24 April 2024, Wednesday

Related news

January 29, 2023
January 8, 2023
January 3, 2023
January 2, 2023
December 29, 2022
December 6, 2022
August 16, 2022
March 1, 2022
February 27, 2022
February 25, 2022

മറഞ്ഞുപോയത് മലയാളസിനിമയിലെ ഭാവപ്രപഞ്ചം.…

കെ കെ ജയേഷ്
കോഴിക്കോട്
February 23, 2022 7:44 pm

സാരി അൽപ്പം വലിച്ചിട്ട് ശൃംഗാര ഭാവത്തോടെ ഒരു ചിരി. ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങാൻ പറയുന്ന നാരായണനോട് ‘ഇന്നത്തെ രാത്രി ഉറങ്ങാൻ കഴിയോ ചേട്ടാ… ’ എന്ന് പുഞ്ചിരിയോടെ ചോദിക്കുന്ന ഓമന. നാരായണൻ എന്റെ ഓമനേ എന്നു വിളിക്കുമ്പോൾ ‘എന്തോ. . ’ എന്ന് വിളികേട്ട് ‘എനിക്ക് ചേട്ടന്റെ മാറിൽ തല ചായ്ച്ചുറങ്ങണം’ എന്നു പറഞ്ഞ് നാരായണനെ ചേർത്തു നിർത്താൻ ശ്രമിക്കുമ്പോൾ ഓമനയുടെ മുഖത്ത് ശൃംഗാരത്തിനൊപ്പം പ്രണയത്തിന്റെ തീവ്രതയും കത്തുന്ന വേനലിൽ ആശ്വസ തണൽ കണ്ടെത്തിയതിന്റെ സമാധാനവുമുണ്ട്. ജോലിക്ക് നൽക്കുന്ന വീട്ടിലെ മുതലാളി പ്രേമം നടിച്ച് വഞ്ചിച്ച് ഒഴിവാക്കിയതാണ് ഓമനയെ. പണത്തിന് വേണ്ടി മാത്രം ഓമനയുടെ ഭർത്തൃവേഷം കെട്ടിയതാണ് നത്ത് നാരായണൻ. വെറുമൊരു കോമഡി കഥാപാത്രം മാത്രമായി ആദ്യഘട്ടത്തിൽ കനൽക്കാറ്റ് എന്ന സിനിമയിൽ കടന്നുവരുന്ന ഓമന തനിക്കൊരിക്കലും നാരായണന്റെ സ്നേഹം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ് യാത്ര പറഞ്ഞുപോകുമ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ഒരു നോവായി ഓമന മാറുകയാണ്. 

ഓമനയെപ്പോലെ കെ പി എ സി ലളിത അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഏറെയുണ്ട് മലയാള സിനിമയിൽ. ഈ കഥാപാത്രങ്ങൾക്ക് പകരക്കാരാവാൻ മറ്റൊരു അഭിനേതാവ് ഇല്ലെന്നിടത്താണ് ലളിത പകരം വെക്കാനില്ലാത്ത നടിയായി മാറുന്നത്. നിരവധി സിനിമകളിൽ അമ്മ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് കെ പി എ സി ലളിത. കഥാപാത്രങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ഒരിക്കലും കെ പി എ സി ലളിതയിലെ അഭിനേത്രി ആവർത്തിക്കപ്പെട്ടില്ല. അമ്മ വേഷങ്ങൾ നന്മയുടെ പരിമിതികളിൽ തളിച്ചിടപ്പെട്ട വാർപ്പു മാതൃകകളാകുമ്പോൾ കെ പി എ സി ലളിതയുടെ അമ്മ വേഷങ്ങൾ സ്നേഹിച്ചും ലാളിച്ചും ചീത്ത വിളിച്ചും തെറി പറഞ്ഞും പരദൂഷണം പറഞ്ഞും ഒരു കാലത്തിന്റെ ശീലമായിരുന്ന പതിവ് അമ്മ സങ്കൽപ്പങ്ങളെ തച്ചുടച്ചു. ഭർത്താവിനെയോ മക്കളേയോ ഒന്നാട്ടാൻ പോലും കഴിയാതെ നിസ്സഹായരായ അമ്മ വേഷങ്ങൾക്കിടയിൽ സ്നേഹവതിയും എന്നാൽ കർക്കശക്കാരിയുമായ അമ്മയാവാൻ കെ പി എ സി ലളിത മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ഫടികത്തിലെ ചാക്കോ മാഷ്ക്കും മകൻ ആടുതോമയ്ക്കും ഇടയിൽ സാന്ത്വനമായി നിലകൊള്ളുന്ന പൊന്നമ്മ ചാക്കോ മാഷോടു വരെ കയർക്കാൻ മടിക്കുന്നില്ല. ഒന്നര ചക്രത്തിന്റെ ഗുണ്ട ആടു തോമ. . അതല്ലാതെ എന്താടാ നിന്റെ ഡിഗ്രിയെന്ന് പറഞ്ഞ് മകന് ഓട്ടക്കാലണ വിലയായി ചാക്കോ പ്രഖ്യാപിക്കുമ്പോൾ കരഞ്ഞുകൊണ്ടാണ് പൊന്നമ്മയുടെ നിൽക്കുന്നത്. എന്നാൽ സഹോദരിയുടെ വിവാഹത്തിന് വരേണ്ടെന്ന് മകനോട് ചാക്കോ പറയുമ്പോൾ നിങ്ങളുടെ മകളുടെ കല്യാണത്തിന് അവൻ വരില്ല. . അവൻ തെണ്ടിയല്ല. . എന്തിനാടാ നോക്കി നിൽക്കുന്നത് ഇറങ്ങിപ്പോടാ. . എന്ന് പൊന്നമ്മ ശക്തമായി പറയുമ്പോൾ അടിയേൽക്കുന്നത് ചാക്കോ മാഷ്ക്കാണ്. ഇത്രയ്ക്ക് ശക്തമായ അമ്മ വേഷങ്ങളെ വെള്ളിത്തിരയിൽ ആവിഷ്ക്കരിക്കാൻ മറ്റൊരു നടിയില്ലെന്നിടത്താണ് ലളിതയുടെ മഹത്വം വ്യക്തമാകുന്നത്. 

