ഷായും ബിജെപി അധ്യക്ഷന്‍ നഡ്ഡയും മുഖ്യമന്ത്രി ആദിത്യനാഥും തിരിച്ചറിഞ്ഞത്.

കാര്യവിവരമുള്ളവര്‍ പണ്ടു മുതല്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് സാഴ്സ്-കോവ്-2 എന്ന വൈറസ് കൂടുതല്‍ പ്രഹരശേഷിയുള്ളതായിരിക്കും എന്നായിരുന്നു. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇക്കാര്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗ് തന്നെ കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ മുന്‍കരുതലെടുക്കേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. വാക്സിനുകളുടെ ഉല്പാദനത്തില്‍ മാത്രമല്ല, ഉല്പാദകരുടെ എണ്ണത്തിലും ഓക്സിജന്റെ ഉല്പാദനവും വിതരണവും കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയിലും ഊന്നല്‍ നല്‍കിയുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ടും മോഡി സര്‍ക്കാരിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പുതന്നെ സമര്‍പ്പിച്ചിരുന്നതാണ്. ഇതിലൊന്നും ശ്രദ്ധിക്കാന്‍ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണനിര്‍വഹണം നടത്തുന്ന കേന്ദ്ര മോഡി സര്‍ക്കാരിന് മനസോ, സമയമോ ഉണ്ടായിരുന്നില്ല. ഭാഗികമോ, ഹ്രസ്വകാലത്തേക്കുള്ളതോ ആയ ലോക്ഡൗണ്‍ കൊണ്ടൊക്കെ പരിഹരിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള സാമൂഹ്യ – സാമ്പത്തിക നഷ്ട സാധ്യതകളാണ് താളംതെറ്റിയ പ്രതിരോധ തന്ത്രത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. ഇതിനുള്ള പരിഹാരം ഭരണഘടന വിഭാവനം ചെയ്യുന്ന കേന്ദ്ര – സംസ്ഥാന അധികാര വിഭജന വ്യവസ്ഥകള്‍ ഉദ്ധരിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ പഴിചാരുകയല്ല വേണ്ടത്, ലോക രാഷ്ട്രങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും ഉറ്റുനോക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തില്‍ എന്തു നടപടി സ്വീകരിക്കുന്നു എന്നതിലാണ്. ഇതിന് പ്രാഥമികമായി ചെയ്യേണ്ടത് കോവി‍ഡ് 19 എന്ന മഹാമാരിയെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയാണ്. ആ നിലയില്‍ അതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുകയുമാണ്.

മറിച്ചാണ് മോഡി സര്‍ക്കാരിന്റെ ഇതഃപര്യന്തമുള്ള നീക്കങ്ങള്‍ നല്കുന്ന സൂചനകള്‍. സ്വാഭാവികമായും ലോക മാധ്യമങ്ങള്‍ മാത്രമല്ല, ലോക രാഷ്ട്രത്തലവന്മാരും ലോകാരോഗ്യ സംഘടനാ മേധാവിയും നരേന്ദ്രമോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയുമാണ്. കോവിഡ് തരംഗത്തില്‍ ശ്വസംമുട്ടി പിടയുന്ന ഇന്ത്യയെ ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ എന്ന ദിനപത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരുന്നു. പ്രാണവായുവില്ലാതെ കാലിയായ ഓക്സിജന്‍ സിലിണ്ടറുകള്‍ക്കു സമീപം അവശതയാര്‍ന്നു വീണുകിടക്കുന്ന ഒരു ആന അതിനു മുകളിലാണെങ്കില്‍ യാതൊരുവിധ കുലുക്കവുമില്ലാതെ നിര്‍വികാരനായി രാജകീയ പ്രൗഡിയോടെ ഇരിപ്പുറപ്പിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി അര്‍ത്ഥപൂര്‍ണവും ശ്രദ്ധേയവുമായ ഈ കാര്‍ട്ടൂണ്‍. സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് റൊ ആണ് ഇതിന്റെ സ്രഷ്ട്രാവ്.

കോവിഡ് ആദ്യവട്ടം കടന്നാക്രമണം തുടങ്ങിയപ്പോള്‍ കിണ്ണംകൊട്ടാനും വിളക്കുകള്‍ കൊളുത്താനും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇന്ത്യന്‍ ജനത ഇന്ന് ഓര്‍മ്മിക്കുന്നുണ്ടാകും. അതേ കാലഘട്ടത്തില്‍ ആര്‍എസ്എസ് — സംഘപരിവാര്‍ പ്രചാരകര്‍ ദൃശ്യ‑മാധ്യമങ്ങളിലടക്കം നടത്തിയത് കോവിഡ് പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ പരിഹാരം ഗോമൂത്രവും ചാണകവുമാണെന്നായിരുന്നല്ലോ. അപ്പോള്‍ പിന്നെ വാക്സിനുകള്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് അവര്‍ക്ക് വേവലാതി ഇല്ലാത്തതില്‍ അത്ഭുതത്തിനെന്തിരിക്കുന്നു.

(അവസാനിക്കുന്നില്ല)