പ്രത്യേക ലേഖകൻ

September 25, 2020, 3:18 am

ഇവർ വോട്ടർപ്പട്ടികയിൽ ഒളിഞ്ഞിരിക്കുന്നവരല്ല

Janayugom Online

പ്രത്യേക ലേഖകൻ

ത്രപറഞ്ഞാലും തീരാത്ത വേദനകളുടെ കഥകളാണ് കുടിയേറ്റത്തൊഴിലാളികളുടേത്. ബിജെപി നയിക്കുന്ന, നരേന്ദ്രമോഡി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ തനിനിറം എന്തെന്ന് ബോധ്യമാകാന്‍ ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതമാണ് ഉദാഹരണം. തൊഴിലും കൂലിയും കുടുംബവും മാത്രം മുന്നിൽക്കണ്ട് ജീവിതം ഹോമിക്കപ്പെട്ട ലക്ഷോപലക്ഷം കുടിയേറ്റത്തൊഴിലാളികൾ ദുരിതത്തിന്റെ നടുക്കടലിലാണ്. കോവിഡിന്റെ വരവിനെത്തുടർന്ന് രാജ്യം അപ്രതീക്ഷിതമായി കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ അതിന്റെ ദോഷം അനുഭവിക്കേണ്ടിവന്നത് ഈ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്. യാത്രക്കിടെയുണ്ടായ അപകടങ്ങളും പട്ടിണിയും ആരോഗ്യപ്രശ്നങ്ങളം മൂലം നൂറുകണക്കിന് തൊഴിലാളികളുടെ ജീവന്‍ നഷ്ടമായി. ഒരാളുടെ ജീവനോടൊപ്പം ഒരുപാടുപേരടങ്ങിയ കുടുംബങ്ങളുടെ താങ്ങും തണലും ഇല്ലാതാവുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കാണാനാവുന്നത്.

കോവിഡ് 19 വലിയൊരു പ്രതിസന്ധിയായി മാറുമെന്ന് നിരീക്ഷിച്ച ഘട്ടത്തിലൊന്നും നരേന്ദ്രമോഡി സർക്കാരിനോ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾക്കോ രാജ്യത്ത് കുടിയേറ്റത്തൊഴിലാളികൾ എന്നൊരു വിഭാഗം ഉണ്ടെന്ന ചിന്തയേ ഇല്ലായിരുന്നു. അതല്ല, അങ്ങനെയൊരു വർഗം സ്വന്തം നാടുകളിൽ നിന്നകന്ന് നഗരങ്ങളിൽ തൊഴിലെടുത്തുകൊണ്ടിരിക്കുകയാണെന്ന് അവരോട് പറഞ്ഞുകൊടുക്കാനും ആരും മിനക്കെട്ടില്ല എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ‘ഒരുപക്ഷെ സർക്കാരിനും സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും തങ്ങളെ അറിയില്ലായിരിക്കാം’ എന്നാണ് കുടിയേറ്റത്തൊഴിലാളികൾ തന്നെ ഇതേക്കുറിച്ച് പറയുന്നത്. ശരിയാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പതിവായി വോട്ടവകാശം ഇല്ലാത്ത ഒരുവിഭാഗത്തെക്കുറിച്ച് ഭരണകക്ഷികൾ എന്തിന് വേവലാതിപ്പെടണം. അങ്ങനെ ഇവരെ പാടെ അവഗണിക്കരുതെന്നാണ് സിപിഐ അടക്കം ആവശ്യപ്പെടുന്നത്. തെരുവിൽ തീരേണ്ടവരല്ല കുടിയേറ്റത്തൊഴിലാളികൾ. അവർക്ക് വോട്ടവകാശം ഉറപ്പാക്കേണ്ടതുണ്ട്.

കുടിയേറ്റത്തൊഴിലാളികളെ മനുഷ്യഗണത്തിൽ കൂട്ടാതെ, അവരെ തൊഴിലും കൂലിയുമില്ലാത്തവരാക്കി, കോവിഡിനും മരണത്തിനുമിടയിലേക്ക് തള്ളിവിട്ട നരേന്ദ്രമോഡി സർക്കാരിന്റെ ആസൂത്രിത നടപടിക്കെതിരെ എഐടിയുസി, എച്ച്എംഎസ്, സിഐടിയു തുടങ്ങിയ കേന്ദ്ര തൊഴിലാളി യൂണിയനുകളും ഇടത് പാർട്ടികളുമാണ് ശബ്ദമുയർത്തിയത്. സൗജന്യ യാത്രയും സൗജന്യഭക്ഷണവും ആവശ്യപ്പെട്ട് ഇടത് പാർട്ടികൾ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. ഇവരുടെ വോട്ടവകാശത്തിനും പുതിയൊരു പോരാട്ടത്തിന് തുടക്കമിടേണ്ട സ്ഥിതിയിലേക്കാണ് ഇന്ത്യൻ തൊഴിൽ നിയമങ്ങളുടെയും തൊഴിലവകാശങ്ങളുടെയും പരിതാപകരമായ അവസ്ഥ ബോധ്യപ്പെടുത്തുന്നത്. കുടിയേറ്റത്തൊഴിലാളികളായി മറുനാടൻ നഗരങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്ന ദശലക്ഷക്കണക്കിന് പേരാണ് വോട്ടർപ്പട്ടികയിൽ പേരില്ലാതെ കഴിയുന്നത്.