കോമഡി രംഗങ്ങൾ അസാധാരണമായി അവതരിപ്പിക്കാനുള്ള കഴിവാണ് കെ പി എ സി ലളിതയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. എന്നാൽ കോമഡിക്കൊപ്പം കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങിച്ചെന്ന് അസാധാരണമായ രീതിയിൽ ജീവിതങ്ങൾ ആവിഷ്ക്കരിക്കുന്ന അഭിനയ ശൈലി തന്നെയായിരുന്നു അവരുടെ കരുത്ത്. ഓരോ കഥാപാത്രത്തിന്റെയും ജീവിത പരിസരവും ജീവിതത്തിന്റെ വേരുകളും തിരിച്ചറിഞ്ഞുകൊണ്ട് അവരിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നു അവർ. കഥാപാത്രത്തിന് ജീവനേകാൻ ശരീര സാന്നിധ്യം പോലും വേണ്ടെന്ന് മതിലുകളിലെ നാരായണി തെളിയിച്ചു. ശബ്ദം കൊണ്ടും ശബ്ദത്തിൽ നിറഞ്ഞ പ്രണയഭാവങ്ങൾ കൊണ്ടും നിസ്സഹായതയുടെ തീവ്രത കൊണ്ടും ഒരിക്കൽ പോലും പ്രേക്ഷകർക്ക് മുമ്പിലെത്താതെ നാരായണി അവരുടെ പ്രിയങ്കരിയായി. ‘ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ? ’ എന്ന നാരായണിയുടെ ചോദ്യത്തിന് ‘പ്രിയപ്പെട്ട നാരായണീ. മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല. ആര് എപ്പോൾ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ’- എന്ന് ബഷീർ പറയുമ്പോൾ പ്രേക്ഷകർ ബഷീറായ മമ്മൂട്ടിയെ മാത്രമാണ് കാണുന്നത്. എന്നാൽ ശബ്ദസാന്നിധ്യമായി കെപിഎസി ലളിത കഥാസന്ദർഭത്തിൽ പ്രേക്ഷകരെ തന്നോടു ചേർത്തു. മതിലിനപ്പുറവും ഇപ്പുറവുമായി ബഷീറുമായി സൗഹൃദത്തിനപ്പുറം വല്ലാത്തൊരു ആത്മബന്ധം സ്ഥാപിക്കുന്ന നാരായണി ഒരിക്കൽ പോലും അവർക്ക് മുമ്പിലെത്തിയില്ലെങ്കിലും വിസ്മയിപ്പിക്കുന്ന ശബ്ദ സാന്നിധ്യമായി സിനിമയെ മുന്നോട്ട് നയിക്കുകയായിരുന്നു. പ്രണയാതുരമായ ആ ശബ്ദത്തിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായും നാരായണി മാറി. കഥാന്ത്യത്തിൽ ഇനിയൊരിക്കലും ബഷീറിന് കേൾക്കാൻ കഴിയാതെ പോകുന്ന ആ ശബ്ദത്തെ ഓർത്ത് പ്രേക്ഷകരുടെയും കണ്ണു നിറഞ്ഞു. 

