കാനം രാജേന്ദ്രന്‍

August 15, 2020, 5:42 am

സംശുദ്ധവും സാര്‍ത്ഥകവുമായ പൊതുജീവിതം

Janayugom Online

കാനം രാജേന്ദ്രന്‍

ര്‍വ്വാദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവ് സി അച്യുതമേനോന്‍ ഓര്‍മ്മയായിട്ട് നാളെ (ഓഗസ്റ്റ് 16) 29 വര്‍ഷം പൂര്‍ത്തിയാകുന്നു. ആറ് പതിറ്റാണ്ടുകാലം സ്വാതന്ത്ര്യ സമരത്തിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും കേരള രാഷ്ട്രീയത്തിലും പാര്‍ലമെന്ററി രംഗത്തും നിറസാന്നിധ്യമായിരുന്നു ആ വ്യക്തിത്വം. ഒരു കോണ്‍ഗ്രസുകാരനായി തുടങ്ങി മാതൃകാ കമ്മ്യൂണിസ്റ്റായി ജീവിതാന്ത്യം തുടര്‍ന്നതാണ് അച്യുതമേനോന്റെ രാഷ്ട്രീയ ജീവിതം. തികഞ്ഞ ജനാധിപത്യവാദിയായ അച്യുതമേനോന്‍ അച്ചടക്കമുള്ള കമ്മ്യൂണിസ്റ്റ് ആയിരിക്കെത്തന്നെ തന്റെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത സംഭവങ്ങള്‍ ഉണ്ടായാല്‍ അതിശക്തമായി കലഹിക്കാനും പ്രതികരി‌ക്കാനും മടിച്ചിരുന്നില്ല. ഗാന്ധിയന്‍ ആദര്‍ശങ്ങളെ ശിരസിലേറ്റിയിരുന്ന അദ്ദേഹം അധികാര സ്ഥാനങ്ങള്‍ക്കു പിന്നാലെ അലഞ്ഞിട്ടില്ല. അധികാര സ്ഥാനങ്ങള്‍ ലഭിച്ചപ്പോഴും ഇല്ലാത്തപ്പോഴും അവസാനം വരെ അദ്ദേഹവും കുടുംബവും ലളിതജീവിതമാണ് നയിച്ചത്. കഴിവും കര്‍മ്മനെെപുണ്യവും നയചാതുര്യവും ഇച്ഛാശക്തിയും സത്യസന്ധതയും ആത്മാര്‍ത്ഥതയും ഭരണാധികാരി എന്ന നിലയിലുള്ള വിജയത്തില്‍ അദ്ദേഹത്തെ പിന്തുണച്ച ഘടകങ്ങളാണ്.

വക്കീല്‍ പണി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് അച്യുതമേനാന്‍ എടുത്തുചാടിയത് എന്തുകൊണ്ട്? അച്യുതമേനോന്‍ ഏറ്റവും ഒടുവില്‍ എഴുതിയതും മരണാനന്തരം പ്രസിദ്ധീകരിച്ചതുമായ ലേഖനത്തില്‍ ഈ ചോദ്യത്തിനു മറുപടി പറയുന്നുണ്ട്.

‘എന്റെ തലമുറ സ്വാതന്ത്ര്യസമരത്തോടൊപ്പം വളര്‍ന്നുവന്ന തലമുറയായിരുന്നു. 1930 ഏപ്രിലില്‍ ഗാന്ധിജി അതറിയിച്ചപ്പോൾ ഞാന്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി നില്ക്കുന്ന ഒരു വിദ്യാര്‍ത്ഥി ആയിരുന്നു. എനിക്ക് അന്ന് വയസ്സ് പതിനേഴ്. എന്നോടൊപ്പം അന്ന് പ്രായപൂര്‍ത്തിയായ ബഹുലക്ഷം യുവാക്കന്മാരെപ്പോലെ ഞാനും സ്വയമറിയാതെ സ്വാതന്ത്ര്യസമരമാകുന്ന അതിശക്തമായ നീര്‍ച്ചുഴിയിലേക്ക് വലിച്ച് താഴ്ത്തപ്പെടുകയായിരുന്നു. അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ അടുത്ത ചരിത്രഘട്ടമായ 1942 ഓഗസ്റ്റിലെ ‘ക്വിറ്റ് ഇന്ത്യ’ സമരമാകുമ്പോഴേക്കും ഞാന്‍ എന്റെ ആദ്യത്തെ ജയില്‍ ജീവിതം കഴിഞ്ഞു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി എന്റെ രണ്ടാമത്തെ ജീവിതത്തിനു തയ്യാറായി.’

‘പക്ഷേ, അതല്ല ഞങ്ങളുടെ തലമുറയുടെ പ്രത്യേകത. ഞങ്ങളില്‍ ഭൂരിപക്ഷത്തിനല്ലെങ്കില്‍ വളരെ ഗണ്യമായ ഒരു വിഭാഗത്തിന് പ്രകാശമാനമായ ഒരു സ്വപ്നമുണ്ടായിരുന്നു. ഒരു ധീര നൂതന ലോകത്തിന്റെ സ്വപ്നം- സോഷ്യലിസത്തിന്റെ സ്വപ്നം- സ്വാതന്ത്ര്യം എന്നാല്‍ ജാതിയുടെയും മതത്തിന്റെയും ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം; അതോടുകൂടി ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിക്കാനൊരു തൊഴില്‍, അതില്‍നിന്ന് നമ്മള്‍ ഓരോരുത്തരുടെയും ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള മിതമായ വരുമാനം. ഇതൊക്കെ കൂടിയാണെന്ന് ഞങ്ങള്‍ ശരിയായിത്തന്നെ ധരിച്ചു.’ (ജീവിതത്തില്‍ നിന്ന്-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1991 ഒക്ടോബര്‍ 13).

സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ തല്പരനായ അച്യുതമേനോന്‍ നിയമപഠനകാലത്ത് കോണ്‍ഗ്രസ് അംഗമായി. 1940ല്‍ തേക്കിന്‍കാട് മെെതാനിയില്‍ നടന്ന യുദ്ധവിരുദ്ധ യോഗത്തില്‍ പ്രസംഗിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ജയിലില്‍ വച്ചാണ് അച്യുതമേനോന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തത്. 1941ല്‍ ജയില്‍മോചിതനായി പുറത്തുവന്നത് കമ്മ്യൂണിസ്റ്റായാണ്. കൊച്ചിന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറി അച്യുതമേനോനായിരുന്നു. പിന്നീട് തിരു-കൊച്ചി കമ്മറ്റിയുടെയും കേരള സ്റ്റേറ്റ് കമ്മിറ്റിയുടെയും സെക്രട്ടറിയായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗമായും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.

1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പലതുകൊണ്ടും ചരിത്രസംഭവമായിരുന്നു. കുടികിടപ്പുകാരന് എതിരെ ജന്മിയുടെ പക്ഷംപിടിക്കുന്ന അധികാര പാരമ്പര്യത്തിന് അന്ന് ആദ്യമായി അറുതി ഉണ്ടായി. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ധനകാര്യം, കൃഷി, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്‍ കെെകാര്യം ചെയ്ത അച്യുതമേനോന് തന്റെ പാര്‍ലമെന്ററി-ഭരണമികവ് തെളിയിക്കാന്‍ കിട്ടിയ അവസരമായിരുന്നു അത്. കേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അച്യുതമേനോനായിരുന്നു.

1969 നവംബര്‍ ഒന്നിന് അച്യുതമേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത് തികച്ചും അസാധാരണമായ സാഹചര്യങ്ങളിലായിരുന്നു. കേരളത്തിന് ഏറ്റവും കൂടുതലും സ്ഥായിയുമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത് മുഖ്യമന്ത്രിയെന്ന നിലയില്‍ അച്യുതമേനോന്‍ ഭരണസാരഥ്യം വ­ഹി­­ച്ച കാലത്താണെന്ന് ചരിത്രം രേഖപ്പെടുത്തും. ക­മ്മ്യൂണിസ്റ്റ് പാ­ര്‍ട്ടി നേതാവെന്ന നിലയില്‍ പ്രശോഭിച്ച അ­ച്യുതമേനാ­ന്‍ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായിരുന്നു. 1957ല്‍ ക­മ്മ്യൂണിസ്റ്റ് പാ­ര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാ­ന സെക്രട്ടറിയായിരുന്നു അച്യുതമേനോന്‍. 1964ല്‍ പാര്‍ട്ടി ഭിന്നിക്കുമ്പോഴും സി അച്യുതമേനോനായിരുന്നു പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി.

ജീവിതാവസാനം വരെ അച്യുതമേനോന്‍ പറയുന്നതും എഴുതുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ മാത്രമല്ല, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവരും രാഷ്ട്രീയേതര തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും അതീവതാല്പര്യത്തോടെ ശ്രദ്ധിച്ചിരുന്നു. അതിനുകാരണം അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ സത്യസന്ധവും ആത്മാര്‍ത്ഥവും വിഭാഗീയത തീണ്ടാത്തതുമായിരുന്നു എന്നതാണ്. രാഷ്ട്രീയ സദാചാരത്തിന് അച്യുതമേനോന്‍ വിലകല്പിച്ചിരുന്നു. കാരണം സദാചാരനിഷ്ഠ അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭേദ്യ ഭാഗമായിരുന്നു.

അധികാരത്തിലെത്താന്‍ കൂറുമാറ്റവും കോടികളുടെ പണവാഗ്ദാനവും നടക്കുന്ന ഇന്നത്തെ കാലത്ത് അച്യുതമേനോന്റെ വേറിട്ട വ്യക്തിത്വത്തിനും മുറുകെപ്പിടിച്ച സ്വഭാവനിഷ്ഠയ്ക്കും വിലയേറുന്നു. അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന വ്യക്തിജീവിതവും സാര്‍ത്ഥകമായ പൊതുജീവിതവും നമുക്ക് മാതൃകയാവട്ടെ.