അഡ്വ. പി സന്തോഷ് കുമാർ

July 09, 2021, 5:59 am

നൈതികരാഷ്ട്രീയത്തിന്റെ പ്രസക്തിയും ക്രിമിനൽവൽക്കരണവും

Janayugom Online

2018 സെപ്റ്റംബറിൽ, Pub­lic Inter­est Foun­da­tion (Pub­lic lnter­est Foun­da­tion Vs. Union of India, സെപ്തംബർ 25, 2018- ദീപക് മിശ്ര, ആർ എസ് നരിമാൻ, എ എം ഖാൻ വിൽക്കർ, ഡി വൈ ചന്ദ്രചൂഡ്) എന്ന സംഘടന നൽകിയ കേസിൽ സുപ്രീം കോടതി ശ്രദ്ധേയമായ ഒരു വിധി പ്രഖ്യാപിക്കുകയുണ്ടായി. അസാധാരണമാം വിധത്തിൽ വർധിച്ചുവരുന്ന രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന് എതിരെ അടിയന്തര നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട പരമോന്നത കോടതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വോട്ടർമാർക്ക് കൃത്യമായി അറിയേണ്ടത് ജനാധിപത്യത്തിന്റെ ധാർമികതലം നിലനിർത്താൻ അനിവാര്യമാണെന്ന് ദീർഘമായ വിധിന്യായത്തിൽ ഗൗരവത്തോടെ പരാമർശിക്കുകയുണ്ടായി. കൊലപാതകം, കള്ളക്കടത്ത്, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ രാഷ്ട്രീയപാർട്ടികൾ എല്ലാ അധികാരതലങ്ങളിൽ നിന്നും അകറ്റിനിർത്തണമെന്നു മാത്രമല്ല, ക്രിമിനൽവൽക്കരണം ഒരു പകർച്ചവ്യാധിയായി കണ്ടുകൊണ്ടു, അടിത്തറ മുതൽ മേൽത്തട്ട് വരെ വലിയ ശുദ്ധീകരണ പ്രക്രിയ‑ക്ലെൻസിങ്- തന്നെ ഓരോ രാഷ്ട്രീയപാർട്ടിയും നടത്തേണ്ടതാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ വിധിന്യായം ഏറെയൊന്നും ചർച്ചചെയ്യപ്പെട്ടില്ലെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ സുതാര്യമായും അഴിമതിരഹിതവുമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ സിപിഐ ഗൗരവമായി കാണുന്നുണ്ട്.

വാസ്തവത്തിൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്രിമിനൽ സിന്‍ഡിക്കേറ്റുകളെക്കുറിച്ചുള്ള സുവ്യക്തവും ശക്തവുമായ ആദ്യ പരാമർശം ഉണ്ടായത് 1993ൽ എൻ എൻ വോറ കമ്മിറ്റിയിലൂടെയാണ്. ഉന്നത നേതാക്കളുടെയും ബ്യൂറോക്രാറ്റുകളുടെയും സജീവ പിന്തുണയോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ക്രിമിനൽ സാമ്രാജ്യത്തിന്റെ നാൾവഴികൾ രേഖപ്പെടുത്തിയ വോറ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് ഒരിക്കലും പാർലമെന്റിൽ സമർപ്പിച്ചിട്ടില്ല. എങ്കിലും നിയമവാഴ്ചയും ജനാധിപത്യഭരണത്തിന്റെ നൈതികമായ ലെജിറ്റിമസിയും ഇല്ലാതാക്കി, ഇത്തിൾക്കണ്ണികളെപ്പോലെ പടർന്നുകയറിയ ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അന്നു തന്നെ വോറ കമ്മിറ്റി പ്രവചിച്ചിരുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെയധികം വ്യാപകമായ ഈ രീതി കേരളത്തിന് പൊതുവേ അന്യമായിരുന്നു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം അടുത്തകാലം വരെ ഇത്തരം ക്രിമിനൽ സംഘങ്ങളിൽ നിന്നും അകന്നുമാറി വ്യത്യസ്തമായ ഒരു തനതു പ്രതിരോധം എക്കാലവും നിലനിർത്തിയിരുന്നു. സാമൂഹ്യപരിണാമത്തിന്റെയും കർഷകസമരങ്ങളുടെയും തൊഴിലാളി പ്രക്ഷോഭങ്ങളുടെയും ദേശീയപ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ സാമൂഹ്യപ്രസ്ഥാനങ്ങളുടെയും, ഒക്കെ സുദീർഘചരിത്രം അതിനു പിന്നിലുണ്ട്. ചുരുക്കത്തിൽ നവോത്ഥാനന്തരകാലത്തെ കമ്മ്യുണിസ്റ്റ് പുരോഗമന രാഷ്ട്രീയം കേരളത്തിൽ വളക്കൂറു നേടിയതുകൊണ്ടാണ് ഇവിടുത്തെ വലതുപക്ഷകക്ഷികൾ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒരു പരിധിവരെ ‘ഇടതു-മാനവിക’ ബോധം പിന്തുടർന്നത്.