ഒരേ സാമുദായിക- സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളാകുമ്പോഴും കെ പി എ സി ലളിത അവതരിപ്പിക്കുമ്പോൾ അവയ്ക്ക് വ്യത്യസ്തമായ അസ്തിത്വം കൈവന്നു. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ മേരിപ്പെണ്ണും മനസ്സിനക്കരയിലെ കുഞ്ഞുമറിയയും കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും ഒരേ പശ്ചാത്തലത്തിലാകുമ്പോഴും വേറിട്ടു നിന്നു. മേരിപ്പെണ്ണ് കണ്ണീരും കരച്ചിലും വേദനകളുമെല്ലാം പങ്കുവെക്കുമ്പോൾ ഏലിയാമ്മ പതർച്ചകൾക്കിടയിലും ശത്രുവിനോട് ഏറ്റുമുട്ടാനുള്ള വീര്യം നെഞ്ചിൽ നിറയ്ക്കുന്നുണ്ട്. മനസ്സിനക്കരയിലെ പ്രധാനകഥാപാത്രമായ ഷീലയുടെ കൊച്ചുത്രേസ്യയിൽ കൃത്രിമത്വം ഇടയ്ക്കെങ്കിലും കയറിവരുമ്പോഴും കൂട്ടുകാരിയായ കുഞ്ഞുമറിയയുടെ പ്രകടനങ്ങൾ വിശ്വസനീയമാണ്. ഇളയമകൻ തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോവുകയാണ് എന്ന് കൊച്ചുത്രേസ്യയോട് പറയാനെത്തുന്ന കുഞ്ഞുമറിയ അമേരിക്കയിൽ തന്റെ നാടുണ്ടാവില്ലല്ലോ എന്ന വേദനയിലാണ്. ‘കിണാശ്ശേരി, ചാത്തോത്തുമുക്ക്, പടിയക്കണ്ടി തുടങ്ങി നാട്ടിലെ സ്ഥലങ്ങളുടെ പേരുകൾ കേക്കുമ്പോൾ തന്നെ എന്നാ സുഖമാ’ എന്ന് പുഞ്ചിരിച്ചും എന്നാൽ അതീവ വേദനയോടെയും അവർ പറയുമ്പോൾ ആ യാത്രയ്ക്കുള്ള ഒരുക്കം പ്രേക്ഷകരുടെയും വേദനയായി മാറുന്നുണ്ട്. പെരുവഴിയമ്പലത്തിലും സദയത്തിലും ലൈംഗികത്തൊഴിലാളിയുടെ വേഷത്തിൽ എത്തുമ്പോഴും ഇരു കഥാപാത്രങ്ങളും ഏറെ വേറിട്ടതായി. ഒരാൾ ശപിക്കപ്പെട്ട ജീവിതത്തോട് പെരുത്തപ്പെടുമ്പോൾ മറ്റൊരാൾ ജീവിതാവസ്ഥയുടെ കച്ചവട താത്പര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. സന്തോഷത്തിന്റെ നേരിയ സൂചന പോലും ഉണ്ടായിരുന്നില്ല ശാന്തത്തിലെ നാരായണിയിൽ. അവരുടെ മുഖത്ത് പുഞ്ചിരിയില്ല. മകനെപ്പോലെ കരുതിയ ആളാൽ വധിക്കപ്പെട്ട സ്വന്തം മകനെയോർത്ത് ഉരുകുകയാണ് നാരായണി. കൊലപാതക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ നാരായണിയുടെ വേദനകൾ പെയ്യാൻ വിതുമ്പി നിൽക്കുന്ന കറുത്ത മേഘങ്ങൾ പോലെ പ്രേക്ഷകരിൽ നിറഞ്ഞു നിന്നു. ശാന്തമായ സിനിമയിൽ അശാന്തമായ ജീവിതം ആടിത്തീർക്കുകയായിരുന്നു നാരായണിയിലൂടെ കെ പി എ സി ലളിത. 


അഭിനയ ജീവിതത്തിലെ മറ്റൊരു അവിസ്മരണീയമായ കഥാപാത്രമായിരുന്നു അമരത്തിലെ ഭാർഗവി. ഭർത്താവ് കൊച്ചുരാമനും സുഹൃത്ത് അച്ചൂട്ടിക്കും ഇടയിൽ തണലായി നിന്ന ഭാർഗവി പിന്നീടൊരിക്കൽ പൊട്ടിത്തെറിച്ചുകൊണ്ട് അച്ചൂട്ടിക്ക് നേരെ ചീറിയടുക്കുന്നുണ്ട്. മിണ്ടരുതെന്ന മന്ത്രവാദിയുടെ നിർദ്ദേശം പാലിച്ച് മണിച്ചിത്രത്താഴിലെ ഭാസുര ഭർത്താവിന് മുന്നിൽ കാഴ്ച വെക്കുന്ന ഭാവാഭിനയം മറ്റാർക്കും അത്ര ഹൃദ്യമായി അഭിനയിച്ചു ഫലിപ്പിക്കാനാവുമെന്നും തോന്നുന്നില്ല. മുഴുനീള കഥാപാത്രങ്ങൾ മാത്രമല്ല ഒരു രംഗത്ത് വന്നുപോകുന്ന കഥാപാത്രങ്ങളെപ്പോലും കെ പി എ സി ലളിത അനശ്വരമാക്കി. ആദ്യ ബന്ധത്തിലെ മകനും ഭർത്താവിനും ഇടയിൽ വീർപ്പു മുട്ടുന്ന കന്മദത്തിലെ യശോദ ഒറ്റ രംഗം കൊണ്ടാണ് പ്രേക്ഷകരെ കീഴടക്കുന്നത്. തന്നെ തല്ലിയതിന് യശോദയുടെ രണ്ടാം ഭർത്താവിനെ കഴുത്തിന് വെട്ടി നാടു വിട്ടതാണ് മകൻ. ഒരു ഭാഗം സ്വാധീനമില്ലാതെ ഭർത്താവ് കിടപ്പിലാണ്. വർഷങ്ങൾക്ക് ശേഷം തന്നെ കാണാനെത്തുന്ന മകനെ തിരിച്ചറിയുമ്പോൾ ആ മുഖത്ത് മാറി മറയുന്ന വികാര പ്രപഞ്ചം… മകനെ ചേർത്തു നിർത്തുന്ന അമ്മയുടെ വിതുമ്പൽ. . എന്നാൽ അകത്തു നിന്നും ആരാണ് വന്നതെന്ന ഭർത്താവിന്റെ ചോദ്യം കേൾക്കുമ്പോൾ അവരുടെ ഭാവങ്ങൾ അതിവേഗം മാറുകയാണ്. ‘ആരാണെന്ന് മനസ്സിലായോ… ചത്തിട്ടില്ല… അതറിഞ്ഞിട്ട് കൊല്ലാനാണോ വന്നത്. . എന്നെ അമ്മേ എന്നു വിളിക്കണ്ട. . എനിക്കിങ്ങനെ ഒരു മകനില്ല’ എന്ന് പറയുന്ന യശോദ ആരോ വഴിതെറ്റി വന്നതാണെന്ന് ഭർത്താവിനോട് പറഞ്ഞിട്ട് കണ്ണു തുടയ്ക്കുന്ന ഒരൊറ്റ രംഗത്തിലൂടെ അഭിനയത്തിന്റെ അസാധാരണമായ ഭാവതലങ്ങളാണ് കന്മദത്തിൽ പൂത്തുവിരിഞ്ഞത്. വിങ്ങി നിൽക്കുന്ന അനിയത്തിപ്രാവിന്റെ ക്ലൈമാക്സിനെ പ്രേക്ഷകരുടെ കയ്യടികളിലേക്ക് നയിക്കുന്നത് കെപിഎസി ലളിതയുടെ മറുപടിയാണ്. പാളിപ്പോയേക്കാവുന്ന രംഗത്തെ അവരുടെ ഡയലോഗ് ഡെലിവറിയും ശബ്ദ നിയന്ത്രണവുമാണ് അതിഗംഭീരമായ പര്യവസാനത്തിലേക്ക് കൊണ്ടുപോകുന്നത്.
തേന്മാവിൻ കൊമ്പത്തിലെ കാർത്തു, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പുരുഷ വിരോധിയായ സൂപ്രണ്ട്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, പൊന്മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത… കെ പി എ സി ലളിത അനശ്വരമാക്കി കഥാപാത്രങ്ങളുടെ നിര നീളുകയാണ്. മാടമ്പിയിലെ ഗോപാലകൃഷ്ണ പിള്ളയെ തിരിച്ചറിയുന്ന അമ്മ… പശ്ചാത്തലത്തിൽ അമ്മ മഴക്കാറിന് കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു എന്ന പാട്ട്. . മഴയുടെ പശ്ചാത്തലത്തിൽ അമ്മയുടെയും മകന്റെയും കണ്ണീരും തിരിച്ചറിവുകയും ഒഴുകിപ്പടരുകയാണ്. . കെ പി എ സി ലളിത യാത്രയായി. . ചിരിപ്പിച്ചും കരയിപ്പിച്ചും വിസ്മയിപ്പിച്ചും അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇനിയും നമുക്ക് മുന്നിലുണ്ടാവും… 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.