December 6, 2022 Tuesday

ചിരിയുടെ തമ്പുരാന്‍ നര്‍മ്മങ്ങള്‍ വാരി വിതറി ഓര്‍മ്മയായി

Janayugom Webdesk
May 5, 2021 1:10 pm

‘ഞാൻ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു. എങ്കിലും യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടുപേർക്കും സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല.’

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത പറഞ്ഞതാണ്. ഏത്ര വലിയ ദുഖവുമായി ആര് അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നാലും അവരില്‍ തിരികെ വരുമ്പോള്‍ വലിയ സന്തോഷവാന്‍ ആയിരിക്കും. ദുഖിക്കുന്ന മനസുകള്‍ക്ക് സാന്ത്വനമേകാന്‍ കഴിയുന്ന വിലിയ ഇടയനായിരുന്നു മര്‍ത്തോമ്മസഭയുടെ വലിയ മെത്രോപ്പോലീത്തയായ ഡോ. മാര്‍ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 

എത്ര ഗൗരവമുള്ള വിഷയത്തെയും ചിരിയിൽ ലയിപ്പിച്ചാണ് ക്രിസോസ്റ്റം തിരുമേനി അവതരിപ്പിക്കുക. ജനിച്ചുവളർന്ന മണ്ണിൽ മാർത്തോമ്മാസഭ പണികഴിപ്പിച്ചുകൊടുത്ത വസതിയിൽ പൂക്കളോടും കിളികളോടും പരിചാരകരോടും സന്ദർശകരോടുമൊക്കെ സ്നേഹംപങ്കിട്ട് നൂറു വയസുകഴിഞ്ഞ ഈ വലിയ മനുഷ്യന്റെ മുന്നിൽ നിൽക്കുമ്പോൾ നാം നമ്മുടെ ചെറുപ്പത്തെ അറിയും. എല്ലാവർക്കും എപ്പോഴും പ്രിയപ്പെട്ടവനായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്ത വേദികൾക്കെന്നും പ്രിയപ്പെട്ടവനായിരുന്നു. പ്രഭാഷണത്തെ പ്രസാദമാർന്ന സർഗാത്മക കർമമായി ആവിഷ്കരിച്ചിരുന്ന അദ്ദേഹം പ്രസംഗവേദികളിൽ ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്ഫോടനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 

മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു മാര്‍ക്രിസോസ്റ്റം തിരുമേനി. ദിവസം ഏഴു വേദികളിൽ വരെ പ്രധാന പ്രസംഗകന്റെ റോളിൽ തിളങ്ങിയിരുന്ന അദ്ദേഹം ഉദ്ഘാടകനായും അധ്യക്ഷനായും മുഖ്യപ്രഭാഷകനായും അനുഗ്രഹപ്രഭാഷകനായും വാക്കുകൾകൊണ്ട് കേൾവിക്കാരുടെ ഹൃദയം കവർന്നു. പങ്കെടുക്കുന്നവർ പത്തായാലും പതിനായിരമായാലും വേദികൾ മാർ ക്രിസോസ്റ്റത്തിന് ഒരുപോലെയാണ്. മെത്രാപ്പോലീത്തയുടെ കുർബ്ബാനയും പ്രാർത്ഥനകളും തിരുമേനിയുടെ പ്രസംഗങ്ങൾപോലെതന്നെ ആകർഷകമായിരുന്നു. നർമ്മകഥകൾകൊണ്ട് പ്രസംഗങ്ങൾ അദ്ദേഹം ആസ്വാദ്യകരമാക്കി. 