ബിഹാറിലും അസമിലും പശ്ചിമബംഗാളിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമടക്കം വോട്ടില്ലാത്ത കുടിയേറ്റത്തൊഴിലാളികളെ നോക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പല്ലിളിക്കുകയാണ്. സംസ്ഥാനം, ഭരണകൂടം, അവകാശം എന്നിവയിലുള്ള അവബോധം ഇവരില്‍ അന്യമാണെന്ന ധാരണയാവാം ഒരുപക്ഷെ ഇവിടങ്ങളിലെയും കേന്ദ്രത്തിലെയും ഭരണക്കാരെ കണ്ണിൽ ചോരയില്ലാത്തവരാക്കുന്നത്. വോട്ടിനെക്കുറിച്ചുള്ള ഭരണകക്ഷികളുടെ കണക്കുപുസ്തകത്തില്‍ ഈ തൊഴിലാളി വർഗവും അവരുടെ കുടുംബവും ഇല്ലെന്നതും മനുഷ്യത്വരഹിതമായ വിവേചനങ്ങൾക്കുള്ള പ്രേരണ കൂട്ടുന്നു. കുടിയേറ്റത്തൊഴിലാളികൾക്ക് വോട്ടവകാശം ഇല്ലെന്നത് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19(1)(എ) പ്രകാരം അവരുടെ മൗലികമായ അവകാശങ്ങളുടെ ലംഘനമാണ്. ഔപചാരികവും അനൗപചാരികവുമായി മേഖലകളിൽ ഉള്ള സ്ഥിരം കുടിയേറ്റത്തൊഴിലാളികളും ഹ്രസ്വകാല കുടിയേറ്റത്തൊഴിലാളികളും വോട്ടർപ്പട്ടികയ്ക്ക് പുറത്താണ്. സഞ്ചാര വിഭാഗത്തിൽപ്പെടുത്തി(മൊബൈൽ ക്ലാസ്)യാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനം കുടിയേറ്റത്തൊഴിലാളികള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത്.

സ്വന്തമായി ഭൂമിയില്ലാത്തവരും ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവരും പട്ടികജാതി/പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവരുമാണ് ഇതരനാടുകളിൽ തൊഴില്‍ ചെയ്യുന്നവരിൽ മഹാഭൂരിഭാഗവും എന്ന് 2017ൽ നാഷണൽ കമ്മിഷൻ ഫോർ എന്റർപ്രൈസസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നുണ്ട്. അവരവരുടെ ഗ്രാമങ്ങളിലെ ക്ഷേമപ്രവർത്തനങ്ങളുടെ പോരായ്മകളും ഭരണകൂടങ്ങളുടെ അവഗണനയുമാണ് ഇവരെ മറുനാടുകളിലെ നഗരങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്. അന്നന്നത്തെ വിശപ്പകറ്റാനുള്ള താൽക്കാലിക സംവിധാനമെന്ന നിലയിലാണ് പലരും ആദ്യമാദ്യം കുടിയേറ്റത്തൊഴിലിനെ കണ്ടത്. ജീവിതച്ചെലവ് വർധിക്കാൻ തുടങ്ങിയതോടെ പിന്നീട് അതിന്റെ സ്വഭാവം തന്നെ മാറി. മെച്ചപ്പെട്ട കൂലി തേടി നഗരങ്ങൾ മാറിമാറി സഞ്ചരിക്കേണ്ട സ്ഥിതിയിലേക്കെത്തി കാര്യങ്ങൾ. കുഞ്ഞുങ്ങളുൾപ്പെടെ കുടുംബസമേതം തൊഴിലിനും കൂലിക്കും വേണ്ടിയുള്ള യാത്രയിൽ ദശലക്ഷക്കണക്കിന് മനുഷ്യർ അലയാൻ തുടങ്ങിയത് മാറിമാറി കേന്ദ്ര ഭരണകൂടങ്ങളുടെ സാമ്പത്തിക‑തൊഴിൽ നയങ്ങളുടെ ദ്രോഹം ഒന്നുകൊണ്ടുമാത്രമാണ്. തൊഴിലിടങ്ങളും താമസകേന്ദ്രങ്ങളും നിരന്തരം മാറുന്നവരെന്ന കാരണത്താൽ ഇവരുടെ പൗരത്വം പോലും ഭീഷണിയിലാണ്. തൊഴിൽ തേടി നിരന്തര സഞ്ചാരത്തിലേർപ്പെടുന്നുവെന്ന കാരണത്താൽ സ്വന്തം സംസ്ഥാനത്ത് പൗരത്വവും വോട്ടും മറ്റ് അവകാശങ്ങളും നിഷേധിക്കപ്പെടുന്നതും ഭരണഘടനാലംഘനമാണ്. വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധിക്കും എതിരാണ് കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരെയുള്ള ഈ നിഷേധം. തെരഞ്ഞെടുപ്പ് കാര്യക്ഷമതയോടെയും വ്യാജവോട്ടില്ലാതെയും പൂർത്തിയാക്കാനുള്ള നടപടിക്രമമാണ് ഇതിനെല്ലാം പിന്നിലെന്ന് പറയുമ്പോഴും വലിയൊരു വിഭാഗത്തെ അവരുടെ അവകാശങ്ങളിൽ നിന്ന് മാറ്റിനിര്‍ത്തുകയാണ്.

