ആലങ്കോട് ലീലാകൃഷ്ണൻ

December 07, 2020, 4:21 am

ഹൃദയപക്ഷം വിജയിക്കട്ടെ

Janayugom Online

ആലങ്കോട് ലീലാകൃഷ്ണൻ

നാധിപത്യപ്രക്രിയയുടെ അടിത്തട്ടില്‍ നടക്കേണ്ട പരമപ്രധാനമായ ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ് കേരളം. ജീവന്റെ വിലയുള്ള ജാഗ്രതയിലൂടെയാണ് കോവിഡ് 19നെ നാം പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. അതേ ജാഗ്രത തന്നെ ജനാധിപത്യത്തിന്റെ അടിക്കല്ലായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലും ആവശ്യമാണെന്നുള്ള പൗരബോധം ഈ വിധിനിര്‍ണായകമായ ജനാധിപത്യ പരിപാലനത്തിലും നമുക്കു കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

യഥാര്‍ത്ഥ ജനാധിപത്യ സംവിധാനം ഒരു പിരമിഡുപോലെയാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. അടിത്തറയുടെ ബലം, വിസ്തൃതമായി കെട്ടിയൊരുക്കിയതിനുശേഷം മുകളിലേക്കു കൂര്‍പ്പിച്ചുയര്‍ത്തപ്പെടുന്നതായിരിക്കണം അതിന്റെ ഘടന. മുകളിലെ അധികാരബലം ദുര്‍ബലവും താഴെത്തട്ടിലെ അധികാരവികേന്ദ്രീകരണം ബലവത്തുമായിരിക്കണം. ജനാധിപത്യത്തിന്റെ ആ മാതൃകാ ക്രമീകരണത്തിന്റെ അടിക്കല്ലാണ് ത്രിതല പഞ്ചായത്തു സംവിധാനം.

പഴയ ഇന്ത്യയില്‍ പ്രാകൃതമായ ഗ്രാമപഞ്ചായത്തു സംവിധാനങ്ങള്‍ നിലനിന്നിരുന്നു. അവ വളരെ ദുര്‍ബലവും ഉപരിവര്‍ഗത്തിന്റെ ചൂഷണാധികാരങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടവയുമായിരുന്നു. ‘ഗ്രാമസ്വരാജി‘നെക്കുറിച്ച് ആധുനികമായ ജനാധിപത്യ വീക്ഷണങ്ങള്‍ മഹാത്മാഗാന്ധിയാണ് പ്രായോഗികമായി പരീക്ഷിച്ചുതുടങ്ങിയത്. ഇന്ത്യയുടെ ആത്മാവു ഗ്രാമങ്ങളിലാണ് എന്നു വിശ്വസിച്ച മഹാത്മജി ബിഹാറില്‍ താന്‍ നടത്തിയ പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ അനുഭവം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.

“ഗ്രാമങ്ങളില്‍ വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടാവാതെ സ്ഥിരസ്വഭാവമുള്ള യാതൊരു പ്രവര്‍ത്തനവും സാദ്ധ്യമല്ലെന്ന് എനിക്കു ബോധ്യമായി. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം ഏര്‍പ്പാടു ചെയ്യുകകൊണ്ടുമാത്രം പ്രവര്‍ത്തനം നിര്‍ത്താന്‍ ഞാനിഷ്ടപ്പെട്ടില്ല. ഗ്രാമങ്ങള്‍ ശുചിത്വമില്ലാത്തവയായിരുന്നു. ഇടവഴികള്‍ അഴുക്കുകൊണ്ടു നിറഞ്ഞിരുന്നു. കിണറുകള്‍ക്കു ചുറ്റും ചെളിയും നാറ്റവുമുണ്ടായിരുന്നു. വീട്ടുമുറ്റങ്ങളാണെങ്കില്‍ അസഹ്യമാംവിധം വൃത്തികെട്ടതും. മുതിര്‍ന്നവര്‍ക്ക് ശുചിത്വത്തെക്കുറിച്ച് വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമായിരുന്നു. അവര്‍ക്കെല്ലാം നാനാതരം ത്വക് രോഗങ്ങളുണ്ടായിരുന്നു.

