പി കെ ഗോപി

February 26, 2021, 4:59 am

വെളിവിനാല്‍ തീപ്പൊരികള്‍ അലിവിനാല്‍ കുളിര്‍ജലം

Janayugom Online

ലയാള കാവ്യപൈതൃകത്തിന് അടിവേരോളം മധുരം പകര്‍ന്ന ഒരു ധന്യമനസുകൂടി വിടപറഞ്ഞു. ഉള്ളുലയാത്ത ഗുരുത്വത്തിന്റെ പ്രസാദാത്മകതയാണ് ഓരോ വാക്കിലും കവി പകര്‍ന്നുതന്നത്. കലുഷമായ അവിശ്വസ്തതയില്‍ ഒരു നിമിഷംപോലും അദ്ദേഹം സന്ദേഹിച്ചു നടന്നില്ല. പൂജാരിയെന്നോ, പ്രൊഫസറെന്നോ, ഗ്രന്ഥകാരനെന്നോ, കവിയെന്നോ സ്വയം വേര്‍തിരിച്ച് വ്യക്തിത്വത്തെ ശിഥിലമാക്കാന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി തയ്യാറായില്ല. ‘അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍ / അവനിയിലാദിമമായൊരാത്മരൂപം’ എന്ന ശ്രീനാരായണഗുരുവിന്റെ കവിതയാണ് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഓര്‍മ്മിച്ചിരുന്നത്. ഓം എന്ന നാദത്തില്‍ പിറന്ന നളിനം പോലെ ആ കാവ്യവചസുകള്‍ ഭാരതീയ സംസ്കൃതിയുടെ ഹിമശൈലങ്ങളെ തഴുകി താഴ്‌വരയിലേയ്ക്കൊഴുകി. മാനുഷികതയുടെ നിര്‍വചനത്തില്‍ എന്തെല്ലാം സുദര്‍ശനങ്ങളുണ്ടോ, അവയെല്ലാം അദ്ദേഹത്തിന്റെ തൂലികയില്‍ വിളയാടി. ഏച്ചുകെട്ടിയ ആശയങ്ങളൊ, കടംകൊണ്ട സിദ്ധാന്തമോ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഭ്രമിപ്പിച്ചില്ല. വിപ്ലവകാരി എന്നു പേരെടുക്കാന്‍ വ്യാജ വര്‍ത്തമാനങ്ങള്‍ക്ക് തീ കൊടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞില്ല. ഋഷിത്വത്തിന്റെ ഉപാസകനായി ഭാഷയുടെ പവിത്രമായ ഹൃദയമുഖം തേടി എപ്പോഴും ഉള്‍വലിഞ്ഞു നടന്നു. അറിവിന്റെ മഹത്വം എങ്ങനെ സ്വയം പ്രകാശിക്കുന്നുവെന്ന് വിനയപൂര്‍വം തെളിയിച്ച ആ ജീവിതത്തെ എണ്ണമറ്റ ശിഷ്യസമൂഹം എപ്പോഴും ആദരിച്ചു.

“താനൊരുക്കും ചെറിയ സംതൃപ്തിയും

നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍

പാരിനേകും മംഗളാശംസയും.…”

മാത്രമായിരുന്നു എന്നും ശ്രേഷ്ഠകവിയുടെ തൂലികയില്‍ തുളുമ്പിയത്. അഹന്ത സ്പര്‍ശിക്കാത്ത നിറകുടം പോലെ കവിഞ്ഞൊഴുകാത്ത വിജ്ഞാനത്തിന്റെ വിപുലമായ അമൂല്യനിധി അദ്ദേഹം സ്വന്തമാക്കി കരുതിവച്ചു.

‘ഭഗവന്‍ ! നേരിലേക്കുള്ള

വഴിമാത്രമറിഞ്ഞു ഞാന്‍

ഞാന്‍ തന്നെ വഴി, ഞാന്‍തന്നെ

പാന്ഥന്‍, ഞാന്‍ തന്നെ യാത്രയും!’

ആത്മബോധത്തിന്റെ ഇത്തരം പ്രകീര്‍ത്തനങ്ങളില്‍ ശുദ്ധിചെയ്തെടുത്ത കവിതയെ തൊടാന്‍ പോലും വായനക്കാരന്‍ കൈകഴുകേണ്ടതുണ്ട്. ‘അറിവില്‍ കവിഞ്ഞൊരു സൂര്യനില്ല/അവനവനിലില്ലാത്ത ദൈവമില്ല!’ എന്ന് നിശ്ചയിക്കാന്‍ ദൃഢചിത്തനായ ഒരാള്‍ക്കേ കഴിയൂ. ‘അന്തഃകരണ പുഷ്പത്താല്‍ മാത്രം അര്‍ച്ചന’ ചെയ്തു ശീലിച്ച ഒരാള്‍ക്ക് കച്ചവടപ്പൂക്കളോട് പ്രതിപത്തി തോന്നാനിടയില്ലല്ലോ. ‘എന്‍ കൈക്കുടന്നയില്‍ നിനക്ക് തരുവാനുള്ളതെന്‍ മെയ്ച്ചൂടു മാത്രം’ എന്ന് അപരനോട് പറയാനാവുകയാണ് എളിമയാര്‍ന്ന സത്യസന്ധത. കാളിദാസന്‍ മുതല്‍ കവിതയുടെ എത്രയെത്ര അത്യുന്നത ഭാവനകളെ ഊട്ടിവളര്‍ത്തിയ പാരമ്പര്യത്തെ മാനിക്കാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നു. സാത്വികഭാവത്തിന്റെ അലൗകികമായ ഒരു മന്ദഹാസം മറ്റുള്ളവര്‍ക്ക് പകര്‍ന്നിരുന്നു. സപ്തതീര്‍ത്ഥവുമായി വന്നുനിരക്കുന്ന മേഘബിംബങ്ങളെ വ്രതംനോറ്റ് പെയ്യിച്ച ആ സൗ­മ്യശീലന്റെ സാന്നിധ്യം ഇനിയില്ലല്ലൊ എ­ന്നറിയുന്നത് വല്ലാത്തൊരു ശൂന്യത സൃഷ്ടിക്കുന്നു. ‘ഉജ്ജയിനിയിലെ രാപ്പകലുകള്‍’ മാത്രം വായിച്ചാല്‍ മതി, കാവ്യസംസ്കൃതിയുടെ സാഗരം എത്ര ആഴമേറിയതായിരുന്നുവെന്ന് ആര്‍ക്കും ബോധ്യപ്പെടാന്‍. 1939 ല്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ജനിച്ച കവി, ഇംഗ്ലീഷ് ഭാഷാധ്യാപകനായി നിരവധി കലാശാലകളില്‍ ജോലി ചെയ്തു. നിലാവ് പോലെ സൗമ്യശീതളഛായ പകര്‍ന്നു നടന്ന വഴികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ സാധ്യതകളെല്ലാം വിനിയോഗിച്ച് മാതൃഭാഷയുടെ പച്ചപ്പിനെ പുല്‍കി, കാവ്യസാധനയുടെ ആശ്രമഭാവം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് പ്രത്യേകത.

‘ഇതാ വെളിവിനാല്‍ തീപ്പൊരികള്‍

അലിവിനാല്‍ കുളിര്‍ജലം

പ്രാണനാല്‍ കാറ്റ്, ഉയിര്‍ക്കൊള്‍ക!’

വാക്കുകളാല്‍ ബാഷ്പാഞ്ജലിയര്‍പ്പിച്ച് വിട എന്നു പറയാനല്ലാതെ മറ്റെന്താണ് ചെയ്യാനാവുക!.