വിയാർ

May 02, 2021, 6:05 am

ഫലം വേഗമറിയുന്നതും മോഡിക്ക് പേടി; 56 ഇഞ്ചില്‍ വാഴപ്പിണ്ടി തന്നെ

Janayugom Online

വോട്ടുത്സവം പോലെത്തന്നെ ജനതയുടെ ആഘോഷമാണ് വോട്ടെണ്ണല്‍. ജനാധിപത്യ രാജ്യത്ത് ഏറ്റവും സുതാര്യവും വിശ്വാസ്യവുമായിരുന്ന ബാലറ്റ് പേപ്പര്‍ സംവിധാനം ഉള്ളപ്പോള്‍ ഫലം അറിയാന്‍ ഒന്നില്‍ കൂടുതല്‍ ദിവസം പോലും എടുത്തിരുന്നു. ഇന്നിപ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളാണ് ഉപയോഗിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ മൂല്യത്തെത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഉപകരണമാണെന്ന് പറയാതിരിക്കാനും കഴിയില്ല. ആകെയുള്ള ആശ്വാസം ഫലം വേഗത്തില്‍ അറിയാം എന്നതുമാത്രമാണ്. ഇന്റര്‍‍നെറ്റ് സംവിധാനം കൂടുതല്‍ ശക്തമായി പ്രചാരത്തില്‍ വന്നതോടെ ഓരോ വ്യക്തിക്കും വിരല്‍ത്തുമ്പില്‍ വിവരങ്ങളെത്തുന്നതിനും സാധ്യമായി. ട്രെന്‍ഡ് എന്ന സോഫ്റ്റുവേറിലൂടെ അതിവേഗത്തിലാണ് ഓരോ നിമിഷത്തെയും വോട്ടിങ് നില അറിയാന്‍ കഴിഞ്ഞിരുന്നത്. ഇത്തവണ ട്രെന്‍ഡ് സോഫ്റ്റുവേര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഴിവാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഫലം നേരത്തെ അറിയാന്‍ മാധ്യമങ്ങള്‍ക്കുപോലും കഴിയാത്ത അവസ്ഥ.

സാങ്കേതികമായ പ്രശ്നങ്ങളൊന്നുമല്ല, ട്രെന്‍ഡിനെ ഇല്ലാതാക്കിയതിനുപിന്നില്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണുന്നത്. ഇതുവരെയുള്ള ട്രെന്‍‍ഡനുസരിച്ച് അഞ്ചിടത്തും ബിജെപി ഇതര മുന്നണികള്‍ക്കും കക്ഷികള്‍ക്കുമാണ് മുന്നേറ്റം. പ്രീ പോള്‍ സര്‍വെകളും എക്സിറ്റ് പോള്‍‍ സര്‍വെകളും ബിജെപിക്ക് എതിരാണ്. അസമില്‍ മാത്രമാണ് ബിജെപിക്ക് നേരിയ മുന്‍‍തൂക്കം പ്രവചിക്കുന്നത്.