ആ സാഹചര്യങ്ങളില്‍ മഹാത്മജി നേരിട്ടു നടത്തിയ ഈ ഗ്രാമസ്വരാജ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ആ കാഴ്ചപ്പാടാണ് പിന്നീട് ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളായി ഭാവനപൂണ്ടത്. എന്നിട്ടും സ്വാതന്ത്ര്യലബ്ധിക്കുശേഷം നാലര പതിറ്റാണ്ടു കഴിഞ്ഞാണ് നമ്മള്‍ ത്രിതലപഞ്ചായത്ത് നിയമഭേദഗതി കൊണ്ടുവന്ന് ഇന്നുകാണുന്ന വിധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെുപ്പ് സാര്‍വത്രികമാക്കിയത്. മഹാത്മജിയുടെ ‘ഗ്രാമസ്വരാജ്’ സങ്കല്പവും ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘പഞ്ചായത്തീരാജ്’ സങ്കല്പവും എം എന്‍ റോയിയുടെ ‘ജനകീയാസൂത്രണ’ സങ്കല്പവുമൊക്കെ ഉള്‍ച്ചേര്‍ന്ന ഒരു വികാസമായിത്തീര്‍ന്നു ഇന്നു കാണുന്ന പഞ്ചായത്ത്‌രാജ്-നഗരപാലികാ സംവിധാനങ്ങള്‍ നമ്മുടെ ഗ്രാമ‑നഗരസംസ്കൃതികള്‍ അതുവഴി ബലപ്പെട്ടു. എന്നാല്‍ പഞ്ചായത്ത്‌രാജ്-നഗരപാലികാ നിയമഭേദഗതികള്‍ ഇന്ത്യയില്‍ സാര്‍വത്രികമാകുന്നതിനുമെത്രയോ മുമ്പുതന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ മന്ത്രിസഭകള്‍ അടിത്തട്ടിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ ചരിത്രപ്രധാനമായ ധാരാളം നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവന്നിരുന്നു. സി അച്യുതമേനോന്റെ മന്ത്രിസഭ നടപ്പാക്കിയ സമ്പൂര്‍ണ ഭൂപരിഷ്കരണ നിയമമാണ് അതിലെ ഏറ്റവും വിപ്ലവകരമായ നടപടി.

ഇഎംഎസിന്റെയും സി അച്യുതമേനോന്റെയും പികെവിയുടെയും ഇ കെ നായനാരുടെയുമൊക്കെ മന്ത്രിസഭകള്‍ വിപുലപ്പെടുത്തിയെടുത്ത ഗ്രാമ‑നഗര വികസനത്തിന്റെ ശാസ്ത്രീയവും ദീര്‍ഘവീക്ഷണമുള്ളതുമായ പദ്ധതികളാണ് മാറിമാറി വന്ന നമ്മുടെ ഗവണ്മെന്റുകള്‍ക്കെല്ലാം ജനാധിപത്യ വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായത്. ജനകീയാസൂത്രണ പദ്ധതി അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. അശോക് മേത്താ കമ്മിറ്റിയില്‍ അംഗമായിരുന്ന ഇഎംഎസിന്റെ ഇടപെടലുകള്‍ കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ബലമുള്ള അടിത്തറ പാകി ഗ്രാമസഭകള്‍ കേന്ദ്രീകരിച്ചുള്ള ജനകീയാസൂത്രണമാണ് ഇപ്പോഴത്തെ ത്രിതല പഞ്ചായത്തു സംവിധാനത്തിന്റെ പ്രധാന ശക്തി.

ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ. പുരോഗമന, മതേതര, മാനവിക വീക്ഷണമുള്ള ധാരാളം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ഇടതുപക്ഷത്തണിനിരന്നിരിക്കുന്നു. അടിത്തട്ടുതൊട്ട്, ജനാധിപത്യാടിത്തറയുള്ള വമ്പിച്ചൊരു സ്ത്രീസമൂഹം മത്സരരംഗത്തുണ്ട്. ജാതിയോ, മതമോ ആവരുത് ഒരു കാരണവശാലും ഇവിടെ സമ്മതിദാനത്തിന്റെ മാനദണ്ഡം. ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നവര്‍ ഒരുകാലത്തും നമ്മുടെ ജനാധിപത്യ വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയില്ല. അന്ധവിശ്വാസവും ഭക്തിയും പ്രചാരണ തന്ത്രങ്ങളാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന വര്‍ഗീയ, ഫാസിസ്റ്റ്, മതതീവ്രവാദശക്തികളെ ഒറ്റപ്പെടുത്തുക എന്നതുതന്നെയാണ് ജനാധിപത്യ വിജയത്തിലേക്കുള്ള വഴി.