എന്നാൽ അടുത്തകാലത്തായി ബിജെപിയുടെ അധാർമ്മികമായ രാഷ്ട്രീയസമീപനം സമൂഹത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഓഹരിവിപണിയിലെ ദൈനംദിന ട്രേഡിങ് പോലെ രാഷ്ട്രീയനേതാക്കളെ വിലകൊടുത്തു വാങ്ങികൊണ്ടിരിക്കുന്ന ബിജെപി, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണക്കില്ലാത്ത പണം കേരളത്തിൽ ഒഴുക്കിയിട്ടുണ്ട്. കുഴൽപ്പണവും പണം കൊടുത്തു സ്ഥാനാർത്ഥികളെ നിര്‍ത്തുന്നതും മാത്രമല്ല, സംസ്ഥാന അധ്യക്ഷൻ നേരിട്ട് ഇത്തരം നീക്കങ്ങളിൽ പങ്കാളി ആകുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. അധികം വൈകാതെ ഉത്തരേന്ത്യൻ രീതിയിലുള്ള രാഷ്ട്രീയ ലേലംവിളികൾ കേരളത്തിലും ഉണ്ടാകുമെന്നതിനുള്ള തുടക്കം ആണ് സംഘടിതശക്തിക്ക് പകരം പണം ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ആസൂത്രിത നീക്കങ്ങളിലൂടെ നമ്മൾ കണ്ടത്. കേരളത്തിലെ പ്രബുദ്ധരായ ജനത ഇതൊക്കെ തള്ളിക്കളഞ്ഞുവെങ്കിലും, ബിജെപി ഒരിക്കലും ജയിക്കാൻ ഇടയില്ലാത്ത മണ്ഡലങ്ങളിൽ പോലും കാണാൻ കഴിഞ്ഞ പണത്തിന്റെ അതിരുകളില്ലാത്ത വ്യാപനം അപകടകരമായ ഒരു കീഴ്‌വഴക്കമാണ് ഉണ്ടാക്കിയത്. പ്രത്യയശാസ്ത്രം, സംഘാടനം, ജനാധിപത്യബോധം തുടങ്ങിയ സാമ്പ്രദായിക ഘടകങ്ങളേക്കാൾ ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രസക്തമാകുന്നത് പണം ആണെന്നുള്ള വികലമായ ചിന്ത എല്ലാ പാർട്ടിയിലും ഉള്ള യുവാക്കൾക്കിടയിൽ കുത്തിവയ്ക്കാൻ വലതുപക്ഷത്തിന്റെ ഈ ‘മാനിപുലേറ്റീവ്’ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് ഇടതുപക്ഷം ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ്.

അതേസമയം, അടുത്തകാലത്തായി ഏറ്റവും അപകടകരവും, നമ്മുടെ ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികൾ ഇടതുപാർട്ടികളിൽ അടക്കം അപൂർവമായി എങ്കിലും വളർന്നുവരുന്നു എന്നുള്ളതും നമ്മൾ ഗൗരവത്തോടെ കാണണം. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്.

ഇപ്പോൾ രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത്. വലതുപക്ഷ പാർട്ടികളിൽ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതൽ തന്നെയുള്ള ബോധവൽക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാൽ, നവലിബറൽ മൂല്യങ്ങളുടെ കാലത്ത് ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഈയൊരു മാർക്സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനൽ പ്രവർത്തനങ്ങളും തെളിയിക്കുന്നു. മാഫിയാപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല (സോഷ്യൽ മാധ്യമങ്ങളിൽ ഇവരുടെ അഭിപ്രായങ്ങൾക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്). ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമർശനപരമായി ഉൾക്കൊള്ളണം.

ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനൽസംഘങ്ങൾ എന്ന് ഓർക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങൾക്ക് മുൻകാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, ‘പാതാളത്താഴ്ചയുള്ള’ ഇവരുടെ ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്തിക്കൊണ്ട്’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാൻ ഇവർക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികൾക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനൽകേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പോലും ലഭിക്കുന്ന വൻസ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇത്തരം ഇടങ്ങളിൽ തന്നെയാണ് സി അച്യുതമേനോനെപോലുള്ള അസാധാരണമായ നേതൃപാടവവും കമ്മ്യുണിസ്റ്റ് മൂല്യബോധവും ഉണ്ടായിരുന്ന നേതാക്കളെ ഇപ്പോഴും അപമാനിക്കുന്നതും എന്നത് ഗർഹണീയമാണ്.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനൽവല്ക്കരണത്തിൽ ഒരു പ്രധാന ഘടകമാണ്. മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ പ്രതിരോധം തീർത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവർത്തകർ ആയിരുന്നുവെങ്കിൽ, ഇപ്പോൾ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. കൊലപാതകകേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവരും അവരുടെ കുടുംബവും പിന്നീട് നേരിടുന്ന സാമൂഹ്യബഹിഷ്ക്കരണവും അന്യവൽക്കരണവും മറ്റും ക്വട്ടേഷൻ സംഘങ്ങളെ ഈ രംഗത്ത് എത്തിക്കുകയും സ്വാഭാവികമായി അത് പാർട്ടിക്ക് പുറത്തുള്ള സ്വാധീനകേന്ദ്രങ്ങൾ ആയി വളരാൻ ഈ ഗ്രൂപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല, കേസിൽ പ്രതിയായി ശിക്ഷിക്കപ്പെടുന്നവർക്ക് പിന്നീട് സാധാരണ തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് അവർ ജയിലിൽ നിന്നും ഉറവെടുക്കുന്ന ഇത്തരം സംഘങ്ങളുടെ പിടിയിലേക്ക് എളുപ്പത്തിൽ വഴുതിവീണുപോകുന്നു. പലപ്പോഴും രാഷ്ട്രീയപാർട്ടികളുടെ തലവേദനയായി ഈ സംഘങ്ങൾ പിന്നീട് മാറുന്നതായി കാണാം. ഒരുപാട് യുവാക്കളുടെ ഭാവിക്ക് മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ജില്ലയുടെ സമാധാനത്തിനും കുരുക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യവിരുദ്ധത ഒറ്റക്കെട്ടായി നിന്ന് എതിർക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുപ്രവർത്തകരും മാധ്യമങ്ങളും ചെയ്യേണ്ടത്.

എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുപിടിച്ചു വളർന്നത്. അല്ലാതെ, ക്രിമിനൽപ്രവർത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം. പണവും ആർഭാടജീവിതവും ആരെയും എളുപ്പത്തിൽ സ്വാധീനിക്കാം. അതിനെ മറികടക്കേണ്ടത് നമ്മൾ എന്നും ഉയർത്തിപ്പിടിക്കുന്ന ചില ധാർമ്മികബോധങ്ങളുടെയും കമ്മ്യുണിസ്റ്റ്ബോധ്യത്തിന്റെയും കരുത്തിൽ ആയിരിക്കണം. നമുക്കിടയിൽ പ്രവർത്തിക്കുന്നവർ കേസിൽ പ്രതികളാക്കപ്പെടുമ്പോൾ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും, കരുതലും, സ്വയം വിമർശനവും ഓരോ പാർട്ടി ഘടകങ്ങൾക്കും എപ്പോഴും ആവശ്യമാണ്. പ്രകടനപരതയല്ല കമ്മ്യുണിസം എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമായ മുൻഗണന ആയിരിക്കണം.