പുളിക്കല്‍ സനില്‍രാഘവന്‍

May 03, 2021, 1:29 pm

ചരിത്രം വഴിമാറി; എല്‍ഡിഎഫിനെ നെഞ്ചോട് ചേര്‍ത്ത് കേരള ജനത

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പില്‍ സെഞ്ച്വറി’ അടിക്കുമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, മുപ്പത്തി അഞ്ച് സീറ്റ് നേടി മുഖ്യമന്ത്രിയാകുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ അഭിപ്രായങ്ങളെയും കേരള ജനത തള്ളി കളഞ്ഞു. സെഞ്ച്വറി പോയിട്ട് കളത്തില്‍ ഇറങ്ങി നേരെ ചൊവ്വേ കളിക്കാന്‍ പോലും കഴിഞ്ഞില്ല. മറ്റേ അദ്ദേഹത്തിന് ഉള്ളതമാര പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. നേമം ഗുജറാത്തല്ലെന്നു നേമത്തെ പ്രബുധരായ വോട്ടര്‍മാരുംതെളിയിച്ചിരിക്കുന്നു.

ജനങ്ങളുടെ കരുതലിന് നല്‍കിയ അംഗീകാരമാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണമികവിനും വികസന മുദ്രകൾക്കും കേരളീയ ജനത കൈയൊപ്പുചാർത്തി. ശരിയായ രാഷട്രീയം ഇടതുപക്ഷത്തിന്‍റേതാണെന്നു തെളിഞ്ഞിരിക്കുന്നു. രാഷ്‌ട്രീയ കേരളം ഇടതുപക്ഷത്ത്‌ ഉറച്ച്‌ മുന്നേറ്റം കുറിച്ചപ്പോൾ അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന കേരളത്തിന്റെ ചരിത്രംകൂടി വഴിമാറി.

ഇത്‌ യുഡിഎഫിനും ബിജെപിക്കും ഏൽപ്പിച്ച രാഷ്‌ട്രീയ ആഘാതം കേരളത്തിൽമാത്രം ഒതുങ്ങിനിൽക്കില്ല. കനത്ത തോൽവി യുഡിഎഫിന്റെ ശൈഥില്യത്തിലേക്കും വഴിയൊരുക്കും. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല വരും നാളുകളില്‍ അലോരസപ്പെടുത്തുന്നത്. അപ്രതീക്ഷിതമെന്ന്‌ പറഞ്ഞ്‌ നിസ്സാരവൽക്കരിക്കാൻ കെപിസിസി നേതൃത്വം തുനിഞ്ഞപ്പോൾ വലിയതോൽവി ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ്‌ ഹൈക്കമാൻഡിനെ ധരിപ്പിച്ചത്‌. രാഹുൽഗാന്ധി നേരിട്ട്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ നേതൃത്വം നൽകിയിട്ടും ഹൈക്കമാൻഡും രാഹുലും ഇടപെട്ട്‌ നിശ്ചയിച്ച സ്ഥാനാർഥികൾക്ക്‌ പോലും വിജയിക്കാനായില്ല. അതിൽ ചാരി തലയൂരാനാകും കെപിസിസിയുടെ ശ്രമം. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മറ്റും മെനയുക. ഇത്‌ കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിക്ക്‌ വഴിയൊരുക്കും.

കേരളത്തിലെ ഗ്രൂപ്പ് രാഷട്രീയം വരും നാളുകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്, പ്രധാനമന്ത്രി മുതലുള്ള കേന്ദ്രമന്ത്രിമാരും ബിജെപിയുടെ ദേശീയ നേതാക്കളും രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളും കൂട്ടമായി പറന്നിറങ്ങിയിട്ടും എൽഡിഎഫിന്‌ ഒരു പോറലും ഏൽപ്പിക്കാനായില്ല. കോവിഡ്‌ ഭീഷണിപോലും മുഖവിലയ്‌ക്ക്‌ എടുക്കാതെ രണ്ട്‌ തവണയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിൽ പ്രചാരണത്തിനെത്തിയത്‌. ശബരിമല മുഖ്യവിഷയമാക്കി നേട്ടംകൊയ്യാനായിരുന്നു ശ്രമിച്ചത്‌. കേന്ദ്രമന്ത്രിമാർ തുരുതുരെ വന്നുപോയി. അതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.

