കുരീപ്പുഴ ശ്രീകുമാർ

September 10, 2020, 5:41 am

രാത്രികാലത്തെ ചാനൽചന്തകൾ

Janayugom Online

കുരീപ്പുഴ ശ്രീകുമാർ

രാത്രി എട്ടുമണിക്ക് വിവിധ ചാനലുകളിൽ, പല ശീർഷകങ്ങളിൽ അരങ്ങേറുന്ന ചർച്ചകൾ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാൽ ചില പ്രേക്ഷകരാകട്ടെ റിമോട്ട് കയ്യിലെടുത്തു ചർച്ചയില്ലാ ചാനലുകൾ തേടിപ്പോവുകയോ ഓഫാക്കുകയോ ചെയ്യാറുണ്ട്. അത് എന്തുകൊണ്ടാണ്? ഇങ്ങനെ ഒഴിവാകുന്നവർ കൃത്യമായി വോട്ടുചെയ്യുന്നവരും മാസ്ക്ക് ധരിക്കുന്നവരുമൊക്കെയാണല്ലോ. ചാനൽ ചർച്ചയുടെ അവതാരകർ വിഷയങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നവരും നല്ല ഓർമ്മശക്തിയുള്ളവരും ഒക്കെയാണ്. ചാനൽ ഉടമസ്ഥരുടെ താല്പര്യമനുസരിച്ച് ചിലപ്പോഴെങ്കിലും അവർക്ക് അവരുടെ കഴിവുകളെ വഴിതിരിച്ചു വിടേണ്ടിവരും. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയ്ക്ക് ഒത്ത ഒരു വക്കം അബ്ദുൽ ഖാദർ മൗലവിയെ എപ്പോഴും കിട്ടണമെന്നില്ലല്ലോ. അപ്പോൾ ചർച്ചകളെ ചന്തകളാക്കുന്നത് അവതാരകരല്ല. പങ്കെടുക്കുന്നവർ തന്നെയാണ്. ചാനൽ ചർച്ചയെന്നാൽ ഒരു ഇടിപ്പടത്തിൽ നടിക്കാൻ കിട്ടുന്ന ചാൻസാണെന്നു കരുതുകയും ആ ബോധത്തോടെ അരങ്ങുതകർത്താടുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുണ്ട്. അവരാണ് പ്രശ്നമുണ്ടാക്കുന്നത്. വില്ലന്മാരും കവലച്ചട്ടമ്പിമാരും തിണ്ണമിടുക്കുകാരുമൊക്കെ ആത്യന്തികമായി പിൻതള്ളപ്പെടുമെന്ന് അവർ മറന്നുപോകുന്നു.

പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ പോലും വെല്ലുവിളിക്കുന്ന ഗുസ്തിക്കാരെ അവിടെ കാണാൻ കഴിയും. ഓരോ രാഷ്ട്രീയക്കാരും എന്ത് പറയും എന്ന കാര്യം പ്രേക്ഷകർക്ക് നന്നായറിയാമെന്നവർ മറന്നു പോകുന്നു. പ്രേക്ഷകരെല്ലാം മറവിരോഗം ബാധിച്ചവരാണെന്നു കരുതുന്നവരാണധികവും. സരിത‑സ്വപ്ന കേസുകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ചർച്ചകൾ പ്രേക്ഷകമനസ്സിലുണ്ട്.

