Janayugom Online
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലമേല്‍ പ്രഭാകരന് അന്ത്യോപചാരം അർപ്പിക്കുന്നു

നിലമേല്‍ പ്രഭാകരന്‍: സമരമുഖങ്ങളില്‍ ജ്വലിച്ചുനിന്ന നേതാവ്

ജിഎസ് പ്രിജിലാല്‍

കടയ്ക്കല്‍

Posted on August 04, 2020, 9:14 pm

നിലമേല്‍ പ്രഭാകരന്‍ വിടവാങ്ങി. അസാമാന്യമായ ചങ്കുറപ്പുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശം നിറച്ച ജനനേതാവിനെയാണ് ഈ വിയോഗത്തിലൂടെ പാര്‍ട്ടിക്ക് നഷ്ടമായത്. കമ്പനിമുതലാളിമാരുടെ നിറതോക്കുകളും അവര്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടകളും ഒരു ഭാഗത്തും കൊടിയ പീഡനമുറകളും കള്ളക്കേസുകളുമായി പൊലീസ് മറുഭാഗത്തും നില്‍ക്കുമ്പോഴും നെഞ്ചുറപ്പ് മാത്രം കൈമുതലാക്കി കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ട്രേഡ്‌യൂണിയനും പാര്‍ട്ടിയും കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയ പ്രഭാകരന്‍ ചടയമംഗലത്തുകാരുടെ പ്രിയപ്പെട്ട ‘ആശാനാ‘യിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തയ്യല്‍ പഠനം നടത്തിയ അദ്ദേഹം കുറച്ചുകാലം തയ്യല്‍തൊഴിലാളിയായിരുന്നു. തുടര്‍ന്ന് തൊഴില്‍ അന്വേഷിച്ച് ബോംബെയിലെത്തി. എഐടിയുസിയില്‍ അംഗമാകുന്നതങ്ങനെയാണ്. യൂണിയന്‍ പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. 48ല്‍ നാട്ടില്‍ തിരിച്ചെത്തി. ചിറയിന്‍കീഴിലുള്ള ബന്ധുവിന്റെ സഹായത്തോടെ സോഡാ ഫാക്ടറി തുടങ്ങി. അതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനവും ആരംഭിച്ചു. ഫാക്ടറിയുടെ ആവശ്യത്തിനുവേണ്ടി കൊല്ലത്തും മറ്റും പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം പാര്‍ട്ടി നേതാക്കളുമായി രഹസ്യബന്ധം പുലര്‍ത്തി. കിഴക്കന്‍മേഖലകളില്‍ സൈക്കിളില്‍ സഞ്ചരിച്ച് സോഡാ വിതരണത്തോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനം സജീവമാക്കിയത്.

59ലെ വിമോചന സമരകാലത്ത് കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുധാകരനെതിരെ വര്‍ഗീയവാദികളുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നു. പിഎസ്‌പിയുമായി ചേര്‍ന്നുള്ള കൂട്ടുകക്ഷി ഭരണമായിരുന്നു. അവിശ്വാസ പ്രമേയം വോട്ടിനിടുന്ന ദിവസം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന തച്ചോണം ജനാര്‍ദ്ദനന്‍പിള്ളയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിലമേല്‍ പ്രഭാകരനെയും കടയ്ക്കല്‍ സുധാകരനെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. ഭരണസ്വാധീനത്തിന്റെ മറവില്‍ കോണ്‍ഗ്രസും പ്രമാണിമാരും രചിച്ച തിരക്കഥ പൊലീസ് നടപ്പാക്കുകയായിരുന്നു. നിരവധി പേരെ കള്ളക്കേസില്‍ പ്രതികളാക്കി. പട്ടംതാണുപിള്ള ചടയമംഗലത്ത് പ്രസംഗിക്കവെ ഈ വിഷയം പരാമര്‍ശിക്കുകയും പ്രഭാകരന്റെ പേരെടുത്ത് പറഞ്ഞ് പ്രതികരിക്കുകയും ചെയ്തു.