കാര്‍ഷിക വിഭവ സമ്പത്തടക്കമുള്ള രാജ്യത്തിന്റെ സമസ്ത നേട്ടങ്ങളും അംബാനിമാര്‍ക്കും അഡാനിമാര്‍ക്കും ബഹുരാഷ്ട്രക്കുത്തകകള്‍ക്കും തീറെഴുതി നല്‍കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ദശലക്ഷക്കണക്കായ ഗ്രാമീണകര്‍ഷകരുടെ സംഘശക്തി ഇപ്പോള്‍ രാജ്യതലസ്ഥാനം വളഞ്ഞുവച്ചിരിക്കുകയാണ്. ചരിത്രസമരമുന്നേറ്റങ്ങളുടെ ഈ കുതിപ്പിന്റെ കാലത്താണ് കേരളം നമ്മുടെ ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ ശക്തിപരീക്ഷിക്കുന്നത് എന്ന് മറക്കരുത്.

ഇപ്പോള്‍ കേരളസംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതിരുന്നിട്ടില്ല. രണ്ട് മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയുംകൊണ്ട് വലഞ്ഞുപോയ ഘട്ടത്തിലെല്ലാം ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ട് ഈ സര്‍ക്കാരുണ്ടായിരുന്നു. ഇന്ത്യയില്‍ പൂര്‍ണമായും സൗജന്യമായി കോവിഡ് ചികിത്സ നല്‍കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. കോവിഡ്കാലത്ത് തൊഴിലിനു പോവാനാവാതെ ജനങ്ങള്‍ അടച്ചിരിപ്പിലായപ്പോഴും ഒരാളും പട്ടിണികിടന്നില്ല. നമ്മുടെ പൊതുജനാരോഗ്യ സംവിധാനവും പൊതുവിദ്യാഭ്യാസ സംവിധാനവും പൊതുവിതരണ ശൃംഖലയും ലോകത്തിനു മുഴുവന്‍ മാതൃകയായാണ് പ്രവര്‍ത്തിച്ചത്. അടിത്തട്ടില്‍ ഈ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയെല്ലാം വികേന്ദ്രീകൃതാസൂത്രണ വഴിയില്‍ ഏകോപിപ്പിക്കുന്നതില്‍ നമ്മുടെ ബലവത്തായ ത്രിതല പഞ്ചായത്ത് ഭരണസംവിധാനം വലിയ പങ്ക് വഹിച്ചു എന്നും മറന്നുകൂടാത്തതാണ്.

അതുകൊണ്ടുതന്നെ ഈ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മതേതര- പുരോഗമന‑മാനവിക പക്ഷം വിജയിക്കണം. വര്‍ഗീയ, ജാതീയ, മതതീവ്രവാദ, പിന്തിരിപ്പന്‍ ശക്തികള്‍ പരാജയപ്പെടണം. ഫാസിസത്തെ ജനാധിപത്യ വിപുലീകരണംകൊണ്ടാണ് നേരിടേണ്ടത് ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിച്ചു പരിഹാരമുണ്ടാക്കുന്നതില്‍ എന്നും മനുഷ്യ ഹൃദയപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യത്തില്‍ നമുക്ക് വലിയ പ്രതീക്ഷയും അതിജീവനപ്രത്യാശയും നല്‍കുന്നത്. ജാതി, മത, വര്‍ണ്ണ, ലിംഗ നിരപേക്ഷമായ ജനാധിപത്യ വിജയം വിളംബരം ചെയ്തുകൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ഒരു വലിയ മനുഷ്യപക്ഷ നിര നിങ്ങളുടെ സമ്മതിദാനത്തിന്റെ അംഗീകാരം അഭ്യര്‍ത്ഥിച്ചുകൊണ്ട് പടയണിയായി നില്ക്കുന്നു. സമ്മതിദായകരോട് ഇത്രമാത്രം.

നാളെ മുതല്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ നിങ്ങളുടെ ഹൃദയപക്ഷവിവേകം വമ്പിച്ച ഇടതുപക്ഷ വിജയമാക്കിത്തീര്‍ക്കുവാനിട വരുത്തട്ടെ.