സാംസ്ക്കാരിക വിഷയങ്ങൾ അപൂർവമായേ ഈ ഗുസ്തിത്തറകളിൽ എത്താറുള്ളൂ. ഇല്ലാഞ്ഞിട്ടാണോ? അല്ല. വരവരറാവു എന്ന കവി എത്രയോ നാളായി ജയിലിലാണ്. ജയിലിൽ വച്ച് അദ്ദേഹം രോഗബാധിതനാവുകയും തീർത്തും ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എറിയപ്പെടുകയും ചെയ്തു. ബലാൽസംഗം, കൊലപാതകം, കള്ളക്കടത്ത് തുടങ്ങിയവയ്ക്ക് നൽകുന്ന പ്രാധാന്യമൊന്നും ഈ കവിയോട് കാട്ടുന്ന ക്രൂരതയ്ക്ക് ചാനൽക്കമ്പോളം നൽകിയിട്ടില്ല. ആദിവാസി ദളിത് പ്രശ്നങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകാറില്ല. എപ്പോഴെങ്കിലും പരിഗണിച്ചാൽ തന്നെ ആ മേഖലയിൽ പെട്ടവർക്ക് പകരം സ്ഥിരം നാടകക്കാരാണ് രംഗം കയ്യടക്കുന്നത്.

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് എന്തിനെക്കുറിച്ചും പാർട്ടി നോക്കി അഭിപ്രായം പറയുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള ചർച്ചയാണാവശ്യം. സിലബസിൽ വരുത്തിയിട്ടുള്ള വലിയമാറ്റങ്ങൾ ആ വിഷയത്തിൽ പ്രാഗത്ഭ്യമുള്ളവരെ അണിനിരത്തി ചർച്ച ചെയ്യേണ്ടതുണ്ട്. വിമാനത്താവളം വിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ തിരുത്തുന്ന രീതിയിലുള്ള ചർച്ച ആവശ്യമാണ്. കേരളത്തിൽ പുതിയൊരു സർവകലാശാല വരാൻ പോകുന്നു. ശ്രീനാരായണ ഓപ്പൺ യൂണിവേ‌ഴ്‌സിറ്റി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേ‌ഴ്‌സിറ്റിയിൽ നിന്നും ഈ സർവകലാശാല എങ്ങനെ വ്യത്യസ്തമാകണം? ഈ സർവകലാശാലയിൽ നിന്നും യോഗ്യത നേടുന്ന ഒരാളിൽ നാരായണഗുരുവിന്റെ പക്വാവസ്ഥയിലുള്ള ചിന്തയായ മതരഹിത മനുഷ്യജീവിതം എന്ന ആശയം ഉൾക്കൊള്ളുന്ന രീതിയിലുള്ള പാഠ്യപദ്ധതിയുണ്ടാകുമോ? തൊഴിൽ പരിശീലനം എന്ന ഗുരുചിന്തയെ എങ്ങനെ പ്രാവർത്തികമാക്കാൻ സാധിയ്ക്കും? ഒരു വിദഗ്ദ്ധ സംവാദത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ഏതെങ്കിലും ഒരു ചാനലിനു സാധിക്കുമോ? സർക്കാരിനെ സ്ഥിരമായി എതിർക്കുന്ന ചാനലുകൾ ഇക്കാര്യത്തിൽ പോലും പഴയ രീതി തുടർന്നാൽ സമൂഹത്തിന് എന്താണ് പ്രയോജനം?

ചാനൽ ചന്തകളിൽ ഏറ്റവും കൂടുതൽ അക്രമാസക്തരാകാറുള്ളത് സംഘപരിവാർ സംസ്ക്കാരമുള്ളവരാണ്. രാമക്ഷേത്ര നിർമ്മിതിക്കു ഇഷ്ടികയും ഇഷ്ടവും നൽകിയതോടെ പള്ളിപൊളിക്കാൻ കൂട്ടുനിന്ന കോൺഗ്രസ്സും ആ സംഘത്തിൽ എത്തിയിട്ടുണ്ട്. അവരും ചാനൽത്തറയിൽ ഗോഗ്വാ വിളിച്ചു കത്തി വേഷം ആടാറുണ്ട്. ജനങ്ങൾ ഈ അസംബന്ധ നാടകം മനസ്സിൽ കുറിക്കുന്നുണ്ടാകും. ചാനൽ മാറ്റാനോ ഓഫാക്കാനോ ഉള്ള സൗകര്യം പ്രേക്ഷകർ ഉപയോഗിക്കുകയെന്ന പോംവഴി മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.