September 26, 2022 Monday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

ഓസോൺ പാളി ഭൂമിക്കൊരു കുട

സുനിൽകുമാർ കരിച്ചേരി
September 16, 2020 5:58 am

സുനിൽകുമാർ കരിച്ചേരി

തികച്ചും വ്യത്യസ്ത സാഹചര്യത്തിലാണ് ഇത്തവണത്തെ ഓസോൺ സംരക്ഷണ ദിനമെത്തുന്നത്. ലോകമാകെ കോവിഡ് മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന ഇക്കാലത്തും പ്രാധാന്യമേറെയുള്ള ഒരു വിഷയമാണ് ഓസോൺ പാളിയുടെ സംരക്ഷണം. 1994ൽ യുഎൻ പൊതുസഭ ചേർന്നാണ് സെപ്റ്റംബർ 16 ലോക ഓസോൺ സംരക്ഷണ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ഓസോൺ സംരക്ഷണ ദിനാചരണം ഇരുപത്തിയാറാം വർഷത്തിലെത്തി നിൽക്കുമ്പോഴും ആശങ്കയുടെ കാർമേഘങ്ങൾ നമ്മെ വിട്ടൊഴിയുന്നില്ല. കാലാവസ്ഥ വ്യതിയാനം നമ്മുടെ നാടിനെ ഉൾപ്പെടെ ഗ്രസിച്ചിരിക്കുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.

ആസുരമായ വർത്തമാനകാലത്ത് ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോൾ ആർത്തി മൂത്ത മനുഷ്യനെ നിലക്ക് നിർത്താൻ പ്രകൃതി ദുരന്തങ്ങളും മഹാമാരികളും പൊട്ടി പുറപ്പെടുന്നു. ഓരോ വർഷവും ആയിരക്കണക്കിന് പ്രകൃതി ദുരന്തങ്ങളാണ് ലോകത്താകെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൂനിൻമേൽ കുരു എന്ന വിധം ഇപ്രാവിശ്യം കോവിഡ് 19 ഒരു വലിയ വെല്ലുവിളിയായി തുടർന്നുകൊണ്ടിരിക്കുന്നു. ലോകത്താകെ മൂന്ന് കോടിയോടടുത്ത് ആളുകൾ ഇതിനകം ഈ രോഗത്തിന് വിധേയമായി കഴിഞ്ഞു. പത്ത് ലക്ഷത്തിനോടടുത്ത് ആളുകൾക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. അമേരിക്ക കഴിഞ്ഞാൽ കൂടുതൽ പേർക്ക് രോഗം ബാധിച്ച രാജ്യമായി നാം മാറുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. 50 ലക്ഷത്തിനോടുത്ത് രോഗികൾ ഉണ്ടായതിൽ 10 ലക്ഷത്തോളം പേർക്ക് ഇനിയും രോഗമുക്തി ആയിട്ടില്ല. മരണം എൺപതിനായിരത്തിന് അടുത്തെത്തിയിരിക്കുന്നു. കേരളത്തിൽ മരണനിരക്ക് തുലോം കുറവാണെങ്കിലും രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. ഒരു കുഞ്ഞൻ വൈറസ് ലോകത്തെയാകെ വിറപ്പിക്കുമ്പോൾ മറുമരുന്ന് കണ്ടുപിടിക്കാൻ ഇനിയുമായിട്ടില്ല. ഇതിനിടയിലും ഭൂമി മാതാവിന്റെ മാറ് പിളർന്ന് ചോരയും നീരും ഊറ്റി കുടിച്ചും, മണ്ണും വിണ്ണും കടലും കായലും കുന്നും പുഴയും വില്പന ചരക്കാക്കിയും ആസ്തി വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ തന്നെയാണ് മനുഷ്യകുലം.

ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനയ്ക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകൾ വലിയ തോതിൽ ഭീഷണിയുയർത്തുന്നു. അന്തരീക്ഷമില്ലാത്ത ഭൂമി സങ്കൽപ്പങ്ങൾക്കുമപ്പുറം ഭീതിയുണർത്തുന്നതാണ്. നൈട്രജൻ, ഓക്സിജൻ, ആർഗൺ, കാർബൺഡയോക്സൈഡ്, ഹീലിയം, ക്രിപ്റ്റോൺ, ഹൈഡ്രജൻ, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങി ഒട്ടനവധി വാതകങ്ങളുടെ കലവറയാണ് നമ്മുടെ അന്തരീക്ഷം. 78 ശതമാനം നൈട്രജനും, 21 ശതമാനം ഓക്സിജനും, ബാക്കി ഒരു ശതമാനം മേൽ പറഞ്ഞ നിരവധി വാതകങ്ങളുമാണ്.

ഭൗമാന്തരീക്ഷത്തെ പ്രധാനമായും നാലു പാളികളായി തരം തിരിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ശരാശരി 12 കിലോ മീറ്റര്‍ വരെയുള്ള ഭാഗത്തെ ട്രോപ്പോസ്ഫിയർ എന്നും, 12 കിലോമീറ്റര്‍ മുതൽ 50 കിലോമീറ്റര്‍ വരെയുള്ള ഭാഗം സ്ട്രാറ്റോസ്ഫിയർ എന്നും, 50 കിലോമീറ്റര്‍ മുതൽ 80 കിലോമീറ്റര്‍ വരെ വ്യാപിച്ചുകിടക്കുന്ന പാളിയെ മീസോസ്ഫിയർ എന്നും അതിനും മുകളിലോട്ട് വ്യാപിച്ചുകിടക്കുന്ന ഭാഗം പൊതുവിൽ തെർമ്മോസ്ഫിയർ എന്നും അറിയപ്പെടുന്നു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് അനുകൂല സ്ഥിതി ഉണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നത് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോൺ വാതകമാണ്. ഉദ്ദേശം 25 കിലോമീറ്റര്‍ മുതൽ 40 കിലോമീറ്റര്‍ വരെയുള്ള ഈ ഭാഗം ‘ഓസോണോ സ്ഫിയർ’ എന്ന പേരിൽ അറിയപ്പെടുന്നു. ഉദ്ദേശം 3.2 നാനോമീറ്റർ മാത്രം കനമുളള, രൂക്ഷഗന്ധമുള്ള, മങ്ങിയ നീല നിറത്തിലുളള, മനുഷ്യന് നേരിട്ട് ശ്വസിക്കാൻ അനുയോജ്യമല്ലാത്ത ഓസോൺ വാതകം 0.001 ശതമാനം മാത്രമാണ് അന്തരീക്ഷത്തിലുളളത്. മണക്കാനുള്ളത് എന്നർത്ഥം വരുന്ന ഓസീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓസോൺ എന്ന പദത്തിന്റെ ഉത്ഭവം. ഈ നേർത്ത വാതക പാളിയാണ് അന്തരീക്ഷ പടലത്തിൽ ഒരു രക്ഷാകവചം പോലെ ചുറ്റി നിന്ന് സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് ഉൾപ്പെടെയുളള വിഷരശ്മികളെ അരിച്ചു മാറ്റി മനുഷ്യനേയും, മറ്റു ജീവജാലങ്ങളേയും സംരക്ഷിച്ചു നിർത്തുന്നത്. ഈ രക്ഷാകവചത്തിന് ശോഷണം സംഭവിക്കുന്നതായി നാലര പതിറ്റാണ്ട് മുമ്പ് തന്നെ ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്നു. 1974ൽ മാരിയോ ജെ മോളിനോ, ഫ്രാങ്ക് ഷെർവുഡ് റോളണ്ട് എന്നിവരാണ് പോൾ ജെ ക്രൂഡ്സന്റെ ചില ഗവേഷണങ്ങളുടെ പിന്തുടർച്ചയെന്നോണം ഓസോണിൽ വിടവ് രൂപപ്പെടുന്നതായി ആദ്യമായി കണ്ടുപിടിച്ചത്.

2000 ത്തിന് ശേഷം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടേയും, ബലൂൺ നിരീക്ഷണങ്ങളിലൂടേയും നടന്ന അന്തരീക്ഷ പഠനങ്ങൾ വെളിപ്പെടുത്തിയത് ഓസോൺ നശീകരണ പദാർത്ഥങ്ങളുടെ അമിത സാന്നിധ്യം മൂലം ഓസോൺ കുടയിൽ ചില പ്രത്യേക സമയങ്ങളിൽ,ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വലിയ വിളളലുകൾ ഉണ്ടാകുന്നു എന്നാണ്. അന്റാർട്ടിക്കയ്ക്ക് മുകളിൽ ധ്രുവനീർച്ചുഴി എന്ന വൃത്താകൃതിയിലുളള ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി പോളാർ സ്ട്രാറ്റോസ്ഫിയറിക് മേഘങ്ങൾ ഉണ്ടാകാൻ കാരണമാകുകയും വസന്തകാലത്തിന്റെ വരവോടെ അന്തരീക്ഷത്തിലെ ക്ലോറോ ഫ്ലൂറോ കാർബൺ (സിഎഫ്‌സി) അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിനും ബ്രോമിനുമൊക്കെയായി വിഘടിക്കുകയും ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിൻ ഓസോൺ പാളിയെ ആക്രമിച്ച് ഓസോൺ ശോഷണത്തിന് ഇടയാക്കുകയും ചെയ്യുന്നു. 2006 സെപ്റ്റംബറിൽ 29.5 ദശലക്ഷം വിസ്തൃതിയിൽ (ഏകദേശം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തേക്കാൾ വലുത്) ഓസോൺ തുള ഉണ്ടായത് ലോക മനഃസാക്ഷിയെ തന്നെ ഞെട്ടിക്കുകയുണ്ടായി. ഓസോൺ ശോഷണം പരിധിവിട്ട് തുടർന്നുപോയാൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന സ്ഥിതി വന്നപ്പോഴാണ് കൂടുതൽ നിയന്ത്രണങ്ങൾ പാലിച്ചു തുടങ്ങിയത്. ഭൂമിയെ ചാരമാക്കി മാറ്റാൻ കെൽപ്പുളള അൾട്രാവയലറ്റ് ഉൾപ്പെടെയുളള വിഷ രശ്മികൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

മനുഷ്യനിൽ മാരകങ്ങളായ രോഗങ്ങളാണ് അൾട്രാവയലറ്റ് രശ്മികളുടെ വർധനമൂലം ഉണ്ടാവുക. നേത്രരോഗങ്ങൾ, വിവിധ തരം ത്വക് രോഗങ്ങൾ, കാൻസർ, ജനിതകരോഗങ്ങൾ, അലർജികൾ എന്നിവയും കാലാവസ്ഥ വ്യതിയാനം മൂലം സാംക്രമിക രോഗങ്ങളും വർധിക്കും. ഡെങ്കിപ്പനി, എലിപ്പനി, ജപ്പാൻ ജ്വരം, മലമ്പനി തുടങ്ങിയ രോഗങ്ങൾ വ്യാപകമാവും. പുത്തൻ മഹാമാരികൾക്ക് പിന്നിലും ഒരുപക്ഷേ കാലാവസ്ഥ വ്യതിയാനമാവാം. പ്രകാശസംശ്ലേഷണം, പുഷ്പിക്കൽ, പരാഗണം എന്നിവയെ ബാധിക്കുന്നതിനാൽ ചെടികളുടെ സർവ്വനാശത്തിന് കാരണമാകും. മുഖ്യ ഭക്ഷ്യവിളകളായ ഗോതമ്പ്, നെല്ല്, ചോളം എന്നിവയെ വലിയ തോതിൽ ബാധിക്കുന്നതിനാൽ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തും. ഒരു ശതമാനം അൾട്രാവയലറ്റിന്റെ വർധനവ് ഭക്ഷ്യോല്പാദനത്തിൽ 10 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അനന്തരഫലം ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും സംഘർഷങ്ങളുമായിരിക്കും. ആഗോളതാപനംമൂലം മഞ്ഞുമലകൾ ഉരുകാനും സമുദ്രജലവിതാനം കുത്തനെ ഉയർന്ന് താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങാനും കാലമേറെ വേണ്ടി വരില്ല. സമുദ്രതാപനം വർധിക്കുന്നതുമൂലം സമുദ്രോപരിതലത്തിലെ ചെറുസസ്യങ്ങളും ജീവികളും നശിക്കുകയും ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുമെന്നതിനാൽ മത്സ്യ ഉല്പാദനം ഗണ്യമായി കുറയും. ഇങ്ങനെ നാനാവിധത്തിൽ അൾട്രാവയലറ്റ് വിഷരശ്മികൾ ഭൂമിയെ നാശോന്മുഖമാക്കും.

ലോകജനതയുടെ 10 ശതമാനത്തിൽ താഴെ വരുന്ന അതിസമ്പന്നരുടെ അത്യാഢംബര ജീവിതരീതികൾ കൂടിയാണ് ഓസോൺ ശോഷണത്തിന് കാരണം. ക്ലോറോ ഫ്ളൂറോ കാർബൺ പുറന്തളളുന്ന ഉപകരണങ്ങളിൽ 90 ശതമാനവും ഉപയോഗിക്കുന്നത് വികസിത രാഷ്ട്രമായ അമേരിക്കയും മറ്റ് പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുമാണ്. ഓസോൺശോഷണം തിരിച്ചറിഞ്ഞ് 1987 സെപ്റ്റംബര്‍ 16ന് ലോക രാഷ്ട്രത്തലവൻമാർ കാനഡയിലെ മോൺട്രിയലിൽ ഒത്തുചേർന്ന് ഓസോൺ പാളിയുടെ സംരക്ഷണത്തിനായി ഒരു ഉടമ്പടി ഒപ്പുവെച്ചു. ഇതിനകം ഇന്ത്യ ഉൾപ്പെടെ 203 ലോക രാഷ്ട്രങ്ങൾ ഈ ഉടമ്പടിയുടെ ഭാഗമായി കഴിഞ്ഞു. ഈ ഉടമ്പടിയുടെ ഓർമ്മ നിലനിർത്താൻ 1994 മുതൽ സെപ്റ്റംബര്‍ 16 ഓസോൺ സംരക്ഷണ ദിനമായി ആചരിച്ചു തുടങ്ങി. 1997 ൽ ജപ്പാനിലെ ക്യോട്ടോവിൽ വെച്ച് നടന്ന ലോകശാസ്ത്ര കൂടിചേരലിന്റെ തീരുമാനപ്രകാരം കാർബൺഡയോക്സൈഡ് ഉൾപ്പെടെയുളള ഹരിതഗൃഹ വാതകങ്ങളുടെ ഉല്പാദനം കുറയ്ക്കാൻ 149 രാജ്യങ്ങൾക്ക് യുഎൻ ലക്ഷ്യം നിശ്ചയിച്ചു നൽകി. മിക്ക രാജ്യങ്ങളും ഇത് മുഖവിലക്കെടുത്ത് പ്രവർത്തിച്ചതിന്റെ ഫലമായി ക്ലോറോ ഫ്ലൂറോ കാർബൺ ഉൾപ്പെടെയുളള ഹരിതഗൃഹ വാതകങ്ങൾ പുറന്തളളുന്നതിന്റെ തോത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഓസോൺ തുളകൾ ചെറുതായി വരുന്നു എന്ന ശുഭവാർത്തയാണ് അന്തിമപഠനങ്ങൾ നൽകുന്നത്. ‘വീണ്ടെ­ടുപ്പിന്റെ 32 വർഷങ്ങൾ’ എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ സന്ദേശമെങ്കിൽ ഈ വർഷത്തെ ഓസോൺ ദിന സന്ദേശം ‘ജീവന് വേണ്ടി ഓസോൺ- ഓസോൺപാളി സംരക്ഷണത്തിന്റെ 35 വർഷങ്ങൾ’ എന്നതാണ്. വിയന്ന, മോൺട്രിയൽ ക്യോട്ടോ ഉടമ്പടി തീരുമാനങ്ങളുടെ ഗുണഫലങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ ഈ സന്ദേശങ്ങൾ നമുക്ക് നൽകുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി വാതോരാതെ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും ആധുനിക ആഢംബരങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ലാത്തവരാണ്. എനിക്ക് എല്ലാ സൗകര്യങ്ങളും വേണം മറ്റുളളവർ ഇതൊക്കെ ത്യജിച്ച് നാട് നന്നാവട്ടെ എന്ന സ്വാർത്ഥ ചിന്ത നല്ലതിനല്ല. സ്വന്തം കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് ആർത്തി മൂത്ത മനുഷ്യൻ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ചരിത്രത്തിൽ ഇല്ലാത്ത വിധമുളള ദുരന്തങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രകൃതിയിൽ മനുഷ്യൻ നടത്തിയ കടന്നാക്രമണങ്ങളെ പ്രകൃതി തന്നെ ചില വികൃതികളിലൂടെ വീണ്ടെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

മഹാൻമാരായ കാറൽ മാർക്സും, മഹാത്മഗാന്ധിയും പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച് നൽകിയ സന്ദേശങ്ങൾ മുഖവിലക്കെടുത്ത്, മാധവ് ഗാഡ്ഗിൽ ഉൾപ്പെടെയുളള പരിസ്ഥിതി ശാസ്ത്രജ്ഞരുടെ അഭിപ്രായം കൂടി മാനിച്ചുള്ള തികച്ചും ശാസ്ത്രീയ അടിത്തറയുളള, പരിസ്ഥിതി സൗഹൃദമായ വികസന പ്രവർത്തനങ്ങൾ ലോകത്താകെ ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കൽപ്പവും ജീവിതരീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓസോൺപാളിയെയും ഭൂമിയെയും സംരക്ഷിച്ച് നമ്മളെത്തന്നെ സംരക്ഷിക്കുന്ന പ്രക്രിയയിൽ സ്വമനസാലെ പങ്കുചേരാൻ എല്ലാവരും തയ്യാറാവുമെന്നും ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളെ ഉണ്ടാവുമെന്നും നമുക്ക് പ്രത്യാശിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.