ശ്രോതാക്കളുമായി അയത്‌നലളിതമായിട്ടാണ് തിരുമേനി സംവദിച്ചത്. ചുറ്റുപാടുകളിൽനിന്ന് അപ്പപ്പോൾ എടുക്കുന്നവയായിരുന്നു തിരുമേനിയുടെ നർമ്മം. തന്റെ പ്രഭാഷണങ്ങളുടെ മർമ്മവും തിരുമേനിയുടെ ഈ നർമ്മംതന്നെയായിരുന്നുവെന്ന് തോന്നുന്നു. ആരെയും ഒട്ടും മുറിപ്പെടുത്താതെതന്നെ കാര്യങ്ങൾ പറയാൻ കഴിഞ്ഞ തിരുമേനിക്ക് ആരുടെ മുന്നിലും അപ്രിയ സത്യങ്ങൾ പറയാനും മടിയുണ്ടായിരുന്നില്ല.പലദിവസവും ശരാശരി 400 കിലോമീറ്റർ യാത്ര ചെയ്യാറുണ്ടെന്ന് തിരുമേനിയെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു. അചഞ്ചലമായ ദൈവവിശ്വാസമുണ്ടെങ്കിൽ ഏതു മഹാമാരിയെയും അതിജീവിക്കാമെന്ന വിശ്വാസ പാഠം ലോകത്തിനു പകർന്നാണ് മാർ ക്രിസോസ്റ്റം യാത്രയാകുന്നത്. നർമത്തിന്റെ നറുനിലാവിൽ നാടിനെ അഭിഷേകം ചെയ്ത ധർമത്തിന്റെ ബിഷപ് ഓർമയാകുന്നത്മഹാമാരിയുടെ കാറ്റിനെ ചെറുത്തുതോൽപ്പിച്ചാണ് ആ ജീവിതം ലക്ഷ്യത്തിലേക്കുള്ള മോക്ഷയാത്രയിൽ മുന്നേറിയത്.

ആ ദൈവീക ജീവിതത്തെ തൊടാതെ അകന്നു വഴിമാറാനുള്ള ഔചിത്യം കാട്ടി മഹാമാരിയും മൂന്നടി മാറി നടന്നു. മൂന്നു മഹാപ്രളയം കണ്ട് ഒടുവിൽ മഹാമാരിയെയും അതിജീവിച്ച് 19, 20 നൂറ്റാണ്ടുകളെ ധന്യമാക്കി യാത്രയുടെ പുസ്തകം സുബോധത്തോടെ ദൈവകരങ്ങളിലേക്ക് തിരികെ ഏൽപ്പിച്ചാണ് ആ ജീവിതത്തിനു തിരശീല വീഴുന്നത്. ഷഷ്ടി പൂർത്തിയും സപ്തതിയും നവതിയും ശതാബ്ദിയും പിന്നെ ആയിരം പൂർണചന്ദ്രന്മാരെ കാണാനും കഴിഞ്ഞ ചരിത്രത്തിലെ അപൂർവ മേലധ്യക്ഷന്മാരിൽ ഒരാളായ മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത വിടപറയുമ്പോൾ ഒരു കാലഘട്ടത്തിനു തിരശീലയാണ് വീഴുന്നത് ധർമവും നർമവും കോർത്തിണക്കിയ ധർമിഷ്ഠനെന്ന സുവർണനാവുകാരൻ വിടപറയുമ്പോൾ 103 വയസ്സും 16 ദിവസവും പിന്നിട്ടിരുന്നു. 

ലോകമെങ്ങും കോവിഡ് രണ്ടാം തരംഗമുയർത്തി ഭീതി ഉയര്‍ത്തുന്ന കാലത്താണ് അദ്ദേഹം വിടപറയുന്നത് എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018‑ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ കേഴ്വിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്. മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെഇ ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27‑ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം. 1999 ഒക്ടോബര്‍ 23‑ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28‑ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തില്‍ കഴിയുകയായിരുന്നു. അജപാലനം എന്തായിരുന്നു എന്നു നമുക്ക് കാട്ടി തന്ന വലിയ ഇടയനെയാണ് നഷ്ടമായിരുന്നത്.ഒപ്പം നര്‍മ്മത്തിന്റെ ചക്രവര്‍ത്തിയേയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.