നിലവില്‍ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും മറ്റു സാധാരണ ജനവിഭാഗങ്ങളും കോടതികളും ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരാണ്. വോട്ടെടുപ്പിന് മുമ്പുവരെ മൗനം പാലിച്ച സുപ്രീം കോടതി പോലും ഇന്ന് നരേന്ദ്ര മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നു. നയങ്ങളും നിലപാടുകളും തിരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഈയൊരുഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടാകുന്ന തിരിച്ചടികള്‍ ജനങ്ങള്‍ വേഗത്തില്‍ അറിയുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരും. ഡല്‍ഹിയടക്കം കോവിഡ് വാക്സിന്‍ ക്ഷാമ ദുരിതങ്ങളനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കനത്ത പ്രതിഷേധങ്ങള്‍ ഉയരും. യഥാര്‍ത്ഥത്തില്‍ ഇന്ന് നരേന്ദ്രമോഡിയും ബിജെപി നേതാക്കളായ കേന്ദ്ര മന്ത്രിസഭാംഗങ്ങളും ഭയത്തിലാണ്. ജനങ്ങളാകെ തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതിനിടെ നീതിന്യായ കോടതികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ അതീവഗൗരവതരമായ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും കോടതി രേഖകളില്‍ ഇല്ലെന്നതാണ് തെല്ലെങ്കിലും മോഡിയെയും കൂട്ടരെയും ആശ്വസിപ്പിക്കുന്നത്. ന്യായാധിപന്മാരില്‍ പലരും മോഡീഭക്തരാണെന്നതിന്റെ ഗുണം കേന്ദ്രസര്‍ക്കാര്‍ ഇന്ന് ആവോളം അനുഭവിക്കുകയാണ്. കോടതി പരാമര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രതിഷേധങ്ങളിലേക്ക് ജനങ്ങള്‍ തിരിയാന്‍ തങ്ങള്‍ക്കെതിരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍കൂടി മതിയെന്ന തിരിച്ചറിവ് അവരെ വേട്ടയാടുന്നുണ്ട്.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമങ്ങളെല്ലാം നരേന്ദ്രമോഡിയുടെ വീഴ്ചകള്‍ക്കാണ് കാതോര്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നും വിവിധ ഹൈക്കോടതികളില്‍ നിന്നും മോഡി സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങളെ ആഗോളമാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. മോഡിയുടെ മൂക്കിനുതാഴെ ജനങ്ങള്‍ പ്രാണവായുകിട്ടാതെ മരിച്ചുവീഴുന്നതിനെ മാധ്യമങ്ങള്‍ ലോകത്താകമാനം ചര്‍ച്ചയാക്കി. മോഡിയുടെ കഴിവുകേടും കെടുകാര്യസ്ഥതയുമാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെയും കൂട്ടമരണങ്ങളുടെയും കാരണമെന്ന വിലയിരുത്തലാണ് എവിടെയും ഒരുപോലെ മുഴങ്ങിക്കേള്‍ക്കുന്നത്. ഇതിനെ പിന്‍പറ്റി അമേരിക്കന്‍ ഭരണകൂടം ഇന്ത്യയില്‍ നിന്ന് അവരുടെ പൗരന്മാരെ തിരിച്ചുവിളിച്ചു. ഇന്ത്യന്‍ വിമാനങ്ങളെല്ലാം റദ്ദാക്കി. ഓസ്ട്രേലിയ ഇന്ത്യയില്‍ നിന്ന് മടങ്ങുന്നവരാരും തങ്ങളുടെ രാജ്യത്ത് കാലുകുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കി. മൊത്തത്തില്‍ ലോകത്തിനുമുന്നില്‍‍ ഇന്ത്യയെ നാണം കെടുത്തിയ ഭരണകൂടത്തിന്, നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെയും തിരിച്ചടിയുണ്ടാവുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്.

കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്നാണ് ദേശീയ മാധ്യമങ്ങളും മലയാളം ചാനലുകളും നടത്തിയ സര്‍വെകളുടെ ഫലം. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കനാളുകളില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായിരുന്നു ജനങ്ങള്‍ക്കിടയിലെ വര്‍ത്തമാനങ്ങള്‍. ബിജെപിയും കോണ്‍ഗ്രസും മത്സരിച്ചാണ് സര്‍ക്കാരിനെതിരെ കുപ്രചാരണങ്ങള്‍ നടത്തിയത്. എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, സിബിഐ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെയെല്ലാം കേരളത്തിലേക്കയച്ച് സര്‍ക്കാരിനെതിരെ കള്ളക്കേസുകളുണ്ടാക്കി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍‍ ശ്രമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോടെ നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ യഥാര്‍ത്ഥ പ്രതികളെയെല്ലാം മാപ്പുസാക്ഷികളാക്കുകയും കേരള മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ കുറ്റവാളികളാക്കാനും ഗൂഢാലോചനകള്‍ നടത്തി. പ്രതികളെ ഭീഷണിപ്പെടുത്തിയാണ് ഇടതുസര്‍ക്കാരിനെതിരെ വ്യാജമൊഴിയുണ്ടാക്കാന്‍‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചത്. ദിനേന നടത്തിയ പത്രസമ്മേളനങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞ ഓരോ നുണയും തൊട്ടടുത്ത നിമിഷം തന്നെ പൊളിഞ്ഞിട്ടും തെരഞ്ഞെടുപ്പുവരെ ഇരുവരും പതിവ് തെറ്റിച്ചില്ല. ഇതെല്ലാം ചെയ്തിട്ടും തെരഞ്ഞെടുപ്പ് ദിവസം ജനങ്ങളൊന്നാകെ സംസ്ഥാന സര്‍ക്കാരിന് പിന്തുണ നല്‍കിയെന്നതിന്റെ സൂചനകളാണ് പ്രീ പോള്‍, എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെയും പുറത്തുവന്നത്.