പകരംവയ്‌ക്കാനില്ലാത്ത രാഷ്‌ട്രീയശക്തിയായി എൽഡിഎഫ്‌ മാറി എന്നതാണ്‌ വിധിയെഴുത്ത്‌. ജനങ്ങളുടെ വിശ്വാസവും ആത്മാർഥമായ നിലപാടുകളുമാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കിട്ടുമോയെന്ന ചോദ്യത്തിന്‌ ‘അതുക്കുംമേലേ’ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അക്ഷരംപ്രതി അന്വർഥമായി. വികസനത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്നതിനൊപ്പം ദേശീയതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാൻ കെൽപ്പുള്ള രാഷ്‌ട്രീയ ശക്തിയായി എൽഡിഎഫിനെ ജനം കണ്ടു. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ജനങ്ങൾ അതിന്‌ നൂറിൽ നൂറ്‌ മാർക്ക്‌ നൽകി.

കേരളത്തിലെ വിജയം ദേശീയ രാഷ്‌ട്രീയത്തിലും വലിയ ചലനങ്ങളുണ്ടാക്കും. ബിജെപി വിരുദ്ധ നീക്കങ്ങളിൽ മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്‌ ഇത്‌ കരുത്തുപകരും. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതെ ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്നു ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. ഇ എം എസിന്‍റെ നേതൃത്വത്തില്‍ അധികാരത്തില്‍ 1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയും അതിന്‍റെതുടര്‍ച്ചയായായി വന്ന ഇടതുപക്ഷ സർക്കാരുകളും, സമൂഹത്തിലെ പാവപ്പെട്ടവനും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ശക്തിപകരുന്നതാണ് ഈ ജനവിധി.

പ്രതിലോമ ശക്തികളുടെ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള ശക്തമായ അടിത്തറ കേരളത്തിനുണ്ടെന്ന് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലംകൂടിയാണ് ഇത്. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരായ ജനകീയപോരാട്ടങ്ങൾക്ക് വിജയം കരുത്തുപകരും. ഇന്ത്യയിലാകെയുള്ള പൊരുതുന്ന ജനതയ്ക്ക് ഇത്‌ കൂടുതൽ ആത്മവിശ്വാസം നൽകും.

കേരളത്തിന്‍റെ പുരോഗമന മനസ് ശരിയാണെന്നു ഒരിക്കല്‍കൂടി തെളിവായിരിക്കുന്നുയുഡിഎഫ് പിന്തുണയോടെ 2016ൽ ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് നേതൃത്വത്തിൽ കേരളം ‘ക്ലോസ് ചെയ്തു’. നരേന്ദ്ര മോഡി–- അമിത് ഷാ കൂട്ടുകെട്ടുകളും നിരവധി കേന്ദ്രമന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചാരണവും കേരളത്തിൽ വിലപ്പോയില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റിൽ മത്സരിപ്പിച്ചു. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീമ്പ് ഇളക്കിയ ബിജെപിക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചിട്ടും സ്വാധീനം വർധിപ്പിക്കാനായില്ല. ഫെഡറൽ തത്വങ്ങളെ ലംഘിച്ചും കേന്ദ്ര ഭരണം ദുർവിനിയോഗം ചെയ്തും സംസ്ഥാന സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള കേന്ദ്രനീക്കത്തെയാണ് കേരളം നിരാകരിച്ചത്. ഇത്‌ വർഗീയ തീവ്രവാദത്തോട് കേരളം സന്ധിചെയ്യില്ലെന്ന പ്രഖ്യാപനംകൂടിയാണ്. മതപരമായ ഏകീകരണം ലക്ഷ്യംവച്ച് യുഡിഎഫ് ജമാ–-അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ജനം തള്ളിക്കളഞ്ഞു. മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനൊപ്പമാണ് കേരളീയ ജനതയെന്നു ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.

അഞ്ചുവർഷത്തിനിടെയുണ്ടായ ഭരണപ്രതിസന്ധികളും പ്രകൃതിനൽകിയ പ്രയാസങ്ങളുമെല്ലാം ഒരു ഭരണാധികാരി എങ്ങനെ കൈകാര്യംചെയ്യുന്നുവെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ കാട്ടികൊടുത്തു. സൂക്ഷ്മമായി നിരീക്ഷിച്ച ജനത നൽകിയ അംഗീകാരമാണ് ഈ നേട്ടം. ഭരണത്തിന്റെ അവസാന വർഷമുയർന്ന ആരോപണങ്ങളെയെല്ലാം ധൈര്യപൂർവം നേരിട്ടു മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ കൊണ്ട് കേരളത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള കേരള ജനതയുടെ മറുപടി കൂടിയാണ് ഈ വിജയം. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും വലിയൊരു അട്ടിമറിപ്രതീക്ഷ തിരഞ്ഞെടുപ്പുഫലം തരിപ്പണമാക്കി. മുന്നണിയുടെ ഘടനയെപ്പോലും വരുംനാളുകളിൽ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ സ്വാധീനിക്കും. ഭാരവാഹികളുടെ എണ്ണത്തിൽ റെക്കോഡ്‌ സൃഷ്ടിക്കുന്ന പാർട്ടി പക്ഷേ, താഴെത്തട്ടിൽ സംഘടനാസംവിധാനങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. പല സ്ഥലത്തും ബൂത്തുകമ്മിറ്റികൾപോലുമില്ലെന്ന് തദ്ദേശതിരഞ്ഞെടുപ്പുവേളയിൽത്തന്നെ ദൃശ്യമായിരുന്നു. ഭരണമില്ലാതെ പത്തുവർഷം കോൺഗ്രസിനും മുസ്‌ലിംലീഗിനും നിൽക്കാനാവുമോ എന്ന ചോദ്യം നേരത്തേതന്നെ സജീവമാണ്.കേന്ദ്രഭരണത്തിന്റെ തണലിൽനിന്ന് പരസ്പരം പോരടിക്കുന്ന ബിജെപി.

നേതാക്കളും ഗ്രൂപ്പുകളുമാണ് ഇവിടെ കാണുവാന്‍ കഴിഞ്ഞത്. നാമനിർദേശപത്രിക നൽകാനുള്ള അവസാനസമയത്തുപോലും പരസ്പരം പോരടിക്കുന്ന നേതൃത്വമായിരുന്നു. ചിലയിടത്ത് സീറ്റിനുവേണ്ടി നേതാക്കൾ കാത്തിരിക്കുമ്പോൾ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് രണ്ടിടത്ത് മത്സരിക്കാനിറങ്ങിയ സംസ്ഥാന അധ്യക്ഷന്റെ നടപടികൾ എതിരഭിപ്രായമാണ് ഉണ്ടാക്കിയതെന്ന് തിരിച്ചറിയാതെ പോയത് ബിജെപിക്കാർ മാത്രമായിരുന്നു. ഭരണത്തെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാൻമാത്രമാണ് മലയാളിയായ കേന്ദ്രസഹമന്ത്രി എത്തുന്നത്. ഒപ്പം തന്‍റെ ഗ്രൂപ്പ് സജീവമാക്കുവാനും . ഇത്തവണ കേരളത്തിൽ കൂടുതൽ താമര വിരിയുമെന്ന പ്രതീക്ഷയിൽ എല്ലാ സഹായങ്ങളും കേന്ദ്രനേതൃത്വം കൈയയച്ച് നൽകിയിരുന്നു. പക്ഷേ, കൈയിലുള്ളതുപോലും നഷ്ടമായ അവസ്ഥയാണ് ഇതു ബിജെപിയിലും വന്‍ പൊട്ടിത്തെറിക്ക് കാരണമാകും. ചില സാമുദായിക സംഘടനകൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ പരസ്യമായി അഹ്വാനം ചെയ്തു എന്നാല്‍ കേരളീയ സമൂഹം അതു ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല തള്ളി കളഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്‌. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനത്തിനും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും സർക്കാർ പ്രവർത്തിച്ചു. എല്ലാ പ്രതിസന്ധിഘട്ടത്തിലും ചേർത്തുപിടിച്ച സർക്കാരിന് ജനങ്ങൾ നൽകിയ മികച്ച പിന്തുണയുമായി തെര‍ഞ്ഞെടുപ്പ് വിജയം.