65ല്‍ കമ്പനിമല എസ്റ്റേറ്റില്‍ നടന്ന സമരം അദ്ദേഹത്തിന്റെ മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദൃഷ്ടാന്തമാണ്. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ദിവസക്കൂലിയായി ഒരു രൂപ 95 പൈസയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഒരു രൂപ 80 പൈസ മാത്രമേ മുതലാളി നല്‍കിയിരുന്നുള്ളു. 250 മുതല്‍ 300 വരെ മരം ടാപ്പ് ചെയ്യുന്ന തൊഴിലാളിക്കാണ് ഈ കൂലി നല്‍കുന്നത്. കുറവുള്ള 15 പൈസ കൂടി നല്‍കാതെ തൊഴില്‍ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് തൊഴിലാളികള്‍ സമരം ആരംഭിച്ചു. സമരം ചെയ്തവരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം തുടങ്ങി. സമരക്കാര്‍ക്ക് നേരെ എസ്റ്റേറ്റ് മുതലാളി തോക്ക് ചൂണ്ടി. നിറതോക്കിന് മുന്നില്‍ നിന്നുകൊണ്ട് ‘ധൈര്യമുണ്ടെങ്കില്‍ വെടിവെക്കടാ’ എന്ന് പറഞ്ഞ് പ്രഭാകരന്‍ ആക്രോശിച്ചു. മുതലാളിയുടെ തോക്ക് അദ്ദേഹത്തിന്റെ നെഞ്ചിനെ ലക്ഷ്യം വച്ചു. വെടി ഉതിര്‍ക്കാന്‍ തുനിഞ്ഞ മുതലാളിയെ ആശാന്‍ കീഴ്പ്പെടുത്തി. ലക്ഷ്യം തെറ്റിയ വെടിയുണ്ട അദ്ദേഹത്തിന്റെ ഇടത്തേ കവിള്‍ത്തടവും ചെവിയും തുളച്ച് കടന്നുപോയി. വെടിവെപ്പിന്റെ വാര്‍ത്ത പരന്നതോടെ തൊഴിലാളികള്‍ പ്രക്ഷുബ്ധരായി. എന്തും സംഭവിക്കാവുന്ന അവസ്ഥ. മുതലാളിയും അനുയായികളും മാളത്തിലൊളിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ പ്രഭാകരനുവേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായത് അഡ്വ. ജി ജനാര്‍ദ്ദനക്കുറുപ്പും ഇ ചന്ദ്രശേഖരന്‍നായരുമായിരുന്നു.

prabhakaran in party meeting

കല്ലട തണ്ണി, ആക്കല്‍, മേരിഫോര്‍ട്ട്, മുത്തൂറ്റ്, കനകമല, കമ്പനിമല എസ്റ്റേറ്റ് സമരങ്ങളില്‍ ധീരമായ പങ്ക് അദ്ദേഹത്തിന്റേതായിരുന്നു. 54ലെ ട്രാന്‍സ്പോര്‍ട്ട് സമരത്തിലും പങ്കാളിയായി. പാര്‍ട്ടിയുടെ കൊട്ടാരക്കര താലൂക്ക് സെക്രട്ടേറിയേറ്റ് അംഗം, ജില്ലാ കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചടയമംഗലം മണ്ഡലം കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയായിരുന്നു. വെളിയം ഭാര്‍ഗവന്‍, വെളിയം ദാമോദരന്‍, എന്‍ നാരായണനുണ്ണി, സിഎന്‍ രാഘവന്‍പിള്ള, കെആര്‍ രാഘവന്‍പിള്ള, കൊല്ലായില്‍ ചെല്ലപ്പന്‍, കുമ്മിള്‍ ശ്രീധരന്‍, ടി എം ഹനീഫ, തുടയന്നൂര്‍ ദാമോദരന്‍പിള്ള, കെ പി കരുണാകരന്‍, കോട്ടുക്കല്‍ ദിവാകരന്‍പിള്ള, ചെറുവക്കല്‍ കരുണാകരന്‍പിള്ള തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരായിരുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളി യൂണിയന്റെ സംഘാടകനായിരുന്ന അദ്ദേഹം എഐടിയുസി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.

എംഎന്‍ ഗോവിന്ദന്‍നായര്‍ ചടയമംഗലത്ത് മത്സരിച്ചപ്പോള്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി അദ്ദേഹമായിരുന്നു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി രാജേശ്വരറാവു കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതും പ്രഭാകരനെയായിരുന്നു.
ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്നു. നിലമേല്‍ കേന്ദ്രമാക്കി രൂപീകരിച്ച സൗഹാര്‍ദ്ദസമിതി ഗ്രന്ഥശാലയുടെ മുഖ്യസംഘാടകനായിരുന്നു അദ്ദേഹം. പിന്നീട് താലൂക്ക് ലൈബ്രറി യൂണിയന്‍ അംഗമായി. നിലമേല്‍ എന്‍എസ്എസ് കോളജ് രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

ഏത് പ്രതിസന്ധി ഘട്ടത്തിലും പതറാതെ പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തിരുന്ന അദ്ദേഹത്തെ വകവരുത്തുന്നതിന് എതിരാളികള്‍ എല്ലാ വഴികളും ഉപയോഗപ്പെടുത്തി. ചില പൊലീസുകാര്‍ മനഃപൂര്‍വ്വം അദ്ദേഹത്തെ ഉപദ്രവിക്കാനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. ഒരു സബ്ഇന്‍സ്പെക്ടര്‍ മനഃപൂര്‍വം അദ്ദേഹത്തിന്റെ മേല്‍ 13 കേസുകളെടുത്തു. അതിനെയെല്ലാം അദ്ദേഹം ചങ്കൂറ്റത്തോടെയാണ് നേരിട്ടത്. മൊത്ത് 97 കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്.
അദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിച്ച സഹകരണബാങ്കില്‍ ഭരണസമിതി അംഗമായതൊഴിച്ചാല്‍ ജനപ്രതിനിധിയാകാന്‍ ഒരിക്കലും ശ്രമിച്ചില്ല. പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട മാന്യതയും സത്യസന്ധതയും ത്യാഗസന്നദ്ധതയും ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ചു.

Sub:  Nil­amel Prab­hakaran was pow­er­ful leader, an arti­cle about Nil­amel Prab­hakaran

You may like this video also