പശ്ചിമബംഗാളില്‍ ബിജെപി നടത്തിയ കലാപ ശ്രമങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കണക്കില്ലായിരുന്നു. തെറ്റായ മാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ബിജെപിക്ക്. എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍‍ തെരഞ്ഞെടുപ്പ് നടത്തിയത്. ഇത് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേര്‍ന്ന് നടത്തിയ കുതന്ത്രങ്ങളുടെ ഭാഗമായാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഉള്‍പ്പെടെ ബംഗാളില്‍‍ ക്യാമ്പ് ചെയ്താണ് ആസൂത്രണങ്ങള്‍ ഒരുക്കിയത്. ബംഗാളിലെ കൂച്ച് ബിഹാര്‍ അടക്കമുള്ള ഇടങ്ങളില്‍ മുസ്‌ലിങ്ങളെ കൂട്ടത്തോടെ വെടിവച്ച് കൊലപ്പെടുത്തിയ ബിജെപി നടപടി ജനങ്ങളില്‍ രോഷം വര്‍ധിപ്പിച്ചു. ബംഗാളിലാകെ നടന്ന ബിജെപി പരാക്രമങ്ങള്‍ക്കെല്ലാം അതത് ഘട്ടങ്ങളില്‍ തന്നെ തിരിച്ചടിയും കിട്ടി. മോഡി പങ്കെടുത്ത റാലികളില്‍ ആള്‍ക്കൂട്ടം കുറഞ്ഞത്, സ്വന്തം പാര്‍ട്ടിക്കുള്ളില്‍‍ തന്നെ പടയൊരുക്കം നടക്കുന്നുവെന്നതിന്റെ തെളിവായി. ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായ ദിവസമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍‍ പുറത്തുവന്നത്. അവിടെ ബിജെപിക്ക് പ്രതീക്ഷിക്കാന്‍ വകയില്ലെന്നാണ് ജനങ്ങളെ അധികരിച്ച് ദേശീയ മാധ്യമങ്ങളെല്ലാം വിലയിരുത്തുന്നത്.

തമിഴ്‌നാട്ടിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനാവില്ല. ബിജെപി ഉള്‍പ്പെട്ട മുന്നണിയും തകര്‍ന്നടിയുമെന്നാണ് സര്‍വെ ഫലങ്ങള്‍ പ്രവചിക്കുന്നത്. ബിഹാറിലേതുപോലെ സഖ്യകക്ഷികളെ തന്ത്രപൂര്‍വം നിലംപരിശാക്കുന്ന വിദ്യയാണ് അധികാരക്കൊതിമൂത്ത ബിജെപി തമിഴ്‌നാട്ടിലും പയറ്റിയിരിക്കുന്നത്. ബിജെപിക്കെതിരെയുള്ള ജനവികാരം കൂടിയാകുന്നതോടെ തമിഴ്‌നാട്ടില്‍ ഒരു പതിറ്റാണ്ടിനുശേഷം ഡിഎംകെ മുന്നണി അധികാരത്തിലേറുമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ പറയുന്നു. പുതുച്ചേരിയിലും ബിജെപിക്ക് സാധ്യതകളൊന്നുമില്ല. ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന അസമിലാണെങ്കില്‍ കനത്തപോരാട്ടമാണ് ഇക്കുറി നടന്നത്. കോണ്‍ഗ്രസിന്റെ അപചയം മാത്രമാണ് ഇവിടെ ബിജെപിക്ക് ഗുണമുണ്ടാകാനുള്ള ഏക ഘടകം.

ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെന്ന സംവിധാനത്തെയാകെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, കോടതിയുടെ നിരീക്ഷണങ്ങളും വാക്കാലുള്ള പരാമര്‍ശങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മദ്രാസ് ഹൈക്കോടതിയിലെ അപേക്ഷ. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ഘട്ടത്തില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം മരണങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന നിരീക്ഷണം മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനൊപ്പം തന്നെ സുപ്രീം കോടതി, അലഹബാദ്, കേരള, ബോംബെ, ഡല്‍ഹി ഹൈക്കോടതികളെല്ലാം കേന്ദ്ര സര്‍ക്കാരിനെതിരെയും ആവര്‍ത്തിച്ച് വിമര്‍ശനങ്ങളുന്നയിച്ചു. ഇവയെല്ലാം അന്തര്‍ദ്ദേശീയ തലത്തിലടക്കം വലിയ വാര്‍ത്തകളായി വന്നു. ഇതില്‍ കലിപൂണ്ടുകൊണ്ടാണ് കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് മദ്രാസ് ഹൈക്കോടതിയിലൂടെ മാധ്യമങ്ങളെ തളര്‍ത്താന്‍ മരുന്ന് തേടിയത്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കാനും അവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താതെ മെയ് രണ്ടിന് വോട്ട് എണ്ണേണ്ട എന്നുമാണ് മദ്രാസ് ഹൈക്കോടതി മറുപടി നല്‍കിയത്. ഓരോ പൗരന്റെയും അതിജീവനവും സംരക്ഷണവുമാണ് തെരഞ്ഞെടുപ്പിനേക്കാള്‍ വലുതെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുകയായിരുന്നു ഹൈക്കോടതി. ഇതുപക്ഷെ കേവലം തെരഞ്ഞെടുപ്പ് കമ്മിഷനുമാത്രമുള്ളതല്ല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള താക്കീതുകൂടിയാണ്.

എല്ലാംകൊണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെയാണ് കാലം. ഇന്ന് നടക്കുന്ന വോട്ടെണ്ണല്‍ കൂടി കഴിയുന്നതോടെ ലോക മാധ്യമങ്ങളടക്കം മോഡിക്കെതിരെ വീണ്ടും തിരിയും. അതിന്റെ ആക്കം കുറയ്ക്കാന്‍ അതിവേഗത്തിലുള്ള ഫലപ്രഖ്യാപനം വൈകിപ്പിക്കുന്നതാണ് ഉചിതം എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. മോഡിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങളാണിത്. അനുകൂലികള്‍ പാടിനടക്കുന്ന 56 ഇഞ്ചില്‍ വെറും വാഴപ്പിണ്ടിയാണെന്ന് തോന്നുംവിധത്തിലാണ് മോഡിയുടെ പേടി. നെഞ്ചൂക്കുണ്ടെങ്കില്‍ ഇലക്ഷന്‍ കമ്മിഷന്‍ മുതല്‍ കേന്ദ്ര സംവിധാനങ്ങളെയാകെ ജനങ്ങള്‍ക്കെതിരെ തിരിച്ചുവിടുമായിരുന്നില്ല. അറിയാനുള്ള അവകാശം പോലെ, വേഗത്തില്‍ അറിയാനുള്ള ജനങ്ങളുടെ ആകാംക്ഷയോടൊപ്പവും പ്രധാനമന്ത്രിയും കൂട്ടരും നിലകൊണ്ടേനെ.