ഒരാൾക്ക് സ്വന്തം നിയോജകമണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തശേഷം, നിയോജകമണ്ഡലം മാറ്റാനുള്ള അവകാശവും അതിനുള്ള സൗകര്യവും നിലനില്‍ക്കുന്നുണ്ട്. എന്നാൽ, കുടിയേറ്റത്തൊഴിലാളികള്‍ അവർ താമസിച്ച് ജോലി ചെയ്യുന്ന നിയോജകമണ്ഡലത്തിൽ സാധാരണ താമസക്കാരെന്ന പരിഗണന തെരഞ്ഞെടുപ്പ് വിഭാഗം നൽകുന്നില്ല. സാധാരണ ജനങ്ങൾക്കുപോലും താമസസർട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസം മാത്രമെന്നിരിക്കെയാണ് ഈ വിവേചനം. സർക്കാർ ചട്ടങ്ങളിൽ പറയുന്ന തെളിവുകളുടെ അപര്യാപ്തതയാണ് മറ്റൊരു കാരണമായി അധികാരികൾ പറയുന്നത്.

വാടകക്കരാർ, ഉപഭോക്തൃ രസീതുകൾ, പാസ്ബുക്കുകൾ തുടങ്ങിയവയാണ് ആവശ്യപ്പെടുന്നത്. ഇവയിൽ പലതും ഉണ്ടായിട്ടും കുടിയേറ്റത്തൊഴിലാളികളോട് ശത്രുതാപരമായ നിലപാടാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംവിധാനങ്ങൾ ഓരോരോ സംസ്ഥാനങ്ങളില്‍ തുടരുന്നതെന്ന്, സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്റ് പീസ് എന്ന ഗവേഷണത്തിന്റെ ഭാഗമായി അഭിഭാഷകരായ രാധിക ഗോയലും ഷാർവരി കോത്തവാഡെയും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ചെന്നെത്തിപ്പെട്ട നഗരത്തിലും തൊഴിലിടത്തിലും അവരുടെ ശബ്ദമുയരാതിരിക്കാനുള്ള അധികാര വർഗത്തിന്റെ തന്ത്രംകൂടിയായി ഇതിനെ കരുതാം. പലയിടങ്ങളിലും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പിൻബലമാണ് ഇവരുടെ ഏക ആശ്രയം.

കുടിയേറ്റത്തൊഴിലാളികൾ ഇന്നനുഭവിക്കുന്ന പ്രതിസന്ധികളെ മറികടക്കാനും അവരുടെ അവകാശങ്ങൾ കാലാകാലങ്ങളിൽ ഉറപ്പുവരുത്താനും വോട്ടവകാശ പ്രക്രിയയിൽ ഭേദഗതികൾ വരുത്തുന്നതാണ് അനിവാര്യം. ഗ്രാമപഞ്ചായത്തുകളുടെ ഇലക്ഷൻ അധികാരികളായ ബ്ലോക്ക് വികസന ഓഫീസർമാരിൽ അധികാരം നൽകി, കുടിയേറ്റത്തൊഴിലാളികളുടെ വോട്ടവകാശം ഉറപ്പുവരുത്താൻ വഴികളുണ്ട്. ഇതൊന്നും ഫലപ്രദമായി നടക്കുന്നില്ലെന്നതാണ് ആക്ഷേപം.

കോവിഡും ലോക്ഡൗണും കാരണത്താൽ തിരിച്ചെത്തിയ സംസ്ഥാനങ്ങളിലെ വോട്ടർപ്പട്ടികയിൽ അവരുടെ പേരുകളില്ലെന്നതാണ് ഇന്ന് കുടിയേറ്റത്തൊഴിലാളി കുടുംബങ്ങളെ അലട്ടുന്നത്. തൊഴിലാളികളേറെയുള്ള സംസ്ഥാനങ്ങളിലാകട്ടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതില്‍ക്കലുമാണ്. രാഷ്ട്രനിർമ്മാണത്തിൽ വ്യക്തിയുടെ പങ്ക് വിളിച്ചോതി വിദൂരവോട്ടിങ് സമ്പ്രദായം പ്രവാസികളിലേക്ക് വ്യാപിപ്പിക്കുന്ന ബിൽ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞു. അപ്പോഴും പടിക്കുപുറത്താണ് ഇന്ത്യൻ വികസനത്തിന്റെ വലിയൊരു കോണിൽ വിലയേറിയ സംഭാവന ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികൾ.